
മലയാളം അല്ലുവിന്റെ മകൾക്കും പ്രിയങ്കരമോ?; വിഡിയോ വൈറൽ
ധോണിയുടെ മകൾ സിവയാണ് ഇതുവരെ മലയാളം പാട്ടു പാടിയും ഡാൻസ് ചെയ്തുമൊക്കെ മലയാളികളെ കയ്യിലെടുത്തത്. ഇപ്പോഴിതാ മലയാളം പാട്ടിനൊത്താടി മറ്റൊരു കുട്ടിത്താരം കൂടിയെത്തിയിരിക്കുകയാണ്. മറ്റാരുമല്ല തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ മകൾ അല്ലു അർഹ.
അല്ലുവിന്റെ മകൾ അല്ലു അർഹയുടെ ഒരു സൂപ്പർ ഡാൻസ് വൈറലാണിപ്പോൾ. ഒരു മലയാളം പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന കുഞ്ഞ് അർഹയുടെ ഈ വിഡിയോ അമ്മ സ്നേഹയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തരംഗമായ 'എന്റമ്മേട ജിമിക്കിക്കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ' എന്ന പാട്ടിനൊത്താണ് അല്ലു അർഹയുടെ തകർപ്പൻ ഡാൻസ്.
#sundaymornings #mybabies ❤️❤️ എന്ന കുറിപ്പോടെയാണ് സ്നേഹ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനേക്കാൾ മനോഹരമായാണ് മകൾ ഡാൻസ് ചെയ്യുന്നതെന്നാണ് ഒരു ആരാധകൻ പറയുന്നത്. അല്ലു അർഹയെ കൂടാതെ അയാൻ എന്ന മകനുമുണ്ട് ഈ ദമ്പതികൾക്ക്. അയാനേയും കാണാം വിഡിയോയിൽ.
താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും ഒക്കെ വലിയ ആരാധകരാണുള്ളത്. എന്നാൽ ചില താരങ്ങൾ തങ്ങളുടെ മക്കളെ ലൈംലൈറ്റിൽ നിർത്താൻ ആഗ്രഹിക്കാത്തവരാണ്. അപൂർവം ചിലർ മാത്രമാണ് തങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും തങ്ങളുടെ കുടുംബ വിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പോസ്റ്റു ചെയ്യാറുണ്ട്. അല്ലുവിനും മക്കൾക്കും സമൂഹമാധ്യമത്തിൽ വൻ ആരാധകരാണുള്ളത്.

