ഇത്തവണ ഇന്ത്യ വോട്ട് ചെയ്യുന്നത് ഇങ്ങനെ...
Phases | States | Seats | Polling |
---|---|---|---|
1 | 20 | 91 | Apr-11 |
2 | 12 | 95 | Apr-18 |
3 | 15 | 117 | Apr-23 |
4 | 9 | 71 | Apr-29 |
5 | 7 | 51 | May-6 |
6 | 7 | 59 | May-12 |
7 | 8 | 59 | May-19 |
വോട്ടെണ്ണൽ മേയ് 23 (വ്യാഴം)
തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ പേരും മറ്റു വിവരങ്ങളും പരിശോധിച്ച് രേഖപ്പെടുത്തും
സ്ഥാനാർഥി നിയോഗിച്ച പോളിങ് ഏജന്റ് കേൾക്കേ ഒന്നാം പോളിങ് ഓഫിസർ വോട്ടറുടെ പേരു വിളിക്കും. ആളുമാറി വോട്ട് ചെയ്യാനെത്തിയതാണെന്നു തോന്നിയാൽ പോളിങ് ഏജന്റിനു നിശ്‌ചിത തുകയടച്ച് വോട്ട് ‘ചാലഞ്ച്’ ചെയ്യാം. വന്നത് കള്ളവോട്ടറെന്നു തെളിഞ്ഞാൽ തുക തിരിച്ചുനൽകും. എന്നാല്‍ ഏജന്റ് ഉത്തമ വിശ്വാസത്തോടെയല്ല ചാലഞ്ച് ചെയ്‌തതെന്നു ബോധ്യപ്പെട്ടാൽ ആ പണം സർക്കാരിലേക്ക് ഈടാക്കും.
വോട്ട് ചാലഞ്ച് ചെയ്യപ്പെട്ടില്ലെങ്കിൽ ഇടതുചൂണ്ടു വിരലിൽ ഇദ്ദേഹം മഷി പുരട്ടും. റജിസ്‌റ്ററിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തും. ക്രമ നമ്പർ രേഖപ്പെടുത്തിയ വോട്ടേഴ്സ് സ്‌ലിപ്പും നൽകും.
വോട്ടേഴ്സ് സ്ലിപുമായി മൂന്നാം പോളിങ് ഓഫിസറുടെ അടുക്കലേക്ക്. സ്‌ലിപ് സ്വീകരിച്ച ഓഫിസർ പോളിങ് കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തും. നീണ്ട ബീപ് ശബ്ദം കേട്ടാൽ യന്ത്രം തയാറായെന്ന് അർഥം. കുറവ് വോട്ടർമാരുള്ളയിടങ്ങളിൽ മൂന്നാം പോളിങ് ഓഫിസർ തന്നെയായിരിക്കും പ്രിസൈഡിങ് ഓഫിസർ. കൂടുതൽ വോട്ടർമാരുള്ളയിടങ്ങളിൽ മൂന്ന് പോളിങ് ഓഫിസർമാരും ഒരു പ്രിസൈഡിങ് ഓഫിസറുമുണ്ടാകും.
1. ബാലറ്റിങ് യൂണിറ്റിന്റെ ഇടതു ഭാഗത്തായി പച്ച ലൈറ്റ് തെളിഞ്ഞിട്ടുണ്ടെങ്കിൽ യന്ത്രം വോട്ട് രേഖപ്പെടുത്താൻ തയാറാണെന്നർഥം.
2. സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും ഫോട്ടോയ്ക്കും നേരെയുള്ള നീല ബട്ടൺ അമർത്താം. ഒരിക്കൽ മാത്രമേ ബട്ടൺ അമർത്തേണ്ടതുള്ളൂ.
3. ബട്ടൺ അമർത്തിക്കഴിഞ്ഞാൽ ചെറിയ ബീപ്’ ശബ്ദത്തോടൊപ്പം പച്ച ബൾബ് അണഞ്ഞ് ചുവന്ന ലൈറ്റ് തെളിയും. നിങ്ങളുടെ വോട്ട് രേഖപ്പടുത്തിക്കഴിഞ്ഞു. നീല ബട്ടൺ ഒരു തവണ അമർത്തിയാലുടൻ യന്ത്രം ലോക്ക് ആകും. ഒരു വോട്ട് മാത്രമേ ചെയ്യാൻ ആവുകയുള്ളൂ . അസാധുവോട്ടുകളും ഉണ്ടാകുന്നില്ല. പിന്നീട് അടുത്തയാൾ വരുമ്പോൾ പ്രിസൈഡിങ് ഓഫിസർ കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തിയാലേ അദ്ദേഹത്തിനു വോട്ട് ചെയ്യാൻ കഴിയൂ.
4. സ്ഥാനാർഥികളിൽ ആരെയും താൽപര്യമില്ലെങ്കിൽ ബാലറ്റിങ് യൂണിറ്റിലെ ‘നോട്ട’യ്ക്കു (നൺ ഓഫ് ദി എബവ്) വോട്ടു ചെയ്യാം. വോട്ട് രേഖപ്പെടുത്തിയാൽ നീണ്ട ബീപ് ശബ്‌ദം കേൾക്കാം. വോട്ടിങ് പൂർത്തിയായി എന്നാണ് ഇതിനർഥം. ചുവപ്പ് ലൈറ്റ് കത്തിയില്ലെങ്കിലോ ബീപ് ശബ്ദം കേട്ടില്ലെങ്കിലോ പ്രിസൈഡിങ് ഓഫിസറുടെ സഹായം തേടാം.
5. ഉദ്ദേശിച്ച ആൾക്കു തന്നെയാണോ വോട്ട് ചെയ്തത് എന്ന് വോട്ടർക്ക് അറിയാൻ ഇത്തവണ ‘വിവി പാറ്റ്’ (വോട്ടേഴ്സ് വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സംവിധാനം. വോട്ടർക്കു മാത്രമേ ഇതു കാണാൻ കഴിയൂ. എല്ലാ കേന്ദ്രങ്ങളിലും വിവിപാറ്റ് ഏർപ്പെടുത്തിയ ആദ്യ തിരഞ്ഞെടുപ്പ്.
6. വോട്ട് ചെയ്തു കഴിഞ്ഞ ഉടൻ വോട്ടു ലഭിച്ചയാളുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത സ്ലിപ് വിവിപാറ്റ് മെഷീൻ പ്രദർശിപ്പിക്കും. ഇൗ ഭാഗം ഗ്ലാസ് കൊണ്ടു മറച്ചിട്ടുള്ളതിനാൽ സ്ലിപ് വോട്ടർക്കോ മറ്റാർക്കെങ്കിലുമോ പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഏഴു സെക്കൻഡ് നേരം സ്ലിപ് വായിക്കാൻ വോട്ടർക്കു സമയം ലഭിക്കും. എട്ടാം സെക്കൻഡിൽ സ്ലിപ് മുറിഞ്ഞു മെഷീന്റെ ഭാഗമായ പെട്ടിയിലേക്കു വീഴും. വോട്ടു വിഹിതം സംബന്ധിച്ചു പരാതി ഉയർന്നാൽ സ്ലിപ്പുകൾ അടങ്ങിയ പെട്ടി തുറന്നു വോട്ടുകൾ എണ്ണി വിജയിയെ സ്ഥിരീകരിക്കും