കുട്ടികളുടെ ചോദ്യങ്ങൾക്ക് മുൻപിൽ പകച്ചു നിൽക്കരുതേ...!!

ഈ ഭൂമി ഇങ്ങനെ ഉരുണ്ടിരുന്നിട്ടും ആരുമെന്താ ഉരുണ്ടു വീഴാത്തത്? അതേ ഈ ചൈനയാണോ ചെന്നൈയാണോ ഇന്ത്യയിലുള്ളത്? ഇന്ത്യയുടെ അപ്പുറം അമേരിക്കയാണോ അതോ കടലാണോ? ഇങ്ങനെ നിരന്തരം ചോദ്യ ശരങ്ങളേറ്റ് തളരുന്ന ധാരാളം മാതാപിതാക്കളും അദ്ധ്യാപകരുമുണ്ട്. ചില കുട്ടി ചോദ്യങ്ങൾക്കു മുൻപിൽ ഉത്തരമില്ലാതെ പകച്ചു നിൽക്കാനേ ചിലപ്പോൾ നമുക്കാകൂ. ജിജ്ഞാസ നിറഞ്ഞ ഇത്തരം ചോദ്യങ്ങൾ കൊണ്ട് സഹികെട്ടിരിക്കുകയാണോ നിങ്ങൾ. എന്നാൽ ഇത്തരക്കാരെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുതേ. കഴിവതും ശരിയായ ഉത്തരം കൊടുത്ത് ഇവരെ പ്രോത്സാഹിപ്പിക്കുക തന്നെ വേണമെന്നാണ് പുത്തൻ പഠനങ്ങൾ പറയുന്നത്.

ഇത്തരം കുട്ടികൾ സ്പെഷലായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ അതുമാത്രമല്ല കാര്യം ഇത്തരം ജിജ്ഞാസയുളള കുട്ടികൾ മറ്റുള്ളവർ പലപ്പാഴും വിട്ടുകളയുന്ന ബോറിംങ് ആയിട്ടുള്ള കാര്യങ്ങളും ആകസ്‌മികമായി നടക്കുന്ന കാര്യങ്ങളും കൃത്യമായി ഒാർമയിൽ സൂക്ഷിക്കുമത്രേ. മറ്റ് കുട്ടികളും മുതിർന്നവർ പോലും മറന്നുപോകുന്ന കാര്യങ്ങളാകും പലപ്പോഴും അവ.

കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നത് തന്നെ ബുദ്ധിമുട്ടാണിപ്പോൾ, അപ്പോൾ പിന്നെ ഇത്തരക്കാരായ കുട്ടികളുടെ കാര്യം പറയാനുണ്ടോ? ജിജ്ഞാസ എന്നത് സാധാരണയായി മനുഷ്യനില്‍ കണ്ടു വരുന്ന ഒന്നാണ് എന്നാൽ തീക്ഷണമായി കണ്ടുവരുന്ന അത്തരം ജിജ്ഞാസ നിരഞ്ഞ കുട്ടികളെ പരിപോഷിപ്പിക്കുക തന്നെ വേണം. ഇവർക്ക് വേണ്ട പിൻതുണ നൽകുക, ആർക്കറിയാം വളർന്നു വരുന്ന ഐൻസ്റ്റീനോ എഡിസണോ ഒക്കെ ആകില്ല നിങ്ങളുടെ കുട്ടിയെന്ന്.

അവരിലെ ജിജ്ഞാസയെ പതിൻമടങ്ങായി വളർത്തിയെടുക്കാനും നിരന്തരമായ പരിശീലനങ്ങളും പരിപാലനയും ആവശ്യമാണ്. ക്ഷമയോടെ അവരുടെ ചോദ്യങ്ങൾക്ക് മറുപടികൾ പറയുക. അറിയാൻ പാടില്ലാത്ത കാര്യങ്ങൾ പഠിച്ചതിന് ശേഷം മാത്രം പറയുക ഒരിക്കലും വികലവും തെറ്റുമായ ഉത്തരങ്ങൾ കുട്ടികൾക്ക് പകർന്ന് കൊടുക്കരുതേ. ക്ഷമയോടെ വേണം ഇത്തരം കുട്ടികളോട് ഇടപെടാൻ. അവരുടെ ജിജ്ഞാസയും ബുദ്ധിയും ശരിയായ വഴിക്ക് വിടുക എന്ന വളരെ വലിയ ഉത്തരവാദിത്വവും മുതിർന്നവരിലാണ്.