
അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു; കൈകൾ ഉയർത്തി കീഴടങ്ങി രണ്ടു വയസുകാരി
ക്യാമറ കണ്ട് തോക്കെന്ന് കരുതി കൈ ഉയർത്തുന്ന സിറിയൻ ബാലന്റെ ചിത്രം ഓർമ്മയില്ലേ. തുർക്കിഷ് ഫോട്ടോഗ്രാഫറായ ഒസ്മാൻ സഗാരി പകർത്തിയ ആ ചിത്രം ലോകത്തിനു മുഴുവൻ വിങ്ങലായിരുന്നു. 2012 ൽ ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ട ആ ചിത്രത്തോടെ സാമ്യമുളള ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നു. ലോകത്തിന്റെ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. രണ്ടു വയസുകാരിയുടെ ചിത്രവും വിഡിയോയും ലോകമനസാക്ഷിയെ ഞെട്ടിക്കുകയും കരയിപ്പിക്കുകയും െചയ്തു. അമേരിക്കയിലെ ടെല്ലസിയിലാണ് ലോകം ഞെട്ടിയ സംഭവം നടന്നത്.
വ്യാഴായ്ച ഒരു മോഷണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ടെല്ലസി പൊലീസിന്റെ നടപടിയാണ് ലോകമെങ്ങും ചർച്ചയായത്. അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ കൈകൾ ഉയർത്തി പൊലീസുകാരുടെ അടുത്തേക്ക് നടന്നു പോകുന്ന രണ്ട് വയസുകാരിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കണ്ണീർ പടർത്തിയത്.
പെൺകുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന നിഗമനത്തിൽ പൊലീസ് വാഹനം തടഞ്ഞ് അദ്ദേഹത്തെ കാറിൽ നിന്നും പുറത്തിറക്കി. തന്റെ രണ്ടു വയസുളള പെൺകുട്ടിയും ഒരു വയസുളള ആൺകുട്ടിയും തന്നോടോപ്പം കാറിലുണ്ടെന്ന് അയാൾ പൊലീസിനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. അച്ഛനെ പൊലീസ് വിലങ്ങ് വയ്ക്കുന്നത് കണ്ടതോടെ രണ്ടു വയസു മാത്രമുളള പെൺകുട്ടി പുറത്തിറങ്ങി. ഇറങ്ങിയ ഉടനെ പെൺകുട്ടി കൈകൾ ഉയർത്തി പൊലീസുകാരുടെ അടുത്തേക്ക് നടന്നു.
റോഡിന്റെ എതിർവശത്തുണ്ടായിരുന്നവരാണ് വിഡിയോ എടുത്തത്. െപാലീസുകാർക്കും വിഡിയോ എടുത്തവർക്കും അമ്പരപ്പും സങ്കടവും നിയന്ത്രിക്കാനായില്ല അത്രമാത്രം വൈകാരികമായിരുന്നു ആ രംഗം. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ പൊലീസിനെതിരെ രോഷം ഇരമ്പി. കുട്ടികളെ സാക്ഷിയാക്കി പ്രതിയെ വിലങ്ങു വച്ചത് ശരിയായില്ലെന്ന് പൊതുവികാരം ഉണർന്നു

