ഭാവികേരളത്തിനു വേണ്ടി പൊതു പരാതി-പരിഹാര-സേവന ആപ്ലിക്കേഷൻ, വെബ്സൈറ്റ് ആശയം
പങ്കുവച്ച ‘ടീം ഇ- റൈറ്റ്സിനു’ മനോരമ ഓൺലൈനും ന്യൂക്ലിയസ് ഇൻസൈഡ്സും
ചേർന്നൊരുക്കിയ സ്വപ്ന കേരളം മൽസരത്തിൽ ഒന്നാം സ്ഥാനം. ലെ മെറിഡിയൻ ഹോട്ടലിൽ
നടന്ന ഫൈനൽ മൽസരത്തിലാണ് ഏഴു ടീമുകളെ പിന്നിലാക്കി ശങ്കർ കൃഷ്ണൻ, ബിട്ടു ജോർജ്,
അജയ് നായർ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാമതെത്തി രണ്ടു ലക്ഷം രൂപ കരസ്ഥമാക്കിയത്.
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയാണു വിജയികളെ പ്രഖ്യാപിച്ചത്.
കെട്ടിടങ്ങളിലും റോഡുകളിലും മാത്രം ഒതുങ്ങുന്നതാകരുത് വികസനമെന്ന് മമ്മൂട്ടി
പറഞ്ഞു. ഇന്നുള്ളതെല്ലാം വരും തലമുറയ്ക്കു വേണ്ടി നിലനിർത്താനും നഷ്ടപ്പെട്ടത്
വീണ്ടെടുക്കാനുമെല്ലാം സഹായിക്കുന്നതാകണം അത്. വെള്ളത്തിനും വായുവിനും
ഭക്ഷണത്തിനും ക്ഷാമമുണ്ടാക്കാത്ത വികസനം ആകണം നമ്മുടെ ലക്ഷ്യം. ജനത്തിന്റെ
ജീവനു ഭീഷണിയാകാത്ത വെള്ളവും ഭക്ഷണവും വായുവും എല്ലാവർക്കും കിട്ടുന്ന കാലമാണ്
താൻ സ്വപ്നം കാണുന്നതെന്നും മമ്മൂട്ടി പറഞ്ഞു. സ്വപ്നകേരളം പദ്ധതി
അത്തരത്തിലുള്ളതാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. വിജയികളോട് ഓരോ
പ്രോജക്ടിനെപ്പറ്റി ചോദിച്ചു മനസിലാക്കാനും മലയാളത്തിന്റെ പ്രിയനടൻ സമയം
കണ്ടെത്തി.
നഗരസംവിധാനങ്ങളെ ക്രോഡീകരിക്കാനും കോഡ് ചെയ്യാനുമുള്ളള
ഇന്ററാക്റ്റഡ് ടെക്നിക് എന്ന ആശയം അവതരിപ്പിച്ച ടീം ടെക്കീസ് രണ്ടാം സ്ഥാനം
നേടി. ലിനു കോണിൽ, സാം ജോസ്, അജോ ജോർജ്, ജോസ് കോണിൽ എന്നിവരാണു ടീം അംഗങ്ങൾ.
കൊച്ചി നഗരത്തിലെ കുടിവെള്ള, മാലിന്യപ്രശ്നത്തിനു പരിഹാരവുമായി ആശയം
അവതരിപ്പിച്ച ടീം എസ്എസി ഗോതുരുത്ത് മൂന്നാം സ്ഥാനം നേടി. പെരിയാറിന്റെ
കൈവഴികളായ ഇടതോടുകളെ വിപുലമാക്കി പ്രശ്നത്തിനു പരിഹാരം കാണാമെന്ന കണ്ടെത്തലാണ്
ഇവർ അവതരിപ്പിച്ചത്. ടി.ആർ. ഗിൽസ്, ഷാജു പീറ്റർ, പി. ജയൻ എന്നിവരാണു ടീം
അംഗങ്ങൾ. രണ്ടാം സ്ഥാനക്കാർക്കു ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക്
അൻപതിനായിരം രൂപയുമാണു സമ്മാനം.
