തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം; ഇന്ത്യയിൽ, ഒരുപക്ഷേ ലോകത്തുതന്നെ, ഇത്രയേറെ ചർച്ചയായ മറ്റൊരു ക്ഷേത്രമുണ്ടാകില്ല. നിർമിതിയിലെ അദ്ഭുതം, അസാധാരണമായ ചരിത്രപശ്ചാത്തലം, നിലവറകളിൽ അളവറ്റ അമൂല്യ നിധി, വിശ്വാസങ്ങൾ... ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലൂടെ...
ഒരു പ്രധാന ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന നാടിന്റെ ചരിത്രം. പരസ്പരം ഇഴചേർന്ന ആ ചരിത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റേത്.
തിരുവനന്തപുരം ജില്ലയ്ക്ക് ആ പേര് ലഭിച്ചതുതന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നാണ്. അനന്തന്റെ (വിഷ്ണു ഭഗവാൻ) പുരി (നാട്) എന്നാണ് തിരുവനന്തപുരത്തിന്റെ അർഥം. അനന്തശയനത്തിലുള്ള വിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. നീളം 18 അടി വരും. കരിങ്കല്ലിൽ തീർത്ത, നൂറടിയിലേറെ ഉയരമുള്ള കുംഭഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. ജീവൻ തുടിക്കുന്ന അനേകം ശിൽപങ്ങളും ഗോപുരത്തിന് ചൈതന്യനിറവു പകരുന്നു.
എന്നാണ് പത്മനാഭ സ്വാമി ക്ഷേത്ര നിർമാണം ആരംഭിച്ചത്? എവിടെയുമില്ല അതിന്റെ വിവരങ്ങൾ. ചരിത്രരേഖകളിൽ ക്ഷേത്രത്തെപ്പറ്റിയുള്ള ആദ്യ പരാമർശം ഉണ്ടാകുന്നത് എഡി ഒൻപതാം നൂറ്റാണ്ടിലാണ്.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള താളിയോല ഗ്രന്ഥമായ മതിലകം രേഖകളിലാണ് ക്ഷേത്രത്തെപ്പറ്റിയുള്ള വിവരമുള്ളത്. ക്ഷേത്രത്തിലെ ശ്രീകോവിൽ നവീകരണത്തിന്റെ ഭാഗമായി വിഗ്രഹം എഡി 1459–1460 കാലത്ത് ഒരു ബാലാലയത്തിലേക്കു മാറ്റിയിരുന്നു. ക്ഷേത്രത്തിലെ പ്രശസ്തമായ ഒറ്റക്കൽ മണ്ഡപം പണിതീര്‍ത്തത് എഡി 1461ലായിരുന്നു.
എഡി 1733ൽ അന്നത്തെ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമയാണു ക്ഷേത്രത്തിന്റെ ചരിത്രം മാറ്റിയെഴുതുന്നത്. നേപ്പാളിൽനിന്നുള്ള 12,008 സാളഗ്രാമക്കല്ലുകൾ കൊണ്ട് 18 അടി നീളമുള്ള വിഗ്രഹം പണിതീർത്തത് അദ്ദേഹമായിരുന്നു. കടുശർക്കരയോഗം എന്ന പേരിൽ ശർക്കരയും അനേകം ഔഷധങ്ങളും ചേർത്തൊരുക്കിയ കൂട്ടിലായിരുന്നു വിഗ്രഹനിർമാണം. 1739 ൽ വിഗ്രഹത്തിന്റെ നിർമാണം പൂർത്തിയായി.
1750 ജനുവരി 19–20നായിരുന്നു ചരിത്രം തിരുത്തിക്കുറിച്ച ആ സംഭവം. അനിഴം തിരുനാൾ മാർത്താണ്ഡവർമ തിരുവിതാകൂർ രാജകുടുംബത്തിന്റെ അധികാര അവകാശങ്ങളെല്ലാം പത്മനാഭസ്വാമിക്കു മുന്നിൽ അടിയറ വച്ചു. തൃപ്പടിദാനം എന്ന ആ ചടങ്ങിനു ശേഷം പത്മനാഭന്റെ ദാസന്മാരായി, ഭഗവാനു വേണ്ടിയായിരുന്നു രാജകുടുംബം തിരുവിതാംകൂർ ഭരിച്ചത്. രാജാക്കന്മാരുടെ സ്വത്ത് പണ്ടാരവക എന്നാണറിയപ്പെട്ടത്, അതായത് ദേവസ്വത്തിന് അവകാശപ്പെട്ടത്. സർക്കാർ ജീവനക്കാർക്കു നൽകുന്ന ശമ്പളം വരെ ‘പത്മനാഭന്റെ പണം’ എന്നറിയപ്പെടാൻ തുടങ്ങി. പത്മനാഭസ്വാമി തിരുവിതാംകൂറിന്റെ ഔദ്യോഗിക മുദ്രയായി.
