
ഈ 5 സൈറ്റുകൾ ധൈര്യമായി കുട്ടികൾക്ക് നൽകിക്കോളൂ!
പ്രായഭേദമന്യേ പുതിയ തലമുറ മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ലോകത്താണെന്ന പരാതി വ്യാപകമാണ്. നവസാങ്കേതികതയുടെ പ്രഭാവത്തിലേക്കാകർഷിക്കപ്പെടുന്ന കുട്ടികളുടെ സഞ്ചാരം തെറ്റായ വഴിയിലാണെന്നാണ് പലരുടെയും വിശ്വാസം. മാറിയ കാലത്തിന്റെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തുമ്പോൾ അതിൽ തെറ്റുപറയാനുമാകില്ല. എന്നാൽ ഇന്റർനെറ്റിനെയും നവസാങ്കേതിക വിദ്യകളെയും കുട്ടികളിൽ നിന്നും അകറ്റേണ്ടതില്ല എന്നതാണ് സത്യം. വിജ്ഞാനവും വിനോദവും ഇടകലർത്തി കുട്ടികളിൽ ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ ഇവയ്ക്കു കഴിയും. അത്തരത്തിൽ കുട്ടികൾക്കു വേണ്ടി തയാറാക്കിയ നിരവധി വെബ്സൈറ്റുകളുണ്ട്. അതിൽ പ്രധാനപ്പെട്ട അഞ്ചെണ്ണമാണ് താഴെ പരിചയപ്പെടുത്തുന്നത്. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികൾക്കായാണ് ഇവ പ്രധാനമായും ഒരുക്കിയിട്ടുള്ളത്.
1. മകോമി
ഒരു ഇന്ത്യൻ വെബ്സൈറ്റാണ് മകോമി. വിജ്ഞാനം, വിനോദം, മാകോമാഗ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുക. ഫൺ അഥവാ വിനോദത്തിൽ ചിത്രരചന, ജിഗ്സോ പസിൽ തുടങ്ങി കുട്ടികൾക്കായുള്ള ക്രിയാത്മക പ്രവർത്തനങ്ങളും ലേണിംഗ് അഥവാ വിജ്ഞാനത്തിൽ ചരിത്രവും ഭൂമി ശാസ്ത്രവുമടങ്ങുന്ന പൊതുവിജ്ഞാന കാര്യങ്ങളുമാണുള്ളത്. ചിത്രങ്ങളുടെയും ആനിമേഷന്റെയും സഹായത്താലാണ് ഇവ പരിശീലിപ്പിക്കുക. സമകാലിക സംഭവങ്ങളടങ്ങുന്ന മാകോമാഗ് ഒരു ഓൺലൈൻ മാഗസിനാണ്. വിശേഷ ദിവസങ്ങളുടെ പ്രാധാന്യവും ചരിത്രവുമുൾപ്പെടെയുള്ളവ ഇതിൽ വായിക്കാം.
2. സ്മാർട് കിറ്റ്
രസകരമായ കളികളും വിനോദമാർഗങ്ങളുമടങ്ങുന്ന വെബ്സൈറ്റാണ് സ്മാർട് കിറ്റ്. അക്രമാസക്തമായതോ മോശം ഭാഷ പ്രയോഗിക്കുന്നതോ ആയ ഒന്നും തന്നെ ഇതിലില്ല. ക്വിക് തിങ്കിങ്, ഭൗതികശാസ്ത്രം, ഗണിതം തുടങ്ങി ശാസ്ത്ര – വിനോദ സംബന്ധിയായ നിരവധി വിഭാഗങ്ങളായി ഇതിനെ തിരിച്ചിരിക്കുന്നു. ബുദ്ധി ശക്തിയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്നതിനായുള്ള നിരവധി മാർഗ്ഗങ്ങൾ ഈ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
3. ഒറിഗാമി ക്ലബ്
കടലാസ്സ് ഉപയോഗിച്ചുള്ള കൗതുക വസ്തുക്കളുടെ നിർമ്മാണമാണ് ഒറിഗാമി ക്ലബിൽ പരിശീലിപ്പിക്കുക. വിഡിയോയുടെ സഹായത്താൽ ഇവ ചെയ്തു പഠിക്കാം. കുട്ടികൾക്ക് ഏറ്റവും രസകരമായും ക്രിയാത്മകവുമായി ആസ്വദിക്കാവുന്ന വെബ്സൈറ്റാണിത്. മൃഗങ്ങളുടെയും പൂക്കളുടെയും വസ്ത്രങ്ങളുടെയുമൊക്കെ തീം ഉപയോഗിച്ചാണ് പരിശീലനം. ഒരു തീം തിരഞ്ഞെടുത്ത് അതിന്റെ ഇമേജിൽ ക്ലിക്ക് ചെയ്താൽ അവ നിർമ്മിക്കേണ്ടുന്ന വിധം പടിപടിയായി വിഡിയോയിൽ കാണാം.
4. മൈ ഹൗ ടു ഡ്രോ
ചിത്രരചന ഇഷ്ടപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള വെബ്സൈറ്റാണ് മൈ ഹൗ ടു ഡ്രോ. ഇതിൽ കാര്യങ്ങൾ മനസ്സിലാക്കാനും പിൻതുടരാനും വളരെ എളുപ്പമാണ്. ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളോ ചിത്രങ്ങളോ ഇതിലൂടെ കുട്ടികൾക്കു വരച്ചു പഠിക്കാം. വെബ്സൈറ്റിൽ കയറി ഇഷ്ടമുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ അതു വരയ്ക്കുന്ന വിധം വിഡിയോയിൽ കാണാം. ഡിസ്നി കാരക്ടേഴ്സ്, സൂപ്പർ ഹീറോസ് തുടങ്ങി നിരവധി വിഭാഗങ്ങൾ ഇതിലുണ്ട്. ഏതു ചിത്രവും വരയ്ക്കേണ്ട വിധം ഈ സൈറ്റിൽ നിന്നും പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്.
5. ദി കിഡ്സ് ഷുഡ് സീ ദിസ്
പേരു സൂചിപ്പിക്കും പോലെ കുട്ടികൾക്കു വേണ്ടുന്ന എല്ലാ വിനോദ – വിജ്ഞാന ഘടകങ്ങളും ഈ വെബ്സൈറ്റിലുണ്ട്. ഭാഷാപരവും കായികപരവും പ്രകൃതിപരവുമായ നിരവധി വിഭാഗങ്ങളായി ഇതിനെ തിരിച്ചിരിക്കുന്നു. കുട്ടികൾ അവരുടെ കഴിവുകൾ സ്വയം കണ്ടെത്തി വികസിപ്പിക്കുന്നതിന് ഏറ്റവും ഗുണകരമായ വെബ്സൈറ്റാണ് ദി കിഡ്സ് ഷുഡ് സീ ദിസ്. ഇത് കുട്ടികളുടെ ചിന്തയേയും സങ്കൽപ്പങ്ങളേയും വിസ്തൃതമാക്കും.