
അനുജത്തിയുടെ സങ്കടം മാറ്റാൻ ഇൗ ചേട്ടൻ ചെയ്തത്
‘പറയാൻ അത്ര വലിയ കാര്യങ്ങളൊന്നുമില്ല. ഇത് സാധാരണമല്ലേ..’ എന്നൊക്കെ പലരും കമന്റ് ചെയ്യുന്നുണ്ടെങ്കിലും ഇൗ കുഞ്ഞുങ്ങൾ സോഷ്യൽ ലോകത്തിന്റെ മനം കവർന്നിരിക്കുന്നുവെന്ന് പറയാം. കാരണം അത്രത്തോളം കാഴ്ചക്കാരാണ് ഇൗ വിഡിയോയ്ക്ക്. പൊട്ടിക്കരഞ്ഞ അനുജത്തിയുടെ സങ്കടം മാറ്റാൻ ഇൗ ചേട്ടൻ നടത്തിയ ശ്രമമാണ് മനസ് നിറയ്ക്കുന്നത്. കുട്ടികളുടെ അമ്മയാണ് ഇൗ സ്നേഹ നിമിഷങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ബാസ്കറ്റ് കോർട്ടിൽ ബോൾ ഇടാൻ ശ്രമിക്കുകയാണ് അനുജത്തി. എന്നാൽ പന്ത് തിരികെ അവളുടെ മുഖത്ത് തന്നെ വന്നു വീണു. വേദന കൊണ്ട് കരഞ്ഞ അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുകയാണ് ഇൗ ചേട്ടൻ. അവളുടെ കരച്ചിൽ മാറാൻ ഒരു ഉമ്മയും നൽകി. പക്ഷേ അതുകൊണ്ടൊന്നും അവൾ കരച്ചിൽ നിർത്തിയില്ല.
ഒടുവിൽ ബോൾ അവളുടെ കയ്യിൽ കൊടുത്ത് അവളെ ഉയർത്തി ബോൾ കോർട്ടിൽ ഇടാൻ സഹായിക്കുകയാണ് ഇൗ ചേട്ടൻ. പന്ത് ക്വാർട്ടിൽ വീണതോടെ കരഞ്ഞുതുടത്ത മുഖത്ത് സാഹോദര്യത്തിന്റെ പുഞ്ചിരി നിറഞ്ഞു. ഇൗ പുഞ്ചിരി സോഷ്യൽ ലോകത്തിന്റെയും മനം കവർന്നതോടെ ഇരുവരും താരങ്ങളായി.