18 അടി നീളമുള്ള വിഷ്ണു ഭഗവാന്റെ വിഗ്രഹം ഭക്തർക്കു കാണാനാവുക മൂന്ന് കവാടങ്ങളിലൂടെയാണ്. ആദ്യ കവാടത്തിലൂടെ ഭഗവാന്റെ ശിരസ്സും കൈകളും, മധ്യഭാഗത്തെ കവാടത്തിലൂടെ നാഭി ഭാഗം, അവസാനത്തെ കവാടത്തിലൂടെ പാദ ഭാഗം. ഭാവി, ഭൂത, വർത്തമാന പ്രതീകമായ ഈ മൂന്നു വാതിലുകളിലൂടെയാണു അനന്തപത്മനാഭസ്വാമിയുടെ പള്ളികൊള്ളൽ കണ്ടു തൊഴേണ്ടത്. സാധാരണ 12 സാളഗ്രാമം ചേർന്നാൽ ഒരു ക്ഷേത്രവിഗ്രഹമായി. പത്മനാഭസ്വാമി വിഗ്രഹം 12,008 സാളഗ്രാമം ചേർന്നതാണ്; ആയിരം ക്ഷേത്രങ്ങളുടെ ചൈതന്യം വിഗ്രഹത്തിനുണ്ടെന്നാണു വിശ്വാസം. ഭഗവാന്റെ വലതുകൈക്കു താഴെയായി ശൈവ സാളഗ്രാമ ശിലയിൽ തീർത്ത ശിവലിംഗവും ഇടതുകയ്യിൽ താമരമുകുളവുമുണ്ട്. നാഭിയിൽ പത്മമുള്ളതിനാൽ ശ്രീപത്മനാഭൻ ആയി. ശ്രീദേവി, ഭൂമിദേവി, ദിവാകരമുനി, മാർക്കണ്ഡേയമഹർഷി ഇവരുടെ കാന്തിയാർന്ന വിഗ്രഹങ്ങൾ പ്രത്യേക പീഠങ്ങളിൽ മുഖാമുഖം രണ്ടു വരിയായുണ്ട്.
തമിഴ്‌നാട്ടിലെ തിരുവട്ടാറിലുള്ള ആദി കേശവ പെരുമാൾ ക്ഷേത്രത്തിന്റെ മാതൃകയിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമാണം. ശയനമൂർത്തിയായ വിഷ്ണുവായി വിഗ്രഹവും രണ്ടിടത്തും സമാനമാണ്. കേരള–ദ്രാവിഡ രീതികളിലായിരുന്നു തിരുവനന്തപുരത്തെ ക്ഷേത്ര നിർമാണം. ചുറ്റമ്പലം, ധ്വജസ്തംഭം എന്നിവ കേരള രീതിയിലാണു നിർമിച്ചത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചുമരുകളെ വട്ടെഴുത്തു ലിപികളും അലങ്കരിക്കുന്നു. തെക്കുഭാഗത്തു ശ്രീധർമശാസ്താവിനെയും പടിഞ്ഞാറ് തിരുവമ്പാടി ശ്രീകൃഷ്ണനെയും വടക്ക് ക്ഷേത്രപാലകനെയും കാണാം.
കിഴക്കു വടക്കു കോണിലായി അഗ്രശാലഗണപതിയും. തെക്കേ നടയിലേക്കു പ്രവേശിക്കുന്നയിടത്തു ചെമ്പു മേഞ്ഞ ഉപക്ഷേത്രത്തിൽ പഞ്ചലോഹനിർമിതമായ ഉഗ്രനരസിംഹ മൂർത്തിക്കും സ്ഥാനമുണ്ട്. മധുരയിലെ മീനാക്ഷി ക്ഷേത്രത്തെ അനുസ്മരിക്കുന്ന വിജയനഗര ശിൽപചാതുര്യത്തിലാണ് കുലശേഖര മണ്ഡപത്തിലെ കൊത്തുപണികൾ. വിജയനഗര രീതിയിലാണ് കുംഭഗോപുരത്തിലെയും ശിൽപങ്ങൾ.
