
സഹാറ മരുഭൂമിയിലെ ആ വൻമതിൽ എന്തിന്?
വി.ആർ. വിനയരാജ്
ആഫ്രിക്കയിലെ കുറെ രാജ്യങ്ങൾ ചേർന്ന് ഒരു വന്മതിൽ നിർമിച്ചുകൊണ്ടിരിക്കുകയാണ്. കിഴക്ക് ഇന്ത്യൻ മഹാസമുദ്രം മുതൽ പടിഞ്ഞാറ് അത്ലാന്റിക് മഹാസമുദ്രംവരെ നീണ്ടുകിടക്കുന്ന ഈ മതിൽ സഹാറ മരുഭൂമിയുടെ തെക്കേ അതിരിൽക്കൂടി കടന്നുപോകുന്നു. പതിനൊന്നു രാജ്യങ്ങളിൽക്കൂടി 8000 കിലോമീറ്റർ നീളത്തിൽ പതിനഞ്ചുകിലോമീറ്റർ വീതിയിൽ ഉണ്ടാക്കുന്ന ഈ മതിൽ നിർമിക്കുന്നത് സിമിന്റും മണലും കല്ലുകളും ഉപയോഗിച്ചല്ല, ഒരു കോടിയിലേറെ മരത്തൈകൾ ഉപയോഗിച്ചാണ്. അനുദിനം വലുതായിക്കൊണ്ടിരിക്കുന്ന സഹാറയുടെ വളർച്ചയ്ക്ക് തടയിട്ടില്ലെങ്കിൽ ആഫ്രിക്കയിൽ ജനജീവിതം അസാധ്യമാകുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ മതിൽ നിർമാണം.
സഹാറയുടെ വളർച്ച തടയാൻ
ആഫ്രിക്കൻ യൂണിയൻ മുൻകൈ എടുത്തുള്ള ഈ മതിൽ നിർമാണം മരുഭൂവൽക്കരണത്തെ ചെറുക്കുക, കാലാവസ്ഥാമാറ്റം പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്. ഒരുനിര മരങ്ങൾ കൊണ്ടുള്ള ഒരു മറ എന്നതിൽനിന്നു മാറി ഒരു സമ്പൂർണപരിസ്ഥിതി മാനേജ്മെന്റാണ് ഇത് ലക്ഷ്യമിടുന്നത്. ലോകബാങ്ക്, ഐക്യരാഷ്ട്ര സംഘടന, ആഫ്രിക്കൻ യൂണിയൻ, ബ്രിട്ടിഷ് ബൊട്ടാണിക്കൽ ഗാർഡൻ എന്നിവരെല്ലാം ഈ പദ്ധതിയിൽ പങ്കാളികളാണ്.
വർഷങ്ങളായി വളരെക്കുറവ് മഴയും ശാസ്ത്രീയമല്ലാത്ത കൃഷിരീതികളും കന്നുകാലികളുടെ അമിതമായ മേയലും ഒക്കെക്കൂടി ആഫ്രിക്കയിലെ സഹേൽ എന്നറിയപ്പെടുന്ന മേഖല ഒരു വരണ്ട മരുപ്രദേശമായി മാറിക്കഴിഞ്ഞിരുന്നു. ആഫ്രിക്കയ്ക്ക് നെടുകെ അങ്ങോളമിങ്ങോളം മണ്ണിനു ഫലപുഷ്ടി നഷ്ടപ്പട്ടു. കൃഷിയെ ആശ്രയിച്ച് കഴിഞ്ഞിരുന്നവരുടെ ജീവിതം ദുസ്സഹമായി. മരങ്ങൾ ഇല്ലാത്ത പ്രദേശത്തു വീശുന്ന മണൽക്കാറ്റ് മണ്ണിനെ അടിച്ചുകൂട്ടി പറത്തിക്കൊണ്ടു പോകും. ഇതിങ്ങനെ പോയാൽ ഭാവി ഇരുണ്ടതാവുമെന്നുബോധ്യമായ ആഫ്രിക്കയിലെ പതിനൊന്നു രാജ്യങ്ങളിലെ നേതാക്കൾ, സഹാറയുടെ വക്കിൽ മരംകൊണ്ടൊരു മതിൽ പണിയണമെന്ന് ധാരണയിലെത്തി. പറയാൻ എളുപ്പമായിരുന്നെങ്കിലും അതിഗംഭീര അധ്വാനം വേണ്ട പരിപാടിയാണിത്.
മരം വളർന്നു മണ്ണ് കുളിർന്നു
എന്നാൽ കഠിനജീവിതം പുത്തരിയല്ലാത്ത ആഫ്രിക്കക്കാരുണ്ടോ തോൽക്കുന്നു.? അവർ പലതരത്തിലും ജലവിനിയോഗം വളരെക്കുറച്ചുവേണ്ടുന്ന മാതൃകകൾ പരീക്ഷിച്ചു, വരൾച്ചയെ അതിജീവിക്കുന്ന മരങ്ങൾ നട്ടുപരിപാലിച്ചു. മരങ്ങൾ കാറ്റിനെതടഞ്ഞു, മണ്ണൊലിപ്പും കാറ്റൊലിപ്പും കുറഞ്ഞു, അന്തരീക്ഷത്തിലും മണ്ണിലും ആർദ്രത കൂടിവന്നു. ഇലച്ചാർത്തുകൾ ഉണ്ടാക്കിയ തണലിൽ കൃഷികൾക്ക് ജലത്തിന്റെ ആവശ്യം കുറവു മതിയായിരുന്നു. മരങ്ങളിൽനിന്നു പൊഴിഞ്ഞഇലകൾ അഴുകിനിറഞ്ഞ് മണ്ണാവട്ടെ ഫലഭൂയിഷ്ടവുമായി. ഇലകൾ കമ്പോസ്റ്റായി ഉപയോഗിക്കാൻ കഴിഞ്ഞു. മരങ്ങളുടെ വേരുപടലങ്ങൾ മണ്ണിലെ ജലത്തിനെ പിടിച്ചുനിർത്തിത്തുടങ്ങിയതോടെ നേരത്തെ വറ്റിവരണ്ട കിണറുകളിൽ വീണ്ടും ജലം നിറഞ്ഞുതുടങ്ങി. മരത്തണലുകളിൽ സ്ത്രീകൾ വീണ്ടും കൃഷി ചെയ്തുതുടങ്ങി. സെനഗലിൽ ആണ് ഏറ്റവും നന്നായി ഈ പദ്ധതി നടപ്പാക്കിവരുന്നത്. അവിടെ മരങ്ങൾ നട്ടുതുടങ്ങിയതോടെ സാമ്പത്തികവ്യവസ്ഥ തന്നെ പുരോഗതിയിലേക്കു നീങ്ങിത്തുടങ്ങി. മരുവൽക്കരണത്താൽ നാടുവിടേണ്ടിവന്നവർ പതിയെ തിരികെയെത്തിത്തുടങ്ങി. മതിൽനിർമാണത്തിൽ നേരിട്ടുപങ്കെടുക്കുന്നത് അവരുടെ ജീവിതത്തെയും സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തി. 2007 -ൽ തുടങ്ങിയ ഈ പദ്ധതിക്ക് 8 ബില്ല്യൺ ഡോളർ ചിലവുവരുമെന്നാണ് കരുതുന്നത്.
തിരിച്ചുപിടിച്ചതു കോടിക്കണക്കിന് ഏക്കർ
ഒരു മതിൽ എന്നൊക്കെ വിളിക്കുന്നെങ്കിലും മതിൽ ഉണ്ടാക്കുകയൊന്നുമല്ല ഈ പദ്ധതിയുടെ ലക്ഷ്യം. മറിച്ച് ഇതുപോലുള്ള പല പദ്ധതികളെ സമന്വയിപ്പിച്ച് ഗ്രാമീണവികസനവും പ്രാദേശികസഹകരണവും മേഖലയിലെ സമ്പൂർണപാരിസ്ഥിതിക മാനേജ്മെന്റും ആണ് ഇത് വിഭാവനം ചെയ്യുന്നത്. 2007ൽ തുടങ്ങിയ പദ്ധതി പ്രകാരം ഇത്യോപ്യ മൂന്നരക്കോടി ഏക്കറോളം സ്ഥലമാണ് ഉപയോഗയോഗ്യമാക്കിയത്, ഒരുകോടി ഏക്കർ നൈജീരിയ മെച്ചപ്പെടുത്തിയപ്പോൾ സെനഗൽ ഒരുകോടിയിലേറെ മരങ്ങൾ നട്ടുപിടിപ്പിക്കുകയും തീ പടരാതെ 1500 കിലോമീറ്റർ ഫയർലൈനുകൾ ഉണ്ടാക്കുകയും ചെയ്തു. 61000 ഏക്കർ സ്ഥലം ഉപയോഗയോഗ്യവുമാക്കി. മാനുകളും മുയലുകളും തിരികെയെത്തി, 50 വർഷങ്ങൾക്കുമുൻപ് മറഞ്ഞ പക്ഷികൾ വീണ്ടും പ്രത്യക്ഷമാവാൻ തുടങ്ങി. പദ്ധതിയുടെ വെറും 15 ശതമാനം മാത്രം പൂർത്തിയായപ്പോഴുള്ള മാറ്റങ്ങളാണ് ഇവ.
ലോകമെങ്ങും നാശോന്മുഖമായ പരിസ്ഥിതിയെ തിരിച്ചുപിടിക്കാനുള്ള പദ്ധതികൾക്ക് ഇത് മാതൃകയാവുന്നുണ്ട്. സഹാറയിൽ ഇത്തരം ഒരു പ്രവൃത്തി സാധ്യമാകുമെങ്കിൽ ഇത് എവിടെയും വിജയിപ്പിക്കാനാവുമെന്ന് ഉറപ്പാണ്.
ഇതിനോട് സാമ്യമുള്ള ഒരു പരിപാടി നമ്മുടെ വയനാട്ടിലും നടപ്പിൽ വരികയാണ്. 50– 60 വർഷങ്ങൾക്കുമുൻപ് എന്തെറിഞ്ഞാലും വൻവിളവുലഭിക്കുന്ന അവസ്ഥയിൽ നിന്നു മാറി ഇന്നവിടെ എന്തുനട്ടാലും പൊടിഞ്ഞുണങ്ങിയ മണ്ണ് ഒന്നിനെയും വളരാൻ അനുവദിക്കുന്നില്ല. പൊടിക്കാറ്റടിച്ച് കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥ വന്നു. കൃഷിക്കായി വലിയതോതിൽ മരംമുറിച്ചുമാറ്റിയതും കർണാടകയിൽ നിന്നുള്ള വരണ്ടകാറ്റിനെ തടഞ്ഞിരുന്ന, കബനിനദീതീരത്തുള്ള മുളങ്കാടുകൾ വെട്ടിമാറ്റിയതുമാണ് ഈ അവസ്ഥയുടെ പ്രധാനകാരണങ്ങളെന്നു കണ്ടെത്തുകയുമുണ്ടായി. ഇപ്പോൾ വയനാട്ടിലെ മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ 42 വാർഡുകളിലായി 120 കാവുകൾ നിർമിക്കുകയാണ്. പുഴയോരങ്ങളിൽ 100 കിലോമീറ്ററോളം മുളനട്ടുപിടിപ്പിക്കുന്നു. വരണ്ടകാറ്റിനെ തടയാൻ അങ്ങനെ ഗ്രീൻ ബെൽറ്റ് ഉണ്ടാക്കുകയാണ്.

