Read in English
Scroll Down

2020 ജനുവരി 21ന് പുതിയ കൊറോണ വൈറസിനെതിരെ കേരള സർക്കാരിന്റെ ആദ്യ ജാഗ്രതാ നിർദേശം. 9–ാം നാൾ ഇന്ത്യയിലെതന്നെ ആദ്യ കോവിഡ് കേസ് കേരളത്തിൽ. രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ 100 ദിനത്തിലെത്തുമ്പോൾ ഇന്ത്യയിലെയും കേരളത്തിലെയും കോവിഡ് നാള്‍വഴികളിലൂടെ...


ജനുവരി 30– മേയ് 8

ഇന്ത്യയിലെ ആദ്യ കൊറോണവൈറസ് ബാധ കേരളത്തിൽ; ചൈനയിലെ വുഹാനിൽനിന്നെത്തിയ തൃശൂർ സ്വദേശി മെഡിക്കൽ വിദ്യാർഥിനിക്ക് രോഗം സ്ഥിരീകരിച്ചു.

ജനുവരി 30

ഇന്ത്യയിലെ രണ്ടാം കൊറോണവൈറസ് ബാധ ആലപ്പുഴയിൽ വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്ക്; വുഹാനിൽ കുടുങ്ങിയ 323 പേരെ ഇന്ത്യ വ്യോമമാര്‍ഗം തിരികെയെത്തിച്ചു

ഫെബ്രുവരി 2

കാസർകോട് കാഞ്ഞങ്ങാട് വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാമത്തെ കേസ്, കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചു

ഫെബ്രുവരി 3

കേരളത്തിൽ മൂന്നു പേരുടെയും നില തൃപ്തികരം, സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്ചു

ഫെബ്രുവരി 7

പുതിയ കൊറോണ വൈറസ് കാരണമുണ്ടാകുന്ന രോഗത്തിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഔദ്യോഗിക പേര് നൽകി: കോവിഡ്– 19 (Coronavirus Disease 2019). ആലപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ച വിദ്യാർഥിക്ക് രോഗം ഭേദമായി

ഫെബ്രുവരി 11, 13

ഇന്ത്യയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനി രോഗം ഭേദമായി ആശുപത്രിവിട്ടു

ഫെബ്രുവരി 20

ഡൽഹിയിലും തെലങ്കാനയിലും ജയ്‌പൂരിലുമായി 3 പേർക്ക് കോവിഡ്; ഇന്ത്യയില്‍ ആദ്യമായി വിദേശിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ജയ്പൂരിൽ മാർച്ച് 2ന് (ഇറ്റലിയിൽനിന്നുള്ള 69കാരന്)

മാർച്ച് 1, 2

ഇന്ത്യയില്‍ വന്നിറങ്ങുന്ന എല്ലാ രാജ്യാന്തര യാത്രക്കാർക്കും നിർബന്ധിത പരിശോധന, പുതിയ വീസ നൽകുന്നത് കേന്ദ്രം നിർത്തലാക്കി; ഉത്തർപ്രദേശിൽ ആദ്യ കോവിഡ്

മാർച്ച് 3, 5

7ന് തമിഴ്നാട്ടിലും ലഡാക്കിലും ആദ്യ കോവിഡ് സ്ഥിരീകരണം; 9ന് കർണാടകയിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ആദ്യ കോവിഡ്. കേരളത്തിൽ കണ്ണൂരിലും പത്തനംതിട്ടയിലും ആദ്യ കോവിഡ് കേസുകൾ (ഇറ്റലിയിൽനിന്നെത്തിയ മൂന്നംഗ കുടുംബത്തിനും ബന്ധുക്കൾക്കുമുൾപ്പടെ റാന്നിയിൽ 5 പേർക്കാണ് രോഗം ബാധിച്ചത്)

