മരണത്തിൽ കോർത്ത്
ചിത്രത്തിനു കടപ്പാട്: GettyImages
19-ാം നൂറ്റാണ്ടിൽ വേലികെട്ടി കന്നുകാലികളെ സംരക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കൂർത്ത മുനകളുള്ള കമ്പിവേലി ഒന്നാം ലോക മഹായുദ്ധത്തിലെ നിർണായക ആയുധമായിരുന്നു. ട്രഞ്ചുകൾക്കു സമാന്തരമായും ആരുമില്ലാത്ത വെളിമ്പ്രദേശങ്ങളിലുമായിരുന്നു ഇവകൊണ്ടു വേലികെട്ടിയിരുന്നത്. പുകപ്രയോഗത്തിലൂടെയും ചുറ്റിൽ നിന്നു വെടിവച്ചും ശത്രു സൈനികരുടെ ‘കണ്ണുകെട്ടി’ ഈ വേലിക്ക് അകത്തെത്തിക്കും. എവിടേക്കും ഓടി രക്ഷപ്പെടാനാകാതെ പലരും ഇരുമ്പുമുനകളിൽ കോർക്കപ്പെടും. ഇതിൽ കുടുങ്ങിയാൽ രക്ഷപ്പെടുക ഏറെ ബുദ്ധിമുട്ടാണ്. ആ സമയം ട്രഞ്ചുകളിൽ നിന്നു വെടിയുണ്ടകളും ചീറിയെത്തും.
‘മുറിപ്പെടുത്തുന്ന’ പ്രതിരോധം
കൂർത്ത മുനകൾക്കു പകരം മൂർച്ചയേറിയ ബ്ലെയ്ഡിനു സമാനമായ ലോഹഭാഗങ്ങൾ നിറഞ്ഞ കമ്പി വേലിയാണിത്. ഇതിനിടയിൽ കുടുങ്ങിയാൽ ശരീരം കീറിമുറിയും.1960കളിൽ ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും അതിരു കാക്കാനാണ് ഇത് ആദ്യം ഉപയോഗിച്ചത്. ഇന്നു തന്ത്രപ്രധാനമായ സ്ഥലങ്ങൾക്കു ചുറ്റിലും രാജ്യാന്തര അതിർത്തികളിലും ഉപയോഗിക്കുന്നു. ഇതോടൊപ്പം ലേസർ വോളുകളുമുണ്ട്. ലേസർ രശ്മികൾ ആരെങ്കിലും മറികടന്നാൽ ഇരച്ചെത്തുക ഓട്ടമാറ്റിക് മെഷീൻ ഗണ്ണുകളിൽ നിന്നുള്ള വെടിയുണ്ടകളായിരിക്കും. ഇന്ത്യ–പാക് അതിർത്തിയിലും ഇസ്രയേൽ അതിർത്തികളിലും ഇതുണ്ട്.
കൊലയാളിപ്പടയും ബിഗ് ബെർത്തയും
ചിത്രത്തിനു കടപ്പാട്: Wikipedia
തീയുണ്ടകൾ പായിച്ചു ശത്രുപക്ഷത്തിനു വൻ നാശമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് രണ്ടു വിഭാഗം പീരങ്കിപ്പടയായിരുന്നു–കുതിരകൾ വലിക്കുന്ന ചെറിയ പീരങ്കികളും ട്രാക്ടറുകളിൽ കെട്ടിവലിച്ച വമ്പൻ പീരങ്കികളും. ഫ്രഞ്ച് സൈന്യത്തിന്റെ 20 ശതമാനവും പീരങ്കിപ്പടയായിരുന്നു. 75 എംഎം ഫ്രഞ്ച് പീരങ്കി ‘ഡെവിൾ ഗൺ’ എന്നാണ് അറിയപ്പെട്ടിരുന്നതു തന്നെ. ട്രഞ്ചുകളിൽ ഒളിച്ചിരുന്ന സൈനികർക്കു നേരെയായിരുന്നു ഇതു പ്രധാനമായും ഉപയോഗിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിൽ മറ്റേതൊരു ആയുധത്തേക്കാളും ഏറ്റവുമധികം പേർ കൊല്ലപ്പെട്ടത് പീരങ്കിയാക്രമണത്തിലാണ്. ഉപയോഗത്തിലുണ്ടായിരുന്നത് മുപ്പതിലേറെ മോഡൽ പീരങ്കികൾ– 10-15 കി.മീ. വരെ ദൂരപരിധി. യുദ്ധഭൂമിയിലൂടെ സഞ്ചരിക്കുന്ന ആയുധങ്ങളിൽ ഏറ്റവും കരുത്തുറ്റതായിരുന്നു ബിഗ് ബെർത്ത. കാഴ്ചയിൽ പീരങ്കിക്ക് സമാനം. നീളം കുറഞ്ഞ, എന്നാൽ വാവട്ടമേറിയ ഒരു ബാരലുണ്ട്– അതിന്റെ വ്യാസം 42 സെ.മീ. 810 കിലോയുള്ള ഷെൽ 9 കി.മീ. ദൂരത്തേക്കു വരെ പായിക്കാൻ ഇതിനു സാധിക്കും. ആകാശത്തേക്കു ഷെൽ പായിച്ച് അത് ലക്ഷ്യസ്ഥാനത്തു കുത്തനെ വീഴുന്ന രീതിയിലാണു വിന്യാസം. മണ്ണിലും കോണ്‍ക്രീറ്റിലും തുളഞ്ഞു കയറിയ ശേഷമാണ് ഷെല്‍ പൊട്ടിത്തെറിക്കുക. 1914ൽ ബെൽജിയവും ഫ്രാൻസും കടക്കാൻ ജർമനിയെ സഹായിച്ചത് ബിഗ് ബെർത്തയാണ്. വെറും മൂന്നു ദിവസം കൊണ്ട് ബെൽജിയത്തിലെ ആയുധങ്ങൾ ശേഖരിച്ച കോട്ടകൊത്തളങ്ങളെല്ലാം ഈ കുറിയ പീരങ്കി തകർത്തു. ആയുധം നിർമിച്ച ക്രുപ്പ് കമ്പനി ഉടമയുടെ മകളുടെ പേരായിരുന്നു ‘ബെർത്ത’.
പീരങ്കികളിലെ ഗംഭീരൻ
ചിത്രത്തിനു കടപ്പാട്: Wikipedia
ജർമനിക്കു വേണ്ടി കെഎംഡബ്ല്യു & ഹൈൻമെറ്റല്‍ ലാൻഡ്സിസ്റ്റം കമ്പനികൾ ചേർന്നു നിർമിച്ച സെൽഫ് പ്രൊപ്പൽഡ് 150എംഎം അത്യാധുനിക പീരങ്കി. ഇന്നു ലോകരാജ്യങ്ങളുടെ പ്രിയ ആയുധം. ഒരു മിനിറ്റിൽ തുടർച്ചയായി 8-10 റൗണ്ട് ഷെൽ പ്രയോഗത്തിനു സാധിക്കും. കിലോക്കണക്കിനു ഭാരമുള്ള ഷെല്ലുകൾ 48-60 കിലോമീറ്റർ വരെ ദൂരത്തേക്ക് തുടരെത്തുടരെ എത്തിക്കാനുള്ള ശേഷി. 57 ടൺ ഭാരമുള്ള ഇതിൽ അഞ്ച് ക്രൂ അംഗങ്ങൾക്ക് കയറാം. ഓട്ടമാറ്റിക് ലോഡിങ് സിസ്റ്റവും നാവിഗേഷൻ സംവിധാനങ്ങളുമായി ഇന്നു ജർമനിയുടെ പീരങ്കിശേഖരത്തിലെ ഏറ്റവും കരുത്തൻ.
