സ്റ്റുഡിയോ സമാനമായ അനുഭവത്തിന് എച്പി 34-ഇഞ്ച് ഓള്‍-ഇന്‍-വണ്‍ ഡെസ്‌ക്‌ടോപ്

കരുത്തുറ്റ ഡെസ്‌ക്‌ടോപ് കംപ്യൂട്ടര്‍ വാങ്ങണമെന്ന് ആഗ്രഹിക്കന്നവരുടെ കംപ്യൂട്ടിങ് ആവശ്യങ്ങള്‍ വേറെയാണ്. അത്തരക്കാരെ ഉദ്ദേശിച്ച് എച്പി പുറത്തിറക്കിയിരിക്കുന്ന മോഡലാണ് 34 ഇഞ്ച് ഓള്‍-ഇന്‍-വണ്‍ ഡെസ്‌ക്‌ടോപ് പിസി. വിഡിയോ കോളിങ്ങിനടക്കം സമ്പൂര്‍ണ കംപ്യൂട്ടിങ് അനുഭവം പകരാനാഗ്രഹിച്ചാണ് പുതിയ പിസി എത്തുന്നത്.

വീട്ടില്‍ സ്റ്റുഡിയോയ്ക്കു സമാനമായ അനുഭവം

വീട്ടിലും സ്റ്റുഡിയോയ്ക്കു സമാനമായ അനുഭവം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പിസി. വിശാലമായ 34-ഇഞ്ച് സ്‌ക്രീനിന്റേത് അത്യുഗ്രന്‍ (5120x2160) റെസലൂഷനാണ്. അതായത് 5കെ. ഇതില്‍ നോക്കിനിന്നാലോ? സ്‌ക്രീനിന്റെ കണ്ണെടുക്കാനാകാത്ത തരം വ്യക്തതയും വിശദാംശങ്ങള്‍ എടുത്തു കാണിക്കാനുള്ള കഴിവും കണ്ടുതന്നെ അറിയേണ്ടതാണ്.

കരുത്ത്

ഇന്ന് ഒരു പ്രീമിയം കംപ്യൂട്ടര്‍ വാങ്ങുന്നവര്‍ ആഗ്രഹിക്കുന്ന ഫീച്ചറുകളെല്ലാം തങ്ങളാലാകും വിധം ഒരുമിപ്പിക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നതെന്ന് വ്യക്തം. എച്പി 34 ഇഞ്ച് ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്‌ടോപ് പിസിക്ക് ഇന്റലിന്റെ 12-ാം തലമുറയിലെ കോര്‍ പ്രോസസറാണ് കരുത്ത്. എന്‍വിഡിയ ആര്‍ടിഎക്‌സ് 3050 ഗ്രാഫിക്‌സ് പ്രോസസര്‍, 4ടിബി വരെ സ്റ്റോറേജ്, 128 ജിബി വരെ ഡിഡിആര്‍5 റാം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ഒന്നിനും ഒരു കുറവും വന്നേക്കില്ല.

സ്റ്റുഡിയോ നിലവാരമുള്ള വിഡിയോ സ്ട്രീം ചെയ്യാം

മികച്ച വിഡിയോ സ്ട്രീമിങ് വേണമെന്ന് ആഗ്രഹമുള്ളവര്‍ക്കും മികച്ച അനുഭവം നല്‍കാനും എച്പി 34 ഇഞ്ച് ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്‌ടോപ് പിസിക്ക് സാധിച്ചേക്കും. ഇതിനായി സോഫ്റ്റ്‌വെയറും പരുവപ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇരട്ട സ്ട്രീമിങ് വിഡിയോ ഉള്ളതിനാല്‍ വിഡിയോ കോളില്‍ നിങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാക്കാന്‍ സാധിക്കും. രണ്ടാമത്തെ ക്യാമറയ്ക്ക് അധിക വില നല്‍കേണ്ടിവരും. എ്ചപി കീസ്‌റ്റോണ്‍ കറക്ഷന്‍ സോഫ്റ്റ്‌വെയര്‍ ക്യാമറാ ഫീഡില്‍ നിന്നുള്ള വിഡിയോ ഓട്ടമാറ്റിക്കായി കുറ്റമറ്റതാക്കുന്നു. തത്കാലം സ്ട്രീമിങ് നിർത്തേണ്ടിവന്നാല്‍ അതും സ്‌റ്റൈലായി തന്നെ ചെയ്യാം, അതിനാണ് എച്പി ബി റൈറ്റ് ബാക് ഫീച്ചര്‍!

ക്യാമറ

ഇഷ്ടമുള്ളിടത്തു പിടിപ്പിക്കാവുന്ന ക്യാമറയ്ക്ക് 16 എംപിയാണ് റെസലൂഷന്‍. (ഇതില്‍ പിക്‌സല്‍ ബിനിങ് നടത്തിക്കഴിയുമ്പോള്‍ അത് 4 എംപിയായി കുറയും. പക്ഷേ, വിഡിയോ കൂടുതല്‍ മികവുറ്റതായിരിക്കും. ടെംപൊറല്‍ നോയിസ് റിഡക്ഷന്‍, ഇന്‍ഫ്രാറെഡ് തുടങ്ങിയ ടെക്‌നോളജികളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മികച്ച ഓഡിയോ അനുഭവവും

ബാങ് ആന്‍ഡ് ഒലുഫ്‌സെന്‍ സ്പീക്കറുകളാണ് എച്പി 34 ഇഞ്ച് ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്‌ടോപ് പിസിക്ക് ഉള്ളത്. മുകളിലേക്ക് വച്ചിരിക്കുന്ന നാലു സ്പീക്കറുകളും ശ്രദ്ധ ആകര്‍ഷിക്കാത്ത രീതിയില്‍ പിടിപ്പിച്ചിരിക്കുന്ന നാല് ആംപ്ലിഫയറുകളും അടങ്ങുന്ന കരുത്താണ് ഓഡിയോയുടെ കാര്യത്തില്‍ നല്‍കിയിരിക്കുന്നത്. ചി വയര്‍ലെസ് ചാര്‍ജിങ് സാധ്യമായ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.