2019 നവംബറിൽ ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പേരാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്ന സാർസ് കോവ് 2 (നോവെൽ കൊറോണ വൈറസ്). ഇതു പരത്തുന്ന രോഗത്തിന്റെ പേരാണ് കോവിഡ്–19.
കൊറോണ കുടുംബത്തിൽ ഏറ്റവും പുതുതായി ജനിതകമാറ്റം സംഭവിച്ചു രൂപപ്പെട്ട സാർസ് കോവ് 2 വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 (Coronavirus disease 2019). 2019 നവംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലെ ഹ്വാനൻ സീഫൂഡ് മാർക്കറ്റിൽ പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന ഈ വൈറസിന് ആദ്യം നൽകിയ പേര് 2019 നോവെൽ കൊറോണ വൈറസ് (2019–nCov).
പൊതുവെയുള്ള ലക്ഷണങ്ങൾ–പനി, ക്ഷീണം, വരണ്ട ചുമ. ചില രോഗികൾക്ക് ദേഹവേദനയും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയും വയറിളക്കവും വരാറുണ്ട്. പതിയെപ്പതിയെയാണ് ലക്ഷണങ്ങൾ ശക്തി പ്രാപിക്കുക. ചിലർക്ക് വൈറസ് ബാധിച്ചാലും ലക്ഷണങ്ങളൊന്നും കാണിക്കില്ല, ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറില്ല. ഏകദേശം 80% പേരും പ്രത്യേക ചികിത്സയില്ലാതെ തന്നെ രോഗത്തിൽനിന്നു മുക്തി നേടും. കോവിഡ് 19 ബാധിക്കുന്ന ആറിൽ ഒരാളെന്ന കണക്കിനാണ് രോഗം ഗുരുതരമാവുകയുള്ളൂ. അത്തരക്കാർക്ക് ശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും. വയോജനങ്ങളെയും ആരോഗ്യപരമായി ദുർബലരായവരെയുമാണ് – ഹൃദയസംബന്ധമായ രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുള്ളവർ– രോഗം ഗുരുതരമായി പൊതുവെ ബാധിക്കുന്നത്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ളവർ തീർച്ചയായും വൈദ്യസഹായം തേടണം.
വൈറസ് ബാധിച്ച മറ്റുള്ളവരില് നിന്ന് രോഗം പകരാം. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്കും പകരാം. ഈ തുള്ളികൾ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളിൽ സ്പർശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക. കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ മറ്റൊരാൾ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം. രോഗബാധിതനായ ഒരാളിൽ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) ദൂരം കാത്തുസൂക്ഷിക്കണമെന്നു പറയുന്നത് ഇതിനാലാണ്.
കോവിഡ് 19 പടരുന്ന മറ്റു വഴികളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടരുകയാണ്.
ഇതുവരെയുള്ള പഠനം പ്രകാരം രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ വഴി മാത്രമാണ് രോഗം പകരുന്നത്. സ്രവമായതിനാൽ വായുവിലൂടെ അധികം സഞ്ചരിക്കാനാകാതെ വൈറസ് താഴെ പതിക്കുകയാണു ചെയ്യുക (വിശദവിവരം തൊട്ടുമുൻപത്തെ ചോദ്യത്തിന് ഉത്തരമായി ചേർത്തിട്ടുണ്ട്)
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽത്തന്നെ ലക്ഷണങ്ങൾ കാണിക്കാത്ത രോഗിയിൽ നിന്ന് കോവിഡ് 19 പകരാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ കോവിഡ് ബാധിച്ച ഒട്ടേറെ പേർ ചെറിയ ലക്ഷണങ്ങൾ മാത്രം കാണിക്കുന്ന സംഭവങ്ങളുമുണ്ട്. രോഗത്തിന്റെ തുടക്കത്തിലാണിത്. അത്തരം ഘട്ടങ്ങളിൽ, ഉദാഹരണത്തിന് ചെറിയ ചുമയും ശാരീരിക അസ്വാസ്ഥ്യങ്ങളും ഉള്ളപ്പോൾ, രോഗം പകരാം. കോവിഡ് 19 ബാധിച്ച രോഗിയിൽ നിന്ന് എത്ര ദിവസം വരെ വൈറസ് (Period of Transmission of COVID-19) പടരുമെന്നതിനെപ്പറ്റി ഡബ്ല്യുഎച്ച്ഒ ഗവേഷണം തുടരുകയാണ്.
മനുഷ്യ വിസർജ്യം വഴി കോവിഡ് 19 പകരാനുള്ള സാധ്യത വളരെ കുറവാണ്. വിസർജ്യത്തിൽ വൈറസ് കണ്ടെത്തിയേക്കാമെന്ന ഗവേഷണത്തിന്റെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ രോഗം പൊട്ടിപ്പുറപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഇതിനെ വിലയിരുത്തിയിട്ടില്ല. എങ്കിലും ഈ സാഹചര്യത്തിൽ ശുചിമുറി ഉപയോഗത്തിനു ശേഷവും ഭക്ഷണത്തിനു ശേഷവും കൈകൾ വൃത്തിയായി കഴുകി അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കോവിഡ് 19 പടരുന്ന മറ്റു വഴികളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടരുകയാണ്.
ഡബ്ല്യുഎച്ച്ഒ വെബ്സൈറ്റിലൂടെയും (https://www.who.int) ദേശീയ, പ്രാദേശിക ആരോഗ്യ വകുപ്പ് റിപ്പോർട്ടുകളിലൂടെയും അപ്ഡേറ്റായിരിക്കുക. ഒട്ടേറെ രാജ്യങ്ങളിൽ കോവിഡ് 19 ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ രോഗം പടരുന്നുമുണ്ട്. പലയിടത്തും പ്രവചിക്കാനാകാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കോവിഡ് 19 സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾ മനസ്സിലാക്കിക്കൊണ്ടേയിരിക്കുക.
രോഗം പകരാതിരിക്കാനും, പടർത്താതിരിക്കാനും ചെറിയ ചില മുൻകരുതലുകളെടുത്താൽ മതി:
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം പാലിക്കണം. ഒപ്പം താഴെപ്പറയുന്ന നിർദേശങ്ങളും:
വിഡിയോ കാണാം:
എത്രമാത്രം സാധ്യതയുണ്ട് നിങ്ങളെ കോവിഡ് 19 ബാധിക്കാനെന്നത് നിങ്ങൾ എവിടെയാണെന്നതിനെ ആശ്രയിച്ചിരിക്കും.