പറന്നെത്തുന്ന മരണം
ചിത്രത്തിനു കടപ്പാട്: Itar-Tass News Agency
പടുകൂറ്റൻ രൂപത്തിൽ പറന്നെത്തി മുകളിൽ നിന്നു ബോംബിടുന്നതായിരുന്നു സെപ്പെലിന്‍ എയർഷിപ്പിന്റെ രീതി. യുദ്ധത്തിന്റെ ആരംഭകാലത്താണ് ബോംബിങ്ങിന് ജർമനി ഇതുപയോഗിച്ചത്. മെഷീൻ ഗണ്ണുകളും ഇതിലുണ്ടായിരുന്നു. ബോംബിങ്ങിലൂടെ ബ്രിട്ടിഷ് നാവികസേനയ്ക്ക് സെപ്പെലിനുണ്ടാക്കിയ നാശം അളവറ്റതാണ്. വായുവിനേക്കാൾ സാന്ദ്രത കുറഞ്ഞ ഹൈഡ്രജൻ പോലുള്ള വാതകങ്ങൾ നിറച്ചായിരുന്നു പറക്കൽ, പൈലറ്റുമാരാണ് നിയന്ത്രണം. മണിക്കൂറിൽ 85 മീ. വേഗം. രണ്ടു ടൺ വരെ ഭാരമുള്ള ബോംബുകളും വഹിക്കും. എന്നാൽ വെടിവച്ചിടാൻ എളുപ്പമായതിനാൽ വൈകാതെ പിൻവലിച്ചു. ലോകമഹായുദ്ധ കാലത്ത് സെപ്പെലിൻ 51 ഇടത്ത് വ്യോമാക്രമണം നടത്തി, 5806 ബോംബുകളിട്ടു. 557 പേർ മരിച്ചു. എന്നാല്‍ ഒരു യുദ്ധവിമാനവും ഏറ്റുമുട്ടാൻ ഭയക്കുന്നതായിരുന്നു റഷ്യയുടെ ‘ഇല്യ മുറൊമെറ്റ്സ്’ എന്ന ദീർഘദൂര ബോംബർ. യുദ്ധചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു ഫോർ–എൻജിൻ ബോംബർ. 500 കിലോയോളം വരുന്ന ബോംബുകൾ 600 കി.മീറ്ററുകൾക്കപ്പുറത്തെത്തിക്കാൻ വരെ ഇതിനു ശേഷിയുണ്ടായിരുന്നു. പടുകൂറ്റൻ വലുപ്പവും തിരിച്ചടിക്കാനുള്ള ശേഷിയും കാരണം ജർമൻ വിമാനങ്ങൾ ഇല്യയുടെ ഏഴയലത്തു പോലും വന്നിരുന്നില്ല.
സൂപ്പർസോണിക് ബോംബർ
ശീതയുദ്ധത്തിനു ശേഷം പല രാജ്യങ്ങളും ബോംബർ വിമാനങ്ങളിന്മേലുള്ള നിക്ഷേപം കുറച്ചു. എങ്കിലും യുഎസിന്റെ ബി-1,ബി-2, ബി-52 (സ്റ്റെൽത്ത്) എന്നിവയും റഷ്യയുടെ ടിയു–22എം3, ടിയു-95, ടിയു-160 തുടങ്ങിയവയും ഇന്നും യുദ്ധസജ്ജമായുണ്ട്. ബോബുകൾക്കു പകരം ആയിരക്കണക്കിന് കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ് മിസൈലുകളാണ് ഇവയിൽ പ്രധാന ആയുധങ്ങളായി ഉപയോഗിക്കുന്നത്. സൂപ്പർ സോണിക് ബോംബറാണ് ടിയു-160. ലോകത്ത് ഇന്നുപയോഗത്തിലുള്ള ഏറ്റവും വേഗമേറിയ ബോംബറും ഇതാണ്. 1987 മുതൽ ഇതിന്റെ പല മോഡലുകൾ പുറത്തിറങ്ങി. 2000 മുതൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ചേർത്ത് ഈ ബോംബർ അപ്ഗ്രേഡ് ചെയ്യുന്നു.
ആരും കൈവിടാത്ത ആയുധം
ചിത്രത്തിനു കടപ്പാട്: Library and Archives Canada
ലോകമഹായുദ്ധത്തിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളിലെയും സൈനികർ ഒരുപോലെ ഉപയോഗിച്ച ആയുധം. ബ്രിട്ടിഷ് സൈന്യം ഉപയോഗിച്ചിരുന്ന തരം റൈഫിളിന് മിനിറ്റിൽ 15 റൗണ്ട് വെടിയുതിർക്കാൻ ശേഷിയുണ്ടായിരുന്നു. ലീ–എൻഫീൽഡ് (ഇംഗ്ലണ്ട്), ലെബെൽ (ഫ്രാൻസ്), സ്പ്രിങ്ഫീൽഡ് (യുഎസ്), അരിസാക്ക ജപ്പാൻ) തുടങ്ങിയവയായിരുന്നു വിവിധ രാജ്യങ്ങൾ ഉപയോഗിച്ചിരുന്ന തരം റൈഫിളുകൾ. ഇതിൽ ലീ–എൻഫീൽഡിന്റെ കുറഞ്ഞ ദൂരപരിധി 503 മീറ്ററായിരുന്നു.
എല്ലാവര്‍ക്കും വേണം എം4
ലോകമെമ്പാടും ഇന്നും യുദ്ധഭൂമിയിലെ അവശ്യ ആയുധമാണ് റൈഫിൾ. അടുത്ത കാലം വരെ യുഎസിന്റെ ഇഷ്ട ബോൾട്ട്–ആക്‌ഷൻ റൈഫിൾ എം16 ആയിരുന്നു. ഇതിപ്പോൾ എം4 കാർബൈനു വഴിമാറി. നീളവും ഭാരവും കുറഞ്ഞ അസാൾട്ട് റൈഫിളാണിത്. എം203, എം320 മോഡൽ ഗ്രനേഡ് ലോഞ്ചറുകൾ ഘടിപ്പിക്കാനുള്ള ശേഷിയുമുണ്ട്. സെമി ഓട്ടമാറ്റിക് മോഡിലും ത്രീ–റൗണ്ട് ബഴ്സ്റ്റ് മോഡിലും വെടിയുതിര്‍ക്കാനാകും. 500 മീ. ആണു ദൂരപരിധി. മിനിറ്റിൽ 700-950 റൗണ്ട് വെടിയുതിർക്കാം.
മരണം തലയ്ക്കു മുകളിൽ...
ചിത്രത്തിനു കടപ്പാട്: Imperial War Museum, Royal Airforce Museum
വ്യാപകമായിട്ടല്ലെങ്കിലും ഒന്നാം ലോകമഹായുദ്ധ കാലത്തും വിമാനങ്ങളിൽ നിന്നുള്ള ബോംബു വർഷിക്കലുണ്ടായിരുന്നു. എട്ടു കി.ഗ്രാം ഭാരമുള്ള ഹെയ്‌ൽസ് ബോംബുകളായിരുന്നു ഇതിൽ പ്രധാനി. ബ്രിട്ടന്റെ ഈ ബോംബ് വിമാനത്തിലെത്തി കൈകൊണ്ടു താഴേക്കിടുന്നതായിരുന്നു രീതി. താഴെ വീണാലുടൻ പൊട്ടിച്ചിതറും. മൊത്തം ലോഹത്തിലാണു നിർമാണം, 610 എംഎം നീളം. ജനവാസ മേഖലകളിലും മറ്റുമാണ് ഇത്തരത്തിൽ ബോംബ് വർഷിച്ചിരുന്നത്. യുദ്ധം അവസാനിച്ചതോടെ ഹെയ്ൽസ് ബോംബ് നിർമാണം നിർത്തി. ആകാശത്തു നിന്നു ബോംബ് വർഷിക്കുന്നതിൽ ജർമനിക്കും പ്രത്യേക വിമാനവിന്യാസം തന്നെയുണ്ടായിരുന്നു.
