
അസ്ഥികൂടം കണ്ടു പേടിക്കല്ലേ... ഇത് പ്രേതകഥയല്ല
മൂവായിരത്തിലേറെ പ്രദർശന വസ്തുക്കളുണ്ട് ഇംഗ്ലണ്ടിലെ ‘ദ് ഹണ്ടേറിയൻ മ്യൂസിയ’ത്തിൽ. പാമ്പും പല്ലിയും ചിമ്പാൻസിയും തവളയും നീരാളിയും മാത്രമല്ല മനുഷ്യശരീരത്തിലെയും പലതരം കൗതുക കാഴ്ചകളാണ് മ്യൂസിയം നിറയെ. റോയൽ കോളജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലാണ് ഈ ‘അദ്ഭുത’ മ്യൂസിയത്തിന്റെ പ്രവർത്തനം. ഇവിടെയുള്ള എല്ലാ പ്രദർശന വസ്തുക്കളിൽ നിന്നും മാറി ഒരെണ്ണം മാത്രം ചില്ലുകൂട്ടിൽ ‘തലയുയർത്തി’ നിൽപുണ്ട്. കഴിഞ്ഞ 235 വർഷങ്ങളായി മ്യൂസിയത്തിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണിത്. ഇതിനെ കാണാനായി മാത്രം എത്തിയ പ്രശസ്ത വ്യക്തികളും ഏറെ. ചാൾസ് ബയ്ൺ എന്ന വ്യക്തിയുടെ അസ്ഥികൂടമാണത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്യക്തിയാണ് ചാൾസ്. പ്രത്യേകത മറ്റൊന്നുമല്ല– അസാധാരണമായ പൊക്കം. ‘ഐറിഷ് ഭീമൻ’ എന്നായിരുന്നു ചാൾസിന്റെ ഇരട്ടപ്പേര്.
1761ൽ ഇന്നത്തെ വടക്കൻ അയർലൻഡിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലം മുതൽക്കുതന്നെ അസാധാരണമായ പൊക്കം ശ്രദ്ധയിൽപ്പെട്ടെങ്കിലും 18 വയസ്സു തികയുന്നതോടെ വളർച്ച നിൽക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ‘അക്രോമെഗലി ഗിഗാന്റീസം’ എന്ന ശാരീരിക അവസ്ഥയായിരുന്നു ബയ്ണിന്. അസാധാരണമായ ശരീര വളർച്ചയായിരുന്നു ഇതിന്റെ പ്രത്യേകത. ഏഴടി ഏഴിഞ്ചായായിരുന്നു (2.31 മീറ്റർ) പ്രായപൂർത്തിയായതോടെ ഇദ്ദേഹത്തിന്റെ ഉയരം. ഇതുമായി ബ്രിട്ടണിലെ പലയിടത്തും അദ്ദേഹം സഞ്ചരിച്ചു. എത്തുന്നിടത്തെല്ലാം ജനം കൗതുകത്തോടെ നോക്കി ഒരു സെലിബ്രിറ്റി പരിവേഷമായിരുന്നു ചാൾസിന്. സ്വയം ഒരു പ്രദർശന വസ്തുവായി കുറേ കാശും ഇദ്ദേഹം സമ്പാദിച്ചു. എന്നാൽ 22-–ാം വയസ്സിൽ ചാൾസിനു ക്ഷയരോഗം ബാധിച്ചു. ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. അപ്പോഴാണു ജോൺ ഹണ്ടർ എന്ന ഡോക്ടർ രംഗത്തെത്തിയത്. ചാൾസിനെ സൗജന്യമായി ചികിത്സിക്കാൻ ഹണ്ടർ തയാറായിരുന്നു. പക്ഷേ മരിച്ചു കഴിഞ്ഞാൽ ആ പൊക്കക്കാരന്റെ മൃതദേഹം തനിക്കു പഠനത്തിനായി വിട്ടു നൽകണമെന്നായിരുന്നു ആവശ്യം.
