വീട്ടിലും നാട്ടിലും സ്കൂളിലുമെല്ലാം കുട്ടിക്കൂട്ടുകാർക്കുള്ള അവകാശങ്ങളെപ്പറ്റി ഇപ്പോൾ ഏകദേശ ധാരണയായിട്ടുണ്ടാകില്ലേ? പക്ഷേ ഇനിയും നേടിയെടുക്കാൻ എത്രയോ അവകാശങ്ങളുണ്ട്? അതിനെപ്പറ്റി എഴുതാനാണ് ഈ പേജ്. ഇവിടെ കൂട്ടുകാർക്ക് നിങ്ങളുടെ ആവശ്യങ്ങളെല്ലാം തുറന്നു പറയാം. മാതാപിതാക്കൾക്കും അധ്യാപകർക്കുമെല്ലാം കുട്ടികളോടു ചോദിച്ച് അവരുടെ അവകാശങ്ങളെപ്പറ്റി എഴുതാം. വെറുതെ എഴുതുകയല്ല, ഈ നിർദേശങ്ങളെല്ലാം മനോരമ ഓൺലൈൻ സർക്കാരിനു സമർപ്പിക്കും...നടപടിയും എടുക്കും.
അപ്പോൾ എഴുതുകയല്ലേ...
-
ആറിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കു സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും നിയമപരമായ ബാധ്യതയാണിത്.
-
ആറു വയസ്സു കഴിഞ്ഞ് ഒരു കുട്ടിക്കു പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നിരിക്കട്ടെ; അവന്/അവൾക്ക് പ്രായത്തിന് അനുസരിച്ച് ഏതു ക്ലാസിലാണോ പഠിക്കേണ്ടത് ആ ക്ലാസിൽ ചേർന്നു പഠിക്കുവാനും അതുവരെ നഷ്ടമായ പാഠഭാഗങ്ങളിൽ പ്രത്യേക പരിശീലനം ലഭിക്കുവാനുമുള്ള അവകാശമുണ്ട്.
-
കുട്ടികൾക്ക് അവരുടെ താമസസ്ഥലത്തു നിന്ന് ഏറെ ദൂരെയല്ലാതെ സ്കൂൾ സൗകര്യം ലഭ്യമാക്കണം. ഇനിയിപ്പോൾ ഇങ്ങനെ സൗകര്യം ഇല്ലെങ്കിൽ അത്തരം മേഖലകളിൽ സ്കൂളുകൾ തുറക്കേണ്ടതു സർക്കാരിന്റെ ചുമതലയാണ്.
-
കുട്ടികളെ അടിക്കുക, പിച്ചുക, ചെവിക്കു പിടിക്കുക, മുടിയിൽ പിടിച്ചു വലിക്കുക തുടങ്ങിയവയെല്ലാം അവരോടുള്ള ശാരീരിക ഉപദ്രവത്തിന്റെ പരിധിയിൽപ്പെടും. ഇത്തരം ശിക്ഷാനടപടികൾ കുട്ടികൾക്കു നേരെയുണ്ടായാൽ ശിക്ഷ തിരിച്ചും കിട്ടുമെന്നത് അധ്യാപകരും മറക്കേണ്ട.
-
വടി, ചോക്ക്, ഡസ്റ്റർ, സ്കെയിൽ തുടങ്ങിയവ ഉപയോഗിച്ച് എറിയുന്നതും അടിക്കുന്നതുമെല്ലാം കുട്ടികൾക്കു നേരെയുള്ള ശാരീരിക ഉപദ്രവമായി കണക്കാക്കും. ബെഞ്ചിൽ കയറ്റി നിർത്തുക, ഭിത്തിയിലേക്കു തിരിച്ചു നിർത്തുക, സ്കൂൾ ബാഗ് തലയിൽവച്ചു നിർത്തുക, മുട്ടുകുത്തി നിർത്തുക തുടങ്ങിയവയും ശാരീരിക ഉപദ്രവത്തിന്റെ പരിധിയിലാണ്. ക്ലാസ് മുറി, ലൈബ്രറി, ശുചിമുറി തുടങ്ങിയ ഇടങ്ങളിൽ പൂട്ടിയിടുന്നതോ ഒറ്റയ്ക്കു നിർത്തുന്നതോ ശാരീരിക ഉപദ്രവമാണ്.
