
ചന്ദ്രനിലേക്ക് തുടരെ ഉൽക്കകള് വീണു; ഗവേഷകർ അത് വിഡിയോയിലുമാക്കി!
നവീൻ മോഹൻ
‘ആദ്യമായി ചന്ദ്രനിൽ നീൽ ആംസ്ട്രോങ് കാലു കുത്തിയപ്പോൾ അവിടെയതാ കേരളത്തിൽ നിന്നുള്ള ചന്ദ്രേട്ടൻ ചായക്കട നടത്തുന്നു’ എന്നൊരു തമാശക്കഥയുണ്ട്. ലോകത്ത് എവിടെച്ചെന്നാലും അവിടെ മലയാളികൾ കാണുമെന്നതാണ് ഇതിനു പിന്നിലെ യാഥാർഥ്യം. എന്നാൽ ചന്ദ്രനിൽ ചായക്കട കണ്ടില്ലെങ്കിലും അതിലും ഗംഭീരമായ ഒരു കാഴ്ച കണ്ട് അന്തംവിട്ടിരിക്കുകയാണ് ശാസ്ത്രലോകം. രണ്ട് ഉൽക്കകൾ ചന്ദ്രനിൽ പതിക്കുന്ന കാഴ്ചയായിരുന്നു അത്. രണ്ടെണ്ണവും വന്നു പതിച്ചതാകട്ടെ 24 മണിക്കൂറിനുള്ളിലും.
ഇക്കഴിഞ്ഞ ജൂലൈ മധ്യത്തോടെയായിരുന്നു സംഭവം. ഭൂമിയിൽ നിന്നു ചന്ദ്രനു നേരെ തുറന്നുവച്ചിരിക്കുന്ന ടെലസ്കോപ്പുകളിൽ ഈ കാഴ്ച കൃത്യമായി പതിയുകയും ചെയ്തു. യൂറോപ്യൻ സ്പെയ്സ് ഏജൻസി(ഇഎസ്എ) കഴിഞ്ഞ ദിവസം അതിന്റെ വിഡിയോ പുറത്തുവിട്ടു. ഒറ്റക്കാഴ്ചയിൽ ചെറിയൊരു തീപ്പൊരി പോലുള്ള കാഴ്ചയേയുള്ളൂ. പക്ഷേ ശാസ്ത്രലോകത്ത് അത് പുതിയ കണ്ടെത്തലുകളിലേക്കുള്ള തീപ്പൊരിയാണു പടർത്തിയിരിക്കുന്നത്. ജൂലൈ 17നും 18നും ഇടയ്ക്കായിരുന്നു ചന്ദ്രനിലേക്ക് ഉൽക്കകൾ വന്നിടിച്ചത്.
ഇടയ്ക്ക് ആകാശത്ത് ഉൽക്കമഴ പെയ്യുന്നുവെന്നു കേൾക്കാറില്ലേ? ആ സമയങ്ങളിൽ സൂക്ഷിച്ചു നോക്കിയാൽ കണ്മുന്നിലൂടെ ചെറിയൊരു കൊള്ളിയാൻ മിന്നിമായുന്നതും കാണാം. അത്തരത്തിലൊരു ഉൽക്കാമഴ അടുത്തിടെ നടന്നിരുന്നു– ആൽഫാ കാപ്രിക്കോണിഡ് ഉൽക്കാവർഷം എന്നായിരുന്നു പേര്. അതിൽ നിന്നു പൊട്ടിയടർന്നു മാറിയ ഉൽക്കകളിലൊന്നാണു ചന്ദ്രനിൽ പതിച്ചത്. ആൽഫയെന്ന പേരൊക്കെ കേട്ട് ഉൽക്ക വമ്പൻ സംഗതിയാണെന്നൊന്നും വിചാരിച്ചേക്കല്ലേ. ഒരു വോൽനട്ടിനോളം വലുപ്പമേയുണ്ടായിരുന്നുള്ളൂ രണ്ട് ഉൽക്കകൾക്കും.
ഇക്കഴിഞ്ഞ ജൂലൈ 27നുണ്ടായ പോലുള്ള ഒരു ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ഈ ഉൽക്കകൾ വന്നു പതിച്ചിരുന്നതെങ്കിൽ ഭൂമിയിൽ നിന്നു നോക്കിയാൽ പോലും ഈ വെളിച്ചം കാണാമായിരുന്നു. 169പി/എൻഇഎടി എന്നറിയപ്പെടുന്ന ഛിന്നഗ്രഹത്തിന്റെ വാൽപ്രദേശത്തു കൂടെ ചന്ദ്രൻ കടന്നു പോയപ്പോഴായിരുന്നു അതിൽ നിന്നുള്ള കുഞ്ഞൻ ഉൽക്കകൾ വന്നുവീണത്. ഭൂമിയിൽ നിന്ന് ഇത്തരത്തിൽ ചന്ദ്രനിലേക്കുള്ള ഉൽക്കാവീഴ്ച കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ കണ്ണുചിമ്മിത്തുറക്കും മുൻപേ ഇതു തീരും. എങ്ങനെയാണ് ഈ ഉൽക്ക വന്നുവീഴുന്നതെന്നു തിരിച്ചറിയാനും പ്രയാസം. പക്ഷേ ഇവയുടെ വരവ് തിരിച്ചറിയാനായാൽ ഭാവിയിൽ ഭൂമിക്കു നേരെയും എങ്ങനെയെല്ലാം ഉൽക്കാഭീഷണിയുണ്ടാകുമെന്നതിനെപ്പറ്റി പഠിക്കാനാകും.
അതുകൊണ്ടാണ് സ്പെയിനിൽ മൂന്ന് വാനനിരീക്ഷണ കേന്ദ്രങ്ങളിലായി മൂൺ ഇംപാക്ട്സ് ഡിറ്റക്ഷൻ ആൻഡ് അനാലിസിസ് സിസ്റ്റം(മിഡാസ്) എന്ന സംവിധാനം ഇഎസ്എയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്. അങ്ങുദൂരെ ചന്ദ്രനിലെ ഏറ്റവും ചെറിയ ‘ഫ്ലാഷ് ലൈറ്റ്’ വരെ വ്യക്തമായി വിഡിയോയിൽ പകർത്താൻ സാധിക്കുന്ന സിസിഡി ക്യാമറകളാണ് ഇതിലുള്ളത്. സൗരയൂഥത്തിന്റെ മറ്റുഭാഗങ്ങളിലേക്കും ഉൽക്കകളുടെ വരവെങ്ങനെയാണെന്നു തിരിച്ചറിയാനും മിഡാസ് വഴിയുള്ള പഠനം കൊണ്ടു സാധിക്കും. എത്ര ഉൽക്കകൾ, എപ്പോഴൊക്കെ ചന്ദ്രനിൽ പതിച്ചു എന്നു മനസ്സിലാക്കിയാൽ ഭൂമിയിലും അത്തരത്തിൽ ഉൽക്കകൾ വരുമോയെന്നു മനസ്സിലാക്കാനും എളുപ്പം സാധിക്കും– അതിനാൽത്തന്നെ വരുംനാളുകളിൽ ഗവേഷണം ശക്തമാക്കാനാണ് വാനശാസ്ത്രജ്ഞരുടെ തീരുമാനം.