വീറും വാശിയുമേറിയ കന്നഡപ്പോരിന് തുടക്കമായി. മേയ് 10നാണ് തിരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണും. ദേശീയ രാഷ്ട്രീയത്തിലെ പ്രധാന കക്ഷികളായ ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഒരു നേർക്കുനേർ പോരാട്ടം ഇവിടെ നടക്കുന്നു.ഒപ്പം ചെറുതും വലുതുമായ പ്രതീക്ഷകളുമായി മറ്റു കക്ഷികളും. ജെഡിഎസിന് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം കൈവിടാതിരിക്കാൻ ബിജെപി പരിശ്രമിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിലെ ഉയർത്തെഴുന്നേൽപ്പിന് ശക്തിപകരാൻ കർണാടക കൈ പിടിക്കണമെന്ന നിലയിലാണ് കോൺഗ്രസ്. 2018ലെ ത്രിശങ്കുസഭയിൽ 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി വന്നത്. എന്നാൽ അന്ന് കോൺഗ്രസും ജെഡിഎസും കൈകോർത്ത് അധികാരം പങ്കിട്ടു. പിന്നാലെ എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ബിജെപി അധികാരത്തിലെത്തി. ഇത്തവണയും കടുത്ത പോരാട്ടമാണ് മൂന്നു കൂട്ടരും പ്രകടിപ്പിക്കുന്നത്. ആര് അധികാരം പിടിക്കുമെന്ന് മേയ് 13ന് അറിയാം.
ആകെ സീറ്റ്: 224
മേയ് 10