
സ്കൂൾ വിട്ടിറങ്ങി മകൻ; കൺമുന്നിൽ ‘ഗൾഫിലുള്ള’ അച്ഛൻ
സ്കൂൾ വിട്ടിറങ്ങി മകൻ; കൺമുന്നിൽ ‘ഗൾഫിലുള്ള’ അച്ഛൻ; കണ്ണുനിറയും വിഡിയോ സ്വപ്നങ്ങൾക്ക് വേണ്ടി പാറിപ്പറക്കുമ്പോഴും പ്രവാസിയുടെ നോട്ടം എപ്പോഴും നിറകണ്ണുകളോടെ യാത്രയാക്കുന്ന പ്രിയപ്പെട്ടവരുടെ നേർക്കാണ്. കാത്തിരിക്കുന്നവരെയോർത്ത്, അവർ സമ്മാനിച്ച നല്ല ഒാർമകളിൽ പ്രവാസജീവിതത്തിന്റെ ഒറ്റപ്പെടലുകൾ അവർ മറികടക്കുന്നു. അത്തരത്തിൽ സോഷ്യൽ ലോകം നെഞ്ചേറ്റുകയാണ് ഇൗ അച്ഛനെയും മകനെയും. ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാൻ..’ എന്ന സിനിമാഗാനം പ്രവാസികളുടെ പ്രിയപ്പെട്ടതായത് ആ വരികൾ അവരുടെ ജീവിതത്തോട് അത്രയും ചേർന്ന് നിൽക്കുന്നത് കൊണ്ടും കൂടിയാണ് എന്നത് ഇൗ വിഡിയോ അടിവരയിടുന്നു.
നാട്ടിലെത്തുന്ന പ്രവാസി കൊണ്ടുവരുന്ന സമ്മാനങ്ങളെക്കാൾ വലുത് പ്രിയപ്പെട്ടവർ അവരെ നേരിൽ കാണുന്ന ആ നിമിഷത്തിനാണ്. അത്തരമൊരു കൂടിച്ചേരലിന്റെ വിഡിയോയാണ് സോഷ്യൽ ലോകത്തിന്റെ കണ്ണുനിറയ്ക്കുന്നത്. വിദേശത്തുനിന്നും അച്ഛന് വന്നത് ഇൗ മകൻ അറിഞ്ഞിട്ടില്ല. സ്കൂളിലുള്ള കുഞ്ഞു മകന് കൈയ്യോടെ സർപ്രൈസ് നൽകാൻ നേരെ സ്കൂളിലേക്ക് എത്തി അച്ഛൻ. സ്കൂളു വിട്ടിറങ്ങിയ പാടെ അപ്രതീക്ഷിതമായി അച്ഛനെ കണ്ട സന്തോഷത്തില്‍ മകൻ ഒരുനിമിഷം നിന്നുപോകുന്നുണ്ടെങ്കിലും പിന്നീട് ഓടി വന്ന് കെട്ടിപ്പിടിക്കുകയാണ്. മകനെ കണ്ട സന്തോഷത്തില്‍ അച്ഛനും അവനെ കോരിയെടുത്തുപോയി. പ്രവാസിയുടെ നാടോർമകളെ തൊട്ടുണർത്തുന്ന ആ വിഡിയോ കാണാം.