
'അച്ഛന് ബ്രെയിന്‍ ഇല്ല'; പരുക്കേറ്റ ജയസൂര്യയെ പരിശോധിച്ച് മകൾ
കഴിഞ്ഞ ദിവസം ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കഷനിൽ വച്ച് നടൻ ജയസൂര്യയ്ക്ക് പരുക്കേറ്റിരുന്നു. ഷൂട്ടിങിനിടെ തലകറങ്ങിവീണ ജയസൂര്യയുടെ തല ഒരു ഇരുമ്പ് വസ്തുവിൽ ഇടിക്കുകയായിരുന്നു. പരുക്ക് നിസാരമായിരുന്നു. വീട്ടിൽ റെസ്റ്റടുക്കുകയാണ് ജയസൂര്യ ഇപ്പോൾ. വീട്ടിൽ തന്നെ പരിശോധിക്കാൻ ഒരു കുട്ടി ഡോക്ടറുള്ള വിവരം രസകരമായ വിഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ.
മകൾ വേദയാണ് ആ കുട്ടി ഡോക്ടർ. പരുക്കുപറ്റിയ വിവരവുമായി വേദ ഡോക്ടറെ കാണാൽ ചെല്ലുകയാണ് ജയസൂര്യ. രോഗിയെ ആദ്യം തന്നെ സ്കാനിങിന് വിധേയനാക്കുകയാണീ കുട്ടി ഡോക്ടർ. അതിനായി തല കാണിക്കാനൊരുങ്ങിയ രോഗിയുടെ കൈപിടിച്ചായി വേദയുടെ സ്കാനിങ്. കൈയിൽ സ്കാൻ ചെയ്താലും കിട്ടുമത്രേ.
ടപ്പേന്ന് തന്നെ റിസൽറ്റും വന്നു. സ്കാനിങിലെ ഫലം കേട്ട് രോഗി ഞെട്ടിപ്പോകുകതന്നെ െചയ്തുന്നു പറഞ്ഞാൽ മതി. രോഗിക്ക് 'ബ്രെയിന്‍ ഇല്ല'യെന്ന നഗ്നസത്യം അപ്പോൾ തന്നെ പറയുകയും ചെയ്തു ഡോക്ടർ. ഇത് കേട്ടപാടെ രോഗി ഓടിരക്ഷപ്പെടുകയും ചെയ്തു. കുട്ടി ഡോക്ടറുടെ പരിശോധനയും സ്കാനിങും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

