
കുഞ്ഞിന് സമ്മാനപ്പെരുമഴ; വൈറലായി മിറയുടെ ആ 'കുറിപ്പ്'
ബോളിവുഡ് നടൻ ഷാഹിദ് കപൂറിനും ഭാര്യ മിറ രജ്പുത്തിനും ആൺകുട്ടി പിറന്നതായിരുന്ന കഴിഞ്ഞ ദിവസങ്ങളിൽ ബോളിവുഡ് ഏറെ ആഘോഷിച്ചത്. മിറ ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം മിറയുടെ അടുത്ത സുഹൃത്തും പ്രശസ്ത സംവിധായകൻ അഭിഷേക് കപൂറിന്റെ ഭാര്യയുമായ പ്രാഗ്യാ യാദവാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഷാഹിദിന്റെയും മിറയുടെയും രണ്ടാമത്തെ കുട്ടിയാണിത്. മിഷ എന്ന രണ്ടുവയസ്സുകാരിയാണ് ഈ ദമ്പതികളുടെ ആദ്യ പൊന്നോമന.
ഷാഹിദ് കപൂറും മിറയും രണ്ടാമതും അച്ഛനമ്മമാരായ സന്തോഷവാർത്ത ആരാധകർ പങ്കുവച്ചതോടെ കുഞ്ഞുവാവയ്ക്ക് സമ്മാനങ്ങളുടെ പെരുമഴയായിരുന്നു. സെയ്ൻ കപൂർ എന്നാണ് കുഞ്ഞുവാവയുടെ പേര്. വാവയ്ക്ക് ആശംസകളറിയിച്ചവരോടും സമ്മാനങ്ങൾ അയച്ചവരോടും നന്ദി പറഞ്ഞുകൊണ്ട് മിറയുടെ ഇൻസ്ററഗ്രാം പോസ്റ്റ് വൈറലാകുകയാണ്. ആരാധകരുടെ സ്നേഹത്തിനും കരുതലിനും സ്നേഹത്തോടെയാണ് മിറ മറുപടി കുറിച്ചത്. അതോടൊപ്പം ഈ സാധനങ്ങളൊക്കെ വേണമെങ്കിൽ സ്വന്തമാക്കുവാൻ മാത്രം ഭാഗ്യമുള്ളവരാണ് തങ്ങളെന്നും നിങ്ങളുടെ ഈ സമ്മാനങ്ങൾ അത് അർഹതപ്പെട്ട കുഞ്ഞുങ്ങൾക്ക് കൊടുക്കാനും സ്നേഹത്തോടെ മിറ പറയുന്നു. മറ്റൊരു കുഞ്ഞിന്റെ ലോകം കൂടുതൽ സന്തോഷകരമാക്കാൻ ആരാധകരോട് ആവശ്യപ്പെടുകയാണ് ഈ അമ്മ.
തന്റെ കുഞ്ഞിനൊപ്പം മറ്റു കുഞ്ഞുങ്ങളേയും കരുതാനും സ്നേഹിക്കാനും മിറ കാണിച്ച ആ നല്ല മനസിനെ വാഴ്ത്തുകയാണ് ഷാഹിദിന്റേയും മിറയുടേയും ആരാധകർ. സെപ്തംമ്പർ 5ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിൽ മിറ ആൺകുഞ്ഞിന് ജന്മം നൽകിയത്. സന്തോഷവാർത്ത അറിഞ്ഞതും നിരവധി സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിലൂടെ ദമ്പതികൾക്ക് ആശംസാ പ്രവാഹം ചൊരിഞ്ഞു.
ഈ വർഷമാദ്യമാണ് തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന സന്തോഷവാർത്ത ഷാഹിദ് ആരാധകരോടു പങ്കുവച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ആ സന്തോഷവാർത്ത പുറത്തുവിട്ടത്. കളർചോക്കുകൾകൊണ്ട് വർണ്ണ ബലൂണുകൾ പറക്കുന്ന ചിത്രത്തിനരികെ മിഷ കിടക്കുന്ന ഒരു ക്യൂട്ട് ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഷാഹിദ് ആരാധകരോടത് പങ്കുവച്ചത്.