കൃത്യമായിപ്പറഞ്ഞാൽ നിങ്ങൾ ഇപ്പോഴുള്ള സ്ഥലത്ത് വൈറസ് പടർന്നുപിടിച്ചിട്ടുണ്ടോ എന്നതനുസരിച്ച്. ഇപ്പോഴും ലോകത്തിന്റെ മിക്ക ഭാഗത്തുള്ളവർക്കും രോഗം പകരാൻ സാധ്യത വളരെ കുറവാണ്. എന്നാൽ രോഗം അതിവേഗം പടരുന്ന സ്ഥലങ്ങൾ (നഗരങ്ങളും മറ്റു പ്രദേശങ്ങളും ഉൾപ്പെടെ) ഇപ്പോഴും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. ഇവിടങ്ങളിൽ ജീവിക്കുന്നവര്ക്കും സന്ദർശനം നടത്തുന്നവർക്കും രോഗം ബാധിക്കാൻ സാധ്യതയേറെയാണ്. കോവിഡ് 19 ബാധിച്ച ഓരോ സംഭവം റിപ്പോർട്ട് ചെയ്യുമ്പോഴും സർക്കാരും ആരോഗ്യവകുപ്പും വളരെപെട്ടെന്നാണു തുടർനടപടി സ്വീകരിക്കുന്നത്. ചിലയിടങ്ങളിലേക്ക് ഇപ്പോൾ യാത്രാനിരോധനവുമുണ്ട്. അത്തരം നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ചിലയിടത്ത് വീടിന് പുറത്തിറങ്ങരുതെന്നും ആളു കൂടുന്ന പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദേശമുണ്ട്. ഇത്തരം നിർദേശങ്ങൾ അനുസരിക്കുമ്പോൾ രോഗം ബാധിക്കാതിരിക്കാനുള്ള സാധ്യതയും കുറയുകയാണ്.
ഒട്ടേറെ രാജ്യങ്ങൾ മാതൃക കാണിച്ചതു പ്രകാരം വൈറസിനെ പ്രതിരോധിക്കാനും കോവിഡ് 19 പടരുന്നത് തടയാനും നമുക്ക് സാധിക്കും. പക്ഷേ പുതിയ ഇടങ്ങളിൽ വളരെ പെട്ടെന്നാണ് വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. എവിടേക്കെങ്കിലും പോകാൻ ആഗ്രഹിച്ചാൽ അവിടെ കോവിഡ് 19 സംബന്ധിച്ച് നിലനിൽക്കുന്ന എല്ലാ നിർദേശങ്ങളും പാലിക്കണം. ലോകത്താകമാനമുള്ള കോവിഡ് സാഹചര്യം ദിവസവും സമഗ്രമായി ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിലൂടെ പുറത്തിറക്കുന്നുണ്ട്. ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക: https://www.who.int/emergencies/diseases/novel-coronavirus-2019/situation-reports/
കോവിഡ് 19 വൈറസ് ബാധിച്ചുള്ള രോഗത്തിന്റെ കാഠിന്യം പൊതുവെ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലും കുറവാണ്. അപ്പോഴും ഈ രോഗം ഗുരുതരമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. രോഗം ബാധിക്കുന്ന അഞ്ചിൽ ഒരാൾക്കെന്ന കണക്കിന് ആശുപത്രിചികിത്സ ഉറപ്പായും വേണ്ടിവരും. അതിനാൽത്തന്നെ കോവിഡിനെപ്പറ്റി ആശങ്ക സ്വാഭാവികം.
എന്നാൽ ഈ ആശങ്കയെ, സ്വയവും മറ്റുള്ളവരെയും നമ്മുടെ സമൂഹത്തെയും സംരക്ഷിക്കാനുള്ള പ്രവൃത്തികളാക്കി മാറ്റുകയാണു വേണ്ടത്. ശ്വസനം സംബന്ധിച്ചും കൈകഴുകുന്നതിലും ദൈനംദിന ശുചിത്വം കൃത്യമായി പാലിക്കുകയെന്നതാണ് ഇതിൽ പ്രധാനം. ഒപ്പം പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളെയും യാത്രാവിലക്കുകളെയും നിരോധനങ്ങളെയും മാനിക്കുക.
കൂടുതൽ വിവരങ്ങള്ക്ക്:
https://www.who.int/emergencies/diseases/novel-coronavirus-2019/advice-for-public
എപ്രകാരമാണ് കോവിഡ് 19 ബാധിക്കുന്നതെന്നതു സംബന്ധിച്ച് ഡബ്ല്യുഎച്ച്ഒ ഗവേഷണം ഇപ്പോഴും തുടരുകയാണ്. ചില കാര്യങ്ങൾ ശ്രദ്ധിക്കുക– ദുർബലരായ വയോജനങ്ങളിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. ഹൃദയസംബന്ധമായ രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ശ്വാസകോശരോഗം, കാൻസർ തുടങ്ങിയവയുള്ളവരെയും രോഗം മറ്റുള്ളവരേക്കാൾ ഗുരുതരമായി ബാധിക്കാൻ സാധ്യതകളേറെയാണ്.
വൈറസുകൾക്കെതിരെ ആന്റിബയോട്ടിക്കുകൾ പ്രവർത്തിക്കില്ല. അവ ബാക്ടീരിയ വഴിയുള്ള അണുബാധയ്ക്കാണു ഫലപ്രദം. അതിനാൽത്തന്നെ കോവിഡ് 19 വൈറസ് പ്രതിരോധത്തിൽ ആന്റിബയോട്ടിക് ഉപയോഗിക്കില്ല. ശരീരത്തിൽ ഏതെങ്കിലും വിധത്തിൽ ബാക്ടീരിയ വഴിയുള്ള അണുബാധയുണ്ടായാൽ അതിന് ഡോക്ടറുടെ നിർദേശത്തോടെ മാത്രം ആന്റിബയോട്ടിക് ഉപയോഗിക്കാം.
കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്ന മരുന്നോ വാക്സിനോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ഇപ്പോൾ വൈറസ് ബാധിതർക്കു നൽകുന്നത്. രോഗം ഗുരുതരമാകുന്നവരെ ആശുപത്രിയിലേക്കു മാറ്റും. കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും കോവിഡ് 19 ബാധിതർക്കായി പ്രത്യേകം ഐസലേഷൻ വാർഡ് തയാറാണ്. കേരളത്തിൽ ചികിത്സയിൽ ഇരുന്നവരുൾപ്പെടെ ഭൂരിപക്ഷം പേരും രോഗത്തിൽ നിന്നു മുക്തരായിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
വാക്സിനുകളും ചില പ്രത്യേക മരുന്നുകളും പരീക്ഷണഘട്ടത്തിലാണ്. ക്ലിനിക്കൽ ട്രയലുകളിലൂടെ മാത്രമേ അവയെപ്പറ്റിയുള്ള അന്തിമഫലം പുറത്തുവിടാനാകൂ. വാക്സിനുകള്ക്കും മരുന്നുകൾക്കുമായുള്ള ഗവേഷണം ഡബ്ല്യുഎച്ച്ഒ തുടരുകയാണ്.
മുകളിൽ വിവരിച്ചതു പ്രകാരമുള്ള വ്യക്തിശുചിത്വ മാർഗങ്ങൾ പാലിക്കുക മാത്രമാണ് നിലവിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ വഴി.