ബോംബുകളുടെ മാതാവ്
‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് (എംഒഎബി) 2017ലാണ് അഫ്ഗാനിലെ ഭീകര താവളങ്ങൾക്കു നേരെ യുഎസ് പ്രയോഗിക്കുന്നത്. ആണവേതര വിഭാഗത്തിൽ യുഎസിന്റെ ആയുധപ്പട്ടികയിലെ ഏറ്റവും ഭീമൻ ബോംബുകളിലൊന്നാണ് ഇത്. 30 അടി ഉയരം, 9797.59 കിലോ ഭാരം. എംസി 130 പോർവിമാനത്തിന്റെ പിൻഭാഗത്തു നിന്ന് പാരഷൂട്ട് ഉപയോഗിച്ചാണ് എംഒഎബി പ്രയോഗിക്കുക. ബോംബിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് ലക്ഷ്യസ്ഥാനം കണ്ടെത്തി, ബോംബിനെ അവിടേക്കു കൊണ്ടുപോകും. നിലത്തുനിന്ന് ആറടി (1.8 മീറ്റർ) ഉയരത്തിൽ ബോംബ് പൊട്ടും. നിലത്തു തൊടും മുൻപേ സ്ഫോടനമുണ്ടാകുന്നതിനാൽ കൂടുതൽ മേഖലയിൽ നാശമുണ്ടാക്കും. സ്ഫോടനത്തിന്റെ അലകൾ 1.6 കിലോമീറ്റർ വരെ വ്യാപിക്കും.
തീ തുപ്പും ‘വ്യാളി'
ചിത്രത്തിനു കടപ്പാട്: Universal History Archive/UIG/Getty Images
130 അടി വരെ ദൂരേക്കു തീനാളങ്ങളെത്തിക്കാൻ ശേഷിയുള്ള ആയുധം. 1915 ഫെബ്രുവരി 26ന് ഫ്രാൻസിലെ മേലൻകോർട്ടിൽ ജർമനിയാണ് ആദ്യമായി ഇതു പ്രയോഗിക്കുന്നത്. കയ്യില്‍പ്പിടിച്ചിരിക്കുന്ന പൈപ്പിൽ നിന്നാണ് തീതുപ്പുക. ചുമലിൽ തൂക്കിയിട്ടിരിക്കുന്ന രണ്ടു ചെറുടാങ്കിൽ ഒന്നിലുള്ള നൈട്രജന്റെ (പ്രൊപ്പല്ലന്റ്) സമ്മർദത്താലാണ് ഇന്ധനം ദൂരേക്ക് ചീറ്റി തീ ആളിപ്പടരുക. രണ്ടാമത്തെ ടാങ്കിലായിരിക്കും ഇന്ധനം. പ്രൊപ്പല്ലന്റും ഇന്ധനവും ഒരേസമയം പുറത്തേക്കു വരുന്നതിന് രണ്ടു ട്രിഗറുകളുമുണ്ടായിരുന്നു. ട്രഞ്ചുകളിലേക്ക് ഈ തീനാളങ്ങളാഴ്ത്തി ശത്രുവിനെ പുറത്തുചാടിച്ചു കൊലപ്പെടുത്തുന്നതായിരുന്നു രീതി.
പൊട്ടിത്തെറിക്കും പിന്നെ ആളിപ്പടരും
ചിത്രത്തിനു കടപ്പാട്: Military-Today.com
വിയറ്റ്നാം യുദ്ധകാലത്ത് ഉൾപ്പെടെ വ്യാപകമായി ഉപയോഗിച്ചെങ്കിലും 1978ൽ യുഎസ് ഫ്ലെയിം ത്രോവറിന്റെ ഉപയോഗം നിർത്തി. ഇതിനു പകരം വന്നത് എം202 ഫ്ലാഷ് എന്ന റോക്കറ്റ് ലോഞ്ചറായിരുന്നു. ‘ഫ്ലെയിം അസാൾട്ട് ഷോൾഡർ വെപ്പൺ’ എന്നറിയപ്പെട്ടിരുന്ന ഇതു സൈനികർക്ക് ചുമലിൽ വച്ച് പ്രയോഗിക്കാം. ഇതിലെ റോക്കറ്റിനെ തെർമോബാറിക് വെപ്പൺ എന്നാണു വിളിച്ചിരുന്നത്– നാലു ബാരലുകളിൽ നിന്നു തുടരെത്തുടരെ തെറിച്ച് ലക്ഷ്യസ്ഥാനത്തു വീണു കഴിഞ്ഞാൽ ചുറ്റിലുമുള്ള ഓക്സിജൻ ഉപയോഗപ്പെടുത്തി തീ ആളിപ്പടർത്താനുള്ള ശേഷി ഉണ്ടായിരുന്നതിനാലാണിത്. മറ്റു സ്ഫോടനങ്ങളേക്കാൾ ഏറെ നേരം കത്തിനിൽക്കും, കൊടുംചൂടുമായിരിക്കും. 200 മീറ്ററായിരുന്നു ലക്ഷ്യത്തിലേക്കുള്ള ദൂരപരിധി. ഭാരക്കൂടുതലും കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടും കാരണം ഉപേക്ഷിച്ചു, എങ്കിലും ഇപ്പോഴും യുഎസിന്റെ ആയുധപ്പട്ടികയിലുണ്ട്. ഫ്ലെയിം ഗണ്ണറിനു പകരം ആളെ ‘ഉരുക്കി’ക്കൊല്ലുന്ന ലേസർ ആയുധങ്ങൾ പലരും രഹസ്യമായുണ്ടാക്കിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.
മരണം നിറച്ച തോക്ക്
ചിത്രത്തിനു കടപ്പാട്: Wikipedia
1884ൽ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഓട്ടമേറ്റഡ് മെഷീൻ ഗണ്ണിന്റെ ജർമൻ ‘കോപ്പിയടി’യായിരുന്നു മാക്സിം. 150-200 റൈഫിളുകൾ ഉപയോഗിക്കുന്നതിനേക്കാൾ തീവ്രതയായിരുന്നു ഒരൊറ്റ മെഷീൻ ഗണ്ണിന്. 1916 ജൂലൈ ഒന്നിനു നടന്ന ഫ്രാൻസിലെ ‘ബാറ്റിൽ ഓഫ് സോമിൽ’ മാത്രം ഈ തോക്കിന് ഇരയായത് 21,000 ബ്രിട്ടിഷ് സൈനികർ. രണ്ടാം ലോകമഹായുദ്ധത്തിലും ഇതുപയോഗിച്ചു. തുടർച്ചയായുള്ള വെടിവയ്പിൽ തോക്കിനു ചൂടേറാൻ സാധ്യതയുള്ളതിനാൽ ബാരലിനു ചുറ്റും ഒരു ജായ്ക്കറ്റിൽ 3.7 ലീറ്റർ വെള്ളം സൂക്ഷിച്ച് തണുപ്പിച്ചായിരുന്നു മാക്സിം ഉപയോഗിച്ചിരുന്നത്. പല മോഡലുകൾ അനുസരിച്ച് മിനിറ്റിൽ 500-600 റൗണ്ട് വെടിയുതിർക്കാൻ യന്ത്രത്തോക്കുകളിലൂടെ സാധിച്ചിരുന്നു. 2000 മീ. വരെയാണു ദൂരപരിധി.
