
പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങാം?
കെ വി മനോജ്
പരീക്ഷകൾ തുടങ്ങാൻ ഇനി ഏകദേശം 50 ദിവസം.
ഇനിയുള്ള ദിവസങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം..?
SWOT അനാലിസിസ്
പഠനത്തിലും ജീവിതത്തിലുമെല്ലാം ഇത് ഉപയോഗിക്കാം. ഇതിലെ ഓരോ അക്ഷരവും ഒരാശയത്തെ
പ്രതിനിധീകരിക്കുന്നു.
S - Strength (ശക്തി)
w - Weakness (ദൗർബല്യം)
O - Opportunity (അവസരം)
T - Threat (ഭീഷണി)
പഠനത്തിൽ നമ്മുടെ ശക്തിയും ദൗർബല്യവുമെന്തെന്നും അവസരങ്ങളും ഭീഷണികളുമെന്തെന്നും എഴുതിനോക്കൂ. ശക്തിയും ദൗർബല്യവും ആന്തരികമാണ്. അവസരങ്ങളും ഭീഷണികളും ബാഹ്യവും. ദൗർബല്യങ്ങളെ ശക്തിയും ഭീഷണികളെ അവസരങ്ങളുമാക്കി മാറ്റുമ്പോഴാണ് അനുകൂല മനോഭാവം സൃഷ്ടിക്കപ്പെടുന്നത്.
SMART ആണോ ലക്ഷ്യങ്ങൾ?
ജീവിതത്തിലും പഠനത്തിലും പരീക്ഷയിലും നമുക്കു ചില ലക്ഷ്യങ്ങളുണ്ടല്ലോ. അവ എത്രത്തോളം SMART ആണെന്നു പരിശോധിക്കു.
S - Specific ∙ ലക്ഷ്യങ്ങൾക്കു വ്യക്തതയും
കൃത്യതയുമുണ്ടായിരിക്കണം.
M - Measurable ∙ പുരോഗതി അളക്കാൻ
കഴിയുന്നതായിരിക്കണം
A - Achievable ∙ ലക്ഷ്യം നേടിയെടുക്കാൻ
പറ്റുന്നതായിരിക്കണം
R – Realistic ∙ യാഥാർഥ്യബോധം വേണം
T - Time based ∙ സമയപരിധിക്കുള്ളിൽ
തീർക്കാൻ കഴിയുന്നതാവണം.
വായനയിലെ PQRST തന്ത്രം
ഒരു പാഠഭാഗം / ഉള്ളടക്കം അവലോകനം നടത്താനുള്ള തന്ത്രമാണ് PQRST.
P - Preview ∙ അവലോകനം: ഒരു അധ്യായത്തിന്റെ ഉള്ളടക്കം മുഴുവൻ പഠിക്കാതെ അതിലെ പ്രധാന ആശയങ്ങൾ ഗ്രഹിക്കുന്ന രീതി. ആമുഖവും ശീർഷകങ്ങളും ഉപശീർഷകങ്ങളും ചിത്രങ്ങളും ചാർട്ടുകളും ബോക്സുകളും കൺസപ്റ്റ് മാപ്പുകളും സംഗ്രഹവും അധ്യായത്തെ / യൂണിറ്റിനെക്കുറിച്ചുള്ള സമഗ്രചിത്രം നൽകും.
Q - Question ∙ ചോദ്യങ്ങൾ: ഒരു അധ്യായത്തിൽ / ഉള്ളടക്കത്തിൽ നിന്ന് ഏതെല്ലാം ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്, യൂണിറ്റിന്റെ / അധ്യായത്തിന്റെ അവസാന ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങളേതെല്ലാം, പ്രതീക്ഷിക്കാവുന്ന ചോദ്യമാതൃകകൾ എന്നിവ വിലയിരുത്തണം.
R - Read ∙ വായന: അലസവായനയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഉള്ളടക്കത്തെക്കുറിച്ചുള്ള സമഗ്രബോധവും മുൻ അറിവുകളുമായും മറ്റു വിഷയമേഖലകളുമായും വായനയെ എങ്ങനെ പ്രായോഗികമായി ബന്ധപ്പെടുത്താം എന്ന വിശകലനം.
