Voting Closed

ഇതാ ആ ആറു താരങ്ങൾ

സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് മലയാളത്തിന്റെ അഭിമാനമായ 6 മിന്നും താരങ്ങൾ. എൽദോസ് പോൾ (അത്‌ലറ്റിക്സ്), ട്രീസ ജോളി (ബാഡ്മിന്റൻ), അബ്ദുല്ല അബൂബക്കർ (അത്‌ലറ്റിക്സ്), സഞ്ജു സാംസൺ (ക്രിക്കറ്റ്), സഹൽ അബ്ദുൽ സമദ് (ഫുട്ബോൾ), എസ്.എൽ.നാരായണൻ (ചെസ്) എന്നിവരാണ് കഴിഞ്ഞ വർഷത്തെ മികച്ച മലയാളി കായികതാരത്തിനുള്ള പുരസ്കാരം നേടാൻ രംഗത്തുള്ളത്. ഒളിംപ്യൻ ടി.സി. യോഹന്നാൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ഒളിംപ്യൻ മേഴ്സി കുട്ടൻ, അർജുന അവാർഡ് ജേതാവായ മുൻ ബാഡ്മിന്റൻ താരം ജോർജ് തോമസ് എന്നിവരുൾപ്പെട്ട സമിതിയാണ് അന്തിമ പട്ടിക തിരഞ്ഞെടുത്തത്. ഒന്നാമതെത്തുന്ന താരം മനോരമ സ്പോർട്സ് സ്റ്റാർ 2022 ട്രോഫിയും 3 ലക്ഷം രൂപയും സ്വന്തമാക്കും. രണ്ടാമതെത്തുന്ന താരത്തിനു ട്രോഫിയും 2 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന താരത്തിന് ട്രോഫിയും ഒരു ലക്ഷം രൂപയും ലഭിക്കും.

വായനക്കാർക്ക് വോട്ടു ചെയ്യാം, ഒരാൾക്കു വോട്ട് ചെയ്യാവുന്നത് ഒരു താരത്തിനു മാത്രം

  • ഒന്നാമതെത്തുന്ന താരത്തിനു മനോരമ സ്പോർട്സ് സ്റ്റാർ – 2022 പുരസ്കാരവും മൂന്നു ലക്ഷം രൂപയും സമ്മാനം.
  • രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം.
  • വോട്ടെടുപ്പിൽ പങ്കെടുക്കുന്ന 10 വായനക്കാർക്കു 10,000 രൂപ വീതം സമ്മാനം

എൽദോസ് പോൾ

അത്‌ലറ്റിക്സ്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം, ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ ട്രിപ്പിൾ ജംപിൽ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം, അർജുന പുരസ്കാര ജേതാവ് എന്നീ നേട്ടങ്ങളാണ് എൽദോസ് പോളിനെ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ എത്തിച്ചത്. എൽദോസിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളെല്ലാം കഴിഞ്ഞ വർഷമായിരുന്നു. എറണാകുളം കോലഞ്ചേരി സ്വദേശിയായ എൽദോസ് ഹൈസ്കൂൾ പഠനകാലത്താണ് ട്രിപ്പിൾ ജംപിൽ ശ്രദ്ധിച്ചു തുടങ്ങിയത്. കോതമംഗലം എംഎ കോളജിൽ ടി.പി. ഒൗസേഫിന്റെ കീഴിൽ വിദഗ്ധ പരിശീലനം നേടിയ എൽദോസ് 2 വർഷം മുൻപ് ഇന്ത്യൻ നാവികസേനയിലെത്തി.

ട്രീസ ജോളി

ബാഡ്മിന്റൻ

കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ മലയാളിയാണ് ട്രീസ ജോളി. മിക്സഡ് ടീം ഇനത്തിൽ വെള്ളിയും ഡബിൾസിൽ വെങ്കലവും ട്രീസ സ്വന്തമാക്കി. ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ സെമിയിൽ കടന്നതും ട്രീസയുടെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളിൽ ഒന്നാണ്. കണ്ണൂർ ചെറുപുഴ സ്വദേശിയായ ട്രീസ 7–ാം ക്ലാസ് വരെ പിതാവ് ജോളി മാത്യുവിന്റെ കീഴിലായിരുന്നു പരിശീലനം. പിന്നീട് കണ്ണൂർ സർവകലാശാല കായിക മേധാവി അനിൽ രാമചന്ദ്രന്റെ കീഴിലും നിലവിൽ ഹൈദരാബാദ് ഗോപിചന്ദ് അക്കാദമിയിലുമാണു പരിശീലനം. ഗോപിചന്ദിന്റെ മകളായ ഗായത്രി ഗോപിചന്ദാണു ഡബിൾസ് കൂട്ടാളി.