അതോടെ ഭയന്നു പോയ ചാൾസ് തന്റെ കൂട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു– ഒരു കാരണവശാലും മരണശേഷം തന്റെ ശരീരം ഹണ്ടർക്കു വിട്ടു കൊടുക്കരുത്. ശരീരം കടലിൽ ഒഴുക്കണമെന്നും അല്ലെങ്കിൽ ശ്മശാനത്തിൽ നിന്നു വരെ ഹണ്ടർ മൃതദേഹം കുഴിച്ചെടുക്കുമെന്നും ചാൾസ് ഭയന്നു. 1783ൽ ചാൾസ് അന്തരിച്ചു. ഒട്ടേറെ സർജന്മാരാണ് ആ സമയത്ത് ചാൾസിന്റെ മൃതദേഹം സ്വന്തമാക്കാൻ കാത്തു നിന്നതെന്ന് അന്നു വാർത്ത വന്നിരുന്നു. എന്നാൽ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിറവേറ്റാനുള്ള ശ്രമത്തിലായിരുന്നു. ശവപ്പെട്ടിയിലാക്കി മൃതദേഹം കടൽത്തീരത്തേക്ക് അയച്ചു. എന്നാൽ പാതിവഴിയിൽ കുഴിവെട്ടുകാരനെ കാശുകൊടുത്തു പാട്ടിലാക്കി ഹണ്ടർ ആ മൃതദേഹം സ്വന്തമാക്കി. പെട്ടിയിൽ കല്ലുനിറച്ചാണ് കടലിലാഴ്ത്തിയത്. ഹണ്ടറാകട്ടെ ആ മൃതദേഹത്തിൽ നിന്ന് അസ്ഥികൂടം വേർതിരിച്ചെടുത്ത് സൂക്ഷിച്ചു. 13 വർഷം കഴിഞ്ഞപ്പോഴായിരുന്നു അദ്ദേഹം തന്റെ കയ്യിൽ ചാൾസിന്റെ അസ്ഥികൂടമുണ്ടെന്ന വിവരം പുറത്തുവിട്ടത്.
പിന്നാലെ തന്റെ കയ്യിലെ വൈദ്യശാസ്ത്ര കൗതുകങ്ങളുടെ മൊത്തം കലക്ഷൻ റോയൽ കോളജ് ഓഫ് സർജൻസിനും ഹണ്ടർ നൽകി. ഹണ്ടറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പേരിൽ മ്യൂസിയം ആരംഭിച്ചപ്പോൾ അവിടത്തെ പ്രധാന ആകർഷണവുമായി ഈ നീളൻ അസ്ഥികൂടം. രണ്ടു നൂറ്റാണ്ടു കാലത്തിനിടെ ഈ അസ്ഥികൂടത്തിൽ നടത്തിയിട്ടുള്ള പഠനങ്ങൾക്കു കണക്കില്ല. അതിനിടെയായിരുന്നു മറ്റൊരു പ്രശ്നം. ചാൾസിന്റെ ആഗ്രഹം പോലെ മൃതദേഹം കടലിലൊഴുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തു വന്നു. പക്ഷേ മ്യൂസിയം അധികൃതർ ഒന്നും മിണ്ടിയില്ല. ഒടുവിൽ കഴിഞ്ഞയാഴ്ച ഒരു വാർത്ത പുറത്തു വന്നു. ചാൾസിന്റെ ആഗ്രഹം പോലെ അദ്ദേഹത്തിന്റെ അസ്ഥി കടലിൽ ഒഴുക്കാൻ മ്യൂസിയം അധികൃതർ തയാറായിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഡിഎൻഎ വിവരങ്ങളെല്ലാം ശേഖരിച്ച് വേണമെങ്കില് അസ്ഥികൂടത്തിന്റെ പുതിയൊരു ‘പകർപ്പ്’ പോലും തയാറാക്കാനുള്ള വിവരങ്ങൾ വരെ ഇപ്പോൾ മ്യൂസിയത്തിന്റെ കയ്യിലുണ്ട്. മാത്രവുമല്ല ചാൾസിനേക്കാൾ ഉയരമുള്ളവരും വൈദ്യശാസ്ത്ര ആവശ്യത്തിനായി തങ്ങളുടെ മൃതദേഹം വിട്ടുനൽകാൻ നിലവിൽ രംഗത്തുണ്ട്. ഇനി ലോകം കാത്തിരിക്കുന്നത് ആ വാർത്തയ്ക്കു വേണ്ടിയാണ്– സ്വപ്നം കണ്ടതു പോലെ ചാൾസ് കടലിൽ അന്ത്യവിശ്രമം കൊണ്ടെന്ന വാർത്ത!