
ബോര്‍ഡ് കംപ്യൂട്ടറാക്കിയ അധ്യാപകന് ലോകത്തിന്റെ കയ്യടി; ഒരപൂര്‍വ വിജയഗാഥ
റിച്ചാർഡ് അപിയാ അക്കോട്ടോ, ആത്മാർപ്പണം ചെയ്യുന്ന ഗുരുക്കൻമാരുടെ പേരിനൊപ്പം ഈ പേരും പേരുകാരനും ഇനി എന്നുമുണ്ടാകും. മാറ്റംവരാനാണ് വിപ്ലവമെങ്കിൽ ആരോടും കലഹിക്കാതെ ഒരു തുള്ളി ചോരവീഴ്ത്താതെ വിപ്ലവം വിജയിപ്പിച്ച നായകനാണ് ഇന്ന് ഘാനയിലെ സ്കൂൾ അധ്യാപകനായ റിച്ചാർഡ് അപിയാ അക്കോട്ടോ. സമൂഹ മാധ്യമങ്ങളിലൂടെ റിച്ചാർഡ് മലയാളിക്കും സുപരിചിതനാണ്. സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ് റിച്ചാർഡ് കുട്ടികളെ പഠിപ്പിക്കുന്ന ചിത്രം.
ബ്ലാക്ക് ബോർഡിൽ കംപ്യൂട്ടർ ആപ്ലിക്കേഷനുകൾ വരച്ച് കുട്ടികൾക്ക് പഠിപ്പിക്കുന്ന അധ്യാപകൻ. പേരിനൊരു കംപ്യൂട്ടർ പോലുമില്ലാത്ത സ്കൂളിൽ വിഷയം പഠിപ്പിക്കാൻ ഇതല്ലാതെ മറ്റൊരു വഴി റിച്ചാർഡ് കണ്ടില്ല. സാങ്കൽപ്പിക കസേരയിൽ ഇരിക്കുന്നുള്ള കളിപോലെ ഈ അധ്യാപകൻ ചുമരില്ലാതെ ചിത്രം വരച്ചു. ബ്ലാക്ക്ബോർഡിൽ ചോക്കിൽ ഈ അധ്യാപകൻ വരച്ചിടുന്നതായിരുന്നു ആ കുട്ടികൾക്ക് കംപ്യൂട്ടറും ആപ്ലിക്കേഷനുകളുമെല്ലാം. ആ പരിമിതികളിൽ നിന്ന് കൊണ്ട് പഠിക്കാനുള്ള കുട്ടികളുടെ ആവേശം മാത്രമായിരുന്നു റിച്ചാർഡിന്റെ ഉൗർജം. പരിമിതകളോട് പടവെട്ടിയ ഈ അധ്യാപകൻ ബ്ലാക്ക് ബോർഡിൽ കംപ്യൂട്ടർ വിപ്ലവം കുറിച്ചു. അങ്ങനെ പഠിപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സ്കൂളിന്റെ തലവര മാറുന്നത്.
ആ വിജയകഥ ഇങ്ങനെ
ദക്ഷിണ ഘാനയിലെ ബെറ്റെനസെ എംഎ ജൂനിയർ ഹൈസ്കൂളിലെ അധ്യാപകനാണ് റിച്ചാർഡ് അപിയാ അക്കോട്ടോ. 2011ൽ വിദ്യാർഥികൾക്ക് ദേശീയപരീക്ഷ പാസാകണമെങ്കിൽ ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി പഠിക്കണമെന്ന ഉത്തരവ് സർക്കാർ നിർബന്ധമാക്കി. കംപ്യൂട്ടർ കണികാണാൻ പോലുമില്ലാത്ത സ്കൂളിൽ ഇതെങ്ങനെ സാധ്യമാകും? സർക്കാരിന് അപേക്ഷയയച്ച് കാത്തിരിക്കാനായിരുന്നില്ല അധ്യാപകനായ റിച്ചാർഡിന്റെ തീരുമാനം. അദ്ദേഹം പരിക്ഷയ്ക്കാവശ്യമായ കാര്യങ്ങൾ ചോക്ക് കൊണ്ട് ബ്ലാക്ക്ബോർഡിൽ വരച്ച് കുട്ടികളെ പഠിപ്പിച്ചു. കംപ്യൂട്ടർ സ്ക്രീൻ അടക്കം വരച്ചുള്ള റിച്ചാർഡിന്റെ ക്ലാസുകൾ ലോകമെമ്പാടും ചർച്ചയായി.
അധ്യാപകന്റെ ഈ അർപ്പണബോധത്തിന് ലോകം കയ്യടിച്ചു. കംപ്യൂട്ടർ ഇല്ലാത്ത സ്കൂളിനെ ഇ–സ്കൂളാക്കാൻ ലോകത്തിന്റെ വിവിധഭാഗത്ത് നിന്ന് സഹായങ്ങളെത്തി. ഘാന എൻഐഐടിയിൽ നിന്നും, യുകെയിൽ നിന്നും ഒട്ടേറെ കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും കുട്ടികൾക്കായി എത്തി. ഒടുവിൽ മൈക്രോസോഫ്റ്റിന്റെ എഡ്യൂക്കേറ്റേഴ്സ് എക്സചേഞ്ച് എന്ന പരിശീലന പരിപാടിയിലും റിച്ചാർഡ് സൗജന്യമായി പങ്കെടുത്തു. അർപ്പണബോധത്തിന്റെ തെളിവുചൂണ്ടിക്കാട്ടാൻ പറഞ്ഞാൽ വിദ്യാർഥികൾക്ക് അധികം അലയേണ്ടെന്ന് ചുരുക്കം.