അബ്ദുല്ല അബൂബക്കർ

അത്‌ലറ്റിക്സ്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ വെള്ളി മെഡൽ ജേതാവാണ് അബ്ദുല്ല അബൂബക്കർ. കോഴിക്കോട് നാദാപുരം സ്വദേശിയാണ് അബ്‌ദുല്ല അബൂബക്കർ. പാലക്കാട് കല്ലടി സ്കൂളിൽ പഠിച്ച അബ്ദുല്ല പിന്നീട് മുൻ സായി പരിശീലകൻ എം.എ.ജോർജിന്റെ കീഴിലായിരുന്നു പരിശീലനം. ട്രിപ്പിൾ ജംപിൽ ഇന്ത്യക്കാരന്റെ രണ്ടാമത്തെ മികച്ച പ്രകടനവുമായി അബ്ദുല്ല പിന്നിട്ടത് 17.19 മീറ്റർ. കഴിഞ്ഞ വർഷം ട്രിപ്പിൾ ജംപിലെ 17 മീറ്റർ കടമ്പ 3 തവണ പിന്നിട്ട ഏക ഇന്ത്യൻ താരം.

സഞ്ജു സാംസൺ

ക്രിക്കറ്റ്

കഴിഞ്ഞ വർഷം ശ്രീലങ്ക, അയർലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ ഇന്ത്യൻ ട്വന്റി20 ടീമിലും വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ ഏകദിന ടീമിലും സഞ്ജു സാംസൺ അംഗമായിരുന്നു. ഇന്ത്യ എ ടീം ക്യാപ്റ്റനായിരുന്നു. സഞ്ജു ക്യാപ്റ്റനായ രാജസ്ഥാന്‍ റോയൽസ് ഐപിഎൽ ഫൈനലിൽ കടന്നതും കഴിഞ്ഞ വർഷത്തെ സഞ്ജുവിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയാണ് സഞ്ജു. 2012ൽ ഇന്ത്യൻ അണ്ടർ 19 ടീമിലെത്തിയ സഞ്ജു 2013ൽ ഐപിഎല്ലിൽ അരങ്ങേറ്റ മത്സരം കളിച്ചു. 2014ൽ ഇന്ത്യൻ സീനിയർ ടീമിലെത്തി.

സഹൽ അബ്ദുൽ സമദ്

ഫുട്ബോൾ

ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ സഹൽ അബ്ദുല്‍ സമദ് കഴിഞ്ഞ വർഷം ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ ഗോൾ നേടിയ താരമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഫൈനൽ വരെയെത്തിയ കേരള ബാസ്റ്റേഴ്സിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ ടീം മിഡ‍്ഫീൽഡറായ സഹൽ കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. 2017 സന്തോഷ് ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത സഹൽ അതേ വർഷം തന്നെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നു.

എസ്.എൽ.നാരായണൻ

ചെസ്

ഗ്രാൻഡിസ്കാച്ചി കറ്റോലിക്ക ഇന്റർനാഷനൽ ഓപ്പൺ ചെസ് കിരീടം, ബാർസിലോനയിൽ നടന്ന സാന്റസ് ഇന്റർനാഷനൽ ഓപ്പൺ ചെസ് ടൂർണമെന്റിൽ ചാംപ്യൻ, ചെസ് ഒളിംപ്യാഡിൽ ഇന്ത്യ എ ടീമംഗം എന്നീ നേട്ടങ്ങളാണു കഴിഞ്ഞ വർഷം എസ്.എൽ.നാരായണൻ കരുക്കൾനീക്കി സ്വന്തമാക്കിയത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ് നാരായണൻ.