S - Summerise ∙ ചുരുക്കെഴുത്ത്: ഉള്ളടക്കം നമ്മുടെ ഭാഷയിൽ ചുരുക്കിയെഴുതാം. പ്രധാന ആശയങ്ങളും സാങ്കേതിക പദങ്ങളും തത്വങ്ങളും സൂത്ര വാക്യങ്ങളുമെല്ലാം സൂചനാ രൂപത്തിൽ കുറിക്കാം. ഒരിക്കൽ തയാറാക്കിയ കുറിപ്പുകളിലൂടെ കണ്ണോടിച്ചാൽ അധ്യായം മുഴുവൻ പഠിച്ച ഗുണം ലഭിക്കും. ഇടയ്ക്കിടെ ആവർത്തിച്ച് മറവിയെ മറികടക്കാം.
T - Test ∙ പരിശോധന: പഠിച്ച കാര്യങ്ങൾ ലളിതമായും കൃത്യമായും അവതരിപ്പിക്കാൻ കഴിയുന്നുണ്ടോയെന്നു ശ്രമിച്ചു നോക്കാം. സ്വയം തയാറാക്കിയ കുറിപ്പുകൾ പരിശോധിച്ചും ചോദ്യങ്ങൾ തയാറാക്കിയും മറ്റു ചോദ്യ മാതൃകകൾ ഉപയോഗിച്ചും കൂട്ടുകാരുടെ സഹായത്തോടെയും പരിശോധന നടത്താവുന്നതാണ്.
പഠനരീതി എങ്ങനെയാവണം..?
പഠിക്കുന്നതിനു നമുക്കെല്ലാം വ്യത്യസ്ത രീതികളുണ്ട്. ചിലർ കേട്ടു പഠിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്. അവരാണ് ശ്രവ്യ പഠിതാക്കൾ(Auditory Learners). അൽപം ഉറക്കെ വായിച്ചും മറ്റുള്ളവർ വായിക്കുന്നതു കേട്ടും പഠിക്കാനാണ് ഇവർക്കു താൽപര്യം. സ്വയം വായിച്ചും കണ്ടും പഠിക്കുന്നവരാണ് ദൃശ്യ പഠിതാക്കൾ (Visual Learners). പഠന വിഷയങ്ങളെ ദൃശ്യവൽകരിക്കുന്നതാണ് ഇവർക്കിഷ്ടം. ചിത്രങ്ങളും ചാർട്ടുകളും ടേബിളുകളും ഗ്രാഫുകളും സ്കെച്ചുകളും മൈൻഡ് മാപ്പുകളുമെല്ലാം ഇവരുടെ പഠന പ്രവർത്തനങ്ങളിലുൾപ്പെടുന്നു. ചെയ്തു നോക്കിയും പ്രവർത്തിച്ചും പഠിക്കുന്നവരാണ് ചലന പഠിതാക്കൾ(Kinesthetic Learners). ഇരുന്നു പഠിക്കുന്നതിനെക്കാൾ നടന്നു പഠിക്കുന്നതും പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതും ചലന പഠിതാക്കളുടെ രീതിയാണ്. ചിലരിൽ ഈ രീതികൾ ഇടകലർന്നും കാണാറുണ്ട്. ഓരോരുത്തർക്കും താൽപര്യമുള്ള പഠന രീതി ഉപയോഗിക്കുകയാണു പ്രധാനം.
സമയം കൃത്യമായി വിഭജിച്ച് കൈകാര്യം ചെയ്യുക
രു ദിവസത്തിൽ എത്ര സെക്കൻഡുകൾ ഉണ്ട്? 86400 അല്ലേ.. ജീവിതത്തിൽ ഓരോ സെക്കൻഡും വിലപിടിച്ചതാണ്. സെക്കൻഡുകളുടെ വില എപ്പോഴെങ്കിലും നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? സെക്കൻഡിന്റെ നൂറിൽ ഒരംശത്തിനാണു പി.ടി. ഉഷയ്ക്ക് ഒളിംപിക്സ് മെഡൽ നഷ്ടപ്പെട്ടത്. സെക്കൻഡുകളുടെ വ്യത്യാസത്തിനാണ് നൂറു മീറ്റർ ഓട്ടത്തിൽ വിജയികളും പരാജിതരുമുണ്ടാവുന്നത്. സമയത്തെ മാനേജ് ചെയ്യുക പ്രയാസമാണ്. എന്നാൽ സമയബന്ധിതമായി നമ്മുടെ പ്രവർത്തനങ്ങളെ ക്രമീകരിച്ചാൽ എല്ലാക്കാര്യങ്ങളും ചെയ്തു തീർക്കാൻ പറ്റും.
