

തികച്ചും രഹസ്യാത്മകം: ആഗോള കത്തോലിക്കാസഭയുടെ പുതിയ അധ്യക്ഷനായി, 267–ാം മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾമാരുടെ കോൺക്ലേവിനെ അങ്ങനെ വിശേഷിപ്പിക്കാം. എവിടെവച്ച്, എങ്ങനെയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത്?
‘പൂട്ടിയിടാവുന്ന മുറി’യെന്ന അർഥമുള്ള ‘കോൺക്ലേവ്’ ലാറ്റിൻ ഭാഷയിലെ രണ്ടു വാക്കുകൾ കൂട്ടിച്ചേർത്തുള്ളതാണ് (com - together, clāvis – key). മാർപാപ്പ ദിവംഗതനായി 15 ദിവസം കഴിഞ്ഞേ കോൺക്ലേവ് നടത്താവൂ എന്നാണ് ചട്ടം. വോട്ടർമാരായ കർദിനാൾമാർക്ക് വത്തിക്കാനിൽ എത്താനുള്ള സൗകര്യം കണക്കിലെടുത്താണിത്.
എന്നാൽ, എല്ലാവരും നേരത്തേ എത്തിയാൽ കോൺക്ലേവും ഏതാനും ദിവസം മുൻപേ നടത്തുന്നതിന് തടസ്സമില്ല. 15 ദിവസം കഴിഞ്ഞാലും കോൺക്ലേവ് തുടങ്ങുന്നത് ഏതാനും ദിവസം വൈകുന്നതിനും തടസ്സമില്ല. എന്നാൽ, പാപ്പയുടെ വിയോഗം കഴിഞ്ഞ് 20 ദിവസം പിന്നിട്ടാൽ വോട്ടർമാർ എല്ലാവരും എത്തിയിട്ടില്ലെങ്കിലും കോൺക്ലേവ് തുടങ്ങിയിരിക്കണം.
മാമോദീസ സ്വീകരിച്ച, കത്തോലിക്കാ സഭാ വിശ്വാസിയായ ഏതു പുരുഷനും മാർപാപ്പ ആകാൻ അർഹതയുണ്ട്. 1378ലേതിനുശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ കർദിനാൾമാർ മാത്രമാണ് പാപ്പയായിട്ടുള്ളത്.
കോൺക്ലേവ് നടക്കുന്നത് വത്തിക്കാനിലെ അപ്പോസ്തലിക് പാലസിനുള്ളിലെ സിസ്റ്റീൻ ചാപ്പലിൽ. കോൺക്ലേവ് തീയതി പ്രഖ്യാപനത്തിനു പിന്നാലെ ഇവിടേക്കുള്ള സന്ദർശകരുടെ വരവ് മരവിപ്പിക്കും.
സെന്റ് പീറ്റേഴ്‌സ് ബസിലിക്ക
കോൺക്ലേവിനെത്തുന്ന കർദിനാളുമാർ താമസിക്കുന്ന സ്ഥലം
ബാൽക്കണി
സെന്റ് പീറ്റേഴ്‌സ് ചത്വരം
സിസ്റ്റീൻ ചാപ്പൽ
സിസ്റ്റീൻ ചാപ്പൽ
നീളം: 40 മീറ്റർ
വീതി: 13 മീറ്റർ
ഉയരം: 21 മീറ്റർ
മാധ്യമങ്ങളോടു സംസാരിക്കരുതെന്ന കാര്യം ഉൾപ്പെടെ പ്രീ കോൺക്ലേവ് യോഗത്തിൽ കർദിനാൾമാരോട് വിശദമാക്കും. പത്രം, ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ ഇതൊന്നും ഉപയോഗിക്കാൻ പാടില്ല. കോൺക്ലേവിനായി സാന്താ മാർത്ത ഭവനത്തിലേക്ക് എത്തുമ്പോൾതന്നെ കർശന പരിശോധന. ബാഗ് സുരക്ഷാ ഉദ്യോഗസ്‌ഥർ വാങ്ങി സ്‌ക്രീൻ ചെയ്യും. മൊബൈൽ പോലെ എന്തെങ്കിലുമുണ്ടെങ്കിൽ കവറിലാക്കി അവർ സൂക്ഷിച്ച്, ഒരു ടോക്കൺ തരും. കോൺക്ലേവ് കഴിഞ്ഞ്, പുതിയ പാപ്പ ആരെന്നു ലോകം അറിഞ്ഞശേഷമാണ് കർദിനാൾമാർ സാന്താ മാർത്തയിലേക്ക് തിരിച്ചെത്തുന്നത്. അപ്പോഴാണ് ഫോണും മറ്റും തിരികെ ലഭിക്കുക.
