
കുഞ്ഞല്ലേ എന്നു കരുതി ഈ സ്വഭാവം അവഗണിക്കരുതേ
ലക്ഷ്മി നാരായണൻ
ബഹുജനം പലവിധം എന്ന പോലെയാണ് കുട്ടികളുടെ സ്വഭാവവും പല കുട്ടികൾക്കും പലതരത്തിലുളള സ്വഭാവ സവിശേഷതകളാണ് ഉണ്ടാകുക. ചിലർ വാശിക്കാരായിരിക്കും മറ്റു ചിലരാകട്ടെ പൂച്ചക്കുഞ്ഞിനെ പോലെ പാവം പ്രകൃതക്കാരും. വേറെ ചിലർ കുസൃതിക്കുടുക്കകളായിരിക്കും മറ്റു ചിലരാകട്ടെ മിണ്ടാപൂച്ചകളും. കൂട്ടത്തിൽ പ്രശ്നക്കാർ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അടിയുണ്ടാക്കുന്ന പ്രകൃതക്കാരാണ്. കുട്ടികളിൽ പലവിധം സ്വഭാവ സവിശേഷതകളും കാണാനാകുമെങ്കിലും ഒട്ടും പ്രോത്സാഹിപ്പിക്കാൻ കഴിയാത്തതാണ് അക്രമവാസന.
ഒരുപരിധിവരെ വീടിനുള്ളിൽ വച്ചുതന്നെ ഇത്തരം സ്വഭാവം കണ്ടെത്തി മാറ്റിയെടുക്കാൻ കഴിയും. എന്നാൽ അതിനായി അച്ഛനമ്മമാർ തന്നെ മനസ്സ് വയ്ക്കണം. എന്തെങ്കിലും കാര്യം നേടിയെടുക്കുന്നതിനായി വാശിപിടിക്കുന്ന സ്വഭാവം പിന്നീട് അച്ഛനമ്മമാരെ തല്ലുന്ന തലത്തിലേക്ക് മാറുകയാണെങ്കിൽ നാല് വയസ്സ് കാരൻ കുഞ്ഞല്ലേ എന്ന് കരുതി ക്ഷമിക്കാനും വിട്ടുകളയാനും നിൽക്കാതെ അവനെ തിരുത്തുകയാണ് വേണ്ടത്.
ആവശ്യമുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ മിക്ക കുട്ടികളും ആക്രമണത്തിന്റെ മാര്‍ഗം സ്വീകരിക്കാറുണ്ട്. ശാസ്ത്രീയമായി പറഞ്ഞാൽ നാലു വയസുവരെയുള്ള കുട്ടികളില്‍ ആണ് ഈ പ്രശ്നം പൊതുവേ കാണപ്പെടുന്നത്. മറ്റുള്ളവരെ കടിക്കുക, ഇടിക്കുക, അടിക്കുക എന്നിങ്ങനെ ഏതെങ്കിലും രീതിയിലുള്ള ആക്രമണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികൾ ഏർപ്പെടാം . കുട്ടികളിലെ ക്ഷമയില്ലായ്മയാണ് ഇതിനുളള പ്രധാന കാരണം. ഒപ്പം അക്രമത്തിലൂടെ എല്ലാം നേടിയെടുക്കാം എന്ന തെറ്റായ തിരിച്ചറിവും.
ടെലിവിഷനിലും മറ്റും കാണുന്ന അക്രമസംഭവങ്ങള്‍, അച്ഛനമ്മമാര്‍ തമ്മിലുള്ള വാക്കുതര്‍ക്കങ്ങൾ, എന്നിവയാണ് ഇതിനുള്ള ബാഹ്യ കാരണങ്ങൾ. നാം നിസ്സാരമെന്നു കരുതുന്ന പല കാര്യങ്ങളും കുട്ടികൾ സശ്രദ്ധം വീക്ഷിക്കുന്നുണ്ട് എന്ന് മനസിലാക്കണം. ഉപദേശിച്ചു നന്നാക്കുക എന്നത് ഈ പ്രായത്തിൽ ഏറെ ശ്രമകരമായ കാര്യമാണ്. എന്നിരുന്നാലും മാർഗം അതേയുള്ളൂ.
കുട്ടിയോട് ശാന്തമായി ക്ഷോഭത്തിന്റെ കാരണം എന്താണെന്നു ചോദിച്ചു മനസിലാക്കുക. ഉപദേശിച്ചിട്ടും കുട്ടി അക്രമവാസന തുടരുകയാണെങ്കില്‍ അൽപം ദേഷ്യപ്പെടുന്നതിൽ തെറ്റില്ല. എന്നാൽ എന്നിട്ടും മാറ്റമില്ല എങ്കിൽ കുട്ടിക്ക് ഹൈപ്പർ ആക്റ്റിവിസം ഉണ്ടോയെന്ന് പരിശോധിക്കണം. ചികിത്സ ആവശ്യമെങ്കിൽ അത് തേടുകയും ചെയ്യണം
Summary : Aggressiveness in early childhood