കരൾ പകർന്നു നൽകിയ കാരുണ്യത്തിന് അനുഗ്രഹവർഷമായി

ടി.കെ.രാജപ്പൻ

കൂടപ്പിറപ്പിനു കരള്‍ പകുത്തുനല്‍കിയ കാരുണ്യത്തിനു ശബരീശന്‍ നല്‍കിയ അനുഗ്രഹവുമായാണ്ചാലക്കുടി കൊടകര അഴകം ദേശത്ത് മംഗലത്ത് അഴകത്തുമനയില്‍ എ.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി മലകയറുന്നത്. എട്ടുവര്‍ഷം മുമ്പാണ് അനുജനും തന്ത്രിയുമായ വിഷ്ണു നമ്പൂതിരിയെ രോഗാവസ്ഥയില്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയിലൂടെ കരള്‍ തുന്നിച്ചേര്‍ത്താല്‍ മാത്രമേ അനുജന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുവെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. അര് കരള്‍ നല്‍കും .അതായിരുന്നു മനയിലെ എല്ലാവരുടെയും ചിന്ത.

ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് കരളിന്റെ കരളാണ് അനുജന്‍ വിഷ്ണു നമ്പൂതിരി. കൂടപ്പിറപ്പിന് രോഗം വന്നാല്‍ സഹിക്കാന്‍ പറ്റില്ല. അതിനാല്‍ എന്തിനും തയാറായിരുന്നു. ഇതിനിടെയാണ് കരള്‍ മാറ്റിവെയ്ക്കണമെന്നും ഇതിനായിആരെങ്കിലും കരള്‍ നല്‍കാന്‍ തയാറാകണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞത്.

പുറത്തുനിന്നുള്ളവരുടെ കരള്‍ വാങ്ങുന്നതിന് നിയമ തടസങ്ങള്‍പലതുണ്ട്. അതിനാല്‍ മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. താന്‍ തയാറാണെന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അനുജന്റെ കരളിന് അനുയോജ്യമാണെന്നും കണ്ടു. 2014 ഓഗ്സ്റ്റ് നാലിനു നടന്ന ശസ്ത്രക്രിയയിലൂടെ കരളിന്റെ ഒരുഭാഗം അനുജനു പകുത്തുനല്‍കി. രണ്ടു പേര്‍ക്കും മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നു. സുഖം പ്രാപിക്കാനും ദിവസങ്ങള്‍ എടുത്തു.മറ്റുള്ള മേല്‍ശാന്തിമാരില്‍ നിന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെ വ്യത്യസ്തനാക്കുന്നതും ഇതാണ്. ജേഷ്ഠന്റെ കരളുറപ്പിലാണ് അനുജന്‍ ഇപ്പോള്‍ ഈശ്വസേവ ചെയ്യുന്നത്. ഇല്ലത്തിനടുത്തുള്ള അഴകത്തു ക്ഷേത്രത്തില്‍ ദുര്‍ഗാദേവിയെ പൂജിച്ചുവന്ന കൈകളാണ് ഇനി അയ്യപ്പ സ്വാമിക്ക് അഭിഷേകവും അര്‍ച്ചനയുമെല്ലാം നടത്തുന്നത്.

മേല്‍ശാന്തി നിയോഗത്തെപ്പറ്റി എന്തുതോന്നുന്നു?
മഹാഭാഗ്യം. അല്ലാതെ എന്തു പറയാന്‍. അവിടുത്തെ കടാക്ഷമില്ലെങ്കില്‍ എങ്ങനെ മേല്‍ശാന്തിയാകും. ഇത്തവണ പതിനൊന്നാമത് തവണ കുറിയെടുത്തപ്പഴല്ലേ എനിക്ക് മേല്‍ശാന്തിയാകാന്‍ അവസരം കിട്ടിയത്.. ബാക്കി 10 പേരുകള്‍ കുറിയെടുത്തപ്പോള്‍ വന്നെങ്കിലും മേല്‍ശാന്തിയെന്ന കുറിപ്പ് ഒത്തുവരാന്‍ അവരെ ഭാഗ്യം തുണച്ചില്ല. എല്ലാം അയ്യപ്പസ്വാമിയുടെ കടാക്ഷം.

അഴകത്തുമന താന്ത്രികമഠമാണെന്നു കേട്ടു?
ശരിയാണ് കൊടകര പുത്തക്കാവ് ദേവീ ക്ഷേത്രം, മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ താന്ത്രിക അവകാശം മംഗലത്ത് അഴകത്ത് മനയ്ക്കാണ്. ചെറുപ്പത്തിലേ താന്ത്രിക വിദ്യകള്‍ പഠിച്ചു.

മാതാപിതാക്കള്‍?
മംഗലത്ത് അഴകത്തുമനയില്‍ പരേതനായ വിഷ്ണു നമ്പൂതിരിയും ആര്യഅന്തര്‍ജനവും. പ്രസിദ്ധ മാന്ത്രികനും താന്ത്രികനുമായിരുന്നു വിഷ്ണു നമ്പൂതിരി.

ശാന്തി ജോലിയിലെ തുടക്കം?
കൊച്ചി ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ മേല്ശാന്തിമാരുടെ സഹായിയായിട്ടാണ് പൂജാദി കര്‍മങ്ങളിലേക്ക് കടന്നത്. 17 വര്‍ഷം എറണാകുളം കലൂര്‍ എളമക്കര പേരണ്ടൂര്‍ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. കുറച്ചുകാലം ഡല്‍ഹി ആര്‍കെ പുരം അയ്യപ്പക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്നു

കുടുംബം?
ഭാര്യ ചേലാമറ്റം കപ്ലിങ്ങാട്ട് പ്രസന്ന അന്തര്‍ജനം.മൂത്തമകന്‍ വിഷ്ണു നമ്പൂതിരി ആലുവ തന്ത്ര വിദ്യാപീഠത്തില്‍ പഠനം പൂര്‍ത്തിയാക്കി. പുറനാട്ടുകര സംസ്ക്ര കോളജില്‍ നിന്ന് സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും നേടി ശാന്തി ജോലി നോക്കുന്നു. ഇളയമകന്‍ ഡോ വാസുദേവന്‍ നമ്പൂതിരി ഔ‌ഷധിയിലെ ഡോക്ടറാണ്.