ജനിതകപരമായി കോവിഡ് 19 വൈറസിനും സാർസ് (Severe Acute Respiratory Syndrome–SARS) പരത്തുന്ന വൈറസിനും ബന്ധമുണ്ട്. എന്നാൽ ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. കോവിഡ് 19 പടരുന്നതു പോലെ എളുപ്പത്തിൽ പടരുന്നതല്ല സാർസ്. പക്ഷേ സാർസ് ബാധിച്ചുള്ള മരണനിരക്ക് കൂടുതലാണ്. മരണസാധ്യതയും കൂടുതലാണ്. 2003നു ശേഷം ഇതുവരെ എവിടെയും സാർസ് റിപ്പോർട്ട് ചെയ്തിട്ടില്ല.
കോവിഡ് 19 രോഗലക്ഷണങ്ങൾ (പ്രത്യേകിച്ച് ചുമ) ഉള്ളവരും വൈറസ് ബാധിച്ചതെന്നു സംശയമുള്ളവർക്കു കൂട്ടിരിക്കുന്നവരും മാസ്ക് നിർബന്ധമായും ധരിക്കണം. ഡിസ്പോസിബിൾ മാസ്ക് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. രോഗത്തിന്റെ യാതൊരു സാഹചര്യമില്ലാതിരുന്നിട്ടും മാസ്ക് ധരിക്കുന്നത് ശരിയല്ല. കാരണം, രാജ്യാന്തരതലത്തിൽ മാസ്കിന് ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ മാസ്ക് ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. രോഗികളെ പരിചരിക്കുന്നവർ സാധാരണ മാസ്ക് ഉപയോഗിക്കരുത്, അവർ എൻ–95 മാസ്കാണ് ഉപയോഗിക്കേണ്ടത്.
വിഡിയോ കാണാം:
ആരോഗ്യ പ്രവർത്തകർ, രോഗികളെ ശുശ്രൂഷിക്കുന്നവർ, ചുമയും പനിയും പോലെ ശ്വസനസംബന്ധിയായ രോഗമുള്ളവര് എന്നിവരാണ് പ്രധാനമായും മാസ്ക് ധരിക്കുക. മാസ്ക് ധരിക്കും മുന്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകണം. ആൽക്കഹോൾ 60 ശതമാനത്തിലും കൂടുതലുള്ള ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചാലും മതി. മാസ്കില് കീറലോ ദ്വാരമോ ഉണ്ടോയെന്നു നോക്കണം. മാസ്കിന്റെ മുൻഭാഗത്ത് ഒരുകാരണവശാലും സ്പർശിക്കരുത്. മെറ്റൽ സ്ട്രിപ് ഉള്ള ഭാഗമാണ് മുകളിൽ വരേണ്ടത്. നിറം കൂടുതലുള്ള ഭാഗമായിരിക്കണം പുറമെ കാണേണ്ടത്. മാസ്ക് മുഖത്തു വയ്ക്കുമ്പോഴും അതിന്റെ മുൻഭാഗത്തു സ്പർശിക്കരുത്. മുകളിലെ മെറ്റൽ സ്ട്രിപ് ചെറുതായി അമർത്തിയാൽ മൂക്കിനെ ‘കവർ’ ചെയ്യുന്ന രീതിയിൽ വയ്ക്കാനാകും. പിന്നീട് വായും താടിയും മൂടുന്ന വിധത്തിൽ മാസ്ക് താഴേക്കു വലിക്കുക. മാസ്കിന്റെ മുൻവശത്തു തൊടാതെ ഇലാസ്റ്റിക് സ്ട്രിപ്പിൽ പിടിച്ചുവേണം മുഖത്തുനിന്നു മാറ്റേണ്ടത്. മുൻവശത്ത് രോഗാണുവിന്റെ സാന്നിധ്യമുണ്ടായേക്കാമെന്നതിനാലാണു തൊടരുതെന്നു പറയുന്നത്.
കേരളത്തിൽ വിൽക്കുന്നതരം സർജിക്കൽ മാസ്കിന് മൂന്ന് പാളികളാണുള്ളത്. ഇതിൽ പുറമേയുള്ള പച്ചനിറം കൂടിയ ഭാഗം ജലബാഷ്പത്തെ പ്രതിരോധിക്കുന്നതാണ് (water repellent). രോഗികളും മറ്റും ചുമയ്ക്കുമ്പോൾ പുറത്തേക്കു തെറിക്കുന്ന സ്രവം മാസ്ക് ധരിച്ചവരുടെ ശരീരത്തിനകത്തേക്കു കടക്കാതെ പ്രതിരോധിക്കുന്നത് ഈ പുറംപാളിയാണ്. വെള്ളനിറമുള്ള അകത്തെ പാളി പക്ഷേ ബാഷ്പത്തെ ആഗിരണം ചെയ്യുന്നതാണ്. അതായത് മാസ്ക് ധരിച്ചയാൾ ശ്വസിക്കുമ്പോഴും മറ്റും പുറത്തുവരുന്ന ജലാംശം ഈ ഭാഗം ആഗിരണം ചെയ്യും. ഇടയ്ക്ക് മാസ്കിൽ ഈർപ്പമുണ്ടായാൽ അത് ഉപേക്ഷിക്കണം. ഈ രണ്ടു പാളികളും പരസ്പരം കൂടിച്ചേരാതിരിക്കാൻ ഇടയ്ക്ക് ഫില്ട്ടറുമുണ്ട്. ഉപയോഗിച്ച മാസ്ക് പുറത്ത് അധികനേരം വയ്ക്കരുത്. ഉപയോഗശേഷം മാസ്ക് അടച്ച ഒരു ബിന്നിൽ വേണം നിക്ഷേപിക്കാൻ. ബിന്നിൽ അധികനേരം വൈറസിന് നിലനില്പുണ്ടാകില്ല. മാസ്കിന്റെ മുൻവശത്ത് തൊട്ടാൽ കൈകൾ വൃത്തിയായി കഴുകാനും മറക്കരുത്.
മാസ്ക് ധരിക്കേണ്ടതെങ്ങനെ?. വിഡിയോ കാണാം:
വൈറസ് വ്യക്തിയെ ബാധിച്ചതിനും രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിനും ഇടയിലുള്ള സമയമാണ് ഇൻക്യുബേഷൻ പീരിയഡ്. കോവിഡ് 19 ബാധിച്ച് 5 ദിവസത്തിനകം ലക്ഷണങ്ങൾ കാണിക്കുമെന്നാണ് നിലവിലെ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ 1 മുതൽ 14 ദിവസം വരെയെടുക്കാം ലക്ഷണങ്ങൾ കാണിക്കാനെന്നും ഗവേഷകർ പറയുന്നു. 1–14 ദിവസം, അതാണ് കോവിഡ് 19 വൈറസിന്റെ ഇൻക്യുബേഷന് സമയം. കൃത്യമായ സമയം ഗവേഷണം പൂർത്തിയാക്കുന്നതിനനുസരിച്ച് ഡബ്ല്യുഎച്ച്ഒ അപ്ഡേറ്റ് ചെയ്യും.
