
ചേച്ചിക്കുട്ടിയും അനിയനും സൂപ്പറാ; ഈ സ്നേഹം ആരുടേയും മനംകവരും
ഇതുപോലൊരു ചേച്ചിക്കുട്ടി ആരുടേയും സ്വപ്നമായിരിക്കും. കുഞ്ഞനിയന് അമ്മയെപ്പോലെ കരുതുതൽ നൽകുന്ന ഒരു കുഞ്ഞേച്ചി. തന്റെ അനിയന് ഭക്ഷണം കൊടുക്കുന്ന ആ ചേച്ചിക്കുട്ടി സമൂഹമാധ്യമത്തിൽ താരമാകുകയാണ്. ചേച്ചിയെന്നു പറയുമ്പോൾ അതൊരു മുതിർന്ന ചേച്ചിയാണെന്ന് കരുതല്ലേ.. നാലോ അഞ്ചോ വയസ്സുമാത്രമുള്ള ഈ ചേച്ചിയുടെ അനിയനോടുള്ള സ്നേഹവും കരുതലും കാണുമ്പോൾ ആരു പറഞ്ഞുപോകും ഈ കുഞ്ഞേച്ചി സൂപ്പറാണെന്ന്.
അടുപ്പിൽ വച്ച വലിയ പാത്രത്തിൽ നിന്നും സൂപ്പ് തയ്യാറാക്കി കുഞ്ഞ് ബൗളിലാക്കി എടുക്കുകയാണ് ഈ ചേച്ചി, പിന്നെ തീയിൽ ചുട്ടെടുത്ത ചോളവും. ഇവ രണ്ടുമായി കുഞ്ഞനിയന്റെ അടുത്തെത്തി അവനെയൂട്ടുകയാണിവൾ.
കുഞ്ഞനിയനെ ചേർത്തുപിടിച്ച് സൂപ്പ് തവിയിൽ കോരി, അതിന്റെ ചൂട് മാറ്റി അവന് കൊടുക്കുകയാണ് കക്ഷി. ചൂടു ചോളവും പൊടിതട്ടിയെടുത്ത് കഴിക്കാനായി കൊടുക്കുന്നുണ്ട്. അനിയന് കൊടുക്കുന്നതിനിടെ ചേച്ചിക്കുട്ടിയും കഴിക്കുന്നുണ്ട്. ഈ സഹോദരങ്ങളുടെ സ്നേഹത്തിനു നൂറിൽ നൂറ്റൊന്നു മാർക്കുമായി സമൂഹമാധ്യമവുമുണ്ട്.

