മനോരമ സ്പോർട്സ് സ്റ്റാർ 2019

കേരളത്തിലെ ഏറ്റവും മികച്ച കായികതാരത്തിനു മലയാള മനോരമയും സാന്റ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നു നൽകുന്ന പുരസ്കാരം. സമ്മാനത്തുകയുടെ കാര്യത്തിലും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരം. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി കണ്ടെത്തുന്ന താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ നിന്ന് വോട്ടിങ്ങിലൂടെ വായനക്കാർ ആണു പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന താരങ്ങൾക്കും പുരസ്കാരമുണ്ട്. ആകെ ആറു ലക്ഷം രൂപ സമ്മാനത്തുക. വോട്ടെടുപ്പിൽ പങ്കെടുക്കുന്ന വായനക്കാർക്കും സമ്മാനമുണ്ട്.

∙ എസ്എംഎസ്–ഓൺലൈൻ വോട്ടിങ്ങിലൂടെ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ്.

∙ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരത്തിനു മനോരമ സ്പോർട്സ് സ്റ്റാർ – 2019 പുരസ്കാരവും മൂന്നു ലക്ഷം രൂപയും സമ്മാനം.

∙ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം.

∙ വോട്ടെടുപ്പിൽ പങ്കെടുക്കുന്ന 10 വായനക്കാർക്കു 10,000 രൂപ വീതം സമ്മാനം

Voting Closed

നിഹാൽ സരിൻ

ചെസ്

2600 എലോ റേറ്റിങ് എന്ന ചെസിലെ മാസ്മരികനേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും പ്രായം കുറഞ്ഞ രണ്ടാമത്തെ ലോകതാരവും എന്ന ബഹുമതി ഈ പതിനാലുകാരനെ തേടിയെത്തി. സ്വീഡനിലെ മൽമോയിൽ നടന്ന സീഗ്മാൻ ആൻഡ് കോ ടൂർണമെന്റിൽ ജർമൻ ഗ്രാൻഡ്മാസ്റ്റർ ലീവ്യു ദീത്തറിനെ സമനിലയിൽ തളച്ചതോടെയാണു ചരിത്രം പിറന്നത്. ഏഷ്യൻ കോണ്ടിനെന്റൽ ബ്ലിറ്റ്സ് ചെസിൽ കിരീടം. 20 ഗ്രാൻഡ് മാസ്റ്റർമാർ അണിനിരന്ന വൻകരാ പോരാട്ടത്തിൽ തോൽവിയറിയാതെയായിരുന്നു നിഹാലിന്റെ കിരീടനേട്ടം. റഷ്യയിൽ നടന്ന ലോകകപ്പിൽ പങ്കെടുത്തെങ്കിലും രണ്ടാം റൗണ്ടിൽ പുറത്ത്. ഫ്രാൻസിലെ ക്യപ്ദാഗ്ദിൽ ചെസ് ഇതിഹാസം കാർപോവിനെ സൗഹൃദമൽസരത്തിൽ 2–2 സമനിലയിൽ തളച്ചു.

അനീഷ് പി.രാജൻ

ക്രിക്കറ്റ്

ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി20 ലോകകപ്പ് പരമ്പര നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അനീഷ് പി രാജൻ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ആനീഷാണ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ മൽസരഗതിയെ നിർണയിച്ചത്. രണ്ടു മത്സരങ്ങളിൽ മാൻ ഓഫ് ദ് മാച്ച് പദവി. പരമ്പരയിലെ മികച്ച ബോളറായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്.

ചിത്തരേശ് നടേശൻ

ബോഡി ബിൽഡിങ്

ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ. 90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടി, തുടർന്നു നടന്ന മത്സരത്തിൽ 55–110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒൻപതു ലോക ചാംപ്യൻമാരെ പരാജയപ്പെടുത്തിയാണു മിസ്റ്റർ യൂണിവേഴ്സ് നേടിയത് ഇതേ വർഷം ഇന്തൊനീഷ്യയിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ ഏഷ്യയായ‌തും ചിത്തരേശാണ്.