ടീം ഫൈൻഡ് ആൻഡ് പാർക്ക് നാലാം സ്ഥാനവും
ടീം വെൽവിഷേഴ്സ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി. നഗരത്തിലെ പാർക്കിങ് സ്ഥലം
കണ്ടെത്തി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കുന്ന ആപ്ലിക്കേഷനാണു ടീം
ഫൈൻഡ് ആൻഡ് പാർക്ക് അവതരിപ്പിച്ചത്. കുടിവെള്ള എടിഎം എന്ന ആശയമാണു ടീം
വെൽവിഷേഴ്സ് പങ്കുവച്ചത്. ഇവർക്കു യഥാക്രമം 30, 000 രൂപ, 20, 000 രൂപ
സമ്മാനമായി ലഭിക്കും. പ്രമുഖ ആർക്കിടെക്ടുമാരായ മനോജ് കിനി, ബിനുമോൾ ടോം
എന്നിവരായിരുന്നു ഫൈനൽ മൽസരത്തിൽ വിധികർത്താക്കൾ.
കേരളത്തിലെ നഗരജീവിതം
എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തിലാണു മനോരമ ഓൺലൈനും ന്യൂക്ലിയസ്
ഇൻസൈഡ്സും ചേർന്നു സ്വപ്നകേരളം മൽസരം ഒരുക്കിയത്. നവകേരളത്തിൽ വരണമെന്നു ജനങ്ങൾ
സ്വപ്നം കാണുന്ന ആശയങ്ങളുമായി മനോരമ ഓൺലൈനിൽ റജിസ്റ്റർ ചെയ്യുന്നതായിരുന്നു
ആദ്യ ഘട്ടം ടീമുകളായിട്ടായിരുന്നു മൽസരം. ആദ്യഘട്ടത്തിൽ ലഭിച്ച ആയിരത്തോളം
ആശയങ്ങളിൽ നിന്നു മികച്ച 20 ആശയങ്ങൾ ജൂറി തിരഞ്ഞെടുത്തു. തുടർന്നുള്ള മൽസരത്തിൽ
വിജയിച്ച എട്ടു ടീമുകളാണു ഫൈനൽ മൽസരത്തിനെത്തിയത്.
ആർക്കിടെക്ചർ മേഖലയിൽ
ഒട്ടേറെ സംഭാവനകൾ നൽകിയ എസ്. ഗോപകുമാർ, മുഹമ്മദ് സാലി എന്നിവരെ ചടങ്ങിൽ
ആദരിച്ചു. ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോ ഉൾപ്പെടെയുള്ള കലാവിരുന്നും
ഒരുക്കിയിരുന്നു. മനോരമ ഓൺലൈൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മറിയം മാമ്മൻ മാത്യു
അതിഥികൾക്ക് ഉപഹാരം സമ്മാനിച്ചു.
ന്യൂക്ലിയസ് ഇൻസൈഡ്സ് മാനേജിങ് ഡയറക്ടർ
എൻ.പി.നിഷാദ് , മനോരമ ഓൺലൈൻ കണ്ടന്റ് കോർഡിനേറ്റർ ജോവി എം.തേവര, മനോരമ ഓൺലൈൻ
മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ ബോബി പോൾ എന്നിവർ പ്രസംഗിച്ചു. ന്യൂക്ലിയസ്
ഗ്രൂപ്പിന്റെ ഇന്റീരിയർ ഡിസൈൻ സംരംഭമായ ന്യൂക്ലിയസ് ഇൻസൈഡ്സ് ആണു
മുഖ്യപ്രായോജകർ.
ന്യൂക്ലിയസ് പ്രീമിയം പ്രോപർട്ടീസിന്റെ ഭവന അലങ്കാര
വിഭാഗമായ 'ക്രാഫ്റ്റിങ് ഇന്റീരിയേഴ്സിന്റെ ഉദ്ഘാടനവും മമ്മൂട്ടിയുടെ
നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ എന്ന ആതുരസേവന സംഘടനയുടെ
യാത്രാവശ്യങ്ങൾക്കായി ന്യൂക്ലിയസ് ഇൻസൈഡ്സ് നൽകുന്ന വാഹനത്തിന്റെ താക്കോൽ
ദാനവും ചടങ്ങിൽ നടന്നു..
ഒക്ടോബർ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. സ്വപ്നകേരളം പദ്ധതിയിലൂടെ ലഭ്യമായ മികച്ച ആശയങ്ങൾ ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറും.