
ഹിരോഷിമയ്ക്കു മുകളിൽ ‘വാൽനക്ഷത്രമഴ’ നടക്കാൻ പോവുകയാണ്!
നവീൻ മോഹൻ
ചുമ്മാതെ ഇങ്ങനെ മാനം നോക്കിയിരിക്കുമ്പോൾ അതാ ആകാശത്ത് ഒരു വാൽനക്ഷത്രം പാഞ്ഞുപോകുന്നു. പിന്നാലെ അടുത്തത്. പിന്നെ ചറപറ വാൽനക്ഷത്രങ്ങളുടെ പൂരം...
ഇതൊക്കെ സ്വപ്നം കാണാൻ കൊള്ളാം. നേരിട്ട് ഒരു വാൽനക്ഷത്രത്തെ കാണണമെങ്കിൽ ആകാശത്തേക്ക് എത്രനേരം ഇങ്ങനെ കണ്ണുംനട്ടു കാത്തിരിക്കണം. അഥവാ ഒരെണ്ണത്തെ കണ്ടാല്ത്തന്നെ കണ്ണടച്ചു തുറക്കും മുൻപേ സംഗതി അപ്രത്യക്ഷമായിട്ടുമുണ്ടാകും. എന്നാൽ നമ്മുടെ ആവശ്യത്തിനും വാൽനക്ഷത്രങ്ങളെ ‘ഉൽപാദിപ്പിക്കാനുള്ള’ പുതിയ പദ്ധതിയും ഗവേഷകർ തയാറാക്കിയെന്നാണു വാർത്ത. അതു വന്നിരിക്കുന്നതാകട്ടെ ജപ്പാനിൽ നിന്നും.
ലോകത്തിലെ ആദ്യത്തെ കൃത്രിമ ‘വാൽനക്ഷത്രമഴ’ സൃഷ്ടിക്കാനായി ഒരു സാറ്റലൈറ്റ് തന്നെ വിക്ഷേപിച്ചിരിക്കുകയാണ് ടോക്കിയോ ആസ്ഥാനമായുള്ള ആസ്ട്രോ ലൈവ് എക്സ്പീര്യൻസസ് (എഎൽഇ) എന്ന കമ്പനി. എപ്സിലോൺ–4 റോക്കറ്റിൽ ജപ്പാൻ ഏറോസ്പെയ്സ് എക്സ്പ്ലൊറേഷൻ ഏജൻസിയാണ് പേടകം വിക്ഷേപിച്ചത്. ഏകദേശം 500 കി.മീ. ഉയരത്തിൽ വിജയകരമായി ഇത് എത്തിക്കുകയും ചെയ്തു. പതിയെ ഇത് 400 കി.മീറ്ററിലേക്കു താഴ്ന്ന് അവിടെ നിന്നായിരിക്കും ‘വാൽനക്ഷത്രമഴ’ പെയ്യിക്കുക. അതിനു കുറച്ചുകൂടി കാത്തിരിക്കണം.
ഒരു വമ്പൻ ബാഗിന്റെ അത്രയേ വലുപ്പമുള്ളൂ ഈ പേടകത്തിന്. അതിനകത്താകട്ടെ ചെറിയ ലോഹ ഗോളങ്ങളുമുണ്ട്. ഓരോന്നിനും അര ഇഞ്ചിൽ താഴെ വ്യാസമേയുള്ളൂ വലുപ്പം. ഇവയാണു വാൽനക്ഷത്രമായി മാറുക. 400 ഗോളങ്ങളാണ് ഇപ്പോൾ ആകാശത്തുള്ളത്. ഒരു തവണ 20 എണ്ണം എന്ന കണക്കിന് 20 തവണ വാൽനക്ഷത്രമഴ പെയ്യിക്കാൻ അതു മതിയാകും.