സമയ വിഭജനവും വിഷയ വിഭജനവും പാലിച്ച് ഒരു ടൈംടേബിൾ തയാറാക്കുകയും പഠനമുറിയിൽ കാണാവുന്ന വിധത്തിൽ പതിക്കുകയും ചെയ്യുക.
ഓരോ ദിവസവും പഠിച്ചു തീർക്കാനുള്ളതും ചെയ്ത തീർക്കാനുള്ളതുമായ കാര്യങ്ങൾ ക്രമീകരിച്ചു പട്ടികയുണ്ടാക്കുക. ഹ്രസ്വകാലത്തേക്കുള്ളവ, ദീർഘകാലത്തേക്കുള്ളവ എന്നിങ്ങനെ ചെയ്യേണ്ടവയെ തരംതിരിക്കുക. കാര്യങ്ങൾ അനന്തമായി നീട്ടിവയ്ക്കുന്നത്(Procrastination) അവസാനിപ്പിക്കുക.
വലിയ പ്രവർത്തനങ്ങളെ ചെറിയ ചെറിയ കഷണങ്ങളാക്കി മാറ്റുക. തടസ്സങ്ങളെയും പ്രതിബന്ധങ്ങളെയും മറികടക്കാനുള്ള ശുഭാപ്തി വിശ്വാസം
പുലർത്തുക.
ടെൻഷൻ വന്നോട്ടെ, പൊയ്ക്കോട്ടെ
നിങ്ങൾക്ക് ടെൻഷൻ ഉണ്ടോ? നാം പതിവായി കേൾക്കുന്ന ചോദ്യമാണിത്. ടെൻഷനില്ലാത്തവരായി ആരാണുള്ളത്. അൽപം ടെൻഷനുണ്ടാവുന്നത് പരീക്ഷയെ കരുതലോടെ നേരിടാൻ നമ്മെ സഹായിച്ചേക്കും. പഠനവുമായും പരീക്ഷയുമായും ബന്ധപ്പെട്ടുണ്ടാവുന്ന ടെൻഷൻ സ്വാഭാവികമാണ്. അതിൽ അസ്വസ്ഥരാവേണ്ടതില്ല. ശാരീരികമോ മാനസികമോ സാമൂഹികമോ ആയ ടെൻഷൻ അധികസമയം നീണ്ടുനിൽക്കുന്നത് അപകടകരമാണ്.