ലക്ഷ്യം ആൾനാശം മാത്രം
ചിത്രത്തിനു കടപ്പാട്: US PEO Soldier/flickr
യുഎസ് സൈന്യത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ യന്ത്രത്തോക്ക് കൈകാര്യം ചെയ്യാൻ എളുപ്പമാണ്, ആൾനാശമുണ്ടാക്കുന്ന കാര്യത്തിൽ കൊടുംക്രൂരനും! എം249 സ്ക്വാഡ് ഓട്ടമാറ്റിക് വെപ്പൺ (SAW) എന്നാണു യഥാർഥ പേര്. സ്ക്വാഡ് അസാൾട്ട് വെപ്പണെന്നു വിളിപ്പേരും. 41 ഇഞ്ച് നീളം, 7.5 കി.ഗ്രാം ഭാരം. പെട്ടെന്നു വെടിയുതിർക്കുമ്പോൾ പോലും കൃത്യത ഉറപ്പാക്കും. 3600 മീ. വരെ ദൂരപരിധി. മിനിറ്റില്‍ 725-1000 റൗണ്ട് വെടിയുതിർക്കാൻ ശേഷി. ചൂടായാലും തണുപ്പിക്കാൻ എയർ–കൂൾഡ് സംവിധാനം. തോക്കിന്റെ ബാരൽ പെട്ടെന്നു മാറ്റാനുമാകും.
‘കവചിതം’ ഈ ആക്രമണം
ചിത്രത്തിനു കടപ്പാട്:: www.tank100.com
1916 സെപ്റ്റംബർ 15ന് ഫ്രാൻസിലുണ്ടായ ‘ബാറ്റിൽ ഓഫ് സോ’മിലാണ് ആദ്യമായി, ഏതു പ്രതലത്തിലും സഞ്ചരിക്കാനാകുന്ന, ടാങ്ക് എന്ന കവചിത വാഹനം എത്തുന്നത്. ‘ലാൻഡ്‌ഷിപ്’ എന്നായിരുന്നു യഥാർഥ പേര്. എന്നാൽ യുദ്ധകാലത്ത് ഇവയുടെ നിർമാണത്തെപ്പറ്റി ശത്രുക്കൾ അറിയാതിരിക്കാൻ ‘ടാങ്ക്’ എന്നു വിളിപ്പേരിടുകയായിരുന്നു. ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ ഉപയോഗിച്ച ഏറ്റവും വലിയ ടാങ്കായിരുന്നു മാർക്ക് 5. മുൻ മോഡലായ മാർക്ക് 4നെ അപേക്ഷിച്ചു പുതിയ സ്റ്റിയറിങ് സിസ്റ്റം, 150 ബിഎച്ച്പി ശേഷിയുള്ള എൻജിൻ. ഒരൊറ്റ ഡ്രൈവർ മതി. പിറകിൽ അതിപ്രഹരശേഷിയുള്ള യന്ത്രത്തോക്ക്. എന്നാൽ സൈനികർക്കായുള്ള ‘ക്രൂ കംപാർട്മെന്റിന്റെ’ മധ്യത്തിലായിരുന്നു എൻജിൻ. കൊടുംചൂടും കൃത്യമായ വെന്റിലേഷനില്ലാത്തതും തിരിച്ചടിയായി. ക്രൂ അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും എൻജിന്റെ ശബ്ദം തടസ്സമായി. അതികഠിനമായ ഇടങ്ങൾ മറികടക്കുമ്പോൾ പല ടാങ്കുകൾക്കും ‘ബ്രേക്ക് ഡൗൺ’ പ്രശ്നവും വന്നു.
‘ഭീമൻ’ പ്രതിരോധം
വിവിധ രാജ്യങ്ങളിൽ കരസേനയുടെ മുൻനിര പോരാളിയാണ് മെയിൻ ബാറ്റിൽ ടാങ്കുകൾ (എംബിടി). ലൈറ്റ്, മീഡിയം, ഹെവി ടാങ്കുകളുണ്ട്. ഇവയിൽ മീഡിയം, ഹെവി ടാങ്കുകളാണ് എംബിടി. 40-60 ടൺ ആണ് എംബിടിയുടെ ഭാരമെങ്കിലും ഇസ്രയേലിന്റെ ‘മെർകവ’ ടാങ്കുകള്‍ക്ക് അതിലേറെയുണ്ട്. കുറഞ്ഞത് ഒരു യന്ത്രത്തോക്കും ഒരു മെയിൻ ടാങ്ക് ഗണ്ണും എംബിടിയിൽ ഉറപ്പാണ്. 700-1700 വരെ കുതിരശക്തിയുള്ള എൻജിനുകളാണ് പല എംബിടികളിലും. ചില ടാങ്കുകൾ ഇന്ന് ഇലക്ട്രിക് എൻജിനിലേക്കു മാറി. സ്റ്റെൽത്ത് സാങ്കേതികതയിലൂടെ റഡാറിന്റെയും കണ്ണുവെട്ടിക്കാനാകും. ടാങ്കുകളെ തകര്‍ക്കാൻ ശേഷിയുള്ള മിസൈലുകളെയും ഗ്രനേഡുകളെയും പ്രതിരോധിക്കുന്ന ‘റിയാക്ടീവ് ആർമറാണ്’ ഇവയുടെ മറ്റൊരു അവിഭാജ്യ ഘടകം. പല ആധുനിക ടാങ്കുകൾക്കും മിസൈലുകൾ വരെ തൊടുക്കാനുള്ള ശേഷിയുണ്ട്. റഷ്യയുടെ ‘അർമാറ്റ’യാണ് ഇന്നുള്ളതിൽ ഏറ്റവും വേഗതയേറിയ ടാങ്ക്.
‘ശ്വാസംമുട്ടിക്കുന്ന’ കൊലപാതകി
ചിത്രത്തിനു കടപ്പാട്: Henry Guttmann/Getty Images
ഒന്നാം ലോകമഹായുദ്ധത്തിൽ ഉപയോഗിക്കാൻ വേണ്ടി മാത്രം മൂവായിരത്തോളം രാസവസ്തുക്കളാണു ഗവേഷകർ പരീക്ഷിച്ചത്. അതിൽ അൻപതോളം എണ്ണം യുദ്ധഭൂമിയിൽ പ്രയോഗിക്കപ്പെട്ടു. അക്കൂട്ടത്തിൽ ഏറ്റവും ‘ക്രൂര’മായിരുന്നു ക്ലോറസിനും മസ്റ്റാർഡ് ഗ്യാസും. വൊമിറ്റിങ് ഏജന്റ്, സ്നീസിങ് ഗ്യാസ് എന്നീ പേരുകളിലായിരുന്നു ക്ലോറസിൻ അറിയപ്പെട്ടിരുന്നത്. ശ്വാസകോശത്തെയാണ് ഈ രാസായുധം ബാധിക്കുക. പക്ഷേ വളരെ കുറച്ചു നേരത്തേക്കു മാത്രം. ശത്രുപക്ഷത്തെ ഏതാനും നേരത്തേക്കെങ്കിലും ‘ശ്വാസംമുട്ടിച്ചു’ നിശ്ചലമാക്കി ആക്രമണം അഴിച്ചുവിടുന്നതായിരുന്നു തന്ത്രം.
1917ലാണു ജർമനി ആദ്യമായി മസ്റ്റാർഡ് ഗ്യാസ് (ബിസ് 2-ക്ലോറോ ഈഥൈൽ സൾഫൈഡ്) പ്രയോഗിക്കുന്നത്. ഹോട്ട് സ്റ്റഫ് (എച്ച്) എന്നായിരുന്നു ഇതിന് സഖ്യശക്തികളിട്ട പേര്. ചർമത്തിലും ശ്വാസകോശത്തിലും അത്രയേറെ മാരക പൊള്ളലേൽപ്പിക്കാൻ ഇവയ്ക്കു ശേഷിയുണ്ടായിരുന്നു. നിറമില്ല; വെളുത്തുള്ളിക്കു സമാനമായ ഇവയുടെ ഗന്ധം വഴിയാണു യുദ്ധഭൂമിയിലെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നത്. ഗ്യാസ് മാസ്കുകൾക്കു പോലും പ്രതിരോധിക്കാനാകില്ല. വിഷവാതകം നിറച്ച ഷെല്ലുകൾ കാരണം ബ്രിട്ടന്റെ ഭാഗത്തു മാത്രം ആൾനാശമുണ്ടായത്– 4000, 1.6 ലക്ഷത്തിലേറെ പേർക്കു പരുക്കേറ്റു, പലർക്കും കാഴ്ച നഷ്ടപ്പെട്ടു.