ആറു നിലവറകളിലായി സൂക്ഷിച്ച നിധിയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ ലോകശ്രദ്ധയിലേക്കെത്തിച്ചത്. കോടിക്കണക്കിനു രൂപ മൂല്യമുള്ള സ്വർണവും അമൂല്യരത്നങ്ങളും വൈഡൂര്യക്കല്ലുകളുമെല്ലാമാണ് നിലവറയിലുള്ളത്. നൂറ്റാണ്ടുകളായി പത്മനാഭസ്വാമിക്ക് സമർപ്പിക്കപ്പെട്ട വസ്തുക്കളാണ് നിലവറയിൽ സൂക്ഷിക്കപ്പെട്ടത്.
എ, ബി, സി, ഡി, ഇ, എഫ് എന്നീ ആറു നിലവറകളിലാണ് ശ്രീപത്മനാഭന്റെ ശ്രീകോവിലിനു ചുറ്റുമായി സമർപ്പണ ശേഖരം സൂക്ഷിച്ചിരുന്നത്. ഇതിൽ ഇ, എഫ് നിലവറകളിൽ നിത്യപൂജയ്ക്കുള്ള സാമഗ്രികളാണ്. സി, ഡി നിലവറകളിൽ വിശേഷാവസരങ്ങളിൽ ആവശ്യമുള്ളവയാണു വച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് എ നിലവറ തുറന്നു. ഏറ്റവുമധികം നിധിശേഖരം കണ്ടെത്തിയത് അവിടെയായിരുന്നു. 1500ലേറെ സ്വർണ കലശക്കുടങ്ങൾ, രത്നങ്ങൾ പതിച്ച കിരീടം, അഭിഷേക വിഗ്രഹത്തിൽ ചാർത്താനുള്ള രത്നങ്ങളാൽ കവചിതമായ ചതുർബാഹു അങ്കി, നെൽമണിയുടെ വലുപ്പത്തിൽ സ്വർണമണികൾ, പതക്കങ്ങൾ, അമൂല്യ രത്നങ്ങൾ, വജ്രം, വൈഡൂര്യം, രത്നം, സ്വർണദണ്ഡുകൾ... വിലമതിക്കാനാകാത്ത ശേഖരം. എന്നാൽ ബി നിലവറ ഇന്നേവരെ തുറന്നിട്ടില്ല. അവിടെ എന്തെന്നത് ഇന്നും അജ്ഞാതം!
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കഥ ലോകം മുഴുവൻ നിറഞ്ഞതോടെ അതിനൊരുക്കിയ കാവലും ശക്തമാക്കി. ക്ഷേത്രത്തിനു ചുറ്റും പൊലീസ് കാവലുണ്ട്. ഒപ്പം തോക്കേന്തിയ കമാൻഡോകളും നിശ്ചിത കേന്ദ്രങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മഫ്‌തിയിലും യൂണിഫോമണിഞ്ഞും സുരക്ഷാ ഉദ്യോഗസ്ഥർ പത്മനാഭസ്വാമിയുടെ നിധിക്ക് കാവലായുണ്ട്.
അമിത വേഗത്തിലെത്തുന്ന വാഹനംകൊണ്ട് ഇടിച്ചു തകർക്കാനുള്ള സാധ്യത തടയാനുള്ള സ്റ്റോപ്പറുകൾ, ഭൂമിക്കടിയിൽ തുരങ്കം നിർമിക്കുമ്പോഴുള്ള തരംഗം തിരിച്ചറിയാനുള്ള ആന്റി–ഷോക്ക് സെന്‍സറുകൾ, രാത്രിയും പകലും ദൃശ്യങ്ങൾ പകർത്താൻ കഴിവുള്ള ക്യാമറകൾ, സിസിടിവി, ക്ഷേത്രാചാരങ്ങൾക്കു തടസ്സം വരാത്ത വിധം ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്ന എല്ലാ സാധനവും പൊതി തുറക്കാതെ കാണാൻ കഴിയുന്ന സ്‌കാനറുകൾ, ബയോമെട്രിക് സെൻസറുകൾ, ലേസർ സെൻസറുകൾ, മൊബൈൽ ജാമറുകൾ, ക്ഷേത്രത്തിലേക്കുള്ള എല്ലാ കവാടങ്ങളിലും മെറ്റൽ ഡിറ്റക്‌ടറുകൾ, നിലവറകളുടെ 300 മീറ്റർ ചുറ്റളവിൽ വെളിച്ചം തെളിഞ്ഞാൽ പോലും കൺട്രോൾ റൂമിൽ അറിയാൻ കഴിയുന്ന സെൻസറുകൾ എന്നിവ സജ്ജം.