
'നീ യുവാവാകുന്നത് എനിക്ക് കാണണം' ; പതിവ് തെറ്റിക്കാതെ ജനീലിയ
ബോളിവുഡിലെ ക്യൂട്ട് ദമ്പതികളാണ് റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും. റിയാൻ, റാഹിൽ എന്നീ രണ്ടു ആൺകുട്ടികളാണ് ഇവർക്ക്. തങ്ങളുടേയും കുട്ടികളുടേയും വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് ഇരുവരും. മക്കളുടെ പിറന്നാളിന് മനോഹരമായ ചിത്രവും ഹൃദയം നിറയ്ക്കും കുറിപ്പുകളുമായി സമൂഹമാധ്യമത്തിൽ ജനീലിയ എത്താറുണ്ട്. മൂത്തമകൻ റിയാന്റെ അഞ്ചാം പിറന്നാളിനും ആ പതിവ് തെറ്റിച്ചില്ല.
റിയാനെ പുണർന്നു നിൽക്കുന്ന ഒരു മനോഹരമായ ചിത്രവും സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുമായാണ് നടി മകന് പിറന്നാൾ ആശംസയറിയിച്ചത്.
'എല്ലാ മാതാപിതാക്കളും പറയും മക്കൾ വലുതാകേണ്ടായിരുന്നെന്ന്... പക്ഷേ ഞാൻ അങ്ങനെ പറയില്ല. നിന്റെ വളർച്ചയുടെ എല്ലാ വർഷവും എനിക്ക് ആസ്വദിക്കണം. നീ ഒരു മിടുക്കനായ യുവാവായി വളർന്നു വരുന്നത് എനിക്ക് കാണണം. നിനക്ക് പറക്കാൻ ചിറകുകൾ നൽകണം, ആ ചിറകുകൾക്കിടയിലെ കാറ്റായി എനിക്ക് മാറണം. ഈ ജീവിതം കാഠിന്യമേറിയതാണ് പക്ഷേ നീ അതിനേക്കാൾ കരുത്തനാണ്...നിനക്ക് നിന്നിൽത്തന്നെ വിശ്വാസമുണ്ടായിരിക്കണം.. ഞാൻ എപ്പോഴും നിന്നിൽ വിശ്വസിക്കുന്നു.....'
തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മഹത്തായ കാര്യമാണ് മകനെന്നും, നിന്റെ ചിരിയേക്കാൾ വലുതായൊന്നുമില്ലെന്നും അവർ കുറിപ്പില് പറയുന്നു.
2012 ഫെബ്രുവരിയിലാണ് ഇവർ വിവാഹിതരായത്. റിതേഷ് ദേശ്മുഖും മകന് പിറന്നാൾ ആശംസകളറിച്ച് ഒരു വിഡിയോയും കുറിപ്പും പങ്കുവച്ചിരുന്നു. സിനിമാ ഷൂട്ടിങ്ങുമായി വീട്ടിൽ നിന്നും മാറിനിന്നപ്പോൾ മകൻ തനിക്കയച്ച ഒരു ക്യൂട്ട് വിഡിയോ പങ്കുവച്ചാണ് റിതേഷ് മകന് ജന്മദിനാശംസകൾ പോസ്റ്റ് ചെയ്തത്.