ഫ്രാൻസ് കണ്ടെത്തിയ ഫോസ്ജീൻ(കാർബോണിൽ ഡൈക്ലോറൈഡ്) എന്ന രാസായുധം ശരീരത്തിലെത്തിയതിന്റെ ലക്ഷണങ്ങൾ അറിയണമെങ്കിൽ രണ്ടു ദിവസം കഴിയണം. അതിനോടകം ശ്വാസകോശത്തിൽ വെള്ളം കെട്ടും, മരണം ഉറപ്പ്. യുദ്ധകാലത്ത് വിഷവാതകം ശ്വസിച്ചു മരിച്ച 91,000 പേരിൽ 85% പേരുടെയും മരണത്തിനു കാരണമായത് ഫോസ്ജീനായിരുന്നു.
മണമില്ലാത്ത മരണം
രാസായുധങ്ങൾ ഉപയോഗിക്കുന്നതിൽ ഇന്നു ലോകരാജ്യങ്ങൾക്കു വിലക്കുണ്ട്. എങ്കിലും സരിൻ (ഐസോപ്രൊപ്പൈൽ മീഥൈൽ ഫ്ലൂറോ ഫോസ്‌ഫേറ്റ്) പോലുള്ള മാരക ‘നെർവ് ഏജന്റുകൾ’ അടുത്തിടെ സിറിയയിൽ ഉൾപ്പെടെ പ്രയോഗിച്ചതായി തെളിഞ്ഞിരുന്നു. നാഡീവ്യവസ്ഥയെ തളർത്തുന്നവയാണ് സരിൻ. നിറവും മണവുമില്ലാത്ത ഈ വാതകം ഒരൽപം ശ്വസിച്ചാൽ ശ്വാസകോശത്തിലെ പേശികൾ ഉൾപ്പെടെ തളരും. അതോടെ ശ്വാസോച്ഛ്വാസം നടക്കാതെ നിമിഷങ്ങൾക്കകം മരണം ഉറപ്പ്. കൂറുമാറിയ റഷ്യൻ ചാരൻ സെർജി സ്ക്രീപലിനും മകൾ യൂലിയയ്ക്കും നേരെ ബ്രിട്ടനിലെ സോൾസ്ബ്രിയിൽ വച്ച് നൊവിചോക്ക് എന്ന നെർവ് ഏജന്റ് പ്രയോഗിക്കപ്പെട്ടത് വാർത്തയായിരുന്നു. സമീപത്തെ അമെസ്ബ്രിയിൽ ചാർലി റോവ്‌ലി–ഡോൺ സ്റ്റർജെസ് ദമ്പതികൾക്കു നേരെയും പിന്നാലെ സമാന ആക്രമണമുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ കാലത്ത് വികസിപ്പിച്ചെടുത്തതാണ് നൊവിചോക്ക്.
കപ്പലിനെ വെല്ലും ഈ ബോട്ട്
ചിത്രത്തിനു കടപ്പാട്: Imperial War Museum
അണ്ടർസീ ബോട്ടുകൾ(യു–ബോട്ട്) 1906ൽ ജർമനി വികസിപ്പിച്ചെടുക്കും മുന്‍പേ തന്നെ ബ്രിട്ടനും ഫ്രാൻസും റഷ്യയും യുഎസുമെല്ലാം അന്തർവാഹിനികളുടെ (സബ്മറീൻ) നിർമാണത്തിൽ ഏറെ മുന്നോട്ടു പോയിരുന്നു. എന്നാൽ ലോങ്–റേഞ്ച് യു ബോട്ടുകളും, ടോർപിഡോകളുടെ കരുത്തുകൂട്ടിയതും ചേർന്നപ്പോൾ കടലിനടിയിൽ ലോകമഹായുദ്ധകാലത്തെ ആധിപത്യം ജർമനിക്കായി. ജർമനിയുടെ യു–31 ക്ലാസ് അന്തർവാഹിനികളിൽ ഒരേസമയം ആറു ടോർപിഡോകളായിരുന്നു സജ്ജമായിരുന്നത്. 64.7 മീ. നീളമുള്ള ഇതിൽ 35 പേർക്കു താമസിക്കാം. സഖ്യശക്തികളുടെ വ്യാപാര പാതയിൽ യു ബോട്ടുകൾ വിന്യസിച്ച് കപ്പലുകൾ തകർക്കുന്ന രീതി 1914 മുതൽ 1918 വരെ ജർമനി തുടർന്നു. 1914 സെപ്റ്റംബർ അഞ്ചിന് എസ്എം യു–21 എന്ന അന്തർവാഹിനിയിൽ നിന്നുള്ള സെൽഫ്–പ്രൊപ്പൽഡ് ടോർപിഡോ പ്രയോഗത്തിലൂടെ എച്ച്എംഎസ് പാത്ത്ഫൈൻഡർ എന്ന കപ്പൽ മുക്കിയതോടെ അത്തരത്തിലുള്ള ലോകത്തിലെ ആദ്യ സംഭവമായി അത്. സെപ്റ്റംബർ 22ന് രണ്ട് ബ്രിട്ടിഷ് യുദ്ധക്കപ്പലുകളും യു–9 എന്ന ബോട്ട് തകർത്തു, അതും ഒരൊറ്റ മണിക്കൂറിന്റെ ഇടവേളയിൽ!
കാവലായി കടലിനടിയിൽ
ചിത്രത്തിനു കടപ്പാട്: US Navy
കടൽ കാക്കുന്നതിൽ ഇന്നു വിവിധ രാജ്യങ്ങളുടെ ഏറ്റവും നിർണായക ആയുധമാണ് അന്തർവാഹിനികൾ. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസ്എസ് ഇന്ത്യാന (എസ്എസ്എൻ–789) കമ്മിഷൻ ചെയ്തത്. ഈ ആണവ അന്തർവാഹിനിയുടെ നീളം 114.9 മീ, വീതി 10 മീ. 7800 ടൺ ഭാരമുള്ള ഇതിന് ഒരുസമയം 135 പേരെ വഹിക്കാനുള്ള ശേഷിയുണ്ട്. 24 ടോർപിഡോകളും 12 ക്രൂസ് മിസൈലുകളും എല്ലായിപ്പോഴും സജ്ജം. 33 വർഷത്തേക്കാണു കാലാവധി നിശ്ചയിച്ചിരിക്കുന്നത്. 800 അടി വരെ ആഴത്തിൽ സഞ്ചരിക്കും. കപ്പൽവേധ മിസൈലുകളുമായി യുഎസിന്റെ ‘സീവൂൾഫ്’ അന്തർവാഹിനിയും പ്രശസ്തമാണ്.
