
തോറ്റു തൊപ്പിയിട്ടാലും കട്ടയ്ക്കു നിൽക്കാൻ പഠിപ്പിക്കും ഈ വിഡിയോ!
മക്കളുടെ എല്ലാ വാശിക്കും കൂട്ടുനിൽക്കുന്നവരാണോ നിങ്ങൾ? കളിയിലെ ഒരു ചെറു തോൽവി പോലും സഹിക്കാനാവാതെ തളർന്നു പോകുന്ന കുട്ടിയുടെ മാതാപിതാക്കളേ നിങ്ങൾ കാണണം ഈ വിഡിയോ. എല്ലാവരും പറയും കുട്ടികൾ വിജയം മാത്രമല്ല പരാജയവും അറിഞ്ഞു വളരണമെന്ന്. എന്നാൽ ഈ പറയുന്ന പലരും കുട്ടികളെ അങ്ങനെ പ്രാപ്തരാക്കാൻ ശ്രമിക്കാറുണ്ടോ?
മകന്റെ മൊബൈൽ ഫോൺ ഉപയോഗം കൂടിപ്പോൾ അച്ഛൻ വഴക്കു പറഞ്ഞതിന് മകൻ ആത്മഹത്യ ചെയ്ത സംഭവം അടുത്തിടെയാണ് നടന്നത്. അതുപോലെ അർജന്റീനയുടെ പരാജയം താങ്ങാനാവാതെ ജീവനൊടുക്കിയ യുവാവും നമ്മുടെ നാട്ടിൽ തന്നെയാണ്. ഈ രണ്ട് സംഭവങ്ങളും പറഞ്ഞു തരുന്നത് നമ്മുടെ യുവ തലമുറ ഒട്ടും തന്നെ തോൽക്കാൻ ഇഷ്ടപ്പെടുന്നില്ലയെന്നു തന്നെയാണ്. ചെറിയ തോൽവികൾക്കു പോലും ജീവൻ കളയാൻ തയാറാവുന്ന തലമുറ അത്ര നല്ല ഒരു സന്ദേശമല്ലേ നമുക്കു നൽകുന്നത്.
ഈ രണ്ട് സന്ദർഭങ്ങളേയും മുൻനിർത്തി അരുൺ എന്ന യുവാവിന്റെ വിഡിയോ സന്ദേശം ഓരോ മാതാപിതാക്കളും കണ്ടിരിക്കണം. തോൽക്കാനറിയാത്ത കുട്ടികളെയാണ് നിങ്ങൾ വാർത്തെടുക്കുന്നത്. കുട്ടിയുടെ കരച്ചിൽ കേൾക്കാനാവാത്തതുകൊണ്ട് അവരുടെ എല്ലാ വാശികളും നിങ്ങൾ സാധിച്ചു കൊടുക്കരുതേയന്ന് അരുണ് പറയുന്നു
പറയുന്നത് പറയുന്നത് സാധിച്ചുകൊടുക്കുന്ന, ഒരിക്കലും കുട്ടിയോട് മുഖം ഒന്നു കറുപ്പിക്കുക പോലും ചെയ്യാത്ത മാതാപിതാക്കളേ നിങ്ങൾ ചെയ്യുന്നതിന്റെ പരിണിതഫലം നാളെ നിങ്ങളുടെ കുട്ടി തന്നെയാണ് അനുഭവിക്കുന്നത്. അതുകൊണ്ട് തെറ്റുകണ്ടാൽ വഴക്കു പറഞ്ഞും തോൽവികളറിയിച്ചും അവരെ വളർത്തുക. ജയിക്കാൻ മാത്രമല്ല തോൽക്കാനും പഠിപ്പിക്കണം. തന്റെ കൊച്ചിനെ "തോറ്റു തൊപ്പിയിട്ട് എല്ലാവരും കളിയാക്കിയാലും കട്ടയ്ക്കു നിൽക്കാൻ പഠിപ്പിക്കും" എന്നു പറഞ്ഞാണ് അരുൺ വിഡിയോ അവസാനിപ്പിക്കുന്നത്.