
അഭിമാനമുണ്ട്, എന്റെ മുത്തിന്റെ അമ്മയാവാൻ കഴിഞ്ഞതിൽ: ലക്ഷ്മി പ്രിയ
എത്ര നിഷ്കളങ്കരാണ് കുഞ്ഞുങ്ങൾ. ആരുടെയും സങ്കടങ്ങള്‍ അവർക്ക് സഹിക്കാൻ കഴിയണമെന്നില്ല. കുരിശിൽ തറച്ച കർത്താവിന്റെ രൂപത്തിലെ ചോരകണ്ട് സങ്കടപ്പെടുന്ന നടി ലക്ഷ്മി പ്രിയയുടെ മകൾ മാതംഗിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ താരം. കുരിശിൽ കിടക്കുന്ന യേശുവിന്റെ മുറിവുകളിൽ മരുന്നു പുരട്ടി കൊടുക്കുകയാണ് കുഞ്ഞു മാതംഗി. മകളുടെ കരുണയുടെ കഥ അച്ഛൻ ജയദേവ് ആണ് സമൂഹമാധ്യമത്തിലൂടെ പങ്കു വച്ചത്. അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിൽ അഭിമാനിക്കുന്നുവെന്നും ജയദേവ് തന്റെ കുറിപ്പിൽ പറയുന്നു.
ജയദേവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം–
എന്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത്..അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു, പിന്നെ ആ കൈകാലുകളിൽ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു, എന്നിട്ട് ബെഡ്റൂമിൽ കിടത്തി ഫാൻ ഇട്ടു ഉറക്കുകയാണിപ്പോ..അഭിമാനിക്കുന്നു അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിന്.
'അമ്മേടെ കണ്ണന് ഉമ്മ. അശരണരുടെ കണ്ണീരൊപ്പാനുള്ള മനസ്സു ഇനിയും ഉണ്ടാവട്ടെ. അമ്മയ്ക്കും അഭിമാനം. എന്റെ മുത്തിന്റെ അമ്മയാവാൻ കഴിഞ്ഞതിൽ. ഭഗവാന് നന്ദി' എന്ന് അമ്മ ലക്ഷ്മി പ്രിയയും ജയദേവിന്റെ കുറിപ്പിനു താഴെ എഴുതി.
കുഞ്ഞുങ്ങളുടെ അലിവും മറ്റുള്ളവരോടുള്ള സഹാനുഭൂതിയും ഒക്കെ പലപ്പോഴും മുതിർന്നവർക്ക് മാതൃകയാവാറുണ്ട്.