
ലോകത്തെ അത്ഭുതപ്പെടുത്തി 500 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞു വില്യം
ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് കൊച്ചു വില്യം. പിറന്നു വീഴുമ്പോൾ ദയനീയമായിരുന്നു അവന്റെ രൂപം. 23 ആഴ്ചയും അഞ്ച് ദിവസം മാത്രം വളർച്ചയുളളപ്പോളാണ് അമ്മ അനിത ഹൈമസ് കുഞ്ഞു വില്യമിനു ജൻമം നൽകിയത്. വെറും 500 ഗ്രാം മാത്രമായിരുന്നു വില്യമിന്റെ ഭാരം. മാസംതെറ്റിയുളള പ്രസവം ലോകമെമ്പാടും ചർച്ചയായി. അബോർഷൻ കാലയളവിൽ ജൻമം നൽകിയിട്ടും ലോകത്തെ അതിശയിപ്പിച്ച് പൂർണ ആരോഗ്യത്തോടെ വില്യം ഇന്ന് മാതാപിതാക്കൾക്കൊപ്പം കഴിയുന്നു.
കുഞ്ഞു വില്യമിന് ഇപ്പോൾ 16 മാസമാണ് പ്രായം. കുഞ്ഞിവിരലുകളും കുഞ്ഞിക്കാലുകളും കാഴ്ചയിൽ പോലും ഭയപ്പെടുത്തുന്നതായിരുന്നു. അതീവ ശ്രദ്ധയുളള പരിചരണമാണ് വില്യമിന് വേണ്ടിയിരുന്നത്. അരക്കിലോ ഭാരം മാത്രമുള്ള വില്യമിന് കാഴ്ചയിൽ തന്നെ ശ്വാസം നിലപ്പിക്കുന്ന രൂപമായിരുന്നു. 45 ദിവസത്തോളം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി വില്യം.
വില്യമിന്റെ ജനനം നിലവിലുളള അബോർഷൻ കാലയളവിൽ മാറ്റം വരുത്തണമെന്ന ചർച്ചകൾക്കാണ് വഴിമരുന്നിട്ടത്. 24–ാമത്തെ ആഴ്ചയിലും അബോർഷന് ആളുകൾ വിധേയരാകുന്നു. എന്നാൽ 23 ആഴ്ചയും 5 ദിവസവും പ്രായമുളളപ്പോൾ ജനിച്ച വില്യത്തിന് യാതൊരു തരത്തിലുളള ആരോഗ്യപ്രശ്നങ്ങൾ ഇപ്പോൾ ഇല്ലെന്നും മാറ്റി ചിന്തിക്കാൻ സമയമായെന്നും അമ്മ അനിത പറയുന്നു.
ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലാന്റിലുമെല്ലാം നിലവിൽ അബോർഷൻ കലാവധി 24 ആഴ്ചയാണ്. അത് പാടില്ല. രണ്ട് കുട്ടികളുടെ അമ്മയായ ഞാൻ അപ്രതീക്ഷിതമായാണ് വില്യമിനെ ഗർഭം ധരിക്കുന്നത്. മാസം തികയാതെയാണ് അവൻ പ്രസവിച്ചത്. ഒരു എലിക്കുഞ്ഞിന്റെ അത്രയും ചെറുത്. എല്ലും തോലുമായ രൂപം. അവനെ ഒന്നു തൊടാൻ പോലും ഞാൻ ഭയന്നു. എന്റെ കൈയുടെ വലുപ്പം പോലും ഇല്ലായിരുന്നു കുഞ്ഞുവില്യമിന്. അബോർഷന് കാലാവധി മാറ്റാനുള്ള പോരാട്ടം ശക്തിയാര്ജിക്കുകയാണ്.