കടൽക്കൊലയാളി
ചിത്രത്തിനു കടപ്പാട്: US Naval Historical Center
ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്ക പങ്കുചേരാൻ ഇടയാക്കിയതു തന്നെ ഒരു ടോർപിഡോ ആക്രമണമാണ്. 1915ൽ മേയിൽ ജർമനിയുടെ ഒരു അണ്ടർവാട്ടർസീ–ബോട്ടിൽ (യു–ബോട്ട്) നിന്നു പുറപ്പെട്ട ടോർപിഡോ മുക്കിയത് ബ്രിട്ടന്റെ ലൂസിറ്റാനിയ എന്ന യാത്രാക്കപ്പലിനെ. അന്നു മരിച്ചത് 1195 പേർ; അതിൽ 128 പേർ യുഎസ് പൗരന്മാരായിരുന്നു. വൈകാതെ തന്നെ സഖ്യകക്ഷികൾക്കൊപ്പം ചേർന്ന് യുഎസ് ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധക്കപ്പലുകളെയല്ലാതെ യുഎസിൽ നിന്നു ബ്രിട്ടനിലേക്കു പോയിരുന്ന ചരക്കുകപ്പലുകളെയായിരുന്നു ‘അണ്ടര്‍വാട്ടർ മിസൈൽ’ എന്നറിയപ്പെട്ടിരുന്ന ടോർപിഡോകൾ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. അന്തർവാഹിനികൾ തകർക്കാനും ഇതു വ്യാപകമായി ഉപയോഗിച്ചു. അന്തർവാഹിനി, കപ്പൽ, ബോട്ട് എന്നിവിടങ്ങളിൽ നിന്നെല്ലാം പ്രയോഗിക്കാം. വിമാനത്തിൽ നിന്നു പ്രയോഗിക്കാവുന്ന തരം ടോർപിഡോ രണ്ടാം ലോകമഹായുദ്ധത്തിലാണ് ഉപയോഗിച്ചത്. ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ‘സെൽഫ്–പ്രൊപ്പൽഡ്’ ടോർപിഡോകൾക്ക് 19-21 അടി വരെയായിരുന്നു നീളം. 1000 മീ. വരെ ദൂരപരിധിയും.
ക്രൂരൻ ‘കറുത്ത സ്രാവ്’
കരയിലെയും വെള്ളത്തിനടിയിലെയും ലക്ഷ്യങ്ങളെ ഒരുപോലെ ആക്രമിക്കാൻ സാധിക്കുന്ന തരം ടോർപിഡോയാണ് ബിഎസ്എ. അന്തർവാഹിനികളിൽ നിന്നും കപ്പലിൽ നിന്നും തൊടുക്കാം. അതീവമാരകമായ സ്ഫോടക വസ്തുക്കളാണ് ഇതിൽ. അതിവേഗം യാത്രാപാത തിരിച്ചറിഞ്ഞ്, സ്വയം സഞ്ചരിച്ച് 50 കി.മീ. അകലെയുള്ള ലക്ഷ്യത്തെ വരെ തകർക്കാൻ ശേഷി. ബാറ്ററി വഴി ഇലക്ട്രിക്കൽ പ്രൊപ്പൽഷൻ സംവിധാനത്തിലാണു പ്രവർത്തനം. 6300 മി.മീ. നീളം, 533.4 മി.മീ. വ്യാസം. ലക്ഷ്യസ്ഥാനം എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന സെൻസറുകളുമുണ്ട്. ഇതുവഴി ലഭിക്കുന്ന ഡേറ്റ വിശകലനം ചെയ്യാൻ ഡിജിറ്റൽ സംവിധാനവും!
പൈനാപ്പിളല്ല, ബോംബ്
ബ്രിട്ടിഷുകാരനായ വില്യം മിൽസാണ് ഈ ഗ്രനേഡ് നിർമിച്ചത്. ‘പൈനാപ്പിൾ ബോംബ്’ എന്നു വിളിപ്പേര്. വലിച്ചെറിഞ്ഞാൽ സെക്കൻഡുകൾക്കകം പൊട്ടിത്തെറിക്കും; മൂർച്ചയേറിയ ലോഹച്ചീളുകളും മറ്റും ചുറ്റിലും ചിതറിത്തെറിക്കുന്നതിനാൽ ‘ഫ്രാഗ്മെന്റേഷൻ’ ബോംബ് എന്നും വിശേഷണം. 90 മീ വരെ ദൂരെയുള്ള ശത്രുക്കളെ കൊന്നൊടുക്കാൻ ശേഷി. പൊട്ടുന്നതിനു മുൻപ് എറിഞ്ഞയാൾക്കു സുരക്ഷാസ്ഥാനത്തേക്കു മാറാനുള്ള സമയം കിട്ടും. 1915 മുതൽ ബ്രിട്ടിഷ് സൈന്യം ഉപയോഗിക്കുന്നു. 1.25 പൗണ്ട് ഭാരം. സേഫ്റ്റി പിൻ നീക്കി വലിച്ചെറിക്കാം. നാലു സെക്കൻഡിനകം പൊട്ടിത്തെറിക്കും. മുൻ ഗ്രനേഡുകൾ പോലെ ശത്രുക്കള്‍ക്ക് പിടിച്ചെടുത്തു തിരികെ എറിയാനുള്ള സമയം കിട്ടില്ലെന്നു ചുരുക്കം.
മാറ്റങ്ങളില്ലാത്ത ‘സ്ഫോടനം’
ഒന്നാം ലോകമഹായുദ്ധ സമയത്തേക്കാൾ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല ഗ്രനേഡുകൾക്ക്. ഫ്രാഗ്മെന്റേഷൻ, കൺകഷൻ എന്നീ രണ്ടുതരം ഗ്രനേഡുകൾ ഇന്നുണ്ട്. ഫ്രാഗ്‌മെന്റേഷനിൽ ലോഹച്ചീളുകളും മറ്റും ചിതറിത്തെറിക്കുമ്പോൾ, സ്ഫോടനത്തിൽ പരമാവധി നാശനഷ്ടമുണ്ടാക്കുകയെന്നതാണ് കൺകഷന്റെ ലക്ഷ്യം. എം67 എന്ന ഫ്രാഗ്മെന്റേഷൻ ഗ്രനേഡ് പൊട്ടിയാൽ 15 മീ. ചുറ്റളവിൽ കനത്ത നാശമുണ്ടാകും, 200 മീ. വരെ ഇതിന്റെ ചീളുകളെത്തും. കൺകഷൻ ഗ്രനേഡിന് ഭാരം കുറവാണ്. മാരക സ്ഫോടക വസ്തുവായ ടിഎൻടി നിറച്ച എംകെ3 എന്ന ഗ്രനേഡിന് 312 ഗ്രാമാണു ഭാരം. ഇവ ഫ്യൂസ് മാറ്റിയാണ് കയറ്റി അയയ്ക്കുക പോലും, അത്രയേറെ അപകടസാധ്യതയാണു പൊട്ടിത്തെറിക്കാൻ. ടാങ്കുകളെ വരെ തകർക്കുന്ന ഗ്രനേഡുകളുണ്ട് ഇന്ന്. മൂന്നു ഗ്രനേഡുകൾ കൂട്ടിച്ചേർത്ത പരീക്ഷണവും യുഎസ് നടത്തിയിട്ടുണ്ട്. കൺകഷനും ഫ്രാഗ്മെന്റേഷൻ ഗ്രനേഡും ഒരുമിച്ചു ചേർത്ത എൻഹാൻസ്ഡ് ടാക്റ്റിക്കൽ മൾട്ടി–പർപ്പസ് ഗ്രനേഡും ഒരുങ്ങുന്നുണ്ട്.
പ്രതിരോധം ‘ചുമലിൽ’
ചിത്രത്തിനു കടപ്പാട്: Library and Archives Canada, Wikipedia
സൈനികർക്കു ചുമന്നുകൊണ്ടു പോകാനാകുന്ന ലോഞ്ചറുകളായിരുന്നു മോർട്ടാറുകൾ. പീരങ്കികളേക്കാൾ ഭാരവും കുറവ്. യുദ്ധഭൂമിയിലേക്കു നേരിട്ടിറങ്ങാതെ ട്രഞ്ചുകളിൽ ഒളിച്ചിരുന്നു ബോംബുകൾ ശത്രുക്കൾക്കു നേരെ പ്രയോഗിക്കാമെന്നതായിരുന്നു ഇതിന്റെ പ്രത്യേക. മൂന്ന് ഇഞ്ച് വലുപ്പമുള്ള 22 ഷെല്ലുകൾ വരെ ഒരു മിനിറ്റിൽ പ്രയോഗിക്കാൻ ശേഷിയുള്ള ‘സ്റ്റോക്സ്’ മോർട്ടാർ ബ്രിട്ടന്റെ കൈവശമുണ്ടായികുന്നു. 1100 മീ. വരെ ഈ ഷെല്ലുകൾ പറന്നെത്തി പൊട്ടിച്ചിതറും. കൃത്യമായ ലക്ഷ്യമില്ലാതെ സൈന്യത്തിന് യുദ്ധഭൂമിയില്‍ ‘ഫയറിങ് പിന്തുണ’ നൽകുകയാണ് മോർട്ടാർ വഴിയുള്ള ഷെൽ പ്രയോഗത്തിന്റെ ലക്ഷ്യം.
