
കാൽ വായിൽ, കഴുത്തിലും ചുറ്റും, 9 വയസ്സുകാരിയുടെ പ്രകടനം : വിഡിയോ
കാലെടുത്ത് തലയിൽ വെക്കുക എന്ന് കേട്ടിട്ടില്ലേ... അത് പ്രാവർത്തികമാക്കി ഇതാ ഒരു കൊച്ചുമിടുക്കി. കാലെടുത്ത് തലയിൽ വയ്ക്കുക മാത്രമല്ല ഈ ഒൻപത് വയസ്സുകാരിയുടെ അഭ്യാസപ്രകടനങ്ങൾ. കാല് കഴുത്തിൽ ചുറ്റി അത്ഭുതപ്പെടുത്താനുമാകും, അസാമാന്യ മെയ് വഴക്കം കൊണ്ട് ആരാധരെ നേടുകയാണിവൾ. തന്റെ കുഞ്ഞു ശരീരത്തെ ഏതുവിധേനയും വളയ്ക്കാനും തിരിക്കാനുമൊക്കെ ഈ ചൈനീസ് പെണ്കുട്ടിയ്ക്കാകും.
വാങ് ക്സിന് എന്ന ഈ കുട്ടിയുടെ മെയ്വഴക്കത്തിന്റെ കഥ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ചൈനയിലെ ഷാന്ദോങ് പ്രവശ്യയിൽ നിന്നുള്ള വാങ് വളരെ ചെറിയ പ്രായത്തിൽ തന്നെ ആയോധനകലകൾ അഭ്യസിക്കുന്നുണ്ട്. മൂന്നാം വയസ്സിൽ കുങ് ഫു പഠിക്കാൻ തുടങ്ങിയതാണ് വാങ്. പരമ്പരാഗതമായ ആയുധമുറയും ഈ മിടുക്കിക്ക് കൈവശമാണ്. ഗ്വാണ്ടോ എന്ന ആയുധവും കൈയിലേന്തി വാങ് കാണിക്കുന്ന അഭ്യാസങ്ങൾ ചങ്കിടിപ്പോടെയേ കാണാൻ സാധിക്കൂ.
അവളുടെ മെയ്വഴക്കത്തേയും കഴിവിനെ കുറിച്ചും ഗുരിക്കന്മാരും മാതാപിതാക്കളും അഭിമാനപൂർവമാണ് സംസാരിക്കുന്നത്. ആയോധനകലയിലും അഭ്യാസപ്രകടനങ്ങളിലും അത്ഭുതപ്പെടുത്തുകയാണ് വാങ് ക്സിന്. പഠനത്തിന്റെ ഒരോ ഘട്ടത്തിലും കുഞ്ഞു വാങ് കൂടുതൽ കൂടുതൽ മികവ് പ്രകടിപ്പിക്കുകയാണ്. മകൾക്ക് ഇഷ്ടമുള്ളതുപോലെ അഭ്യാസങ്ങൾ പഠിക്കാൻ അവസരമൊരുക്കി അച്ഛന് വാങ് ബെങ്ഗ്യോയും കൂടെത്തന്നെയുണ്ട്.

