വ്രതശുദ്ധിയുമായി വൃശ്‌ചികം. വിണ്ണിൽനിന്നും മണ്ണിലേക്കിറങ്ങിയ ശ്രീഭൂതനാഥന്റെ അനുഗ്രഹം തേടി
നാടും നഗരവും വ്രതനിഷ്‌ഠയിലേക്ക്... ഇനി ശരണപുണ്യത്തിന്റെ നാളുകൾ...
വ്രതശുദ്ധിയുമായി വൃശ്‌ചികം. വിണ്ണിൽനിന്നും മണ്ണിലേക്കിറങ്ങിയ ശ്രീഭൂതനാഥന്റെ അനുഗ്രഹം തേടി നാടും നഗരവും വ്രതനിഷ്‌ഠയിലേക്ക്...
പന്തളം രാജ്യത്ത് രാജശേഖര രാജാവിന്റെ ഭരണകാലം. സന്താനസൗഭാഗ്യമില്ലാതെ അദ്ദേഹം ഏറെ ദുഃഖിതനായിരുന്നു. ഒരിക്കൽ വനത്തില്‍ നായാട്ടിനു ശേഷം രാജാവും കൂട്ടരും പമ്പാ തീരത്തു വിശ്രമിക്കുകയായിരുന്നു. ദൂരെ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍. രാജാവ് കരച്ചില്‍ കേട്ട ദിക്കിലേക്ക് നടന്നു. അദ്ഭുതം.
ചുറ്റുപാടും പ്രഭ വിതറി ഒരു കുഞ്ഞ് നിലത്തു കിടന്നു കൈകാലിട്ടടിച്ചു കരയുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ നിന്നുപോയ അവർക്കു മുന്നിൽ ഒരു മഹര്‍ഷി പ്രത്യക്ഷപ്പെട്ടു. ‘രാജശ്രേഷ്ഠാ... കുഞ്ഞിനെ കൊണ്ടു പോയി വളര്‍ത്തിക്കോളു... ഇവന്‍ അങ്ങയുടെ എല്ലാ സുഖദുഃഖങ്ങള്‍ക്കും നിദാനമാണ്’.
ക്ഷത്രിയ വംശത്തിനു ചേര്‍ന്ന രീതിയിലാണു രാജാവ് മണികണ്ഠനെ വളര്‍ത്തിയത്. ഗുരുവിനെപ്പോലും അമ്പരപ്പിക്കുന്ന വിധം അവൻ എല്ലാ വിദ്യകളും അതിവേഗം അഭ്യസിച്ചെടുത്തു. ഇതിനിടെ മഹാറാണിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. രാജരാജന്‍ എന്നു കുഞ്ഞിനു പേരിട്ടു. മണികണ്ഠനും രാജരാജനും കൊട്ടാരത്തില്‍ ഒരു പോലെ വളര്‍ന്നു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഒരു ദിവസം രാജാവ് മണികണ്ഠനെ അരികില്‍ വിളിച്ചു പറഞ്ഞു– ‘മകനേ... ഈ രാജ്യം ഇനി നീയാണ് ഭരിക്കേണ്ടത്’. മന്ത്രിയെ വിളിച്ച് ഇതിനുള്ള ഒരുക്കങ്ങൾക്കായി നിർദേശിക്കുകയും ചെയ്തു. എന്നാൽ അധികാരം പിടിച്ചടക്കുന്നതു സ്വപ്നം കണ്ടു നടന്ന മന്ത്രിക്ക് അതു താങ്ങാനായില്ല.