മൃഗങ്ങളിൽ സാധാരണയായി കാണപ്പെടുന്നവയാണ് കൊറോണ വൈറസുകൾ. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് വൈറസ് പകരാറുണ്ട്, മനുഷ്യരിൽനിന്നു മറ്റു മനുഷ്യരിലേക്കും പകരും. ഉദാഹരണത്തിന് സാർസ് കൊറോണ വൈറസ് വെരുകില് നിന്നും മെർസ് വൈറസ് ഒട്ടകങ്ങളിൽ നിന്നും മനുഷ്യരിലേക്കു കടന്നുവെന്നാണ് കണ്ടെത്തിയത്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് കാട്ടുമൃഗങ്ങളെ ഉൾപ്പെടെ വിൽപനയ്ക്കെത്തിക്കുന്ന ചൈനയിലെ വുഹാനിലുള്ള ഹ്വാനൻ മാംസ മാർക്കറ്റിൽ നിന്നാണെന്നാണു കരുതുന്നത്. അതിനാൽത്തന്നെ കോവിഡ് 19 മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകർന്നതാകാമെന്നതിനെ തള്ളിക്കളയാനാകില്ല.
ഈ സാഹചര്യത്തിൽ മാംസച്ചന്തകൾ (ജീവനുള്ള മൃഗങ്ങളെ വിൽക്കുന്നയിടങ്ങളിൽ പ്രത്യേകിച്ച്) സന്ദർശിക്കുമ്പോള് മൃഗങ്ങളെ സ്പർശിക്കാതിരിക്കുക, അവയുമായി ബന്ധപ്പെട്ട പ്രതലങ്ങളും ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ പരമാവധി ശുചിത്വം പാലിക്കുക. ഇറച്ചി, പാൽ, മൃഗങ്ങളുടെ ശരീരഭാഗങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശുചിത്വം പാലിക്കുക, കൈകൾ വൃത്തിയാക്കി സൂക്ഷിക്കുക. മാംസം മുറിക്കാനും പച്ചക്കറികൾ മുറിക്കാനും ഒരേ കത്തികളും പ്രതലവും ഉപയോഗിക്കാതിരിക്കുക. പച്ചയ്ക്കോ പാതിവേവിച്ചതോ ആയ മൃഗ സംബന്ധിയായ ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കുക. മാംസം കൃത്യമായി വേവിച്ചു മാത്രം ഉപയോഗിക്കുക. രോഗം ബാധിച്ചു ചത്ത മൃഗങ്ങളുടെ ഇറച്ചി കഴിക്കാതിരിക്കുക.
ഇല്ല. പൂച്ച, നായ പോലുള്ള മൃഗങ്ങളെ കോവിഡ് 19 വൈറസ് ബാധിച്ചതായോ അവയിൽനിന്നു മനുഷ്യരിലേക്കു രോഗം പടർന്നതായോ കണ്ടെത്തിയിട്ടില്ല. പക്ഷേ വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്ത ശേഷം വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. വളർത്തുമൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന സാൽമൊണെല്ല, ഇ കോളൈ പോലുള്ള ബാക്ടീരിയകളിൽ നിന്നു രക്ഷനേടാൻ ഇതു സഹായിക്കും.
കോവിഡ് 19 വൈറസ് വിവിധ പ്രതലങ്ങളിൽ എത്രകാലം വരെ സജീവമായിരിക്കുമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷേ അക്കാര്യത്തിൽ മറ്റു കൊറോണ വൈറസുകൾക്കു സമാനമാണ് കോവിഡെന്നാണ് ഗവേഷകരുടെ നിഗമനം. വിവിധ പഠനങ്ങൾ അനുസരിച്ച് കോവിഡ് 19നും മറ്റു കൊറോണ വൈറസുകളും ഏതാനും മണിക്കൂറുകൾ മുതൽ ഏതാനും ദിവസങ്ങൾ വരെ വിവിധ പ്രതലങ്ങളിൽ സജീവമായി തുടരും. പക്ഷേ വിവിധ സാഹചര്യങ്ങളനുസരിച്ച് (ഏതുതരം പ്രതലം, താപനില, ഹ്യുമിഡിറ്റി തുടങ്ങിയവ) അതിലും മാറ്റം വരാം.
ഏതെങ്കിലും പ്രതലത്തിൽ വൈറസ് ബാധയുണ്ടെന്നു സംശയം തോന്നിയാൽ അവിടം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. ബ്ലീച്ച് സൊല്യൂഷനും ഇതിനായി ഉപയോഗിക്കാം. ഒരു ഗാലൻ (3.78 ലീറ്റർ) വെള്ളത്തിന്റെ മൂന്നിലൊന്ന് ബ്ലീച്ച് സൊല്യൂഷൻ ചേർത്ത് ഉപയോഗിക്കാം. പ്രതലങ്ങൾ വൃത്തിയാക്കിയ ശേഷം കയ്യും ശുചിയായി സൂക്ഷിക്കാൻ മറക്കരുത്.
കോവിഡ് 19 റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് അയയ്ക്കുന്ന വസ്തുക്കളിലേക്ക് രോഗബാധിതരിൽനിന്ന് വൈറസ് എത്താൻ സാധ്യത വളരെ കുറവാണ്. പലയിടത്തേക്കായി മാറ്റി, സഞ്ചരിച്ച്, വിവിധ സാഹചര്യങ്ങളിലൂടെയും കാലാവസ്ഥയിലൂടെയും താപനിലയിലൂടെയും കടന്ന് എത്തുന്ന പാക്കേജ് വഴി വൈറസെത്താന് അതിനേക്കാളും സാധ്യത കുറവാണ്.
കൊറോണയെ പ്രതിരോധിക്കാനുള്ള വഴിയെന്ന പേരിൽ പല സമൂഹമാധ്യമ സന്ദേശങ്ങളും പോസ്റ്റുകളും പരക്കുന്നുണ്ട്. താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് മാറിനിൽക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെടുന്നു:
പ്രചാരണം നുണയാണ്. ചൂടുവെള്ളം കുടിയ്ക്കുന്നതുകൊണ്ട് കോവിഡ് 19 ഭേദപ്പെടില്ല. എന്നാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. അതുവഴി കോവിഡ് 19 വൈറസിനെ നശിപ്പിക്കാനാകില്ലെന്നു മാത്രം.
വ്യാജപ്രചാരണമാണിത്. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 മറ്റുള്ളവരിലേക്കു പകരുന്നതുതന്നെ. മേൽപ്പറഞ്ഞ തരത്തില് സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വ്യാജസന്ദേശങ്ങൾ വിശ്വസിക്കാതിരിക്കുക.
തണുത്ത കാലാവസ്ഥയിൽ കോവിഡ് 19 വെറസ് വേഗം പടരുമെന്ന പ്രചാരണത്തിന് ഉപോദ്ബലകമായ തെളിവുകളൊന്നു ഇതുവരെ ലഭിച്ചിട്ടില്ല. പുറത്ത് എന്തു കാലാവസ്ഥയായാലും മനുഷ്യ ശരീരോഷ്മാവ് പൊതുവെ 36.5 മുതൽ 37 ഡിഗ്രി സെൽഷ്യസായി തുടരുകയാണ് ചെയ്യുക. വ്യക്തിശുചിത്വം പാലിക്കുകയെന്നതാണ് കൊറോണയെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള പ്രധാന പോംവഴികളിലൊന്ന്.