മാർച്ച് 7-9

കോട്ടയത്ത് ആദ്യ കോവിഡ്; സംസ്ഥാനത്ത് 8 പുതിയ കേസുകൾ, കൂട്ടംചേരലുകൾക്കു നിയന്ത്രണം

മാർച്ച് 10

കോവിഡിനെ ഡബ്ല്യുഎച്ച്ഒ മഹാമാരിയായി പ്രഖ്യാപിച്ചതിനു പിന്നാലെ രോഗം ബാധിച്ച് രാജ്യത്തെ ആദ്യ മരണം കർണാടകയിലെ കലബുറഗിയിൽ; ആന്ധ്രയിലും ഒഡീഷയിലും ആദ്യ കോവിഡ് സ്ഥിരീകരിച്ചു

മാർച്ച് 12

കോവിഡിനെ പ്രഖ്യാപിത ദുരന്തമാക്കി ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്രം, ഇതുപ്രകാരം ചെലവുകൾക്കുള്ള തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നെടുക്കാം; അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പിന് കടുത്ത നടപടികള്‍ സ്വീകരിക്കാൻ സഹായകമായി കോവിഡിനെ പകർച്ചവ്യാധി പട്ടികയിൽ ഉൾപ്പെടുത്തി കേരളം; തിരുവനന്തപുരത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ചു

മാര്‍ച്ച് 13, 14

ഉത്തരാഖണ്ഡിൽ ആദ്യ കോവിഡ്, ഇടുക്കിയിലും സ്ഥിരീകരിച്ചു; കോവിഡ് പ്രതിരോധത്തിന് ‘ബ്രേക്ക് ദ് ചെയിൻ’ ക്യാംപെയിനുമായി കേരളം

മാർച്ച് 15

മലപ്പുറത്ത് ആദ്യ കോവിഡ്; കേരളത്തിൽ ആദ്യമായി വിദേശിക്ക് (55) കോവിഡ് സ്ഥിരീകരിച്ചു. മൂന്നാറിൽനിന്ന് അനുമതിയില്ലാതെ നെടുമ്പാശേരി വഴി യുകെയിലേക്കു മടങ്ങാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തെയും സംഘത്തെയും പിടികൂടി നിരീക്ഷണത്തിലാക്കുകയായിരുന്നു.

മാർച്ച് 16

ബംഗാളിലും ഹരിയാനയിലും പുതുച്ചേരിയിലും കോവിഡ് സ്ഥിരീകരിച്ചു, 18ന് ജമ്മു കശ്മീരിലും

മാർച്ച് 17

ചണ്ഡിഗഡിലും ഗുജറാത്തിലും ഛത്തിസ്‌ഗഡിലും ആദ്യ കോവിഡ് കേസ്; കോവിഡ് പ്രതിസന്ധി നേരിടാൻ കേരള സർക്കാരിന്റെ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ്

മാർച്ച് 19

മധ്യപ്രദേശിലും ഹിമാചൽ പ്രദേശിലും കേരളത്തിൽ എറണാകുളത്തും ആദ്യ കോവിഡ്; കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം വിരുന്നിൽ പങ്കെടുത്ത രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, മകനും എംപിയുമായ ദുഷ്യന്ത് സിങ്, തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയൻ എന്നിവരടക്കമുളള പ്രമുഖർ സ്വയം നിരീക്ഷണത്തിൽ. 21ന് ബിഹാറിൽ ആദ്യ കോവിഡ് കേസ്.

മാർച്ച് 20, 21

ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനപ്രകാരം ജനതാകർഫ്യൂ, രാജ്യത്തെ 80 ജില്ലകൾ മാർച്ച് 31 വരെ അടച്ചിടാൻ നിർദേശം; ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്ക്, കോഴിക്കോട് ആദ്യ കോവിഡ് കേസ്; കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ

മാർച്ച് 22

മാർച്ച് 31 വരെ കേരളം സമ്പൂർണമായി അടച്ചിടുന്ന ലോക്‌ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാര്‍ച്ച് 23

രാജ്യത്ത് 21 ദിവസത്തേക്ക് ലോക്‌ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി; മണിപ്പൂരിൽ ആദ്യ കോവിഡ് കേസ്, കേരളത്തിൽ പാലക്കാട് ആദ്യ കോവിഡ്; സംസ്ഥാനത്ത് രോഗബാധിതർ 100 കടന്നു

