
ഈ ദ്വീപിലേക്ക് ആർക്കും എളുപ്പം പ്രവേശിക്കാനാകില്ല!
നവീൻ മോഹൻ
ഒറ്റയടിക്ക് ഉയർന്നു വന്ന ഒരു ദ്വീപ്, പക്ഷേ ഒറ്റയാളെപ്പോലും അവിടേക്ക് അനുവാദമില്ലാതെ പ്രവേശിപ്പിക്കില്ല! അങ്ങനെയൊരു സ്ഥലം അങ്ങുദൂരെ ഐസ്ലാൻഡിനോടു ചേർന്നുണ്ട്. പേര് സർട്സി. 1963 വരെ ഇങ്ങനെയൊരു ദ്വീപിനെപ്പറ്റി ഒരാളു പോലും കേട്ടിട്ടില്ലായിരുന്നു. ദ്വീപ് ആരെങ്കിലും കണ്ടുപിടിച്ചതാകാമെന്നു കരുതരുത്. വർഷങ്ങളോളം നീണ്ട ഒരു അഗ്നിപർവത സ്ഫോടനത്തിനൊടുവിൽ ഉയർന്നു വന്നതാണ് സർട്സി. അതായത്, അഗ്നിപർവതത്തിൽ നിന്നുള്ള ലാവയും ചാരവും മറ്റുമെല്ലാം കടലിൽ അടിഞ്ഞു കൂടി ഉയർന്നു വന്ന ഒന്നാന്തരം ദ്വീപ്. ഐസ്ലൻഡിന്റെ തെക്കൻ തീരത്തുള്ള ഈ ദ്വീപ് ലോകത്ത് ഏറ്റവുമധികം ‘വിലക്കപ്പെട്ട’ സ്ഥലങ്ങളിലൊന്നു കൂടിയാണ്.
കടലിന്നടിയിൽ 130 മീറ്റർ താഴെയായി ഒളിച്ചിരുന്ന അഗ്നിപർവതങ്ങളിലൊന്നാണ് ഈ ദ്വീപിന്റെ പിറവിക്കു കാരണം. ഇതിൽ നിന്നു ലാവയും ചാരവും മറ്റും മൂന്നു വർഷത്തോളം നിലയ്ക്കാതെയായിരുന്നു പുറന്തളപ്പെട്ടത്. 1963 നവംബർ 14 ആയപ്പോഴേക്കും കടലിന്നടിയിൽ നിന്നുള്ള ലാവയും ചാരവുമെല്ലാം കുന്നുകൂടി സമുദ്രജല നിരപ്പിനു മുകളിലേക്കു തലപൊക്കി. അതു പിന്നെയും വലുതായി. 1967 ജൂൺ അഞ്ചു വരെ ലാവാപ്രവാഹം തുടർന്നു. അങ്ങനെയാണ് 2.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കടലിലെ പുത്തൻ അതിഥിയായി സർട്സി എത്തിയത്.
രൂപപ്പെട്ടതിനു പിന്നാലെ ശാസ്ത്രലോകത്തിന്റെ നോട്ടം മുഴുവൻ ഈ കുഞ്ഞൻ ദ്വീപിലേക്കായിരുന്നു. ഇന്നേവരെ മനുഷ്യസ്പർശമേൽക്കാത്ത ദ്വീപ് എന്നതായിരുന്നു അതിന്റെ കൗതുകം. മാത്രവുമല്ല മനുഷ്യന്റെ ഇടപെടലൊന്നുമില്ലാതെ പ്രകൃതി തന്നെ പരുവപ്പെടുത്തിയതായിരുന്നു സർട്സി ദ്വീപ്. ആദ്യം ഇങ്ങോട്ടു വന്നത് അഗ്നിപർവതങ്ങളെപ്പറ്റി പഠിക്കുന്നവരായിരുന്നു. പിന്നെ ഭൗമശാസ്ത്രജ്ഞർ. അതിനു പിന്നാലെ സസ്യശാസ്ത്രജ്ഞർ. മനുഷ്യവാസമില്ലാത്ത ഭൂമിയിൽ എങ്ങനെയാണു സസ്യജാലങ്ങൾ വളർന്നു തുടങ്ങുന്നതെന്നു പഠിക്കാനായിരുന്നു അത്.
