
കുട്ടികളുടെ മാനസികാരോഗ്യം: സൗജന്യ വെബ്ബിനാർ പരമ്പര
കൊച്ചി∙ കൊച്ചിയിലെ ഗാർഡിയൻ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ വെബ്ബിനാർ പരമ്പര ആരംഭിക്കുന്നു. ആഗോള ബ്രാൻഡും ബ്രെയിൻ ഫ്രണ്ട്ലി ലേണിങ്ങിലെ പ്രമുഖരുമായ എഡ്യൂബ്രിസ്കുമായി സഹകരിച്ച് 31 മുതൽ ജൂൺ 2 വരെയാണ് നടക്കുക. എല്ലാ ദിവസവും വൈകീട്ട് 7മുതൽ 8വരെയാണ് പരിപാടി.
നിലവിലെ സാഹചര്യത്തിൽ പഠന പ്രക്രിയ ക്ലാസ് മുറിയിൽ നിന്ന് സ്വീകരണമുറിയിലേക്ക് നീങ്ങുന്നതാണ് കാഴ്ച. അതിനാവശ്യമായ പഠന സാമഗ്രികളും സാഹചര്യങ്ങളും ഒരുക്കുന്നതിനോടൊപ്പം വീടുകളിൽ ഇരുന്ന് പഠനത്തിൽ വ്യാപൃതരാകുന്ന കുട്ടികളുടെ മാനസീകമായ ആരോഗ്യത്തിനും വളരെ പ്രാധാന്യം നൽകിയേ സാധിക്കൂ. ഈ ആശങ്കകൾ പരിഹരിക്കുന്നതിനായാണ് ഗാർഡിയൻ പബ്ലിക് സ്കൂൾ വെബ്ബിനാർ പരമ്പര സംഘടിപ്പിക്കുന്നത്. മുൻ ഡിആർഡിഒ ശാസ്ത്രജ്ഞനും, വിദ്യാഭ്യാസ വിദഗ്ദ്ധനും ബിൽഡ് (ബ്രെയിൻ യൂട്ടിലൈസേഷൻ ഇൻ ലേണിങ് ആന്റ് ഡവലപ്മെന്റ്) രീതിയുടെ സ്ഥാപകനുമായ സൈജു അരവിന്ദാണ് മുഖ്യ പ്രഭാഷകൻ. മാനസികാരോഗ്യവും വീടുകളിലെ പഠന പരിസ്ഥിതിയും, ലൈഫ് ലോങ്ങ് ലേണർ ഫോർ 21 സെഞ്ച്വറി, ഡിജിറ്റൽ ടീച്ചിങ് ലേണിങ് ഫിസിക്കൽ ആൻഡ് ഓൺലൈൻ എന്നീ വിഷയങ്ങളിലാകും ചർച്ചകൾ നടക്കുക.
ആഗോള വിദ്യാർഥി ജനസംഖ്യയുടെ 90 ശതമാനവും വരുന്ന 188 രാജ്യങ്ങളിലെ വിദ്യാലയങ്ങൾ അടച്ചതുമൂലം 1.5 ബില്യണിലധികം കുട്ടികളെയും യുവാക്കളെയും ഇത് ബാധിക്കുന്നതായി യുനിസെഫ് പറയുന്നു. വിദ്യാർഥികളുടെ മാനസിക ആരോഗ്യവുമായി സംബന്ധിച്ച ഈ വിഷയത്തെ കൃത്യമായി പരിഹരിക്കുകയാണ് ഗാർഡിയൻ സ്കൂൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് http://webinar.guardianschoolkochi.in/ സന്ദർശിക്കുക.