

ഇനി വ്രതശുദ്ധിയുടെ നാളുകൾ.
ഗ്രാമങ്ങളും നഗരങ്ങളും ഇനി കറുപ്പും കാവിയുമുടുത്തു ഭക്തിമയമാകും.
എല്ലാവരുടെയും ലക്ഷ്യം പൊന്നമ്പല മലയാണ്. കലികാല ദോഷം മാറാൻ
കലിയുഗവരദനെ കണ്ടു തൊഴണമെന്നാണ്.
ശബരിമല ദർശനത്തിനായി
മലയാളികളിൽ ഏറെയും മാലയിട്ട് വ്രതം തുടങ്ങുന്നത് വൃശ്ചികം ഒന്നിനാണ്.
ചെറിയകോവിലുകളിൽ മുതൽ മഹാക്ഷേത്രങ്ങളിൽ വരെ നാളെ മാലയിടാനുള്ള
തിരക്കാകും
.
ഗുരുസ്വാമിയോ ക്ഷേത്രങ്ങളിലെ ശാന്തിക്കാരോ
പൂജിച്ചാണ് മാലയിടുന്നത്. മാലകൾ ഏതുമാകാം. തുളസിയോ രുദ്രാക്ഷമോ ആണ്
ഉത്തമം. ക്ഷേത്രങ്ങൾക്ക് സമീപമുള്ള കടകളിലെല്ലാം മാലകൾ നിരന്നുകഴിഞ്ഞു.
അങ്ങാടി കടകളെല്ലാം ഇരുമുടിക്കെട്ടിനുള്ള പൂജാ സാധനങ്ങൾ വിൽക്കുന്ന
കേന്ദ്രങ്ങളായി.
ഇരുമുടിയും കറുപ്പു കച്ചയും കാവിമുണ്ടുകളും
ഭക്തന്മാർ കാണുന്ന വിധത്തിൽ കടകളിൽ പ്രദർശിപ്പിച്ചു തുടങ്ങി. മലയാളികൾ
കാവിമുണ്ടിനോട് പ്രിയം കാട്ടുമ്പോൾ കർണാടകയിലും തെലങ്കാന, ആന്ധ്ര
സംസ്ഥാനങ്ങളിൽ കറുപ്പു മുണ്ടിനാണ് പ്രിയം. തമിഴ്നാട്ടിൽ
നീലമുണ്ടുകളും.
പമ്പയിലേക്കുള്ള വഴികളിലെ ഹോട്ടലുകളെല്ലാം മുഖം
മിനുക്കി. തീർഥാടന കാലത്തേക്കു മാത്രം കിളിർക്കുന്ന കടകൾ മാടമൺ മുതൽ
ഏറെയുണ്ട്. മണ്ണാരക്കുളഞ്ഞി – പമ്പ റൂട്ടിൽ ഏറ്റവും കൂടുതൽ താത്കാലിക
കടകൾ ഉള്ളത് ളാഹയിലാണ്. എരുമേലി – പമ്പ റൂട്ടിൽ മുക്കൂട്ടുതറ, കണമല,
തുലാപ്പള്ളി, നാറാണംതോട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ താത്കാലിക കടകൾ
ഉയർന്നിട്ടുള്ളത്.