മുൻ മാർപാപ്പയുടെ വിയോഗത്തിനു മുൻപ് 80 വയസ്സ് തികയാത്ത കർദിനാൾമാർക്കാണ് വോട്ടവകാശം.
വോട്ടെണ്ണലിനായി തിരഞ്ഞെടുത്ത കർദിനാൾമാർ വോട്ടെണ്ണൽ നടപടികളിലേക്ക്. ഒരാൾ വോട്ടുപെട്ടി കുലുക്കി ബാലറ്റുകൾ ഒരുമിച്ചാക്കുന്നു, മറ്റൊരാൾ ബാലറ്റ് എണ്ണി എല്ലാവരും വോട്ട് ചെയ്‌തെന്ന് ഉറപ്പാക്കുന്നു. മൂന്നാമത്തെയാൾ ഓരോ ബാലറ്റിലെയും പേര് ഉറക്കെ വായിക്കുന്നു. മൈക്ക് ഉപയോഗിക്കില്ല.
വോട്ടുകൾ തിട്ടപ്പെടുത്തിയ ശേഷം ആർക്കും മൂന്നിൽ രണ്ട് വോട്ടില്ലെങ്കിൽ സൂചിയും നൂലും ഉപയോഗിച്ച് ബാലറ്റുകൾ തുന്നിക്കെട്ടി ട്രേയിൽ വയ്ക്കും. അടുത്ത റൗണ്ട് വോട്ടിങ്ങിന്റെ നടപടി തുടങ്ങും.
സിസ്റ്റീൻ ചാപ്പലിനു പുറത്തുള്ള പുകക്കുഴലിൽ രണ്ടു സിലിണ്ടറുകളുണ്ട്. കറുത്ത പുകയും വെളുത്ത പുകയും വരാൻ തക്കവണ്ണം ഇതു ക്രമീകരിച്ചിരുന്നു. വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലെങ്കിൽ, ബാലറ്റുകൾ കത്തിക്കുമ്പോൾ കറുത്ത പുക വരുന്നതിനുള്ള രാസപദാർഥങ്ങൾ ചേർക്കും. പുക പുറത്തേക്കു പോകാൻ സിസ്റ്റീൻ ചാപ്പലിനു മുകളിലായി പുകക്കുഴൽ സ്ഥാപിച്ചിട്ടുണ്ട്.
പാപ്പ തിരഞ്ഞെടുക്കപ്പെട്ടെങ്കിൽ, ബാലറ്റുകൾ കത്തിക്കുമ്പോൾ വെളുത്ത പുക വരാൻ സഹായകമായ രാസപദാർഥങ്ങൾ ചേർക്കും.
ആദ്യ ദിവസം ഉച്ചതിരിഞ്ഞ് കോൺക്ലേവ് തുടങ്ങുന്നു – അന്ന് ഒരു തവണ മാത്രം വോട്ടെടുപ്പ്. രണ്ടാം ദിവസം മുതൽ – രാവിലെയും ഉച്ചയ്ക്കും 2 തവണ വീതം വോട്ടെടുപ്പ്. 3 ദിവസംകൊണ്ട് പാപ്പ തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കിൽ, വോട്ടർമാരായ കർദിനാൾമാർക്ക് പ്രാർഥനയ്ക്കും ധ്യാനത്തിനും അനൗപചാരിക ചർച്ചകൾക്കുമായി പരമാവധി ഒരു ദിവസത്തെ ഇടവേള.
