2024 ജൂലൈ 30. ആ രാത്രി മഴ രാക്ഷസീയമായി പെയ്തുകൊണ്ടിരുന്നു. വയനാട്ടിലെ കള്ളാടിയിലെ മഴമാപിനിയിൽ അന്നു 372.6 മി.മീ. മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ ശരാശരി ഇരട്ടി! നിലയ്ക്കാതെ പെയ്ത പേമാരിയിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. കേരളത്തിന്റെ ഉള്ളുപൊട്ടിയ വൻദുരന്തം.
Read More...പുഞ്ചിരിമട്ടത്ത് പുലർച്ചെ ഒന്നേകാലോടെയാണ് ആദ്യത്തെ വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. വൻ ശബ്ദം കേട്ട് പ്രദേശവാസികൾ ഉണർന്നു. അര മണിക്കൂറിനു ശേഷം ഉഗ്രസ്ഫോടന ശബ്ദത്തോടെ ഉരുൾപൊട്ടൽ. പുലർച്ചെ 4 മണിയോടെ മുണ്ടക്കൈയിലും ദുരന്തം. പൊട്ടിയൊലിച്ചു വന്ന ഉരുളിൽ മുണ്ടക്കൈ, ചൂരൽമല എന്നീ ഗ്രാമങ്ങൾ പാടേ തകർന്നു.
Read More...പാഞ്ഞെത്തിയ ചെളിവെള്ളവും മണ്ണും വീടുകളെയും വാഹനങ്ങളെയും വിഴുങ്ങി. മനുഷ്യരും വളർത്തുമൃഗങ്ങളുമടക്കം അതിനടിയിലായി.
Read More...പൊട്ടിയൊലിച്ചു വന്ന ഉരുൾ എട്ടു കിലോമീറ്ററോളം ഒഴുകി. പേമാരിയും മണ്ണിടിച്ചിലും പുന്നപ്പുഴ നദിയുടെ ഗതിമാറ്റി. 20-40 മീറ്റർ വീതിയുണ്ടായിരുന്ന നദി 200-300 മീറ്റർ വീതിയിൽ പരന്നൊഴുകി. സമീപത്തെ സ്കൂളുകളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചുകയറി.
Read More...കനത്ത മഴ ഒരു സൂചനയായിരുന്നു. പക്ഷേ മോശമായതൊന്നും സംഭവിക്കില്ലെന്ന അവരുടെ കണക്കുകൂട്ടൽ അന്നു തെറ്റി. എങ്കിലും ദുരന്തത്തെ അവർ ധീരമായാണ് നേരിട്ടത്. പുലർച്ചെ 2.15 ഓടെ ഫയർഫോഴ്‌സും പൊലീസും എൻഡിആർഎഫും സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം ആരംഭിച്ചു.
Read More...ദുരന്തത്തിന്റെ രാത്രി പിന്നിട്ട് പ്രഭാതമെത്തി; അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും വികാരഭരിതമായ കഥകളും.
Read More...ദുരന്തത്തിന്റെ വ്യാപ്തി നിലമ്പൂർ വരെ നീണ്ടു. ചാലിയാറിലൂടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും ഒഴുകി. ചാലിയാറിലും പരിസര പ്രദേശങ്ങളിലുമായി സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും ദിവസങ്ങളോളം നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുത്തു.
Read More...പ്രതീക്ഷയുടെ പ്രതീകമായി ബെയ്‌ലി പാലം ഉയർന്നുവന്നു. ചൂരൽമലയെയും മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിച്ചാണ് ഇന്ത്യൻ സൈന്യം 190 അടി ഉയരത്തിൽ ബെയ്‌ലി പാലം നിർമിച്ചത്.
Read More...ദുരന്തത്തിൽ 298 പേർ മരിച്ചതായി സ്ഥിരീകരണം. 32 പേരെ കാണാതായി, 378 പേർക്ക് പരുക്കേറ്റു. കാണാതായവരെ മരിച്ചതായി പിന്നീട് പ്രഖ്യാപിച്ചു. തിരിച്ചറിയാനാകാതിരുന്ന മൃതദേഹങ്ങൾ സംസ്കരിക്കാൻ പുത്തുമലയിൽ കൂട്ടക്കുഴിമാടം ഒരുങ്ങി. മൃതദേഹങ്ങൾ മിക്കതും ശരീരഭാഗങ്ങൾ മാത്രമായിരുന്നു. സർവമതാചാര പ്രകാരം ഓരോ ശരീരഭാഗവും ഡിഎൻഎ നമ്പറോടെ സംസ്കരിച്ചു.
Read More...ഓരോ മൃതദേഹവും തിരിച്ചറിയാൻ ആരോഗ്യപ്രവർത്തകർ കഴിയുന്നത്ര ശ്രമിച്ചു. 431 പോസ്റ്റ്‌മോർട്ടം സാംപിളുകളിൽനിന്നും 172 രക്തസാംപിളുകളിൽനിന്നും ഡിഎൻഎ പ്രൊഫൈലുകൾ സൃഷ്ടിച്ചു. മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായി, തിരിച്ചറിയപ്പെടാത്ത ആളുകളുടെ എണ്ണം 138 ൽ നിന്ന് 32 ആയി ചുരുങ്ങി.
Read More...ദുരന്തത്തെ അതിജീവിച്ചവരുടെ നടുക്കം ഇനിയും മാറിയിട്ടില്ല. അവരുടെ പുനരധിവാസത്തിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. പ്രതീക്ഷയുടെ കൈപിടിച്ച് മുന്നോട്ടുതന്നെ പോകുകയാണ് അവർ; അതിജീവനത്തിന്റെ പുതിയ അധ്യായമെഴുതിക്കൊണ്ട്.
HTML & Design: Aneesh Devassy
Illustrations: TV Sreekanth
Content & Research: Aswin J Kumar, Meenu Mathew