സെക്കൻഡിൽ എട്ടു കിലോമീറ്റർ ദൂരം എന്ന കണക്കിനായിരിക്കും വാൽനക്ഷത്രം ആകാശത്തിലൂടെ പാഞ്ഞു പോവുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതോടെ ഘർഷണത്തിലൂടെ ഈ ലോഹഗോളത്തിനു തീപിടിക്കും. അതിനു സഹായിക്കുന്ന ചില രാസവസ്തുക്കളും ഗോളത്തിനകത്തുണ്ട്. അതെന്താണെന്നു മാത്രം ചോദിക്കരുത്, സംഗതി രഹസ്യമാണ്. ഭൂമിയിലിരുന്ന് നമുക്ക് ഓരോ വാൽനക്ഷത്രവും ‘ഓർഡർ’ ചെയ്യാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അതായത്, നിശ്ചിത തുക കൊടുത്തു കഴിഞ്ഞാൽ നമ്മള് പറയുന്ന സമയത്ത്, നമ്മൾ പറയുന്ന അത്രയും വാൽനക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടും.
പടക്കം വാങ്ങുന്ന പോലെ വാൽനക്ഷത്രം വാങ്ങാൻ പറ്റില്ല കേട്ടോ. സാധാരണക്കാർ അതിനെപ്പറ്റി ആലോചിക്കുക പോലും വേണ്ട. കാരണം ഓരോ വാൽനക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെടാനും കോടികളാണു നൽകേണ്ടി വരിക. കൃത്യമായ തുക കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. നിലവിൽ വാൽനക്ഷത്രമഴ പരീക്ഷിക്കാനാണു കമ്പനി പേടകം വിക്ഷേപിച്ചിരിക്കുന്നത്. അതു വിജയിച്ചാൽ അടുത്ത വർഷം ആദ്യം തന്നെ ഭൂമിയിലിരുന്ന് ‘ഓർഡർ’ കൊടുക്കുന്നതിനനുസരിച്ച് ആകാശത്ത് വാൽനക്ഷത്രം പെയ്തിറങ്ങും.
ഇടയ്ക്കിടെ ആകാശത്ത് സ്വാഭാവികമായുണ്ടാകുന്ന വാൽനക്ഷത്രങ്ങളെ നോക്കിയിരുന്നാൽ പോരേ എന്ന് ഇതുകേട്ട് ആരും ചോദിച്ചു പോകും. പക്ഷേ കമ്പനി പറയുന്നത് മറ്റൊന്നാണ്– സാധാരണ വാൽനക്ഷത്രങ്ങളേക്കാൾ തങ്ങളുടേത് കൂടുതൽ നേരം ആകാശത്തു കത്തിനിൽക്കുമെന്നതാണ് അതിലൊന്ന്. കൂടാതെ പ്രകാശവും കൂടുതലായിരിക്കും. മാത്രവുമല്ല ലോഹഗോളത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മാറുന്നതിനനുസരിച്ച് വാൽനക്ഷത്രത്തിന്റെ നിറവും മാറും. കാശെറിഞ്ഞാൽ ആകാശത്ത് ഒരു വർണമഴ തന്നെ കാണാമെന്നു ചുരുക്കം. ആദ്യത്തെ വാൽനക്ഷത്രമഴ കാണാനുള്ള ഭാഗ്യം ജപ്പാനിലുള്ളവർക്കാണ്. ഹിരോഷിമയ്ക്കു മുകളിലായിരിക്കും ആദ്യം ഈ ‘ആകാശവെടിക്കെട്ട്’ അവതരിപ്പിക്കുക. ഏകദേശം ആറു ലക്ഷത്തോളം പേർക്ക് ഈ അദ്ഭുതക്കാഴ്ച കാണാം. ഏതു ദിശയിൽ നിന്നു നോക്കിയാലും ഏകദേശം 100 കിലോമീറ്റർ പരിധിയിൽ ഈ വാൽനക്ഷത്രങ്ങളുടെ ‘പ്രകടനം’ കാണാനാകുമെന്നും കമ്പനി പറയുന്നു.