മാര്‍ച്ച് 24

രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തലാക്കി; ഗോവയിലും മിസോറമിലും ആദ്യ കോവിഡ് കേസ്. 26ന് ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലും, കേരളത്തിൽ വയനാട്ടിലും ആദ്യ കോവിഡ് കേസ് സ്ഥിരീകരണം

മാർച്ച് 25, 26

കൊല്ലത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും കോവിഡെത്തി; സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തു–39 എണ്ണം, ആകെ കേസുകൾ 150 കടന്നു കേസ്.
(വിഡിയോ കാണാം)

മാർച്ച് 27

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സംഭാവന തേടി പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് & റിലീഫ് ഇൻ എമർജൻസി (പിഎം കെയേഴ്സ്) ഫണ്ട് ചാരിറ്റബിൾ ട്രസ്റ്റിനു തുടക്കം; ലോക്ഡൗണിൽ കുടുങ്ങിയവർക്കു ഭക്ഷണമെത്തിക്കാൻ കേരളത്തിലെ 941 പഞ്ചായത്തുകളിൽ സംസ്ഥാന സർക്കാരിന്റെ കമ്യൂണിറ്റി കിച്ചനുകൾക്കു തുടക്കം. കേരളത്തിൽ ആദ്യ കോവിഡ് മരണം–മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസൈൻ സേട്ട് (69)

മാർച്ച് 28

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു; കേരളത്തിൽ കോവിഡ് ബാധിതർ 200 കടന്നു; കോട്ടയത്ത് ലോക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം, തുടർന്ന് നിരോധനാജ്ഞ

മാർച്ച് 29

ന്യൂഡൽഹി നിസാമുദ്ദീനിൽ മാർച്ച് 18നു നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രദേശത്തു ലോക്ഡൗൺ കർശനമാക്കി. സമ്മേളനം കഴിഞ്ഞു മടങ്ങിയ 10 പേർ കോവിഡ് ബാധിച്ചു മരിക്കുകയും എഴുപതോളം പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ഏപ്രിൽ1ന് സ്ഥിരീകരണം

മാർച്ച് 30

അസമിലും ജാർഖണ്ഡിലും ആദ്യ കോവിഡ് കേസ്, കേരളത്തിൽ രണ്ടാം കോവിഡ് മരണം, മരിച്ചത് തിരുവനന്തപുരം സ്വദേശി (78)

മാർച്ച് 31

കേരളത്തിനു പുറത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മലയാളി കോവിഡ് മരണങ്ങൾ യുഎസ്, യുകെ, യുഎഇ, മുംബൈ എന്നിവിടങ്ങളിൽ

ഏപ്രിൽ 1

അരുണാചൽ പ്രദേശിൽ ആദ്യ കോവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2000 കടന്നു, മരണം 50; കേരളത്തില്‍ കോവിഡ് ബാധിച്ച ആദ്യ വിദേശി എറണാകുളത്ത് രോഗമുക്തനായി. (വിഡിയോ കാണാം)

ഏപ്രിൽ 2

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗി പത്തനംതിട്ട സ്വദേശി തോമസ് ഏബ്രഹാമും(92) ഭാര്യ മറിയാമ്മ(88)യും രോഗം ഭേദപ്പെട്ട് ആശുപത്രിവിട്ടു

ഏപ്രിൽ 3

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 300 കടന്നു, രോഗമുക്തി നേടിയവരുടെ എണ്ണം 50 കടന്നു; രാജ്യത്ത് രോഗികളുടെ എണ്ണം 3000 കവിഞ്ഞു. കേരളം പരിശോധനയ്ക്കയച്ച സ്രവ സാംപിളുകളുടെ എണ്ണം 10000 കടന്നു

ഏപ്രിൽ 4, 5

രാജ്യത്ത് ആകെ രോഗികൾ 4000 കടന്നു, മരണം 100 കടന്നു. ത്രിപുരയിൽ ആദ്യ കോവിഡ് കേസ്. മുംബൈ വൊക്കാർഡ് ആശുപത്രിയിലെ 49 പേരുൾപ്പടെ 56 മലയാളി നഴ്സുമാർക്ക് കോവിഡ്

ഏപ്രിൽ 6

ഇന്ത്യയിൽ കോവിഡ് ബാധിതർ 5000 കടന്നു, മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 1000 കടന്നു, കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 350 കടന്നു.