‘തേടിപ്പിടിച്ചു’ പൊട്ടിത്തെറിക്കും
മോർട്ടാറുകളുടെ പ്രഹരശേഷി ഇന്നു കൂടിയിരിക്കുന്നു. മൂന്നു സൈനികരുടെ സഹായത്തോടെ പ്രവർത്തിക്കുന്നതാണ് 81 എംഎം എൽ16 മോർട്ടാർ. യുകെയും കാനഡയും സംയുക്തമായി വികസിപ്പിച്ച ഈ മോർട്ടാറിന് 4.2 കിലോ വരെയുള്ള ഷെല്ലുകൾ 5000 മീറ്ററിലേറെ ദൂരത്തേക്ക് എത്തിക്കാനാകും. ജിപിഎസ് വഴി ലക്ഷ്യം തിരിച്ചറിഞ്ഞാണിത്. മിനിറ്റിൽ 15 റൗണ്ട് വരെ ഷെൽ പ്രയോഗത്തിനു ശേഷി. എടുത്തുകൊണ്ടു പോകുന്നത് എന്നതു മാറി വാഹനങ്ങളിൽ കൊണ്ടുപോകാവുന്ന തരവും അന്തർവാഹിനികളെ ലക്ഷ്യം വയ്ക്കുന്നതുമായ മോർട്ടാറുകളും ഇന്നുണ്ട്.
ആകാശത്തെ ‘മഹാക്രൂരൻ’
ചിത്രത്തിനു കടപ്പാട്: Wikipedia
70 തരത്തിലുള്ള വിമാനങ്ങളാണ് ഒന്നാം ലോകമഹായുദ്ധ കാലത്തു വിവിധ രാജ്യങ്ങൾ ഉപയോഗിച്ചിരുന്നത്. ഇതിൽ ഏറ്റവും കുപ്രസിദ്ധമായിരുന്നു ഫോക്കർ സ്കോർജ്. യുദ്ധവിമാനം എന്നു പൂർണമായ തോതിൽ വിശേഷിപ്പിക്കാനാകുന്ന ലോകത്തിലെ ആദ്യ മാതൃക. ശത്രുവിമാനങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തകർക്കുന്നതിനാലായിരുന്നു ‘മഹാക്രൂരൻ’ (scourge) എന്ന വിശേഷണം. ബ്രിട്ടന്റെ സോപ്‌വിത്ത് വിമാനത്തിനുള്ള ജർമനിയുടെ മറുപടി. പ്രൊപ്പല്ലറിനിടയിലൂടെ, അതിന്റെ ബ്ലേഡിൽ പോലും തട്ടാതെ യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കാൻ സാധിക്കുമായിരുന്നു ഫോക്കറിന്. ആ സാങ്കേതികത അന്നു ജർമനിക്കു മാത്രം സ്വന്തം. എന്നാൽ ഫോക്കർ സ്കോർജിന്റെ ആധിപത്യം ഇല്ലാതാക്കാൻ ഫ്രാൻസ് 1916ൽ ന്യൂപോർട്ട് 11 വിമാനമിറക്കി. പ്രൊപ്പല്ലറിനു മുകളിലൂടെ തുടർച്ചയായി വെടിയുതിർക്കാൻ സാധിക്കുന്നതായിരുന്നു ഇത്. ഈ സിംഗിൾ സീറ്റ് യുദ്ധവിമാനത്തിൽ, അന്നത്തെ ഭാരം കുറഞ്ഞ തോക്കായ ലൂയിസ് മെഷീൻ ഗൺ കൂടി ഘടിപ്പിച്ചതോടെ ജർമനിക്കൊത്ത എതിരാളിയായി ന്യൂപോർട്ട്.
‘പോരാട്ട’ ജെറ്റുകൾ
ലോകം ഫൈറ്റർ ജെറ്റുകളിലേക്കു മാറിയിരിക്കുന്നു. ശത്രുക്കൾക്കു മേൽ സമ്പൂർണ ആധിപത്യം ഉറപ്പിക്കുന്ന യുഎസിന്റെ ലോക്ക്‌ഹീഡ് മാർട്ടിൻ എഫ്–22 റാപ്റ്റർ ഉദാഹരണം. , റഡാറിന്റെ പോലും കണ്ണിൽപ്പെടില്ല ഈ അഞ്ചാം തലമുറ ഫൈറ്റർ വിമാനം. ഗ്രൗണ്ട് അറ്റാക്കിലും ഇലക്ട്രോണിക് യുദ്ധത്തിലും മികവ്. ഇന്ധനം കൂടുതൽ ചെലവാക്കാതെ ശബ്ദവേഗത്തെ കടന്നു പറക്കാനുള്ള കഴിവ്, ആകാശത്ത് അതിവേഗം ദിശ മാറ്റാനുള്ള കഴിവ്, കൂട്ടമായും ഒറ്റയ്ക്കും വിവര വിനിമയ സംവിധാനങ്ങളിലൂടെ വിവരങ്ങൾ കൈമാറി പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയും അഞ്ചാംതലമുറ ഫൈറ്ററുകളുടെ പ്രത്യേകതയാണ്.
പറക്കുംബോംബ് ഈ ‘ഡ്രോൺ’
ചിത്രത്തിനു കടപ്പാട്: US Air Force Museum, Wikipedia
ആളില്ലാതെ പറക്കുന്ന ഡ്രോണുകളുടെ ആദ്യകാല രൂപം തയാറാക്കിയത് ഒന്നാം ലോക മഹായുദ്ധ കാലത്താണ്. യുഎസ് നാവികസേനയാണ് 1916-17ൽ കെറ്റെറിങ് ബഗ് എന്നു പേരിട്ട ഈ ചെറുവിമാനം നിർമിച്ചത്. നിർമാതാവായ ചാൾസ് കെറ്ററിങ്ങിന്റെ പേരാണിതിനു നൽകിയത്. ഇന്നത്തെ ക്രൂസ് മിസൈലുകളുടെ ആദ്യരൂപമെന്ന നിലയ്ക്ക് ‘പറക്കും ബോംബ്’ ആയാണ് ഇതു രൂപപ്പെടുത്തിയത്. 18.5 അടി മാത്രം നീളം, 12 കുതിശക്തിയുള്ള മോട്ടോർ, 79 കി.ഗ്രാം. ഭാരം. ഗൈറോസ്കോപ്പിന്റെയും ബാരോമീറ്ററിന്റെയും സഹായത്താൽ ഉയരം നിശ്ചയിച്ച് സ്വയം പറക്കുംവിധമായിരുന്നു നിർമാണം. ലോഞ്ച് പോയിന്റിൽ നിന്ന് 121 കി.മീ വരെ ദൂരെയുള്ള ലക്ഷ്യം തകർക്കാൻ സാധിക്കും. മണിക്കൂറിൽ 80 കി.മീ. വേഗം. ലോകമഹായുദ്ധത്തിന്റെ അവസാന സമയത്താണ് ഇത് യുഎസ് സൈന്യം പരീക്ഷിക്കുന്നത്. ആദ്യ പരീക്ഷണം പക്ഷേ പരാജയമായിരുന്നു.