വീണ്ടും സമ്മേളിക്കുമ്പോൾ പരമാവധി ഏഴു തവണ വരെ വോട്ടെടുപ്പ്. എന്നിട്ടും പാപ്പ തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കിൽ വീണ്ടും പരമാവധി 7 തവണ വോട്ടെടുപ്പ്. ഫലമില്ലെങ്കിൽ, വീണ്ടും ഇടവേള. വീണ്ടും സമ്മേളിക്കുമ്പോൾ പരമാവധി 7 തവണ വോട്ടെടുപ്പ്. ഫലമില്ലെങ്കിൽ, ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം കോൺക്ലേവ് തുടരും. അപ്പോൾ മുതലുള്ള വോട്ടെടുപ്പിൽ നേരത്തേ ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ടു പേരുകൾ മാത്രം പരിഗണിക്കും. അപ്പോഴും മൂന്നിൽ രണ്ടു വോട്ട് നേടുന്നയാളാണ് തിരഞ്ഞെടുക്കപ്പെടുക.
മൂന്നിൽ രണ്ടു വോട്ട് ലഭിച്ചയാളോട് ‘അങ്ങ് നിയമപരമായ ഈ തിരഞ്ഞെടുപ്പു സ്വീകരിക്കുന്നുവോ?’ എന്ന് കർദിനാൾമാരുടെ ഡീൻ ചോദിക്കുന്നു. സമ്മതം ലഭിച്ചാലുടനെ അടുത്ത ചോദ്യം: എന്തു പേര് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു? പാപ്പ, താൻ ആഗ്രഹിക്കുന്ന പേര് പറയുന്നു. പുതിയ പാപ്പ ചുമതല സ്വീകരിച്ചതായും താൽപര്യപ്പെടുന്ന പേര് എന്തെന്നും പരാമർശിക്കുന്ന രേഖ തയാറാക്കപ്പെടുന്നു. വത്തിക്കാന്റെ ദിനപത്രമായ ഒസർവാത്തോറെ റൊമാനോയിൽ (റോമൻ ഒബ്സർവർ) പ്രസിദ്ധീകരിക്കുന്നതോടെ ഇത് പ്രാബല്യത്തിലാകുന്നു.
പുതിയ പാപ്പയെ തിരഞ്ഞെടുത്ത വിവരം വെളുത്ത പുക ഉയർത്തി അറിയിക്കുന്നു. ദേവാലയമണികൾ മുഴങ്ങുന്നു. ലോകമെങ്ങും ഈ കാഴ്ച കാണുന്നയിടങ്ങളിൽ ആഹ്ലാദാരവം.
സിസ്റ്റീൻ ചാപ്പലിന്റെ വശത്തുള്ള ‘കണ്ണീരിന്റെ മുറി’യിലേക്ക് പുതിയ പാപ്പ പോകുന്നു. വലിയ ചുമതലയുടെ ഭാരത്താൽ മാർപാപ്പമാർ ഈ മുറിയിലിരുന്നു കരയുന്നു എന്ന സങ്കൽപത്തിലാണ് കണ്ണീരിന്റെ മുറി എന്ന പ്രയോഗം. സ്‌ഥാനവസ്‌ത്രങ്ങൾ മൂന്ന് അളവുകളിൽ അവിടെയുണ്ടാകും. പ്രാർഥനയ്‌ക്കു ശേഷം തനിക്കു ചേരുന്ന വസ്‌ത്രം പാപ്പ ധരിക്കുന്നു.
‘ഹബേമൂസ് പാപ്പം’–നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു എന്ന വാർത്ത കർദിനാൾമാരുടെ ഡീൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് വിശ്വാസികളെ അറിയിക്കുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശ്വാസികളുടെ ആഹ്ലാദാരവം. പിന്നാലെ സ്‌ഥാനവസ്‌ത്രങ്ങളണിഞ്ഞ് പുതിയ പാപ്പ വിശ്വാസികൾക്കു മുന്നിലെത്തുന്നു. പത്രോസിന്റെ സിംഹാസനത്തിൽ പുതിയ ഇടയൻ.