ഏപ്രിൽ 7, 9

കേരളത്തിലെ കോവിഡ് ബാധിതരിൽ മൂന്നിലൊന്ന് പേർ രോഗമുക്തർ; ആകെ രോഗബാധിതർ 364, രോഗമുക്തർ 124. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മാഹി സ്വദേശി (71) കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ 11ന് അന്തരിച്ചു (കേരളത്തിലെ മൂന്നാമത്തെ മരണമായി കേന്ദ്രം ഇതു കണക്കാക്കിയെങ്കിലും കേരള ആരോഗ്യ വകുപ്പിന്റെ കണക്കിൽ ചേർത്തിട്ടില്ല) (വിഡിയോ കാണാം)

ഏപ്രിൽ 10, 11

ഏറ്റവുമധികം രോഗബാധിതരുളള സംസ്ഥാനങ്ങളിൽ കേരളം പത്താമത്. 13ന് മേഘാലയയിലും നാഗാലാൻഡിലും ആദ്യ കോവിഡ് കേസ്; ഇന്ത്യയിൽ കോവിഡ് കേസുകൾ 10,000 കടന്നു

ഏപ്രിൽ 12, 13

ഇന്ത്യയിലെ ലോക്‌ഡൗൺ കാലാവധി മേയ് 3 വരെ പ്രധാനമന്ത്രി നീട്ടി

ഏപ്രിൽ 14

രാജ്യത്താകെ 170 ജില്ലകൾ ഹോട്‌സ്പോട്ടാക്കി റെഡ് സോണിൽ ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യ വകുപ്പ്. ഇതിൽ കേരളത്തിലെ 7 ജില്ലകൾ – കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം; രാജ്യത്തെ 207 ജില്ലകൾ ഓറഞ്ച് സോണിൽ. കേരളത്തിൽനിന്ന്: തൃശൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം. ഗ്രീൻ സോണിൽ കോഴിക്കോട് മാത്രം (വിഡിയോ കാണാം)

ഏപ്രിൽ 15

കേന്ദ്രാനുമതിയോടെ കോവിഡ് സോണുകൾ പരിഷ്‌കരിച്ച് കേരളം. റെഡ് സോണിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം. ഗ്രീൻ സോണിൽ ഇടുക്കി, കോട്ടയം. ബാക്കി 8 ജില്ലകളും ഓറഞ്ച് സോണിൽ

ഏപ്രിൽ 16

ഇന്ത്യയിൽ കോവിഡ് മരണം 500 കടന്നു; കേരളത്തിൽ രോഗബാധിതർ 400 കടന്നു. കേരളം അയച്ച സ്രവ സാംപിളുകളുടെ എണ്ണം 20,000 കടന്നു

ഏപ്രിൽ 19, 21

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു; ഗ്രീൻ സോണായ കോട്ടയം, ഇടുക്കി ജില്ലകളിൽ ലോക്‌ഡൗണിൽ യാത്രയ്ക്കും സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നതിനും ഉൾപ്പെടെ വ്യാപക ഇളവുകൾ, അന്നുതന്നെ കോട്ടയത്ത് വീണ്ടും ഒരാൾക്ക് കോവിഡ്.

ഏപ്രിൽ 22

ഇടുക്കിയിൽ പുതുതായി 4 കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും കോട്ടയത്ത് 2 പേർക്കുകൂടി കോവിഡ് ബാധിക്കുകയും ചെയ്തതോടെ ഇരുജില്ലകളും ഓറഞ്ച് സോണിൽ

ഏപ്രിൽ 23

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 450 കടന്നു; കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന, 4 മാസം പ്രായമുള്ള കുട്ടി കോഴിക്കോട് മരിച്ചു, കേരളത്തിലെ നാലാം മരണം (കേന്ദ്ര കണക്കിൽ)