-
കുട്ടിയുടെ അത്മാഭിമാനത്തിനു കോട്ടം വരുത്തുന്ന ഉപമകൾ പ്രയോഗിക്കുക, അപകീർത്തികരമായ അപരനാമങ്ങളോ വിശേഷണങ്ങളോ ചേർത്തു വിളിക്കുക തുടങ്ങിയവയെല്ലാം മാനസിക പീഡനത്തിന്റെ പരിധിയിൽ വരും. രക്ഷിതാക്കളുടെ തൊഴിൽ, കുടുംബപശ്ചാത്തലം, ജാതി തുടങ്ങിയവ സംബന്ധിച്ച കളിയാക്കലുകൾ, കുട്ടിയുടെ ശാരീരിക വൈകല്യങ്ങൾ എടുത്തു പറഞ്ഞുള്ള കളിയാക്കൽ തുടങ്ങിയവയെല്ലാം മാനസിക പീഡനമാണ്. ലൈംഗിക അതിക്രമത്തിൽ നിന്നുള്ള സംരക്ഷണവും കുട്ടികളുടെ നിയമപരമായ അവകാശമാണ്.
-
കുട്ടികളെ ഒരു കാരണവശാലും ഉപയോഗപ്പെടുത്തരുതാത്ത തൊഴിലുകളുടെ പട്ടിക ഉൾപ്പെടുന്നതാണ് 1986ലെ ബാലവേല നിരോധന നിയമം. 2006ൽ കൂടുതൽ തൊഴിൽ മേഖലകളെ ഉൾപ്പെടുത്തി ഈ പട്ടിക വിപുലീകരിച്ചു. പതിനാലു വയസ്സിൽ താഴെയുള്ള കുട്ടികൾ ഫാക്ടറികളിൽ ജോലി ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. 15നും 18നും ഇടയിലുള്ളവർ ഫാക്ടറികളിൽ ജോലിയെടുക്കുന്നതിനു കർശന നിബന്ധനകളും ഈ നിയമം ഏർപ്പെടുത്തിയിരിക്കുന്നു.
-
തൊഴിലെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ ആരെങ്കിലും തങ്ങളുടെ അധീനതയിൽ സൂക്ഷിക്കുന്നതു ശിക്ഷാർഹമായ കുറ്റമാക്കിയതു ബാലനീതി നിയമമാണ്. ഇത്തരക്കാർക്കു തടവും പിഴയും ഏർപ്പെടുത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
-
തൊഴിലിടങ്ങളിൽ നിന്നു രക്ഷപ്പെടുത്തുന്ന കുട്ടികൾക്കു വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതു രാജ്യത്തിന്റെ ബാധ്യതയാക്കുകയാണു വിദ്യാഭ്യാസ അവകാശ നിയമം. ഇത്തരം കുട്ടികൾക്ക് ഒരുതരത്തിലുള്ള വിവേചനവും സ്കൂളുകളിൽ അനുഭവിക്കാൻ ഇടവരരുതെന്നും നിയമം നിഷ്കർഷിക്കുന്നു. ഒന്നുമുതൽ എട്ടുവരെ ക്ലാസുളിൽ ആരെയും തോൽപിക്കരുതെന്നുമുണ്ട് നിയമം.
-
ബാലവിവാഹത്തിനുള്ള ഒരുക്കം ശ്രദ്ധയിൽപ്പെട്ടാൽ ബാലവിവാഹ നിരോധന ഓഫിസറെ അക്കാര്യം അറിയിക്കണം. പൊലീസിന്റെയും സഹായം തേടാം.