‘സ്വന്തം മകനുള്ളപ്പോള്‍ കാട്ടില്‍ കിടന്നു കിട്ടിയ കുഞ്ഞിനെ രാജാവാക്കുന്നതു ശരിയാണോ... ?’ എന്ന തരത്തിൽ പലതും പറഞ്ഞു മന്ത്രി രാജ്ഞിയെ പാട്ടിലാക്കി. മന്ത്രിയുടെ ഉപദേശപ്രകാരം റാണി രോഗം നടിച്ചു കിടന്നു. പുലിപ്പാൽ കൊണ്ടുള്ള മരുന്നു മാത്രമേ രാജ്ഞിയുടെ അസുഖം മാറ്റൂവെന്ന് വൈദ്യന്മാരെക്കൊണ്ട് പറയിക്കുകയും ചെയ്തു. പുലിപ്പാൽ തേടി കാട്ടിലേക്കുള്ള ആ യാത്രയ്ക്കിടെയാണു തന്റെ ഭൂമിയിലെ അവതാരലക്ഷ്യമായ മഹിഷീനിഗ്രഹം മണികണ്ഠൻ പൂർത്തിയാക്കുന്നത്. തിരികെ പുലിക്കൂട്ടവുമായി പന്തളത്തെത്തിയ മണികണ്ഠനോടു രാജാവ് രാജ്ഞിയുടെയും മന്ത്രിയുടെയും ചതിയെപ്പറ്റി പറഞ്ഞു. ഒരു ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു: ‘എന്റെ അവതാര ഉദ്ദേശം പൂര്‍ത്തിയായി. ഇനി ഞാന്‍ ദേവലോകത്തേക്കു മടങ്ങുകയാണ്...’
ഭഗവാന്റെ ഓർമയ്ക്കായി ക്ഷേത്രം നിർമിക്കണമെന്ന ആഗ്രഹമാണു രാജാവ് പകരം അറിയിച്ചത്. അത് അംഗീകരിച്ച മണികണ്ഠൻ ക്ഷേത്രത്തിന്റെ സ്ഥാനത്തിനായി ദൂരെ മലനിരകളിലേക്ക് അമ്പെയ്തു. അതു ചെന്നു വീഴുന്ന സ്ഥാനത്തു ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദവും നല്‍കി. അമ്പു ചെന്നു വീണതു ശബരിമലയിലാണ്.
ശ്രീരാമ അവതാര കാലത്തു ശബരി എന്ന സന്യാസിനി തപം ചെയ്തിരുന്ന സ്ഥലം. ദേവലോകത്തിൽ നിന്നു വിശ്വകർമാവ് എത്തി അവിടെ ക്ഷേത്രനിർമാണത്തിനു നേതൃത്വം നൽകിയെന്നാണു വിശ്വാസം. ഇന്നും വർഷത്തിലൊരിക്കൽ, മകരവിളക്കിനു മൂന്നു ദിവസം മുൻപ് പന്തളം രാജകുടുംബത്തിൽ നിന്ന് അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെടുന്നത് രാജാവ് മണികണ്ഠ രാജകുമാരനെ കാണാൻ പോകുന്നതിന്റെ ഓർമപ്പെടുത്തലുമായാണ്...
കൂടുതൽ വായനയ്ക്ക്...ദേവലോകത്തെ അധിപനായ ഇന്ദ്രനെ കാണാനെത്തിയ ദുർവാസാവ് മഹർഷി അദ്ദേഹത്തിന് ഒരു പൂമാല സമ്മാനിച്ചു. വിശിഷ്ടമായ ആ പൂമാല ഐരാവതത്തിന്റെ മസ്തകത്തില്‍ ചൂടുകയാണു ദേവേന്ദ്രൻ ചെയ്തത്. എന്നാൽ പൂവിന്റെ ഗന്ധം പിടിച്ചെത്തിയ വണ്ടുകൾ ഐരാവതത്തിനു ശല്യമായി. അതു മാലവലിച്ചു താഴെയിട്ടു ചവിട്ടി. ഇതു കണ്ട ദുര്‍വാസാവിനു സഹിച്ചില്ല. കോപം കൊണ്ട് ജ്വലിച്ച അദ്ദേഹം ‘നീയും നിന്റെ വംശവും ജരാനര ബാധിക്കട്ടെ’ എന്നു ദേവേന്ദ്രനെ ശപിച്ചു. അപ്പോള്‍ തന്നെ ദേവന്മാരില്‍ ജരാനര ബാധിച്ചു. ദേവലോകം അക്ഷരാര്‍ഥത്തില്‍ നടുങ്ങി
ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപത്തില്‍ നിന്നു മോക്ഷം കിട്ടാന്‍ ദേവന്മാര്‍ എല്ലാവരും ചേര്‍ന്നു നേരെ വൈകുണ്ഠത്തില്‍ എത്തി. പാലാഴി കടഞ്ഞു കിട്ടുന്ന അമൃത് ഭക്ഷിച്ചാല്‍ ശാപമുക്തി നേടാമെന്നായിരുന്നു മഹാവിഷ്ണുവിന്റെ മറുപടി. ദേവന്മാര്‍ മാത്രം വിചാരിച്ചാല്‍ പാലാഴി കടയാന്‍ പറ്റില്ല. അതിനായി അസുരന്മാരെ കൂടി കൂട്ടാനും ഉപദേശിച്ചു. കഷ്ടപ്പെട്ട ജോലിയാണെങ്കിലും അമരത്വം ലഭിക്കുമെന്നു കേട്ടതോടെ അസുരന്മാര്‍ക്കും സന്തോഷമായി. മഹാമേരു പര്‍വതത്തെ കടകോലാക്കിയും വാസുകിയെന്ന സര്‍പ്പത്തെ കയറാക്കിയും ദേവന്മാരും അസുരന്മാരും ചേര്‍ന്നു ക്ഷീരസാഗരം കടഞ്ഞു. അവസാനം അമൃത് തെളിഞ്ഞുവന്നെങ്കിലും ദേവന്മാരെ പറ്റിച്ച് അസുരന്മാര്‍ അതു തട്ടിയെടുത്തു. എന്നാൽ മഹാവിഷ്ണു മോഹിനീ രൂപം പൂണ്ട് അസുരന്മാരെ കബളിപ്പിക്കുകയും അമൃതപാത്രം തട്ടിയെടുത്തു ദേവന്മാര്‍ക്കു നല്‍കുകയും ചെയ്തു.
അസുരന്മാരെ ഭ്രമിപ്പിച്ച മോഹിനീ രൂപം ഒരിക്കല്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കൈലാസനാഥന്‍ വിഷ്ണുവിനെ സമീപിച്ചു. ആ വിശ്വമോഹിനിയുടെ രൂപം കണ്ട കൈലാസനാഥന്‍ അതില്‍ അനുരക്തയായി. മോഹിനിയെ പുണര്‍ന്നു. അങ്ങനെ ശൈവ-വൈഷ്ണവ തേജസുകള്‍ ഒത്തുചേര്‍ന്നു. അതിന്‍ഫലമായി മീനമാസത്തിലെ പൗര്‍ണമി തിഥിയില്‍ ഉത്രം നക്ഷത്രത്തില്‍ ഹരിഹരാത്മജന്‍ പിറന്നു. ആ കുട്ടിയെ തന്റെ ഭക്തനായ പന്തള രാജാവിനു നല്‍കാന്‍ പരമശിവന്‍ തീരുമാനിച്ചു. ഭൂമിയിലേക്ക് അയയ്ക്കും മുൻപു കഴുത്തില്‍ മണിമാല അണിയിച്ചു. മഹിഷീ നിഗ്രഹമാണ് അവതാര ലക്ഷ്യമെന്നും അതിനായി 12 വര്‍ഷം ഭൂമിയില്‍ വസിക്കണമെന്നും പറഞ്ഞു മണികണ്ഠനെ അനുഗ്രഹിച്ചു
കൂടുതൽ വായനയ്ക്ക്...ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർഥാടനമാണു ശബരിമലയിലേക്കു ഭക്തകോടികൾ നടത്തുന്നത്. മോക്ഷപ്രാപ്‌തിയിലേക്കുള്ള മാർഗം ദുർഘടമായിരിക്കും; സംശയമില്ല. ശിരസ്സിൽ ഇരുമുടിക്കെട്ടും ഉള്ളിൽ ശരണമന്ത്രവുമായി കല്ലുകളും മുള്ളുകളും താണ്ടി പ്രായശ്‌ചിത്തപാതയിലൂടെ കാലിടറാതെ സഞ്ചരിക്കുന്നവനേ ആ ലക്ഷ്യത്തിലെത്തൂ. അതു കൊണ്ടു തന്നെയാണു ശബരിമല യാത്ര സഹനത്തിന്റേതു കൂടിയായി മാറുന്നത്.