ഏപ്രിൽ 24

ഇന്ത്യയിൽ ആകെ കോവിഡ് രോഗികൾ കാൽ ലക്ഷം, രോഗം ഭേദമായവർ 5000 കടന്നു

ഏപ്രിൽ 25, 26

കോട്ടയത്ത് പതിനേഴും ഇടുക്കിയിൽ പതിനാലും കോവിഡ് കേസുകളായതോടെ ഇരുജില്ലകളും വീണ്ടും റെഡ് സോണിൽ; ഇന്ത്യയിൽ കോവിഡ് ബാധിതർ 30,000 കടന്നു, മരണം 1008; രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു സിആർപിഎഫ് ജവാൻ (55) ഡൽഹിയിൽ മരിച്ചു

ഏപ്രില്‍ 27, 28

45 ദിവസം പ്രായമുള്ള കുട്ടിക്ക് തെലങ്കാനയിൽ കോവിഡ് ഭേദമായി. ഇന്ത്യയിൽ കോവിഡ് ഭേദപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടി.

ഏപ്രിൽ 29

കേരളത്തിൽ പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും ഉൾപ്പെടെ മാസ്‌ക് ധരിക്കേണ്ടത് നിയമം മൂലം നിർബന്ധമാക്കി

ഏപ്രിൽ 30

ഇന്ത്യയിൽ വ്യാപക ഇളവുകളോടെ ലോക്‌ഡൗൺ മേയ് 17 വരെ നീട്ടി; കേരളത്തിൽ പുതിയ കേസുകളില്ല, എറണാകുളം, ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകൾ കോവിഡ് മുക്തം. കേരളത്തിൽനിന്ന് അതിഥി തൊഴിലാളികൾക്കു സ്വന്തം നാട്ടിലേക്കു പോകാനുള്ള ട്രെയിനുകളിൽ ആദ്യത്തെ നോൺ സ്റ്റോപ് ‘ശ്രമിക്’ ട്രെയിൻ ഒഡീഷയിലെ ഭുവനേശ്വറിലേക്ക് ആലുവയിൽനിന്ന് പുറപ്പെട്ടു.

മേയ് 1

കേരളത്തിൽ 2 കോവിഡ് കേസുകൾ കൂടി, ആകെ 499; ഇന്ത്യയിൽ ആകെ രോഗബാധിതർ 37,776. രോഗമുക്തി നേടിയവരുടെ എണ്ണം 10,000 കടന്നു.

മേയ് 2

കേരളത്തിൽ പുതിയ കോവിഡ് കേസുകളില്ലാത്ത ദിനങ്ങൾ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകൾകൂടി കോവിഡ് മുക്തം; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവർക്ക് കേരളത്തിലേക്കു പ്രവേശനാനുമതി നൽകിത്തുടങ്ങി. കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള പോരാളികൾക്ക്, യുദ്ധ വിമാനങ്ങള്‍ പറത്തിയും യുദ്ധക്കപ്പലുകളിൽ ദീപാലങ്കാരമൊരുക്കിയും കര–നാവിക–വ്യോമ സേനകളുടെ ആദരം. വിദേശത്തു കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ നാവികസേനയുടെ 4 കപ്പലുകൾ ഗൾഫിലേക്ക്. ഇന്ത്യയിൽ ആകെ കോവിഡ് ബാധിതർ 42,000 കടന്നു.

മേയ് 3–4

കേരളത്തില്‍ 3 പേർക്ക് കൂടി (വയനാട്) കോവിഡ് സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതർ 502. കോവിഡ് പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യത്തിനു കേന്ദ്രം രൂപം നൽകി– വന്ദേ ഭാരത്. നാട്ടിലെത്തിക്കുക 1.92 ലക്ഷം പ്രവാസികളെ.

മേയ് 5

കേരളത്തിൽ പുതിയ കോവിഡ് കേസുകളില്ല. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകൾ സമ്പൂർണ കോവിഡ് മുക്തം.

മേയ് 6

വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി കേരളത്തിലേക്കുൾപ്പെടെ ഇന്ത്യയിലേക്ക് പ്രവാസികളുടെ ആദ്യസംഘമെത്തുന്നു

മേയ് 7

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് 100 ദിവസം. നിലവിലെ ഇന്ത്യ/കേരള കോവിഡ് കണക്കുകൾക്ക് ഗ്രാഫ് കാണുക.

മേയ് 8