അടുത്ത തലമുറ കംപ്യൂട്ടിങ്ങിന് എച്പി ഡ്രാഗണ്‍ഫ്‌ളൈ ഫോളിയോ ജി3

ലാപ്‌ടോപ് നിര്‍മാതാവായ എച്പിയുടെ പുതിയ ലാപ്‌ടോപ്-ടാബ്‌ലറ്റ് ഹൈബ്രിഡ് ആയ ഡ്രാഗണ്‍ഫ്‌ളൈ ഫോളിയോ ജി3 എന്തുകൊണ്ടും മികച്ചതാണ്. ഇത് വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന 13.5-ഇഞ്ച് സ്‌ക്രീനുള്ള ഹൈബ്രിഡ് ഉപകരണമാണ്. ഇതിലെ വിജാഗിരി (hinge) ഉപയോഗിച്ച് സ്‌ക്രീന്‍ 360 ഡിഗ്രിയും തിരിക്കാം. കീബോഡിന് അനുസരിച്ച് വിവിധ രീതിയില്‍ സ്‌ക്രീന്‍ ക്രമീകരിക്കുകയും ചെയ്യാം.

പ്രീമിയം കംപ്യൂട്ടര്‍ വേണ്ടവര്‍ക്കാണ് ഇത് ഉചിതം

മികച്ച ഓലെഡ് സ്‌ക്രീനാണ് ഡ്രാഗണ്‍ഫ്‌ളൈ ഫോളിയോ ജി3യ്ക്ക് ഉള്ളത്. സാധാരണ മോഡലുകളെ പോലെയല്ലാതെ ഓലെഡ് ഡിസ്‌പ്ലെ ഉള്ള വേരിയന്റും ഉണ്ട്. റെസലൂഷനും തൃപ്തികരമാണ് -1,920x1,280. ഡ്രാഗണ്‍ഫ്‌ളൈ ഫോളിയോ ജി3 ഐപിഎസ് പാനലോടു കൂടിയും വാങ്ങാനാകുമെന്ന കാര്യവും മനസില്‍വയ്ക്കണം. പുതിയ ഡിസ്‌പ്ലേ ടെക്‌നോളജി വേണ്ടവര്‍ക്ക് ഓലെഡ് ഡിസ്‌പ്ലേയുള്ള വേരിയന്റും ബാറ്ററി കൂടുതല്‍ നേരം നീണ്ടുനില്‍ക്കണം എന്നുള്ളവര്‍ക്ക് ഐപിഎസ് പാനലുള്ള വേരിയന്റും തിരഞ്ഞെടുക്കാം.

കരുത്ത്

ഇന്റലിന്റെ 12 ാം തലമുറയിലെ കോര്‍ പ്രോസസറുകള്‍ക്കൊപ്പം 32 ജിബി വരെ എല്‍പിഡിഡിആര്‍5 റാമും ഉള്ള മോഡലുകള്‍ വാങ്ങാം. സ്റ്റോറേജ് ശേഷിയും ഗംഭീരമാണ്. 2ടിബി എന്‍വിഎംഇ എസ്എസ്ഡി വരെ ഉള്‍ക്കൊള്ളിക്കാം. കൂടാതെ, 8എംപി ക്യാമറ (100 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ), വൈ-ഫൈ 6ഇ, ഇരട്ട തണ്ടര്‍ബോള്‍ട്ട് 4 യുഎസ്ബി-സി പോര്‍ട്ട് തുടങ്ങി മികവുറ്റ ഫീച്ചറുകളും ധാരാളമായി നല്‍കിയിരിക്കുന്നു.

മേല്‍ ആവരണമായി ലെതറിന്റെ അനുഭവം തരുന്ന കവറും താഴെ മഗ്നീഷ്യം മെറ്റല്‍ കെയ്‌സുമാണ് ഉള്ളത്. ഏകദേശം 3.09 പൗണ്ടാണ് ഭാരം. ഓലെഡ് പാനലാണെങ്കില്‍ മുഴുവന്‍ ചാര്‍ജുള്ള ഡ്രാഗണ്‍ഫ്‌ളൈ ഫോളിയോ ജി3 മോഡല്‍ 7 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം. ഐപിഎസ് പാനലുള്ള മോഡലിന് 13 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ലഭിക്കും. മികവുറ്റ ഫീച്ചറുകളുമായി എത്തുന്ന ഡ്രാഗണ്‍ഫ്‌ളൈ ഫോളിയോ ജി3ക്ക് വില കൂടുതലാണ്. തുടക്ക വേരിയന്റിന് 2,379 ഡോളറാണ് വിലയിട്ടിരിക്കുന്നത്.