
ആലിയും നച്ചുവും പാത്തുവും ഒരു ഫ്രെയ്മിൽ; 'മുഖം ഒന്ന് കാണിച്ചു കൂടേ' എന്ന് ആരാധകർ
ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർഥനയും നക്ഷത്രയും പൃഥ്വിരാജിന്റെ മകളായ അലംകൃതയും സമൂഹമാധ്യങ്ങളിലെ താരങ്ങളാണ്.
പ്രാർഥനയും നക്ഷത്രയും പതിവായി പാട്ടും വിഡിയോയുമൊക്കെയായി സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്. എന്നാൽ ആലി എന്നും വിളിപ്പേരുള്ള അലംകൃതയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വിശേഷങ്ങളോ പൃഥ്വിയും ഭാര്യ സുപ്രിയയും അങ്ങനെ പോസ്റ്റ് ചെയ്യാറില്ല. ആലിയുടെ പിറന്നാളിനാണ് പൃഥ്വി മകളുടെ മുഖം വ്യക്തമാകുന്ന ഒരു ചിത്രം പങ്കുവച്ചത്.
പ്രാർഥനയും നക്ഷത്രയും അലംകൃതയും പിയാനോ വായിക്കുന്ന ഒരു ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മൂന്നു പേരും പുറം തിരിഞ്ഞാണിരിക്കുന്നത്. 'Cousins together! ' എന്നാണ് ചിത്രത്തിനുള്ള അടിക്കുറിപ്പ്. നടിമാരായ റിമ കല്ലിങ്കലും പാരിസ് ലക്ഷ്മിയും ചിത്രത്തിന് ഇഷ്ടവുമായെത്തിയിട്ടുണ്ട്.
കൂടാതെ നിരവധിപ്പേർ ലൈക്കുകളും കമന്റുകളും ചെയ്തിട്ടുണ്ട്. 'കുട്ടികളുടെ മുഖം കാണിക്കുന്ന ചിത്രം പോസ്റ്റ് ചെയ്യൂ' , 'മുഖം ഒന്ന് കാണിച്ചു കൂടേ' തുടങ്ങിയ അഭ്യർഥനകളുമുണ്ട് ചിത്രത്തിന് താഴെ.