മാലയിട്ടു വ്രതം നോറ്റ് ശബരിമല നടയിലെത്തുന്ന ഏതൊരു ഭക്തനും അവിടെ കാണുന്നത് തനിക്കുള്ളിലെ ഈശ്വരനെത്തന്നെയാണ്. നീ ആരെയാണോ തേടി വന്നത് അതു നീ തന്നെയാണെന്നു ബോധ്യപ്പെടുത്തുന്ന തത്വമസി. സകല അഹംബോധത്തെയും ഉടച്ചു കളഞ്ഞ് പുതിയ ചൈതന്യവും ഉണർവും മനസ്സാലെ വരിച്ചാണ് ഓരോ അയ്യപ്പനും മലയിറങ്ങുന്നത്. 41 ദിവസമാണ് വ്രതം. മൽസ്യ, മാംസ ആഹാരങ്ങൾ ഉപേക്ഷിച്ച്, കാമ, ക്രോധ ഭാവങ്ങൾ വെടിഞ്ഞ്, കറുപ്പുടുത്ത്, നഗ്നപാദനായി എല്ലാ മോഹങ്ങൾക്കും മേലെ ഈശ്വര ചിന്തയിൽ ഓരോ അയ്യപ്പനും. പദവിയോ പണമോ മാനദണ്ഡമാക്കാതെ എല്ലാവരും സ്വാമിയെന്നറിയപ്പെടുന്ന തീർഥാടന കാലം.
ശബരിമല ക്ഷേത്രദർശനം വ്യക്‌തമായ ആചാരങ്ങളും ചിട്ടവട്ടങ്ങളും ജീവിതചര്യകളുമുള്ള യാത്രയാണ്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അനുഷ്‌ഠാനം. തീർഥാടനം പൂർണവും ശുദ്ധവുമാകണമെങ്കിൽ ആചാരങ്ങൾ നിഷ്‌ഠയോടെ പാലിക്കണം. 41 ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ വ്രതാനുഷ്‌ഠാനത്തിന്റെ പരിസമാപ്‌തിയാണു ശബരിമലയിലേക്കുള്ള യാത്ര. കുത്തനെയുള്ള മലകൾ കയറിയിറങ്ങാനും കഷ്ടതകൾ സഹിച്ചു ദർശനം നടത്താനും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി എടുക്കാനുമാണു വ്രതം നോക്കുന്നത്.
വ്രതം തുടങ്ങുന്നതിന്റെ അടയാളമായി കഴുത്തിൽ അയ്യപ്പ മുദ്ര അണിയണം. തുളസി, രുദ്രാക്ഷ മാലകളാണ് ഉത്തമം. ശനിയാഴ്ചയോ ഉത്രം നക്ഷത്രത്തിലോ മാല ധരിക്കുന്നതാണ് നല്ലത്. അയ്യപ്പന്റെ ജന്മനാളായതിനാലാണ് ഉത്രത്തിനു പ്രാധാന്യം. ക്ഷേത്രത്തിലോ ഗുരുസ്വാമിയുടെ അടുക്കലോ പൂജിച്ചു വേണം മാലയിടാൻ. ലാളിത്യത്തിന്റെ അടയാളമാണ് സ്വാമിമാരുടെ വേഷം. കറുപ്പോ, കാവിയോ നീലയോ വസ്ത്രങ്ങളാണു വേണ്ടത്. മലയാളികൾ കാവി ഉടുക്കുമ്പോൾ ആന്ധ്രയും കർണാടകയും കറുപ്പാണു ധരിക്കുക. തമിഴ്നാട്ടുകാർ കൂടുതൽ നീലയാണ്. ചിലർ പച്ചയും അണിയുന്നു.