ടെൻഷൻ ഇല്ലാതാക്കലിനെക്കാൾ, ശ്രദ്ധയോടെ കൈകാര്യ ചെയ്യലാണ് പ്രധാനം. അനുകൂല മനോഭാവത്തിലൂടെയും പ്രസാദാത്മക ചിന്തയിലൂടെയും സജീവ പ്രവർത്തനങ്ങളിലൂടെയും ടെൻഷൻ മറികടക്കാം. പാട്ടു കേട്ടും, വായിച്ചും, യോഗ പരിശീലിച്ചും താൽപര്യമുള്ള വിനോദങ്ങളിൽ ഏർപ്പെട്ടും
വിശ്രമിച്ചും സമ്മർദങ്ങളെ ലഘൂകരിക്കാം
മറവിയെ മറന്നേക്കൂ
പഠനമെന്നത് അലസ വായനയോ വസ്തുതകളുടെ കാണാപ്പാഠം പഠിക്കലോ അല്ല. ഉള്ളടക്കവുമായുള്ള നമ്മുടെ ചിന്താപരമായ സംവാദമാണ്. എന്തു പഠിക്കുന്നു എന്നതുപോലെ പ്രധാനമാണ് എങ്ങനെ പഠിക്കുന്നുവെന്നതും, അവ എങ്ങനെ അവതരിപ്പിക്കാനാവുമെന്നതും. ഓർമയെപ്പറ്റി ഏറെ പഠനങ്ങൾ നടത്തിയ ഹെർമൻ എബിങ്ഹാസ് അഭിപ്രായപ്പെടുന്നത് 19 മിനിറ്റിനു ശേഷം നാം പഠിച്ചതിന്റെ ഓർമ 58 ശതമാനമായും ഒരു ദിവസം കഴിഞ്ഞാൽ 33 ശതമാനമായും ഒരു മാസത്തിനു ശേഷം 79 ശതമാനമായും ഇടിയുന്നുവെന്നതാണ്. എബിങ്ഹാസിന്റെ ഫോർഗറ്റിങ് കർവ് നമ്മെ ഓർമിപ്പിക്കുന്നത് പഠിച്ച കാര്യങ്ങൾ പലതവണ ആവർത്തിക്കേണ്ടതുണ്ടെന്നാണ്. യാന്ത്രികമായ ആവർത്തനമല്ല; വസ്തുതാപരമായ ആവർത്തനമാണാവശ്യം.
റിവിഷൻ ഒന്ന് – ഒരു ദിവസത്തിനുള്ളിൽ അതായത് 24 മണിക്കൂറിനുള്ളിൽ
റിവിഷൻ രണ്ട് – ഒരാഴ്ചയ്ക്കുള്ളിൽ
റിവിഷൻ മൂന്ന് – ഒരു മാസത്തിനുള്ളിൽ
റിവിഷൻ നാല് – മൂന്നു മാസത്തിനുള്ളിൽ
റിവിഷൻ അഞ്ച് – വാർഷിക പരീക്ഷയ്ക്കു മുൻപ്
ചില ഓർമസൂത്രങ്ങളും പരീക്ഷിച്ചു നോക്കാം
ഏഴു നിറങ്ങൾ (VIBGYOR) കണക്കു ചെയ്യുന്നതിനുള്ള ക്രമം (BODMAS) എന്നിവപോലെ നിങ്ങൾക്കു സ്വന്തമായി ചുരുക്കരൂപങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.
ചുരുക്കവാക്യങ്ങളും ചുരുക്കകഥകളുമുണ്ടാക്കാം
മനോചിത്രങ്ങൾ (mind mapping) ആശയചിത്രങ്ങൾ (Concept Maps) എന്നിവ തയാറാക്കാം.
ആശയങ്ങളുടെയും സാങ്കേതിക പദങ്ങളുടെയും ഗ്ലോസറി തയാറാക്കാം.
നോട്ട് തയാറാക്കി കൂട്ടുകാരുമായി ചർച്ച ചെയ്യാം. മറ്റൊരാളെ പഠിപ്പിക്കുന്ന രീതിയിൽ പഠിച്ചുനോക്കാം.
നമ്മൾ ഇവിടെ ചർച്ച ചെയ്ത തന്ത്രങ്ങളും കൂട്ടുകാർ സ്വന്തമായി രൂപപ്പെടുത്തിയ വിദ്യകളും ഒക്കെ ചേർത്ത് പൊതു പരീക്ഷയ്ക്കായ് ഇപ്പോൾ മുതൽ പരീശീലനം തുടങ്ങാം. ചിട്ടയായി പഠനം ക്രമീകരിച്ചാൽ ഇനിയുള്ള ദിവസങ്ങൾകൊണ്ടു തന്നെ മികച്ച സ്കോർ നേടാനുള്ള വിവരങ്ങൾ സ്വായത്തമാക്കാം.പത്താംക്ലാസ് വിദ്യാർഥികളെ പരീക്ഷാ തയാറെടുപ്പിൽ സഹായിക്കാൻ, വിദഗ്ധരായ അധ്യാപകർ തയാറാക്കുന്ന പരീക്ഷാ സഹായി അടുത്ത ലക്കം മുതൽ പഠിപ്പുരയിൽ വായിക്കാം.