സ്വപ്നകേരളം ഗ്രാൻഡ് ഫിനാലെയ്ക്ക് സമാപനം; മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

 
വികസനത്തെ തടയാൻ പരിസ്‌ഥിതിയെ മറയാക്കി അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്ന പ്രവണത ഗൗരവമായി കാ‌ണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'കേരളത്തിലെ നഗരജീവിതം എങ്ങനെ മെച്ചപ്പെടുത്താം' എന്ന വി‌ഷയത്തിൽ മനോരമ ഓൺലൈനും ന്യൂക്ലിയസ് ഇൻസൈഡ്സും ചേർന്നു നടത്തിയ ‘സ്വപ്നകേരളം’ ആശയരൂപീകരണ മൽസരത്തിലെ വിജയികൾക്കു പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വപ്നകേരളത്തിലെ മികച്ച ആശയങ്ങൾ ഉൾക്കൊള്ളിച്ച പത്രിക മനോരമ ഓൺലൈൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മറിയം മാമ്മൻ മാത്യു മുഖ്യമന്ത്രിക്കു കൈമാറി. നിർദേശങ്ങൾ ഗൗരവമായി പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഭാവികേരളത്തിനായി നൂതന പൊതു-പരാതിപരിഹാര-സേവന ആപ്ലിക്കേഷനും വെബ്‌സൈറ്റും എന്ന ആശയം അവതരിപ്പിച്ച ‘ടീം ഇ-റൈറ്റ്‌സി’നു വേണ്ടി ശങ്കർ കൃഷ്ണൻ, ബിട്ടു ജോർജ്, അജയ് നായർ എന്നിവർ ഒന്നാം സ്ഥാനക്കാർക്കുള്ള രണ്ടുലക്ഷം രൂപയും ട്രോഫിയും ഏറ്റുവാങ്ങി.

നഗരഗതാഗത സംവിധാനങ്ങളെ ക്രോഡീകരിക്കുന്നതിലൂടെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്ന ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് എന്ന ആശയം അവതരിപ്പിച്ച ‘ടീം ടെക്കീസ്’ ഒരുലക്ഷം രൂപയുടെ രണ്ടാം സമ്മാനവും കൊച്ചി നഗരത്തിലെ ഇടതോടുകളെ വിപുലമാക്കി ശുദ്ധജല, മാലിന്യപ്രശ്നത്തിനു പരിഹാരം കാണാമെന്ന ആശയം അവതരിപ്പിച്ച ‘ടീം എസ്എസി ഗോതുരുത്ത്’ അരലക്ഷം രൂപയുടെ മൂന്നാം സമ്മാനവും ഏറ്റുവാങ്ങി. ന്യൂക്ലിയസ് ഇൻസൈഡ്സ് എംഡി എൻ.പി.നിഷാദ്, മനോരമ ഓൺലൈൻ കണ്ടന്റ് കോഓർഡിനേറ്റർ ജോവി ​എം.തേവര തുടങ്ങിയവർ പ്രസംഗിച്ചു.