ചൂടുവെള്ളത്തിൽ കുളിച്ചാലും കോവിഡ് 19 ബാധിക്കും. ഏതുവെള്ളത്തിൽ കുളിച്ചാലും മനുഷ്യ ശരീരോഷ്മാവ് പൊതുവെ 36.5 മുതൽ 37 ഡിഗ്രി സെൽഷ്യസായി തുടരുകയാണ് ചെയ്യുക. അതേസമയം ചൂടുകാലത്ത് വളരെയേറെ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിനു ഹാനികരവുമാണ്. വ്യക്തിശുചിത്വം പാലിക്കുകയെന്നതാണ് കൊറോണയെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള പ്രധാന പോംവഴികളിലൊന്ന്.
പ്രതലങ്ങളുടെ സ്വഭാവമനുസരിച്ച് കോവിഡ് 19 വൈറസ് ഏതാനും മണിക്കൂറുകളും ചിലപ്പോൾ ഏതാനും ദിവസങ്ങളോളവും അവയിൽ സജീവമായി തുടരാം. എന്നാൽ കോവിഡ് 19 റിപ്പോർട്ട് ചെയ്ത ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അയയ്ക്കുന്ന വസ്തുക്കളിലേക്ക് രോഗബാധിതരിൽനിന്ന് വൈറസ് എത്താൻ സാധ്യത വളരെ കുറവാണ്. പലയിടത്തേക്കായി മാറ്റി, സഞ്ചരിച്ച്, വിവിധ സാഹചര്യങ്ങളിലൂടെയും കാലാവസ്ഥയിലൂടെയും താപനിലയിലൂടെയും കടന്ന് എത്തുന്ന പാക്കേജുകളിൽ നിന്ന് മറ്റുള്ളവരിലേക്കു വൈറസെത്താനും സാധ്യത വളരെ കുറവ്. ഏതെങ്കിലും പ്രതലത്തിൽ രോഗാണുബാധയുണ്ടെന്നു സംശയം തോന്നിയാൽ അണുനാശിനി ഉപയോഗിച്ച് അതു വൃത്തിയാക്കുക. അതിനുശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകാനും മറക്കരുത്.
കൊതുകുകളിലൂടെ കോവിഡ് 19 പകരുമെന്നതു സംബന്ധിച്ച് ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 മറ്റുള്ളവരിലേക്കു പകരുന്നത്.
ഹാൻഡ് ഡ്രയർ ഉപയോഗിച്ച് കോവിഡ് 19 വൈറസിനെ നശിപ്പിക്കാനാകില്ല. സോപ്പും വെള്ളവും ഉപയോഗിച്ചോ 60% വരെ ആൽക്കഹോൾ ഉള്ള സാനിട്ടൈസർ ഉപയോഗിച്ചോ കൈകഴുകിയാൽ മാത്രമേ കാര്യമുള്ളൂ. അതിനു ശേഷം ടിഷ്യൂ കൊണ്ടോ Warm എയർ ഡ്രയർ കൊണ്ടോ കൈകൾ ഉണക്കുക.
അൾട്രാവയലറ്റ് ഡിസ്ഇൻഫെക്ഷൻ ലാംപ് ഉപയോഗിച്ച് കൈകളോ മറ്റു ഭാഗങ്ങളോ അണുവിമുക്തമാക്കരുത്. ചർമത്തിന് അസ്വസ്ഥയുണ്ടാകാനുൾപ്പെടെ കാരണമാകും.
ശരീരോഷ്മാവിനേക്കാൾ കൂടുതൽ ടെംപറേച്ചർ ഉള്ളവരെയും കോവിഡ് 19 വൈറസ് ബാധിച്ചതിനെത്തുടർന്നുണ്ടായ പനി ബാധിച്ചവരെയും എളുപ്പം തിരിച്ചറിയാൻ തെർമൽ സ്കാനറുകൾ വഴി സാധിക്കും. കോവിഡ് 19 ബാധിച്ചാലും പലരിലും പനി പോലുള്ള രോഗലക്ഷണങ്ങൾ കാണാറില്ല. വൈറസ് ബാധിച്ച് ലക്ഷണങ്ങൾ കാണിക്കാൻ 2 മുതൽ 10 ദിവസം വരെയാകും. അത്തരക്കാരെ തിരിച്ചറിയാൻ തെർമൽ സ്കാനറുകൾക്കാവില്ല.
ശരീരത്തിനകത്തേക്ക് വൈറസ് പ്രവേശിച്ചിട്ടുണ്ടെങ്കിൽ പിന്നെ ശരീരമാകെ ആൽക്കഹോളോ ക്ലോറിനോ സ്പ്രേ ചെയ്തിട്ടു കാര്യമില്ല. അത്തരം വസ്തുക്കൾ ശരീരത്തിലേക്ക് സ്പ്രേ ചെയ്യുന്നത് വസ്ത്രത്തിനും വായ്ക്കും കണ്ണുകൾക്കുമെല്ലാം ദോഷകരവുമാണ്. വിവിധ പ്രതലങ്ങളിലെ അണുനശീകരണത്തിനാണ് ആൽക്കഹോളും ക്ലോറിനും ഉപയോഗിക്കുക പതിവ്, അതും കൃത്യമായ മാർഗനിർദേശം ലഭിച്ചാൽ മാത്രം.
അല്ല. കോവിഡ് 19 വൈറസിനെതിരെ ന്യുമോണിയ വാക്സിനുകളായ pneumococcal വാക്സിൻ, Haemophilus influenza type B (Hib) വാക്സിൻ എന്നിവയുൾപ്പെടെ ഫലപ്രദമല്ല. ജനിതകപരമായി പുത്തൻ സ്വഭാവങ്ങളുള്ള, മറ്റു വൈറസുകളിൽ നിന്നു തികച്ചും വ്യത്യസ്തമായതാണ് കോവിഡ് 19. അവയെ പ്രതിരോധിക്കാൻ വേണ്ടി മാത്രമായി ഒരു വാക്സിൻ തയാറാക്കേണ്ടതുണ്ട്. മേൽപ്പറഞ്ഞ വാക്സിനുകളൊന്നും കോവിഡ് 19ന് ഫലപ്രദമല്ലെങ്കിലും ശ്വാസകോശപരമായ രോഗങ്ങൾ പ്രതിരോധിക്കാനുള്ള വാക്സിനുകളെടുക്കുന്നത് ആരോഗ്യത്തിനു സംരക്ഷണം നൽകും.
ഇല്ല. ഉപ്പുലായനി ഉപയോഗിച്ച് മൂക്ക് തുടച്ചാലും കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനാകില്ല. സാധാരണ ജലദോഷം ബാധിക്കുന്നവർ മൂക്കിന് ഉൾവശം ഉപ്പുലായനികൊണ്ടു തുടച്ചാൽ പെട്ടെന്ന് രോഗം ഭേദമാകുന്നതിനു വളരെ പരിമിതമായ തെളിവുണ്ട്. പക്ഷേ ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ മാറുന്നതിന് മൂക്ക് സ്ഥിരമായി കഴുകുന്നതുകൊണ്ടൊന്നും കാര്യമില്ല.