ആകാശത്തെ ‘ഡോൺ’
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ താരമാണ് ആൺമാൻഡ് കോംപാക്ട് ഏരിയൽ വെഹിക്കിൾ (യുസിഎവി). ഒരേസമയം ചാര പ്രവർത്തനത്തിനും യുദ്ധത്തിലും ഉപയോഗിക്കാം ഈ ഡ്രോൺ. വിദൂരത്തു നിന്ന് റിമോട്ട് കൺട്രോളിനാൽ നിയന്ത്രിക്കുന്നതു കൊണ്ടു തകർന്നു വീണാലും ആൾ നാശമില്ല. മിസൈലുകളും ബോംബുകളും വഹിച്ച് മണിക്കൂറുകളോളം കിലോമീറ്ററുകളോളം സഞ്ചരിക്കാനുള്ള ശേഷിയുമുണ്ട്. യുഎസിന്റെ എംക്യു–9 റീപ്പർ എന്ന യുസിഎവി ചാരപ്രവർത്തനത്തിന് 30 മണിക്കൂർ വരെ നിർത്താതെ പറക്കും. എന്നാൽ ആയുധങ്ങളും വഹിച്ചാണെങ്കിൽ അത് 23 മണിക്കൂറായി ചുരുങ്ങും. 50,000 അടി ഉയരത്തിൽ 1850 കി.മീ. ദൂരം വരെ താണ്ടാനും ഇവയ്ക്ക് ശേഷിയുണ്ട്; ഭാരവും കുറവ്. കോംപാക്ട് ഡ്രോണുകൾക്കു പറന്നുയരാനും ഇറങ്ങാനും വേണ്ടി മാത്രം യുഎസ് പ്രത്യേക കപ്പലുകൾ തയാറാക്കിയിട്ടുണ്ട്.
പറക്കും ‘ഒട്ടകം’
ചിത്രത്തിനു കടപ്പാട്: Wikipedia
സഖ്യശക്തികളുടെ ഭാഗത്തെ ഏറ്റവും കരുത്തുറ്റ, വിജയകരമായ യുദ്ധവിമാനം. ബ്രിട്ടിഷ് നിർമിതമായ ഈ സിംഗിൾ സീറ്ററിൽ യന്ത്രത്തോക്കുകൾക്കു സംരക്ഷണമൊരുക്കി മുഴ പോലുള്ള ഭാഗമുണ്ടായിരുന്നു. അങ്ങനെ ലഭിച്ചതാണ് ‘ക്യാമൽ’ എന്ന പേര്. പൈലറ്റിനു തൊട്ടുമുൻപിൽ തന്നെ രണ്ട് ‘വിക്കേഴ്സ്’ മെഷീൻ ഗണ്ണുകൾ. മാസത്തിൽ ശരാശരി 79 എന്ന കണക്കിൽ യുദ്ധകാലത്ത് സോപ്‌വിത്ത് വെടിവച്ചിട്ടത് 1294 ശത്രുവിമാനങ്ങളെ!
ആകാശപ്പോരാളി
ആകാശത്തെ യഥാർഥ പോരാളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫൈറ്റർ ജെറ്റ്. റഷ്യയാണ് ഈ ട്വിൻ എൻജിൻ, അഞ്ചാം തലമുറ ജെറ്റിന്റെ നിർമാതാക്കൾ. ടി–50 എന്നറിയറിയപ്പെടുന്ന ഇത് സ്റ്റെൽത്ത് സാങ്കേതികത ഉപയോഗപ്പെടുത്തുന്ന റഷ്യയുടെ ആദ്യ യുദ്ധവിമാനവുമാണ്. ആകാശത്തെ ലക്ഷ്യവും കരയിലേക്കും ഒരുപോലെ ആക്രമണ മികവ്. ലക്ഷ്യങ്ങൾ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് ആകാശത്തു നിന്നു കരയിലേക്ക് ആയുധപ്രഹരത്തിനു ശേഷി. റഷ്യയുടെ തന്നെ മിഗ്–29നെ മറികടന്നാണ് ടി–50യുടെ വരവ്. യുഎസിന്റെ എഫ്–22 റാപ്റ്ററിനുള്ള റഷ്യൻ മറുപടി.
ആദ്യം വിമാനമിറങ്ങിയ കപ്പൽ
ചിത്രത്തിനു കടപ്പാട്: US Naval Historical Center, Imperial War Museum
ചലിക്കുന്ന കപ്പലിൽ ഒരു വിമാനം ആദ്യമായിറങ്ങുന്നത് ഒന്നാം ലോക മഹായുദ്ധ കാലത്താണ്– 1917 ഓഗസ്റ്റ് രണ്ടിന്. ബ്രിട്ടന്റെ എച്ച്എംഎസ് ഫ്യൂറിയസില്‍ സ്ക്വാഡ്രൺ കമാൻഡർ എഡ്വേഡ് ഡണ്ണിങ് ആണ് വിമാനമിറക്കിയത്. 786 അടി നീളമുള്ള ഈ കപ്പലിൽ രണ്ടു വൻ തോക്കുകൾ ഉറപ്പിച്ചിരുന്നു. എന്നാൽ അതുപയോഗിച്ച് ആക്രമണം നടത്തിയാൽ കപ്പലിനു കേടുപാടുണ്ടാകും വിധം ‘വിറയൽ’ സംഭവിക്കുമെന്നായിരുന്നു കണ്ടെത്തൽ. കപ്പലിന്റെ ബദൽ ഉപയോഗം തേടിയപ്പോഴാണ് വിമാനവാഹിനിയായി ഉപയോഗിക്കാമെന്നു കണ്ടെത്തിയത്. 36 വിമാനങ്ങൾ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. വിമാനം ഇറങ്ങാനും പറന്നുയരാനും സ്ഥലം വേണ്ടതിനാൽ റൺവേയ്ക്കു താഴെയുള്ള അറയിലാണ് വിമാനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇന്നും ആ രീതിതന്നെയാണു വിമാനവാഹിനിക്കപ്പലുകളിൽ.
വമ്പൻ വിമാനവാഹിനി
ലോകത്തിലെ ഏറ്റവും വലിയ ഈ വിമാനവാഹിനിക്കപ്പൽ– യുഎസിന് 2017ൽ നിർമിച്ചു കൈമാറി. 2022ൽ പ്രവർത്തനക്ഷമമാകും. 1106 അടിയാണ് നീളം. എഫ്–35സി പോലുള്ള 75ലേറെ യുദ്ധവിമാനങ്ങളെ വഹിക്കാനുള്ള ശേഷി. ഒരേ സമയം 4539 പേരെ ഉൾക്കൊള്ളാനാകും. മിസൈലുകളും ലേസറും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധ വിന്യാസവും കപ്പലിലുണ്ട്. നിലവിലെ സ്റ്റീം–പവേഡ് ലോഞ്ച് സിസ്റ്റം മാറി ജെറാൾഡ് ആറ്‍ ഫോഡിൽ ഇലക്ട്രോമാഗ്നറ്റിക് എയർക്രാഫ്റ്റ് ലോഞ്ച് സിസ്റ്റമാണ്. രണ്ട് എ1ബി ന്യൂക്ലിയർ റിയാക്ടറിന്റെ സഹായത്താലാണ് പ്രൊപ്പൻഷൻ. സോണൽ ഇലക്ട്രിക്കൽ പവർ ഡിസ്ട്രിബ്യൂഷൻ സംവിധാനവുമുണ്ട്. നേരത്തേ ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായിരുന്ന യുഎസിന്റെ തന്നെ നിമിറ്റ്സിനേക്കാളും 250 ശതമാനം അധികം ഇലക്ട്രിക്കൽ കപ്പാസിറ്റി ഇതുവഴി ലഭിക്കും. 1092 അടിയായിരുന്നു നിമിറ്റ്സിന്റെ നീളം. 90 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയും!