മനോരമ സ്പോർട്സ് സ്റ്റാർ 2019

കേരളത്തിലെ ഏറ്റവും മികച്ച കായികതാരത്തിനു മലയാള മനോരമയും സാന്റ മോണിക്ക ഹോളിഡേയ്സും ചേർന്നു നൽകുന്ന പുരസ്കാരം. സമ്മാനത്തുകയുടെ കാര്യത്തിലും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരം. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി കണ്ടെത്തുന്ന താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ നിന്ന് വോട്ടിങ്ങിലൂടെ വായനക്കാർ ആണു പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന താരങ്ങൾക്കും പുരസ്കാരമുണ്ട്. ആകെ ആറു ലക്ഷം രൂപ സമ്മാനത്തുക. വോട്ടെടുപ്പിൽ പങ്കെടുക്കുന്ന വായനക്കാർക്കും സമ്മാനമുണ്ട്.

∙ എസ്എംഎസ്–ഓൺലൈൻ വോട്ടിങ്ങിലൂടെ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ്.

∙ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരത്തിനു മനോരമ സ്പോർട്സ് സ്റ്റാർ – 2019 പുരസ്കാരവും മൂന്നു ലക്ഷം രൂപയും സമ്മാനം.

∙ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം.

∙ വോട്ടെടുപ്പിൽ പങ്കെടുക്കുന്ന 10 വായനക്കാർക്കു 10,000 രൂപ വീതം സമ്മാനം

വി. കെ. വിസ്മയ

അത്‍ലറ്റിക്സ്

ഇന്ത്യൻ ഗ്രാൻപ്രിയുടെ നാലു പാദങ്ങളിലായി മൂന്നു സ്വർണവും ഒരു വെള്ളിയും നേടിയ വിസ്മയ ദോഹയിൽ അരങ്ങേറിയ ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിലെ മിക്സഡ് റിലേയിൽ വെള്ളി സ്വന്തമാക്കി. പോളണ്ടിലെ പൊസ്നൻ അത്‌ലറ്റിക്സ് ഗ്രാൻപ്രിയിൽ വെങ്കലം കുട്നോ അത്‍ലറ്റിക് മീറ്റിൽ വെള്ളി, ചെക്ക് റിപ്പബ്ലിക്കിൽ നടന്ന വിവിധ മീറ്റുകളിൽനിന്നായി രണ്ടു സ്വർണവും, മൂന്നു വെള്ളിയും സ്വന്തമാക്കി. ദോഹയിൽ നടന്ന ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഫൈനലിൽ കടന്ന 4–400 മീ. മിക്സഡ് റിലേ ടീമിൽ അംഗം. ഇന്ത്യൻ ടീം ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടി.

ചിത്തരേശ് നടേശൻ

ബോഡി ബിൽഡിങ്

ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ. 90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടി, തുടർന്നു നടന്ന മത്സരത്തിൽ 55–110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒൻപതു ലോക ചാംപ്യൻമാരെ പരാജയപ്പെടുത്തിയാണു മിസ്റ്റർ യൂണിവേഴ്സ് നേടിയത് ഇതേ വർഷം ഇന്തൊനീഷ്യയിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ ഏഷ്യയായ‌തും ചിത്തരേശാണ്.

നിഹാൽ സരിൻ

ചെസ്

2600 എലോ റേറ്റിങ് എന്ന ചെസിലെ മാസ്മരികനേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും പ്രായം കുറഞ്ഞ രണ്ടാമത്തെ ലോകതാരവും എന്ന ബഹുമതി ഈ പതിനാലുകാരനെ തേടിയെത്തി. സ്വീഡനിലെ മൽമോയിൽ നടന്ന സീഗ്മാൻ ആൻഡ് കോ ടൂർണമെന്റിൽ ജർമൻ ഗ്രാൻഡ്മാസ്റ്റർ ലീവ്യു ദീത്തറിനെ സമനിലയിൽ തളച്ചതോടെയാണു ചരിത്രം പിറന്നത്. ഏഷ്യൻ കോണ്ടിനെന്റൽ ബ്ലിറ്റ്സ് ചെസിൽ കിരീടം. 20 ഗ്രാൻഡ് മാസ്റ്റർമാർ അണിനിരന്ന വൻകരാ പോരാട്ടത്തിൽ തോൽവിയറിയാതെയായിരുന്നു നിഹാലിന്റെ കിരീടനേട്ടം. റഷ്യയിൽ നടന്ന ലോകകപ്പിൽ പങ്കെടുത്തെങ്കിലും രണ്ടാം റൗണ്ടിൽ പുറത്ത്. ഫ്രാൻസിലെ ക്യപ്ദാഗ്ദിൽ ചെസ് ഇതിഹാസം കാർപോവിനെ സൗഹൃദമൽസരത്തിൽ 2–2 സമനിലയിൽ തളച്ചു.

അനീഷ് പി.രാജൻ

ക്രിക്കറ്റ്

ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി20 ലോകകപ്പ് പരമ്പര നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അനീഷ് പി രാജൻ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ആനീഷാണ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ മൽസരഗതിയെ നിർണയിച്ചത്. രണ്ടു മത്സരങ്ങളിൽ മാൻ ഓഫ് ദ് മാച്ച് പദവി. പരമ്പരയിലെ മികച്ച ബോളറായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്.

സഞ്ജു സാംസണ്‍

ക്രിക്കറ്റ്

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ സഞ്ജു സാംസണ്‍ പടുത്തുയർത്തിയ ഇരട്ട സെഞ്ചുറി (212*) ലോക റെക്കോർഡിന്റെ തിളക്കത്തോടെയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് സഞ്ജു പടുത്തുയർത്തിയത്. പാക്കിസ്ഥാന്റെ ആബിദ് അലിയുടെ (209) നേട്ടമാണു മറികടന്നത്. വിജയ് ഹസാരെ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ ഇരട്ട സെഞ്ചുറി എന്നീ പ്രത്യേകതകളും അതിനുണ്ട്. ശ്രീലങ്ക, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെ ട്വന്റി 20 ടീമിൽ ഇടംനേടിയെങ്കിലും കാര്യമായ അവസരം ലഭിച്ചില്ല. രഞ്ജി ട്രോഫിയടക്കമുള്ള ആഭ്യന്തരക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം. ഐപിഎല്ലിൽ 2000 റൺസ് തികച്ചപ്പോൾ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമായി.

ആഷിഖ് കുരുണിയൻ

ഫുട്ബോൾ

ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന യുവതാരങ്ങളിലൊരാൾ. 2022 ഖത്തർ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീമിൽ സ്ഥാനം. ഇന്റർ കോണ്ടിനെന്റൽ കപ്പ്, ഏഷ്യൻ കപ്പ്, സാഫ് കപ്പ് എന്നിവയിലും ഇന്ത്യയ്ക്കു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നിലവിൽ ബെംഗളൂരു എഫ്സിയുടെ താരം. സീസണിൽ ക്ലബ്ബിനു വേണ്ടി 14 മത്സരങ്ങളിൽ ഇറങ്ങി.