
പെരുമ്പറയിൽ റെക്കോഡ് മുഴക്കി ആദിത്യന് ശിശുദിനാഘോഷം
ആദിത്യ പ്രകാശ് (13) ഈ ശിശുദിനത്തെ വരവേൽക്കുന്നത് ആഘോഷത്തിന്റെ പെരുമ്പറ മുഴക്കി. പ്രായഭേദമന്യേ സംഗീത പ്രതിഭകൾക്ക് വിവിധ ഉപകരണങ്ങളിൽ ലോകോത്തര പരിശീലനം നൽകുന്ന ലണ്ടൻ ട്രിനിറ്റി കോളജിന്റെ അവസാന ഗ്രേഡ് പരീക്ഷ 13—ാം വയസിൽ നേടിയെന്നതാണ് ആദിത്യന്റെ അപൂർവ നേട്ടം.
ഡ്രം കിറ്റ് താളാത്മകമായി മുഴക്കുന്നതിലാണ് തിരുവല്ല മുത്തൂർ ക്രൈസ്റ്റ് സ്കൂളിലെ ഈ എട്ടാം ക്ലാസ് വിദ്യാർഥി കഴിവു തെളിയിച്ചത്. 95 ശതമാനം മാർക്കോടെ ഇത്രയും ചെറുപ്രായത്തിൽ പരീക്ഷ പാസായിട്ടുള്ളവർ ലോകത്തു തന്നെ അപൂർവമാണെന്ന് തിരുവല്ല ഹാർപ് ആൻഡ് ലയർ കേന്ദ്രത്തിലെ ഡ്രംസ് പരിശീലകനായ സാംസൺ കൃപാലയം സാക്ഷ്യപ്പെടുത്തുന്നു. ഗിറ്റാർ, ഓർഗൻ തുടങ്ങിയവയിൽ ഒന്നു മുതൽ എട്ടു വരെ വിവിധ ഗ്രേഡുകളിൽ സംഗീത പരീക്ഷ നടത്തുന്ന സ്ഥാപനമാണ് ലണ്ടൻ ആസ്ഥാനമായ ട്രിനിറ്റി കോളജ്. നീണ്ട പരിശീലനത്തിനു ശേഷം അനേകം വിദ്യാർഥികൾ മികച്ച വിജയം നേടാറുണ്ട്. പക്ഷെ ഇത്രയും മാർക്ക് ഇത്രയും ചെറുപ്രായത്തിൽ നേടിയ ആദിത്യ ഈ രംഗത്തെ പ്രതിഭതന്നെയെന്ന് ട്രിനിറ്റിയിൽ നിന്ന് പരീക്ഷയ്ക്കെത്തിയ വിദേശ എക്സാമിനർ ആദിത്യയുടെ ഉത്തരക്കടലാസിൽ കുറിച്ചിട്ടു.
മുത്തൂർ നടയിൽ കിഴക്കേതിൽ പ്രകാശിന്റെയും ലേഖയുടെയും മകനായ ആദിത്യ ഇതിനോടകം അനേകം വേദികളിൽ ഡ്രംസിന്റെ പ്രകമ്പനം സൃഷ്ടിച്ചു കഴിഞ്ഞു. മുത്തച്ഛന്റെ താളബോധവും അധ്യാപകരുടെ പിന്തുണയുമാണ് പ്രചോദനമെന്നു പറയുന്ന ആദിത്യ ഡ്രംസിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുക എന്ന ലക്ഷ്യത്തോടെ പ്രയാണം തുടരുകയാണ്.