
ഇക്കാറസിന്റെ ചിറകുകൾ!
പുനരാഖ്യാനം : ജേക്കബ് ഐപ്പ്
ഗ്രീക്ക് ഇതിഹാസത്തിലെ പ്രസിദ്ധമായ നാടാണ് ക്രീറ്റ. പുരാതന ഗ്രീക്ക് രാജ്യം. മിനോസിസാണ് അവിടുത്തെ രാജാവ്. അദ്ദേഹം തന്റെ രാജ്യത്തിലെ പ്രധാന ശിൽപിയായിരുന്ന ഡെയ്സലിസിനെ വിളിപ്പിച്ചു! ഡെയ്സലിസ് താങ്കൾ വിശേഷപ്പെട്ട, ഒരുപാട് വളവും തിരിവുമുള്ള ഒരു കെട്ടിടം നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടു. ഈ കെട്ടിടത്തിൽ ഒരിക്കൽ പ്രവേശിച്ചാൽ പുറത്തു വരാൻ കഴിയാത്ത വിധത്തിലുള്ള ഇടവഴികളും ചുറ്റുഗോവണികളും ഉണ്ട്. ഡെയ്സലിസ് കെട്ടിടം നിർമ്മിക്കുവാൻ തുടങ്ങി. ചില വർഷങ്ങൾ കൊണ്ട് നിർമാണം പൂർത്തിയായി. രാജാവ് കെട്ടിടം കാണുവാൻ എത്തി. അദ്ദേഹത്തിന് അതു നന്നേ തൃപ്തിയായി. രാജാവ് തന്റെ ശത്രുക്കളെ ശിക്ഷിക്കുവാൻ ഈ കെട്ടിടം ഉപയോഗിച്ചു.
ഒരു നാള് രാജാവ് തന്റെ പ്രധാന ശിൽപിയായ ഡെയ്സലസുമായി കലഹിച്ചു. അദ്ദേഹത്തെയും പുത്രനായ ഇക്കാറസ്സിനെയും കെട്ടിടത്തിൽ അടച്ചു ശിക്ഷിച്ചു. ഡെയ്സലസ് പുറത്തിറങ്ങി കപ്പൽ കയറി രക്ഷപ്പെടാതിരിക്കാൻ ശക്തമായ സൈനിക കാവലും ഏർപ്പാടാക്കി. ഏറെ നാളത്തെ പരിശ്രമങ്ങൾക്കു ശേഷം അദ്ദേഹവും മകൻ ഇക്കാറസ്സും പുറത്തിറങ്ങി.
ഡെയ്സലസ്സ് രക്ഷപ്പെടാനുള്ള പല മാർഗവും നോക്കി. അയാൾ ചിന്തിച്ചു. കരയുടെയും കടലിന്റെയും രാജാവാണ് മിനേസിസ്. പക്ഷേ, ആകാശത്തിന്റെ അധികാരി അല്ലല്ലോ. അയാൾ വളരെയധികം തൂവലുകൾ മെഴുകിൽ ഒട്ടിച്ചു ചേർത്ത് രണ്ടു വലിയ ചിറകുകൾ നിർമ്മിച്ചു. അവ ശരീരത്തിൽ ചേർത്തു കെട്ടി കുന്നുകളിൽ നിന്ന് താഴ്വരകളിലേക്ക് പറന്നു. ആ ശ്രമം വിജയിച്ചു. ഈ ചിറകുകൾ ഉപയോഗിച്ച് പറന്നു രക്ഷപ്പെടാം എന്ന് അദ്ദേഹം ചിന്തിച്ചു.
‘അച്ഛാ എനിക്കും ചിറകുകൾ നിർമിച്ചു തരണം. ഡെയ്സ ലസ്സ് മനോഹരമായ രണ്ടു ചിറകുകൾ പുത്രനും നിർമിച്ചു നൽകി. അദ്ദേഹം മകനെ ഓർമിപ്പിച്ചു’ നമ്മുടെ ഈ ചിറകുകൾ ഉപയോഗിച്ച് സമുദ്രത്തിന് അപ്പുറം പറന്ന് ഈ രാജ്യത്തു നിന്ന് രക്ഷപ്പെടണം’’. എന്നാൽ ഓർമിക്കണം വലിയ ഉയരത്തിൽ പറക്കരുത്. സൂര്യതാപം ഏറ്റാൽ മെഴുക് ഉരുകും. അധികം താഴ്ന്നും പറക്കരുത്. തൂവലുകൾ നനഞ്ഞു പോകും’. ഇക്കാറസ് സമ്മതിച്ചു. ഇരുവരും ചേർന്ന് പറക്കാൻ തുടങ്ങി.
ഇക്കാറസ് പക്ഷേ, പിതാവിന്റെ കൽപ്പന നിരസിച്ചു. അയാൾ സൂര്യന്റെ ചൂടേറ്റപ്പോൾ ചിന്തിച്ചു എനിക്ക് സൂര്യനോളം ഒപ്പം പറക്കാൻ കഴിയുമല്ലോ. അവൻ സമുദ്രത്തിനു മുകളിലൂടെ ഉയരങ്ങളിലേക്ക് പറന്നുയർന്നു. എന്നാൽ ഡെയ്സലസ്സാകട്ടെ ഒരേ ഉയരത്തിൽ സമുദ്രത്തിനു മുകളിലൂടെ പറന്നു പറന്ന് പോയി. ഇക്കാറസിന് അഹങ്കാരം കൂടി. ഉയരത്തിൽ നിന്ന് ഉയരത്തിലേക്ക് അയാൾ പറക്കുവാൻ ആരംഭിച്ചു. ഉയരും തോറും സൂര്യതാപവും വർധിച്ചു. അയാളുടെ ചിറകുകളിലെ മെഴുക് ഉരുകുവാൻ തുടങ്ങി. ഇക്കാറസ് പരിഭ്രാന്തനായി. തന്റെ പിതാവിനെ വിളിച്ച് ഉച്ചത്തിൽ കരഞ്ഞു. എന്നാൽ ഡെയ്സലസ് വളരെദൂരം ഇതിനോടകം എത്തിയിരുന്നു. അധികം വൈകാതെ ഇക്കാറസിന്റെ ചിറകുകൾ ശരീരത്തിൽ നിന്നും വേർപെട്ടു. ഇക്കാറസ് സമുദ്രത്തിലേക്ക് പതിച്ചു.
തന്റെ മകൻ കൂടെ ഉണ്ടോ എന്ന് ഡെയ്സലസ്സ് തിരിഞ്ഞു നോക്കി. മകനെ കാണാതെ പരിഭ്രാന്തനായ അയാൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ചേതനയറ്റ ഇക്കാറസിന്റെ ശരീരം കണ്ടെത്തി. ‘മകനേ, ഇക്കാറസ് ഉയരങ്ങളിലേക്ക് പോകരുതേ എന്നു ഞാൻ പറഞ്ഞതല്ലേ എന്ന കരച്ചിലിന്റെ ശബ്ദം സമുദ്രത്തിലെ തിരമാലകളുടെ ഇരമ്പലിൽ മുങ്ങിപ്പോവുകയും ചെയ്തു.

