ചാക്കോ മാഷ് ടൈപ്പ് പേരൻറിംഗ് അല്ല ഇന്നു വേണ്ടത്

കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം എങ്ങനെയാവണമെന്ന് പലമാതാപിതാക്കൾക്കും സംശയമാണ്. സ്ട്രിക്റ്റായി വളർത്തണോ അതോ അവരുമായി കൂട്ടുകൂടി കൂട്ടുകാരെപ്പോലെയാകണോ അതോ മിതമായ അകലം പാലിച്ചുള്ള രീതിയാണോ വേണ്ടതെന്ന് പല മാതാപിതാക്കള്‍ക്കും അറിയില്ല.

എന്നാൽ അവരെ കൂട്ടുകാരെപോലെ കരുതണമെന്നാണ് ഹോളിവുഡ് നടി ഏഞ്ചലീന ജോളി പറയുന്നത്. അതവർ ജീവിതത്തിലൂടെ തെളിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. കുട്ടികളെ ഒരിക്കലും നമ്മളിൽ നിന്ന് അകറ്റി നിർത്തരുതെന്നാണ് പുതുമതം. പഴയ ചാക്കോ മാഷ് ടൈപ്പ് പേരൻറിംഗ് അല്ല ഇന്ന് വേണ്ടതെന്ന് വിദഗ്ദ്ധർ തറപ്പിച്ച് പറയുന്നു.

അവരുമായി നല്ല സൗഹൃദം എപ്പോഴും കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കുക. എല്ലാ വിശേഷങ്ങളും തമ്മിൽ പങ്കുവെയ്ക്കാം, എല്ലാ വിഷയങ്ങളും നിങ്ങളുടെ സംഭാഷണത്തിൽ വരട്ടെ, തർക്കമുള്ള കാര്യങ്ങളെക്കുറിച്ചു വാഗ്വാദങ്ങൾ തന്നെയാകട്ടെ. ഒരുമിച്ചു ചെറിയ കുരുത്തക്കേടുകൾ ഒപ്പിക്കാം തമാശകൾ പങ്കുവച്ച് പൊട്ടിച്ചിരിക്കാം. ചെറിയകാര്യങ്ങളിൽ പോലും അവരുടെയും അഭിപ്രായങ്ങൾ ചോദിക്കാം. ഇതൊക്കെ അവരെ സ്വാഭിമാനികളും സ്വയം പര്യാപ്തരും, അഭിപ്രായ സ്വാതന്ത്ര്യമുള്ളവരുമാക്കി വളർത്തുമെന്നതിൽ സംശയമില്ല.

മാതാപിതാക്കളും കുട്ടികളും തമ്മിൽ അതിരുകള്‍ വെയ്ക്കേണ്ടതില്ലെന്നാണ് ഇവർ പറയുന്നത്. ഇതേക്കുറിച്ച് ഒരുകൂട്ടം മാതാപിതാക്കളിൽ നടത്തിയ സര്‍വേ വളരെ രസകരമായിരുന്നു. പുതുയുഗത്തിൽ മിക്ക മാതാപിതാക്കളും കുട്ടികളെ കൂട്ടുകാരെപ്പോലെയാണ് പരിഗണിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള പേരന്‍റിംഗ് വളരെ ബോറിങ് ആണെന്നാണ് ഇതിൽ കൂടുതൽ പേരുടെയും അഭിപ്രായം. അന്യോന്യം ബഹുമാനം കൊടുത്തും വാങ്ങിയും അഭിപ്രായ പങ്കുവെച്ചും, ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞും അവരുടെ അവശ്യകാര്യങ്ങൾക്ക് വിലകൽപ്പിച്ചും അവരെ ഒരു സ്വതന്ത്ര വ്യക്തിയായി കണ്ടുകൊണ്ടും വേണമത്രേ കുട്ടികളെ വളർത്താൽ.