ഇനി ഭയപ്പെടേണ്ട കുട്ടികളെയോർത്തു, 10 കാര്യങ്ങൾ!
മക്കളുടെ സുരക്ഷയെ ഓർത്ത് ടെൻഷനടിക്കാത്ത മാതാപിതാക്കളുണ്ടാകില്ല. സ്കൂളിലും കളിക്കാനും മറ്റുമായി കുട്ടികൾ പുറത്ത് പോയിക്കഴിഞ്ഞാൽ അവർ തിരിച്ചെത്തും വരെ മാതാപിതാക്കളുടെ ഉള്ളിൽ തീയാണ്. കുട്ടികളുമായി ബന്ധപ്പെട്ട അപകടങ്ങളും അപരിചിതരും എന്നും വാർത്തയാണിന്. കുട്ടികളെ സ്വതന്ത്രരായി തന്നെ വളർത്തണം പക്ഷേ അതിന് മുൻപ് അവർക്കുചുറ്റും പതിയിരിക്കുന്ന കഴുകൻകണ്ണുകളേയും അപകടങ്ങളേയും കുറിച്ച് അവരെ ബോധവാൻമാരാക്കേണ്ടതുണ്ട്. ഇതാ ഈ പത്ത് കാര്യങ്ങൾ അവർക്കു പറഞ്ഞു െകാടുക്കാം. നമുക്കും ശ്രദ്ധിക്കാം ചില കാര്യങ്ങൾ.
ബാഗിലൊന്നും പേരെഴുതണ്ട
ബാഗിലും മറ്റ് സാധനങ്ങളിലും കുട്ടികളുെട പേരെഴുതാതിരിക്കാൻ ശ്രദ്ധിക്കുക. അവരുടെ വ്യക്തിപരമായ വിവരങ്ങൾ കഴിവതും എങ്ങും വെളിവാകുന്ന തരത്തിൽ എഴുതണ്ട. ബാഗിലും മറ്റും നിങ്ങളുടെ ഫോൺ നമ്പർ കുറിച്ചു വയ്ക്കാം.
വാഹനത്തിന് എതിർ ദിശയിൽ ഓടാം
അപരിചിതർ വണ്ടിയിൽ കയറാൻ പറഞ്ഞാൽ കയറരുതെന്ന് നാം പറഞ്ഞു കൊടുക്കാറുണ്ട്. അതുപോലെ ആരെങ്കിലും വാഹനത്തിൽ പിൻതുടരുന്നതായി തോന്നിയാൽ ആ വാഹനത്തിന് എതിർ ദിശയിൽ വേഗത്തിൽ ഓടാനും പറയാം. ആ നേരം കൊണ്ട് രക്ഷപെടാനോ മറ്റു യാത്രക്കാരുടെ ശ്രദ്ധ നേടാനോ ശ്രമിക്കുകയും വേണം.
ഒരു കുടുംബ പാസ് വേഡ് ആകാം
കുട്ടികൾക്കു നിങ്ങൾക്കും മാത്രമറിയാവുന്ന ഒരു പാസ് വേഡ് കണ്ടു പിടിക്കാം. അപരിതചിതൻ ആരെങ്കിലും സ്കൂളിലോ മറ്റോ കൂട്ടാൻ വന്നാൽ ആ പാസ് വേഡ് എന്താണെന്ന് ചോദിക്കാം.
ട്രാക്കിങ് ആപ്പുകൾ
കുട്ടികളുടെ ഫോണിൽ ജി പി എസ് ട്രാക്കിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം. കുട്ടികൾ എവിടെയാണെന്ന് അറിയാൻ ഇത് സഹായിക്കും.
എമർജൻസി വാച്ചുകൾ
എമർജൻസി ബട്ടനുകളുള്ള വാച്ചുകളും കീ ചെയിനുകളും പോലുള്ള നിരവധി സാധനങ്ങൾ ഇപ്പോൾ മാർക്കറ്റിൽ ലഭിക്കും. കുട്ടികളെ മോണിറ്റർ ചെയ്യാനുള്ള സ്പെഷൽ ആപ്ലിക്കേഷനുകൾ ഫോണുകളിലുണ്ട്. കുട്ടികൾ എമർജൻസി ബട്ടൺ അമർത്തിയാലുടൻ മാതാപിതാക്കൾക്കും പൊലീസിനും അലേർട്ട് മെസേജ് എത്തുന്നു.
