ഈ ടീസർ എന്റെ പിറന്നാൾ സമ്മാനം

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി പുലിമുരുകൻ ടീസർ എത്തിക്കഴിഞ്ഞു. മോഹൻലാൽ ആരാധകർക്ക് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയ ടീസർ ലാലേട്ടനുള്ള പിറന്നാൾ സമ്മാനമാണെന്നാണ് സംവിധായകൻ വൈശാഖ് പറയുന്നത്.

മുരുകൻ എന്ന കഥാപാത്രത്തിന്റെ കാരക്ടർ ഇൻട്രോ ആണ് ടീസർ. അതിമാനുഷിക കഥാപാത്രമല്ല മുരുകൻ. എല്ലാവികാരങ്ങളുമടങ്ങിയ സാധാരണക്കാരൻ. മോഹൻലാൽ എന്ന നടനെയല്ല മുരുകനെ ആയിരിക്കും ഈ സിനിമയിൽ ഉടനീളം നിങ്ങൾ കാണുക. വൈശാഖ് മനോരമ ഓൺലൈനോട് വ്യക്തമാക്കി.

ഒരു മിനിട്ട് 20 സെക്കൻഡ് ആണ് ടീസറിന്റെ ദൈർഘ്യം. മുണ്ട് മടക്കിക്കുത്തും മീശപിരിയും അങ്ങനെ ലാലേട്ടന്റെ ആരാധകർക്ക് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയ ഹെവി മാസ് ടീസർ തന്നെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്റെ പുലിമുരുകൻ എത്തുന്നത്. അതീവരഹസ്യമായി ചിത്രീകരണം നടത്തിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പോലും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടില്ല.

സിനിമയുടെ പോസ്റ്ററുകളും ആരാധകരിൽ ആവേശം നിറച്ചു. വൈശാഖ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ജൂലായിലായിരിക്കും. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ സംഘട്ടന സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പുള്ളിപ്പുലിയുമായ സംഘട്ടനരംഗങ്ങളും ലാലിന്റെ വേറിട്ട ഗെറ്റപ്പും ഇതിനോടകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു.

RELATED STORIES