ഇല്ല. ശരീരത്തിലെ ഹാനികാരകങ്ങളായ ചില സൂക്ഷ്മാണുക്കളെ ഇല്ലാതാക്കാനുള്ള ആന്റിമൈക്രോബിയൽ ഗുണമുണ്ട് വെളുത്തുള്ളിക്ക്. ആരോഗ്യകരമായ ഭക്ഷ്യവസ്തുവുമാണത്. പക്ഷേ വെളുത്തുള്ളി കഴിച്ചാൽ കോവിഡ് 19നെ പ്രതിരോധിക്കാന് സാധിക്കുമെന്ന വാദത്തിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.
കുട്ടികൾ മുതൽ വയോജനങ്ങൾ വരെ എല്ലാ പ്രായത്തിൽപ്പെട്ടവരെയും ബാധിക്കുന്നതാണ് കോവിഡ് 19. ഗർഭസ്ഥ ശിശുവിനെ വരെ വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. വയോജനങ്ങളെയും ആസ്ത്മ, പ്രമേഹം, ഉയർന്ന രക്തസമ്മർദം. ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചു ശരീരം ക്ഷീണിച്ചവരെയും കോവിഡ് 19 ബാധിക്കുമ്പോൾ പ്രശ്നം ഗുരുതരമാകാൻ സാധ്യതയുണ്ടെന്നു മാത്രം.
കോവിഡ് 19 വൈറസിന്റെ വ്യാസം 0.12 മൈക്രോൺസ് മാത്രമാണ്. സാധാരണ സർജിക്കൽ മാസ്കിന്റെ ദ്വാരങ്ങൾക്ക് 2–10 മൈക്രോൺസാണു വ്യാസം. അതിനാൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ, ദ്വാരങ്ങളുടെ വ്യാസം 0.3 മൈക്രോൺസുള്ള എൻ 95 മാസ്ക് ധരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരും അവർക്കൊപ്പം വീട്ടിലോ ആശുപത്രിയിലോ കഴിയുന്നവരും എൻ95 മാസ്ക് നിർബന്ധമായും ധരിക്കണം. രോഗഭീഷണി സാഹചര്യമില്ലാത്തവർ മാസ്ക് ഉപയോഗിക്കേണ്ടതില്ല.
പ്രചാരണം തെറ്റാണ്. ഇന്നേവരെ ഒരു മെഡിക്കൽ വിഭാഗത്തിനു കീഴിലും കോവിഡ് 19 വൈറസിന് മരുന്നോ വാക്സിനോ കണ്ടുപിടിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
തായ്വാൻ വിദഗ്ധർ നടത്തിയതെന്നു പറയുന്ന ഇത്തരമൊരു പ്രചാരണം വ്യാജമാണ്. വൈറസ് ബാധയേറ്റെന്നുസംശയിക്കുന്നവരുടെ സ്രവ പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാനാവുകയുള്ളൂ.
വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 പകരുന്നത്. അതിന് തണുത്ത ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുന്നതുമായി യാതൊരു ബന്ധവുമില്ല. ഐസ്ക്രീം കഴിക്കാതിരുന്നാലും വൈറസ് ശരീരത്തിലേക്കെത്തും.
വൈറസിനെ നശിപ്പിക്കാൻ മദ്യത്തിനു സാധിക്കില്ല. ഈഥൈൽ ആൾക്കഹോൾ, മീഥൈൽ ആൽക്കഹോൾ എന്നിവ അമിതമായ ശരീരത്തിലെത്തിയാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുുകയാണു ചെയ്യുക. 60 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ കണ്ടന്റുള്ള ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയാൽ വൈറസിനെ ഒരളവു വരെ പ്രതിരോധിക്കാം. പക്ഷേ പൂർണമായും അതും സുരക്ഷിത മാർഗമല്ല.
രോഗസാധ്യതയുള്ള മേഖലയിൽനിന്നു വന്നവരുമായി യാത്രയിൽ ഇടപഴകിയിട്ടുണ്ടെങ്കിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതാണു നല്ലത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണു യാത്ര ചെയ്യുന്നതെങ്കിൽ അവർ രോഗികളുമായി ഇടപഴകിയിട്ടുള്ളതിനാൽ രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നതാണു നല്ലത്. എല്ലാ യാത്രക്കാരും നിരീക്ഷണത്തിൽ കഴിയേണ്ടതില്ല. ട്രെയിനിലും ബസുകളിലും നടത്തുന്ന പരിശോധനയുമായി സഹകരിക്കുക. രോഗലക്ഷണങ്ങളുള്ളവരും സാധ്യതയുള്ളവരും പരമാവധി പൊതുഗതാഗതസംവിധാനങ്ങൾ ഒഴിവാക്കണം.
വളരെയേറെ ജാഗ്രത പാലിക്കണം. യാത്രക്കാരുമായി സുരക്ഷിതമായ അകലം പാലിക്കാൻ ശ്രമിക്കുക. ഇടയ്ക്കിടെ കൈ കഴുകുക.
സാധ്യതയുണ്ട്. ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് ഇവ വൃത്തിയാക്കണം.
ഇത്തരം രോഗികൾ ഷുഗർ ലെവൽ പതിവായി പരിശോധിക്കണം. പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവരുമായി അധികം ഇടപെടാതിരിക്കുക. കഴിയുന്നതും വീട്ടിൽ ക്വാറന്റീൻ അവസ്ഥയിൽ കഴിയുകയാണു നല്ലത്.
പൊതുസ്ഥലങ്ങളിൽ പരസ്പരം അടുത്തിടപഴകാതെ 1 മീറ്ററെങ്കിലും അകലം പാലിക്കുക. സ്പർശനം കഴിയാവുന്നത്ര ഒഴിവാക്കുക. ഇതിലൂടെ രോഗം പകരുന്നത് ഒരു പരിധി വരെ ഒഴിവാക്കാം.
ഹാൻഡ്വാഷ് ഉപയോഗിച്ചു കൈ കഴുകുന്നതു ഫലപ്രദമാണ്. സാനിറ്റൈസറുകൾ തന്നെ വേണമെന്നില്ല.
എടിഎമ്മുകൾ വഴി രോഗം പകരാൻ സാധ്യതയുണ്ട്. ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, എടിഎമ്മുകളിൽ പോകുന്നതു കഴിയുന്നത്ര കുറയ്ക്കാം.
രോഗലക്ഷണങ്ങൾ ഉള്ളവർ വീടിനുള്ളിൽ പ്രത്യേക മുറിക്കുള്ളിൽ തന്നെ കഴിയണം. എയർകണ്ടിഷനിങ് ഇല്ലാത്ത റൂമുകളാണ് ഉചിതം. അവരെ പരിചരിക്കാൻ മാത്രം ഒരാളെ നിയോഗിക്കണം. ഇവർ മാസ്ക്കും കയ്യുറകളും ധരിച്ചു വേണം പരിചരണം നടത്താൻ. നിരീക്ഷണത്തിലുള്ളവരെ ഓരോ തവണ സന്ദർശിക്കുമ്പോഴും പ്രത്യേക മാസ്ക് ധരിക്കണം. സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചു കൈകൾ നന്നായി കഴുകണം. ഉപയോഗിച്ചു കഴിയുന്ന മാസ്ക്കുകൾ വലിച്ചെറിയാതെ പ്രത്യേക കവറുകളിലാക്കി സൂക്ഷിച്ചു നശിപ്പിക്കണം.
