
40 വർഷത്തെ ‘വെക്കേഷൻ’ തീർന്നു,
∙ സ്കൂൾ തുറക്കും മുൻപ് കൂട്ടുകാർക്ക് ജന്തുലോകത്തു നിന്ന് ഒരു ‘അവധിക്കാല’ കഥ
അവധിക്കാലത്തു തുള്ളിച്ചാടി, സകലയിടത്തും പാറിപ്പറന്ന് ഒടുവിൽ സ്കൂൾ മുറ്റത്തേക്കു തന്നെ തിരിച്ചെത്തുകയാണു കുട്ടിക്കൂട്ടം. സ്കൂൾ തുറക്കുന്നതിൽ കുറച്ചു സങ്കടമുണ്ടെങ്കിലും കൂട്ടുകാരെയെല്ലാം വീണ്ടും കാണാമല്ലോയെന്ന സന്തോഷം മതി അതെല്ലാം മറക്കാൻ. ഇതേ അവസ്ഥയിലാണിപ്പോൾ ഇംഗ്ലണ്ടിലെ ഒരു തരം പൂമ്പാറ്റകളും. നീണ്ട ഒരു ‘അവധിക്കാലം’ കഴിഞ്ഞ് അവ വീണ്ടും തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്കു തന്നെ തിരിച്ചെത്തുകയാണ്. 40 വർഷങ്ങൾക്കു മുൻപ് ഇംഗ്ലണ്ടിൽ ധാരാളമായി കാണപ്പെട്ടിരുന്നു ചെക്ക്വഡ് സ്കിപ്പർ എന്ന പൂമ്പാറ്റ. എന്നാൽ ഇംഗ്ലണ്ടിൽ അവസാനമായി ഈയിനത്തിൽപ്പെട്ട ഒരു പൂമ്പാറ്റയെ കാണുന്നത് 1976ലാണ്. അതിനു ശേഷം പൂർണമായിത്തന്നെ ഇംഗ്ലണ്ടിനോടു യാത്ര പറഞ്ഞു ഈ കുഞ്ഞൻ; വംശനാശമെന്നു തന്നെ പറയാം.
ഇംഗ്ലണ്ടിലെ പൈൻ മരക്കാടുകളോടു ചേർന്നായിരുന്നു ഇവയെ വൻതോതിൽ കണ്ടിരുന്നത്. എന്നാൽ 1970കളിൽ ഇവിടത്തെ കൃഷിരീതി ഒന്നുമാറ്റി. മരങ്ങള്‍ വൻതോതിൽ തഴച്ചു വളരുന്നതിന് അവയെ ചെറുതായി വെട്ടി നിർത്തുന്ന രീതിയിൽ നിന്നു കൃഷിരീതി മാറി. മരങ്ങൾക്കിടയിൽ പുല്ലും മറ്റുമൊന്നും നിർത്താതെ വെട്ടി വെളിമ്പ്രദേശങ്ങളാക്കുകയും ചെയ്തു. കൊനിഫർ മരങ്ങള്‍ വൻതോതിൽ വളർന്നതും ഇവയ്ക്കു തിരിച്ചടിയായി. ഇതിനിടെ ചെക്ക്വഡ് സ്കിപ്പറിന്റെ ലാർവകൾക്കു (കാറ്റര്‍പില്ലർ) തിന്നാനുള്ള പ്രത്യേക തരം പുല്ലുകളും ഇല്ലാതായി. അല്ലെങ്കിൽത്തന്നെ വളരെ കുറച്ചു മാത്രമേ ഈ പൂമ്പാറ്റകൾ ഇംഗ്ലണ്ടിലുണ്ടായിരുന്നുള്ളൂ. തുള്ളിത്തുള്ളി ചാടുന്ന പോലെ അതിവേഗത്തിലാണു സഞ്ചാരം. അങ്ങനെയാണ് ചെക്ക്വഡ് സ്കിപ്പർ എന്ന പേരു ലഭിക്കുന്നതും. Carterocephalus palaemon എന്നതാണു ശാസ്ത്രീയ നാമം. തവിട്ടും സ്വർണനിറവും ചേർന്ന ഈ കുഞ്ഞൻ പൂമ്പാറ്റ വേട്ടക്കാരുടെയും പ്രിയപ്പെട്ടതായിരുന്നു. ഇവയെ വൻതോതിൽ പിടികൂടുന്നതും തിരിച്ചടിയായി.