കൂടുതൽ വായനയ്ക്ക്....കന്നി അയ്യപ്പന്മാർ എരുമേലിയിൽ പേട്ട തുള്ളിയാണ് സന്നിധാനത്തേക്കു പോകുന്നത്. മഹിഷീനിഗ്രഹ സ്മരണയിലാണിത്. കൊച്ചമ്പലത്തിൽ ആരംഭിച്ചു വാവരുസ്വാമിയെ വണങ്ങി വലിയമ്പലത്തിൽ അവസാനിക്കും. പമ്പ വരെ വാഹനത്തിൽ എത്താമെങ്കിലും ഇപ്പോഴും കല്ലും മുള്ളും ചവിട്ടിയും കാടും മേടും താണ്ടിയുള്ള കാനനയാത്രയാണു ഭക്തർക്കു പ്രിയം. എരുമേലിയിൽ നിന്നു അയ്യപ്പൻമാരുടെ പിന്നീടുള്ള യാത്ര കാൽനടയായി കാട്ടിലൂടെയാണ്. കല്ലും മുള്ളും കയറ്റവും ഇറക്കവും വന്യമൃഗങ്ങളും നിറഞ്ഞ കാനനവഴിയിലൂടെയുള്ള യാത്ര മനസ്സും ശരീരവും ശുദ്ധമാക്കുന്ന പ്രക്രിയ കൂടിയാണ്. ഇരുമ്പൂന്നിക്കര, കോയിക്കകാവ്, കോയിക്കമൂഴി, കാളകെട്ടി, അഴുത, അഴുതമേട്, കല്ലിടാംകുന്ന്, ഇഞ്ചപ്പാറ, മുക്കുഴി, പുതുശേരി, കരിയിലാംതോട്, കരിമല, വലിയാനവട്ടം കടന്ന് ചെറിയാനവട്ടത്തെ നദിക്കരയിലൂടെ അൽപം നടന്നാൽ പമ്പയിലെത്തും വിധമാണ് പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചുമുള്ള ഈ യാത്ര
പമ്പാ ഗണപതിയെ തൊഴുതാണ് മലകയറ്റം തുടങ്ങുന്നത്. നാഗരാജാവ്, പാർവതീദേവി, ആദിമൂലഗണപതി, ഹനുമാൻസ്വാമി, ശ്രീരാമസ്വാമി എന്നിവരുടെ ഉപദേവ ക്ഷേത്രങ്ങളും ഉണ്ട്. പന്തളംരാജ മണ്ഡപത്തിൽ എത്തി അനുഗ്രഹം തേടിയാണ് മലകയറ്റം. മുന്നോട്ടു നടന്നാൽ രണ്ടു വഴിയുണ്ട്. നീലിമല വഴിയുള്ള പരമ്പരാഗത പാതയും സ്വാമി അയ്യപ്പൻ റോഡും. മരക്കൂട്ടത്ത് എത്തിയാൽ വഴി രണ്ടുണ്ട്. ശരംകുത്തി റോഡും ചന്ദ്രാനന്ദൻ റോഡും. വലത്തേക്ക് ശരംകുത്തി വഴിയാണ് സന്നിധാനത്തേക്കു പോകേണ്ടത്. ദർശനം കഴിഞ്ഞു മടങ്ങുന്നവർക്കാണ് ചന്ദ്രാനന്ദൻ റോഡ്. എരുമേലിയിൽ പേട്ട തുള്ളുന്ന കന്നി അയ്യപ്പന്മാർ കൊണ്ടുവരുന്ന ശരക്കോലുകൾ ശരംകുത്തിയിലാണ് നിക്ഷേപിക്കേണ്ടത്. വലിയ നടപ്പന്തലിൽ എത്തുമ്പോൾ ഇരുമുടിക്കെട്ട് അഴിച്ച് പടിക്കൽ അടിയ്ക്കാനുള്ള നാളികേരം എടുക്കണം. പതിനെട്ടാംപടിയുടെ ഇരുവശത്തുമുള്ള ഭിത്തിയിൽ നാളികേരം ഉടച്ച് ശബരീശ സന്നിധിയിലേക്ക്...
കൂടുതൽ വായനയ്ക്ക്...
പതിനെട്ടു പടി കയറി ഭക്തർ എത്തുന്നത് അദ്വൈതഭാവം
പകരുന്ന തത്വമസിയുടെ വിശാലതയിലേക്കാണ്. ‘ഈശ്വരൻ നീയാണ്’ എന്ന
ഓർമപ്പെടുത്തലാണ് തത്വമസി എന്ന പദം. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം
ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം.
അവിടെ ഭക്തനും അയ്യപ്പൻ, ഈശ്വരനും അയ്യപ്പൻ!
സ്വാമിയേ...ശരണമയ്യപ്പാ...