വിദേശത്തുനിന്ന് വരുന്നയാൾ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരായെന്ന് ഉറപ്പാക്കണം. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നാണു വരുന്നതെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ബന്ധുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്കു കൂടുതൽ ആളുകൾ പോകരുത്. പോകുന്നയാൾ മാസ്ക് ധരിക്കുന്നതും കാറിൽ എസി ഇല്ലാതെ യാത്ര ചെയ്യുന്നതുമാണു നല്ലത്. രോഗ ലക്ഷണങ്ങൾ ഉള്ളവരെ വിമാനത്താവളത്തിൽ നിന്നു നേരെ വീട്ടിലേക്ക് എത്തിക്കുക. ഇടയ്ക്കു ഹോട്ടലുകളിലും മറ്റും ഇറങ്ങരുത്.
കോവിഡിനെ പേടിക്കേണ്ടതില്ല. പക്ഷേ, വലിയ ജാഗ്രത വേണം. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് മരണനിരക്ക് 4 ശതമാനത്തിൽ താഴെയാണ്. പക്ഷേ, കൊറോണ വൈറസിന്റെ വ്യാപനം വളരെ വേഗത്തിലാണെന്നതു വെല്ലുവിളിയാണ്. രോഗം വരുന്നവരിൽ 80 പേരും ചികിത്സയില്ലാതെ രോഗമുക്തി നേടും. 15 ശതമാനത്തോളം പേർക്കു ന്യുമോണിയ ഉണ്ടാകും. 5 ശതമാനം പേർ മാത്രം അതീവ ഗുരുതരാവസ്ഥയിലാകും. പ്രായമായവരെയാണ് കോവിഡ് ഗുരുതരമായി ബാധിക്കുക. പ്രമേഹം, കാൻസർ, ഹൃദ്രോഗം, വൃക്ക സംബന്ധമായ രോഗം എന്നിവയുള്ളവരെ ബാധിച്ചാൽ മരണസാധ്യതയുണ്ടാകും. നമുക്കിടയിൽ ഇത്തരം രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. അവരിലേക്ക് വൈറസ് വ്യാപിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാട്ടണം.
ചുമയും തുമ്മലും ഉള്ളവർ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാത്തതാണു നല്ലത്. രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ സമീപത്തുനിന്ന് മാറിയിരിക്കാൻ സഹയാത്രികർ ശ്രദ്ധിക്കണം. ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. സ്പർശനം കഴിയുന്നത്ര ഒഴിവാക്കണം. ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ചു കൈ വൃത്തിയാക്കണം.
കോവിഡ് 19 ബാധിച്ചവരിൽ 14 ദിവസം വരെ രോഗലക്ഷണങ്ങൾ കാണാതിരിക്കാം. പക്ഷേ, ഈ സമയത്ത് അവരിൽനിന്നു വൈറസ് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിനാലാണ് കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വീടുകളിൽ ക്വാറന്റീനിനു വിധേയരാകണം എന്നു നിർദേശിക്കുന്നത്. ഈ സമയത്ത് അവരുമായി അടുത്ത് ഇടപഴകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
അത്യാവശ്യ ചികിത്സയ്ക്കല്ലാതെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതാണു നല്ലത്. തിരക്കില്ലാത്ത സമയം നോക്കി ആശുപത്രികളിലേക്ക് എത്തണം. ആളുകൾ കൂട്ടംകൂടി നിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണം. മാസ്ക് ധരിക്കണം. സ്പർശനം കഴിയുന്നത്ര ഒഴിവാക്കണം. ചുമയും ജലദോഷവും ഉൾപ്പെടെ രോഗ ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകരുത്.
സാധ്യതയുണ്ട്. ഉമിനീരിലോ മറ്റോ അടങ്ങിയിരിക്കുന്ന രോഗാണുക്കൾ കൈകളിലൂടെ മറ്റുള്ളവരിലേക്കെത്താനും സാധ്യത കൂടുതലാണ്.
കൃത്യമായി പറയാൻ കഴിയില്ല. ഓരോ ദിവസവും സാഹചര്യം മാറിക്കൊണ്ടിരിക്കുന്നു. രാജ്യങ്ങൾ ദിവസവും സാഹചര്യങ്ങൾക്കനുസരിച്ച് യാത്രാനിയന്ത്രണ തീരുമാനങ്ങളെടുക്കുന്നു. യാത്രകൾ കഴിയുന്നതും ഒഴിവാക്കുക. തത്സമയ വിവരങ്ങൾക്ക് അതതു രാജ്യങ്ങളുടെ എംബസിയുമായോ നോർക്കയുമായോ (ടോൾ ഫ്രീ: 1800 425 3939 ഇന്ത്യയിൽ നിന്ന്, 00918802012345 – വിദേശത്തുനിന്നു മിസ്ഡ് കോൾ സേവനം) ബന്ധപ്പെടുക.
ഇത്തരമൊരു സർട്ടിഫിക്കറ്റ് ലഭിക്കില്ല. എന്നാൽ, ഐസലേഷൻ പൂർത്തിയാക്കിയ വ്യക്തിയാണെങ്കിൽ ക്വാറന്റീൻ റിലീസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ അപേക്ഷ നൽകിയാൽ മതി.
വിയർപ്പിലൂടെ പകരുമോ എന്നതിനെപ്പറ്റി കൃത്യമായ പഠനരേഖയില്ല. ആളുകൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. ജിമ്മിലെത്തുന്ന മറ്റുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉണ്ടാകുന്ന സ്രവങ്ങൾ ഉപകരണങ്ങളിൽ പറ്റിപ്പിടിച്ചാൽ രോഗസാധ്യത തള്ളിക്കളയാകാനില്ല.
യഥാർഥ സാനിറ്റൈസർ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രം ഉപയോഗിക്കാം. സ്പിരിറ്റ് പെട്ടെന്നു ബാഷ്പീകരിച്ചുപോകും.
രോഗം ബാധിച്ച സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ കൂടുതൽ വിവരം ലഭ്യമായിട്ടില്ല. വരാൻ സാധ്യതയുണ്ടെന്നു തന്നെ കരുതി മുൻകരുതലുകളെടുക്കുക.
ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ. ശരീരത്തിനു പുറത്ത് വൈറസ് നിലനിൽക്കുന്നതു വളരെ കുറച്ചു സമയമാണ്. അതിന്റെ ദൈർഘ്യം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. കൈ കഴുകുക, ചുമയ്ക്കുമ്പോൾ ശ്രദ്ധിക്കുക, അകലം പാലിക്കുക, അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുക എന്നിവയാണ് പ്രധാനം.