എന്തായാലും 40 വർഷത്തെ ‘അവധിക്കാല’ത്തിനു ശേഷം വീണ്ടും ഇംഗ്ലണ്ടിലേക്കു തിരിച്ചെത്തുകയാണ് ചെക്ക്വഡ് സ്കിപ്പർ. അതിനു സഹായിച്ചതാകട്ടെ ‘ബാക്ക് ഫ്രം ദ് ബ്രിങ്ക്’ എന്ന പേരിൽ പരിസ്ഥിതി സ്നേഹികൾ നടത്തിയ പ്രോജക്ടും. ഇംഗ്ലണ്ടിൽ വംശനാശം സംഭവിച്ച 20 തരം ജീവികളെ തിരികെയെത്തിക്കാനുള്ള പദ്ധതിയാണിത്. ഇരുനൂറോളം ജീവികളെ വംശനാശത്തില്‍ നിന്നു രക്ഷിക്കാൻ 19 പദ്ധതികൾ ഇതിനു കീഴെ വേറെയുമുണ്ട്. ‘ബട്ടർഫ്ലൈ കൺസർവേഷൻ’ എന്ന കൂട്ടായ്മ നടത്തിയ ‘പൂമ്പാറ്റശ്രമം’ എന്തായാലും വിജയം കണ്ടു. ചെക്ക്വഡ് സ്കിപ്പറിന്റെ ‘ബന്ധുക്കൾ’ ബെൽജിയം കാടുകളിലുണ്ടായിരുന്നു. അവയെ ഇംഗ്ലണ്ടിലേക്കു കൊണ്ടു വരാനായിരുന്നു തീരുമാനം. പക്ഷേ ആദ്യം അവയ്ക്കു പറ്റിയ ‘താമസസ്ഥലം’ കണ്ടെത്തണമല്ലോ! 1990കളിൽ തന്നെ അതിനു വേണ്ട ശ്രമം ആരംഭിച്ചു. അങ്ങനെ നോർതാംപ്ടൺഷയറിലുള്ള റോക്കിങ്ങാം കാടുകളിൽ ചെക്ക്വഡ് സ്കിപ്പറുകൾക്കു വേണ്ടിയുള്ള പ്രത്യേകതരം മരങ്ങൾ വച്ചു പിടിപ്പിച്ചു. ഇവയുടെ ലാർവയ്ക്കു(കാറ്റർപില്ലർ) മതിയാവോളം തിന്നുതീർക്കാൻ ‘ഫോൾസ് ബ്രോം’ എന്ന പുല്ലും വളർത്തി.
അങ്ങനെ എല്ലാം റെഡിയായിക്കഴിഞ്ഞപ്പോൾ പ്രത്യേക കൂടുകളിലാക്കി ബെൽജിയത്തിൽ നിന്നുള്ള അതിവേഗ ട്രെയിനിൽ ഇംഗ്ലണ്ടിലെത്തിച്ചു. 40 പെൺപൂമ്പാറ്റകളെയും 10 ആണ്പൂമ്പാറ്റകളെയുമാണെത്തിച്ചത്. ബെൽജിയത്തിലെ അഞ്ചിടങ്ങളിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. റോക്കിങ്ങാം കാടുകൾക്കു സമാനമായവയാണു ബെൽജിയത്തിലുമുള്ളതെന്നാണ് ഇക്കാര്യത്തിൽ സഹായകമായത്. എന്നാൽ റോക്കിങ്ങാമിൽ എവിടെയാണ് ഇവയെ തുറന്നുവിട്ടതെന്നു മാത്രം വനംവകുപ്പ് വ്യക്തമാക്കിയിട്ടില്ല. അറിഞ്ഞാൽ അപ്പോൾത്തന്നെ വേട്ടക്കാർ പാഞ്ഞെത്തുമല്ലോ! എന്തായാലും പരിസ്ഥിതി പ്രവർത്തകർ ഏറെ സന്തോഷത്തിലാണ്. കുറച്ചുനാളുകൾ കൂടി കഴിയുമ്പോൾ പഴയതുപോലെത്തന്നെ ഈ കുഞ്ഞൻ പൂമ്പാറ്റകൾ പാറിപ്പറന്നു നടക്കുന്നതു കാണാമല്ലോ...!