
ഇക്കുറി പാട്ടുമില്ല ഡാൻസുമില്ല, സിവക്കുട്ടിയുടേയും ധോണിയുടേയും 'മണ്ണ്' സ്പെഷൽ!
2018 ലെ സൂപ്പർ ഡാഡിയും മകളും ആരാണെന്ന് ചോദിച്ചാൽ നിസംശയം ആരാധകർ പറയും അത് നമ്മുടെ ധോണിയും സിവയുമാണെന്ന്. ക്രിക്കറ്റിനൊപ്പം ധോണിയെ പ്രശസ്തനാക്കുന്ന മറ്റൊന്നാണ് മകൾ സിവ. മകളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ധോണിയും ഭാര്യ സാക്ഷിയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ധോണിയെപ്പോലെ തന്നെ താരമാണ് മകൾ സിവ അച്ഛൻ കളിക്കളത്തലാണെങ്കിൽ മകൾ സമൂഹമാധ്യമങ്ങളിൽ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ് ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്. സിവയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്.
ഇപ്പോഴിതാ ബീച്ചിൽ കളിക്കുന്ന സൂപ്പർ ഡാഡിന്റേയും ക്യൂട്ട് സിവയുടേയും വിഡിയോ വൈറലാകുകയാണ്. ധോണി മണ്ണിൽ ഒരു കുഴികുഴിച്ചിട്ട് സിവയോട് അതിൽ ഇറങ്ങി നിൽക്കാൻ പറയുകയാണ്. ഒട്ടും മടിക്കാതെ കക്ഷി കുഴിയിലേയ്ക്ക് ഇറങ്ങി നിൽക്കുകയാണ്. പിന്നെ അച്ഛനും മകളും കൂടെ കാൽമുട്ടുവരെയുള്ള ആ കുഴി മണ്ണിട്ട് മൂടുകയാണ്. കുഴിമൂടാൻ സിവക്കുട്ടി അച്ഛനെ സഹായിക്കുന്നുമുണ്ട്. സാക്ഷിയാണ് വിഡിയോ എടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ധോണി വിഡിയോ ഷെയർ ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു "As a kid whenever v got sand this was one thing v would do for sure".
ലോകത്തിലെ ഏറ്രവും നല്ല അച്ഛനെന്നാണ് ഒരു ആരാധികയുടെ കമന്റ്. കളിക്കളത്തിലെപ്പോലെ തന്നെ കൂൾ ആണ് ധോണിയെന്നും സിവക്കുട്ടിക്ക് കിട്ടിയ സമ്മാനമാണ് ഈ കൂൾ സൂപ്പർ ഡാഡ് എന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.
നേരത്തെ റെയ്നയുടെ മകളുടെ ജന്മദിനത്തില് ഡാന്‍സ് ചെയ്തും മലയാളത്തില്‍ പാട്ട് പാടിയുമെല്ലാം സിവ വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോൾ തമിഴും ബോജ്പൂരിയും സംസാരിക്കുന്ന ഇവരുടെ വിഡിയോയും വൈറലായിരുന്നു. കിടക്കയിലിരുന്ന് അച്ഛനും മകളും തമ്മിലായിരുന്നു സംഭാഷണം. എപ്പടിയിറുക്ക് എന്ന ചോദ്യത്തിന് നല്ലാറുക്ക് എന്ന് ധോണി മറുപടിയും പറയുന്നുണ്ട്. 'ഗ്രീറ്റിങ്സ് ഇൻ ടു ലാംഗ്വേജെസ് എന്ന പേരിലാണ് ധോണി ഇൻസ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