ശാസ്ത്രീയമായി ഒരു മരുന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ല.
പനി ബാധിച്ചയാൾക്ക് കോവിഡ് ബാധിച്ചയാളുമായി എന്തെങ്കിലും സമ്പർക്കമുണ്ടായിട്ടുണ്ടെന്നു സംശയമുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം.
രോഗമില്ലാത്തവർ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. രോഗബാധ സംശയിക്കുന്ന സ്ഥലങ്ങളിലുള്ളവർ മാസ്കിനു പകരം തൂവാല ഉപയോഗിച്ചാൽ മതി. മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലെയും മറ്റും രോഗാണുക്കൾ അതേ മാസ്ക് വഴി ശരീരത്തിലെത്താനിടയുണ്ട്.
ഇൻക്യുബേഷൻ പീരിയഡിൽ രോഗം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. ഈ സമയത്ത് ടെസ്റ്റ് നെഗറ്റീവ് ആയാലും ഐസലേഷൻ നിർദേശങ്ങൾ പാലിക്കണം. ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയാലും ഇൻക്യുബേഷൻ പീരിയഡിൽ എപ്പോൾ വേണമെങ്കിലും ഫലം പോസിറ്റീവ് ആകാം
സുരക്ഷിതമായ അകലം പാലിക്കുക. കൈകൾ ഇടയ്ക്കിടെ ശുദ്ധമാക്കുക.
അതിഥികളുമായി ഇടപഴകുമ്പോൾ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം. നിർബന്ധമായും മാസ്ക് ധരിക്കണം. അതിഥികളുടെ മുറികൾ, ശുചിമുറി, ഉപയോഗിച്ച തുണികൾ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. ഈ സമയം കൈയ്യുറ ധരിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. അതിഥികൾ ഒഴിയുന്ന സമയത്ത് മുറിയിലെ എസി ഓഫ് ചെയ്ത് ജനാലകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. രോഗലക്ഷണങ്ങളുള്ള അതിഥികളുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 1056ൽ (ദിശ) വിളിച്ച് അറിയിക്കുക. കൈ കഴുകുന്ന ഭാഗത്തും ശുചിമുറിയിലും പൊതുവായ തൂവാല വയ്ക്കരുത്. പകരം ടിഷ്യു പേപ്പറും സോപ്പും അണുനാശിനിയും വയ്ക്കണം. ഭക്ഷണം കഴിച്ചശേഷം ബില്ലിനൊപ്പം ജീരകവും മധുരവും വയ്ക്കണ്ട. ബിൽ കൗണ്ടറുകളിൽ നിന്ന് ഇവ നീക്കം ചെയ്യണം. ഒട്ടേറെ ആളുകൾ ഇവ കൈ ഉപയോഗിച്ച് എടുക്കാറുണ്ട്. പാത്രങ്ങളും ഗ്ലാസുകളും ചൂടുവെള്ളത്തിൽ കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക. പാചകക്കാരും സപ്ലയർമാരും മാസ്കും കയ്യുറയും ധരിക്കണം. പച്ചക്കറി നന്നായി കഴുകുകയും മത്സ്യം, മാംസം എന്നിവ നന്നായി വേവിക്കുകയും വേണം.
രോഗമുള്ളവർ മറ്റുള്ളവർക്ക് അതു പകരാതിരിക്കാനും കൂടുതൽ രോഗാണുക്കൾ ശരീരത്തിലെത്താതിരിക്കാനുമാണ് മാസ്ക് ധരിക്കുന്നത്. ഒന്നിൽക്കൂടുതൽ മാസ്ക് ഒരുമിച്ചു ധരിച്ചതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനമില്ല. മാസ്ക് ക്ഷാമം വർധിക്കുമെന്നുമാത്രം.
ശാസ്ത്രീയമല്ല. പക്ഷേ, അടിയന്തരസാഹചര്യങ്ങളിൽ തൂവാലയ്ക്കു പകരം ഇതെല്ലാം ഉപയോഗിക്കാം.
ഉപയോഗിക്കാം. നന്നായി സോപ്പിട്ടു കഴുകി ഉണക്കിയ ശേഷമേ ഉപയോഗിക്കാവൂ.
നല്ല ചൂടുള്ള കാലാവസ്ഥയിലും വൈറസ് പകരുമെന്ന് തെളിഞ്ഞുകഴിഞ്ഞു.
സാധാരണരീതിയിൽ അന്തരീക്ഷത്തിൽ നിൽക്കില്ല. ശരീരസ്രവങ്ങളിൽ നിന്ന് നിമിഷങ്ങൾക്കകം അടുത്ത ശരീരത്തിലെത്തിയാൽ മാത്രമേ വൈറസ് പകരൂ.
രോഗിയുടെ സ്രവങ്ങൾ പറ്റിപ്പിടിച്ച ഭാഗങ്ങളിൽ ഉടൻ തൊട്ടാൽ രോഗം പകരാനിടയുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗിയുടെ സ്രവങ്ങൾ കലരുകയും ഉടൻ അതു നമ്മുടെ ശരീരത്തിലെത്തുകയും ചെയ്താൽ പകരാനിടയുണ്ട്.
രോഗം ബാധിച്ചയാളുടെ സ്രവങ്ങൾ പുരണ്ട കറൻസി ഉടനെ മറ്റൊരാൾ ഉപയോഗിക്കുകയാണെങ്കിൽ രോഗം പകരാൻ സാധ്യതയുണ്ട്.
സാധാരണഗതിയിൽ സാനിറ്റൈസർ ഉപയോഗിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ അതു ബാഷ്പീകരിച്ചു പോകും. അതിനിടയിൽ തീയുമായി സമ്പർക്കമുണ്ടായാൽ മാത്രമേ, പൊള്ളലിനുള്ള സാധ്യതയുള്ളൂ. സാനിറ്റൈസറിന്റെ അളവ് കൂടിയാൽ ബാഷ്പീകരിക്കാനുള്ള സമയം കൂടും. അടുപ്പിനടുത്തു സാനിറ്റൈസർ ബോട്ടിൽ വയ്ക്കാതിരിക്കുന്നതാണു സുരക്ഷിതം.
കാലാവസ്ഥയിലുള്ള മാറ്റം കോവിഡ് 19 പടരുന്നതിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് വ്യക്തമാക്കിയിട്ടുണ്ട്. തണുത്ത കാലാവസ്ഥയിൽ മാത്രമാണ് വൈറസ് പടരുകയെന്ന പ്രചാരണത്തിനും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. ചൂടു കൂടിയ കാലാവസ്ഥയിൽ വൈറസ് വളരില്ലെന്ന പ്രചാരണവും തെറ്റാണ്. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 മറ്റുള്ളവരിലേക്കു പകരുന്നത്. അതിനാൽ വ്യക്തിശുചിത്വം പാലിക്കുക. ഏതു കാലാവസ്ഥയിലാണെങ്കിലും ചുമയോ പനിയോ വന്നാൽ ഉടൻ വൈദ്യസഹായം തേടുക.