1965ലാണ് ദ്വീപിൽ ആദ്യമായി ഒരു ചെടി മുളയ്ക്കുന്നത്. 1967 ആയപ്പോഴേക്കും പായൽ നിറയാൻ തുടങ്ങി. ദ്വീപ് രൂപപ്പെട്ട 20 വർഷം കഴിഞ്ഞപ്പോൾ നടത്തിയ സർവേയിൽ 20 ഇനം ചെടികളാണ് ഇവിടെ കണ്ടെത്തിയത്. 2008 ആയപ്പോൾ അത് 69 ഇനമായി. വർഷത്തിൽ രണ്ടു മുതൽ അഞ്ചു വരെ എന്ന കണക്കിനു പുതിയ ചെടികൾ ദ്വീപിൽ നിറയുകയാണെന്നാണു കണക്ക്. ഇടയ്ക്കു കടൽപ്പക്ഷികളും മറ്റും വന്നിറങ്ങിയതോടെ പതിയെ ജീവജാലങ്ങളും ദ്വീപിൽ വളർന്നു തുടങ്ങി. ലാവാപ്രവാഹം അവസാനിച്ച് മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും ചില പക്ഷികൾ ഇവിടെ കൂടുകൂട്ടി. അവ കൊണ്ടു വന്ന വിത്തുകളും മുളച്ചു. 2004ലാണ് ആദ്യമായി ഇവിടെ കടൽപ്പക്ഷികൾ കൂടൊരുക്കുന്നത്. പഫിൻ പക്ഷികളായിരുന്നു അത്.
ദ്വീപിനു ചുറ്റും സീലുകളുമുണ്ട്. 1983ൽ സീലുകൾ ഇവിടെ കുഞ്ഞുങ്ങളുമായും എത്തി. നക്ഷത്രമത്സ്യങ്ങളും കടൽപ്പായലുകളുമെല്ലാം ദ്വീപിൽ നിറഞ്ഞു. 1964ൽ ആദ്യമായി പ്രാണികളുടെ സാന്നിധ്യം കണ്ടെത്തി. മൈലുകളോളം ദൂരെ നിന്നെത്തിയ പ്രാണികളെ ഉൾപ്പെടെ കണ്ടെത്തിയതോടെ ജീവശാസ്ത്രജ്ഞരും ദ്വീപിലേക്കെത്തി. പക്ഷേ വിരലിലെണ്ണാവുന്നവരെ മാത്രമേ ദ്വീപിൽ ജീവിക്കാൻ അനുവദിക്കുകയുള്ളൂ.
ഒരു കൊച്ചുവീടു മാത്രമേ ഇവിടെ താമസിക്കാനുള്ളൂ. സൗരോർജമാണ് ഉപയോഗിക്കുന്നത്. ഒരു ചെറിയ കാലാവസ്ഥാ കേന്ദ്രവും ദ്വീപിൽ പ്രവർത്തിക്കുന്നുണ്ട്. പുറമേ നിന്ന് ഒരൊറ്റ വിത്തു പോലും ദ്വീപിലേക്കു കൊണ്ടുവരാൻ അനുവദിക്കില്ല. ദ്വീപിനെ നിരീക്ഷിക്കാൻ ക്യാമറയുമുണ്ട്. സർട്സിക്കൊപ്പം മറ്റു ലാവ ദ്വീപുകളും പരിസര പ്രദേശങ്ങളില് രൂപം കൊണ്ടിരുന്നു. പക്ഷേ എല്ലാം പതിയെ ഇല്ലാതായി. തിരയടിയും മറ്റും കാരണം അൽപാൽപമായി ‘പൊക്കം’ കുറയുന്നുണ്ടെങ്കിലും 2007ൽ ഏറ്റവും ഒടുവിൽ നടത്തിയ സർവേ പ്രകാരം സർട്സിക്കു സമുദ്രജലനിരപ്പിൽ നിന്ന് 155 മീറ്റർ ഉയരമുണ്ട്. വിസ്തൃതിയാകട്ടെ ഇപ്പോൾ 1.3 ചതുരശ്ര കിലോമീറ്ററായും കുറഞ്ഞു. എന്നാൽ സർട്സി അടുത്ത നൂറു കൊല്ലത്തേക്കെങ്കിലും യാതൊരു കുഴപ്പവുമില്ലാതെ നിലനിൽക്കുമെന്നാണു ഗവേഷകർ പറയുന്നത്.