പ്രതികരിക്കാം പലതരത്തിൽ
ആരെങ്കിലും തട്ടിക്കൊണ്ടു പോകാൻ നോക്കിയാൽ അവരെ തൊഴിച്ചോ, കടിച്ചോ, ഇടിച്ചോ ഒക്കെ പ്രതികരിക്കാം. കൂടാതെ ഒച്ചത്തിൽ ശബ്ദമുണ്ടാക്കി മറ്റുള്ളവരുെട ശ്രദ്ധ നേടാം. തനിക്ക് ഇവരെ അറിയില്ല, എന്നെ തട്ടിക്കൊണ്ട് പോകുവാണേ, രക്ഷിക്കണേ എന്ന് അലറി വിളിക്കാം.
എട്ടടി അകലം പാലിക്കാം
അപരിചിതരുമായി അഞ്ചു മിനിറ്റിലധികം സംസാരം വേണ്ട. സംസാരം നീണ്ടാൽ അവിടെ നിന്നും പതിയെ മാറാൻ നോക്കുക. എട്ടടി അകലത്തിൽ മാറി നിൽക്കാൻ അവരെ ശീലിപ്പിക്കാം. എന്നിട്ടും അവർ അടുത്തേയ്ക്ക് വന്നാൽ പുറകിലേയ്ക്ക് മാറി സുരക്ഷിതമായ സ്ഥലത്തേയ്ക്ക് ഓടിപ്പോകാം.
ലിഫ്റ്റിൽ കയറുമ്പോൾ
അപരിചിതരുമായി ലിഫ്റ്റിൽ കയറണ്ട എന്ന് തന്നെ അവരോട് പറയാം. ലിഫ്റ്റില്‍ കയറാൻ അവർ നിർബന്ധിച്ചാൽ, അച്ഛനും അമ്മയും ഇപ്പാൾ വരും അവരോടൊപ്പം കയറാം എന്ന് പറയാം. ബലമായി ലിഫ്റ്റിൽ കയറ്റാൻ നോക്കിയാൾ എല്ലാ ശക്തിയുമുപയോഗിച്ച് എതിർക്കാനും അവരെ ഉപദ്രവിക്കാനും ഒച്ചയുണ്ടാക്കാനും പഠിപ്പിക്കാം.
അപരിചിതർ വന്നാൽ വാതിൽ തുറക്കണ്ട
കുട്ടികൾ മാത്രമേ വീട്ടിലുള്ളെങ്കിൽ ആരു വന്നാലും വാതിൽ തുറക്കണ്ട. മാത്രമല്ല തങ്ങൾ ഒറ്റയ്ക്കാണെന്ന് വന്നവർ അറിയാനും പാടില്ല. അവർ ബലമായി അകത്ത് കയറാൻ നോക്കിയാൽ എമർജൻസി നമ്പറിലോ അയൽക്കാരെയോ വിളിക്കാൻ പറയുക.
ഇൻറ്റർനെറ്റ് സുഹൃത്തുക്കൾ
മറുവശത്ത് ചാറ്റ് ചെയ്യുന്നത് പലപ്പോഴും കുട്ടിയുടെ പ്രായത്തിലുള്ളവരാവില്ല. ഒരുപാട് കെണികൾ ഇൻറ്റർനെറ്റിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ആർക്കും തങ്ങളുടെ വിവരങ്ങൾ പറഞ്ഞു െകാടുക്കേണ്ടെന്നു പറയാം. കൂടാതെ ഫോട്ടോകളും വിഡിയോകളും ആരുമായും പങ്കുവെയ്ക്കരുതെന്ന് അവരെ പറഞ്ഞ് മനസിലാക്കാം. ഓൺലൈൻ ഫ്രണ്ട്സുമായി നേരിട്ടുള്ള കാഴ്ചകളും നിർബന്ധമായും ഒഴിവാക്കണം.